പ്രെഗ്നൻസി കാർഡിലെ റിസൾട്ട് കണ്ട് അയാൾ ഭാര്യയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു. അത് സമാധാനത്തിന്റെ കണ്ണുനീർ ആയിരുന്നു.
അപ്പുറത്തെ മുറിയിൽ അയാളുടെ അനിയനും ഭാര്യയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകളും നിറഞ്ഞു. പക്ഷേ അത് പ്രതീക്ഷ തകർന്നവരുടെ കണ്ണുനീർ ആയിരുന്നു.
അൽപസമയത്തിന് ശേഷം വീടിന്റെ പിന്നിലെ വേസ്റ്റ് കത്തിക്കുന്ന കുഴിയിൽ ആ രണ്ട് പ്രെഗ്നൻസി കാർഡുകളും കണ്ടുമുട്ടി.
രണ്ടിലും ഒറ്റ വരയായിരുന്നു.
അതേ വീട്ടിലെ അടഞ്ഞുകിടന്ന ഒരു കുളിമുറിക്കുള്ളിൽ, രണ്ട് വരകളുള്ള മറ്റൊരു പ്രെഗ്നൻസി കാർഡ് കിടപ്പുണ്ടായിരുന്നു. അതിനരികിൽ, ശൂന്യമായ കണ്ണും മനസ്സുമായി ഒരാളും.
