ജോലിയെല്ലാം കഴിഞ്ഞ് ബാങ്കിൽ നിന്നും ഇറങ്ങാൻ നേരം സതീശേട്ടൻ ഒരിക്കൽ കൂടി തന്റെ ബാഗ് തുറന്നു നോക്കി. എല്ലാം എടുത്തിട്ടുണ്ട്. എന്തെങ്കിലുമൊന്ന് മറന്നുവെക്കുന്നത് ഈയിടെ പതിവായിട്ടുണ്ട്.
സ്കൂട്ടിയുടെ കീ കഴുത്തിൽ തന്നെയുണ്ട്. കീ തിരഞ്ഞു തിരഞ്ഞ് മടുത്തപ്പോൾ സതീഷേട്ടന്റെ ഭാര്യ കണ്ടെത്തിയ പരിഹാരമാണ് ഒരു ചരടിൽ കോർത്ത് കഴുത്തിലിടാൻ നൽകിയത്.
സതീശേട്ടൻ തൻറെ ബാഗ് എടുത്ത് വേഗം പുറത്തേക്കിറങ്ങി. വൈകുന്നേരം ആയതിനാൽ ബാങ്കിനു മുന്നിൽ ചെരുപ്പുകൾ കുറവായിരുന്നു. എല്ലാം ന്യൂജൻ പിള്ളേരുടെ ചെരുപ്പുകൾ. തൻ്റെ ചെരുപ്പ് അവിടെയൊന്നും കാണാനില്ല. കൂട്ടത്തിൽ നിന്ന് അല്പം മാറി ഒരു ജോഡി ചെരുപ്പുകൾ സതീശേട്ടൻ കണ്ടു. അത് തന്നെക്കാൾ പ്രായം കൂടിയ ആൾ ധരിക്കുന്ന ചെരിപ്പായിരുന്നു. ആകെ പഴകി നിറം മങ്ങി അവിടെ ഇവിടെയായിട്ട് തുന്നി കെട്ടിയതും ആയിരുന്നു. സതീശേട്ടന് കാര്യം മനസ്സിലായി. തന്റെ ചെരുപ്പ് ആരോ മാറിയിട്ട് പോയിരിക്കുന്നു. മറന്നു പോകുന്നതും, മാറിയിടുന്നതും കാരണം വരുമാനത്തിന്റെ നല്ലൊരു ഭാഗവും ചെരുപ്പിനു വേണ്ടി ചെലവാകുന്നുണ്ട്. ഇനിയിപ്പോൾ എന്ത് ചെയ്യാനാണ്. കിട്ടിയ ചെരിപ്പും ചവിട്ടി പോവുക തന്നെ..
ചെരുപ്പ് ചവിട്ടുന്നതിനിടയിൽ സതീശേട്ടന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ സ്റ്റെപ്പുകൾ ഇറങ്ങി. തനിക്കെതിരെ കയറിവരുന്ന പെൺകുട്ടികളുടെ അടക്കിപ്പിടിച്ച സംസാരവും ചിരിയും കണ്ടപ്പോൾ സതീഷേട്ടന് എന്തൊ ഒരു പന്തികേട് തോന്നി. ബാങ്കിന് അടുത്ത് തന്നെയുള്ള ട്യൂഷൻ സെന്ററിലെ കുട്ടികളാണ് അവർ. അവർ എന്തിനാണ് ചിരിച്ചതെന്ന് സംശയിച്ചു സതീശേട്ടൻ ഒന്നു കുനിഞ്ഞു നോക്കി. അയ്യേ.. തൻറെ ഒരു കാലിൽ മാത്രമേ ചെരിപ്പ് ഉള്ളൂ എന്ന കാര്യം മനസ്സിലായത് അപ്പോഴാണ്. വേഗം തിരിച്ചു കയറി ചെരിപ്പ് എടുത്തിട്ടു.
നമ്മുടെ സംസ്കാരത്തിൻറെ ഭാഗമായി എവിടെ കയറിയാലും പാദരക്ഷ പുറത്ത് അഴിച്ചു വെക്കുന്ന ശീലം അത് സതീഷ് ഏട്ടനിൽ കുറച്ചു കൂടുതലാണ്. തുണിക്കടയിൽ, പലചരക്ക് കടയിൽ, ബേക്കറിയിൽ, ചായക്കടയിൽ എന്നുവേണ്ട എവിടെ കയറിയാലും ചെരുപ്പ് പുറത്ത് അഴിച്ചു വെക്കും. അതുകൊണ്ടുതന്നെ പലപ്പോഴും സ്വന്തമായി വാങ്ങിയ ചെരുപ്പ് ആയിരിക്കില്ല കാലിൽ ഉണ്ടാകുന്നത്. ചെരുപ്പ് മാറിയെടുക്കാൻ വേണ്ടി മാത്രം അഴിച്ചു വെക്കുന്ന വിരുതന്മാരും ഉണ്ട്.
സതീശേട്ടൻ കടയിൽ കയറി ഒരു ചെരുപ്പ് വാങ്ങിച്ചു. സാമാന്യം നല്ല ഒരു ചെരുപ്പ്. കാണാനും ഭംഗിയുണ്ട്. ഈ ചെരുപ്പ് എങ്കിലും നന്നായി സൂക്ഷിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു സതീഷേട്ടൻ വീട്ടിലെത്തി ചെരുപ്പ് ഹാളിന്റെ ഒരു മൂലയിൽ വെച്ചു. പൊതുവേ പുതിയ ചെരുപ്പിന്റെ സ്ഥാനം ആദ്യദിനം വീടിനകത്ത്. അടുത്തദിവസം വരാന്ത. പിന്നെ അത് സ്ഥിരം മുറ്റത്തായിരിക്കും.
സതീശേട്ടൻ രാവിലെ പതിവുപോലെ കുളിച്ചു കുട്ടപ്പനായി, പുതിയ ചെരിപ്പും ചവിട്ടി തന്റെ സ്കൂട്ടിയിൽ ബാങ്കിലേക്ക് പോയി. ബാങ്കിലെത്തിയ അയാൾക്ക് ചെരുപ്പ് പുറത്ത് വെക്കാൻ ഒരു മടി. തന്റെ ഈ ശീലം കാരണം സഹപ്രവർത്തകരും ചെരുപ്പ് പുറത്തിടാൻ തുടങ്ങിയതാണ്. മനസ്സില്ല മനസ്സോടെ ചെരുപ്പ് പുറത്ത് വെച്ച് അകത്തേക്ക് പോയി.
“ദൈവമേ കാത്തോളണേ”
അയ്യോ ദൈവത്തെ ആണോ ചെരുപ്പിനു കാവൽ നിർത്തുന്നത്. ഓർക്കാതെ പറഞ്ഞുപോയതാ.. ഈശ്വരാ ഒന്നും തോന്നല്ലേ..
ജോലിത്തിരക്കിനിടയിലും ഇടയ്ക്കിടെ എന്തെങ്കിലും കാരണമുണ്ടാക്കി പുറത്തുവന്നു നോക്കി. ഭാഗ്യം ചെരിപ്പ് അവിടെത്തന്നെയുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ സതീശേട്ടൻ ഒരു ചായ കുടിക്കാനായി പുറത്തേക്കിറങ്ങി. ഒരു ചായയും കടിയും ഓർഡർ ചെയ്ത് അവിടെയുള്ള ബെഞ്ചിലിരുന്നു. ചായ കൊടുക്കുന്നതിനു മുന്നേ കടക്കാരൻ ഒരു പൊതി സതീശേട്ടനെ ഏൽപ്പിച്ചു. പൊതി അഴിച്ചു നോക്കിയ സതീശേട്ടൻ ഞെട്ടിപ്പോയി. ഇത് നിന്റേതായിരിക്കും എന്ന് എനിക്ക് ഉറപ്പാണ്. എൻറെ ചായക്കടയിൽ ചെരുപ്പ് അഴിച്ചുവെച്ച് കയറുന്നത് നീ മാത്രമാണ്. നിനക്ക് വല്ലാത്ത മറവിയാണല്ലോ എന്നും ചായ കടക്കാരൻ കൂട്ടിച്ചേർത്തു.
ഏതോ ഒരു പാവത്തിന്റെ ചെരുപ്പ് ഇന്നലെ ടൗണിലെ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ചത് ഓർത്ത് സതീശേട്ടനും വല്ലാത്ത വിഷമം തോന്നി.
ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ശങ്കരേട്ടൻ കടയിലേക്ക് വരുന്നത് സതീഷേട്ടൻ ശ്രദ്ധിച്ചത്. ബാങ്കിലെയും അതിനോട് ചേർന്ന ട്യൂഷൻ സെന്ററിലെയും തൂപ്പുജോലിയാണ് ശങ്കരേട്ടന്. എഴുപത്തിയഞ്ച് വയസ്സിനോടടുത്ത് പ്രായമുണ്ട്. പ്രായത്തിന്റേതായ വയ്യായ്കകൾ ഒക്കെയുണ്ട്. വയ്യാത്ത കാലും കൊണ്ട് ഓടിയും നടന്നും തുള്ളിത്തുള്ളി വരുന്നതു കണ്ട് എല്ലാവരും അതിശയത്തോടെ നോക്കുന്നുമുണ്ട്.
ആരെയോ പ്രാകി കൊണ്ടാണ് ശങ്കരേട്ടൻ കടയിലേക്ക് കയറിയത്. എന്തൊരു വെയിലാണ്.. കാല് നിലത്ത് വെക്കാൻ പറ്റുന്നില്ല. ഇന്നലെ ഏതോ ഒരു ദുഷ്ടൻ എൻറെ ചെരുപ്പും എടുത്ത് പോയിക്കളഞ്ഞു . അറിയാതെ മാറിയിട്ട് പോയതൊന്നുമല്ല. പകരം ചെരിപ്പും ഇല്ല. ശങ്കരേട്ടൻ എല്ലാവരോടുമായി പറഞ്ഞു. ചായ ഒഴുക്കുന്നതിനിടയിൽ കടക്കാരൻ സംശയത്തോടെ ഒന്ന് സതീശേട്ടന്റെ കാലിലേക്ക് നോക്കി…
എന്ത് പറയണമെന്ന് അറിയാതെ സതീശേട്ടൻ ആകെ അങ്കലാപ്പിലായി. ചായകുടി കഴിഞ്ഞ് അവരൊന്നിച്ചു തന്നെ കടയിൽ നിന്നും ഇറങ്ങി.
ചുട്ടുപൊള്ളുന്ന റോഡിലൂടെ നടക്കാൻ തുടങ്ങിയതും ശങ്കരേട്ടൻ ചെരുപ്പ് കട്ടവനെ പിന്നെയും പ്രാകാൻ തുടങ്ങി…
എൻറെ ചെരുപ്പ് കട്ടവന്റെ തലയിൽ ഇടിത്തീ….. പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പേ സതീശേട്ടൻ വായ പൊത്തി. തൻറെ കയ്യിലുള്ള ചെരുപ്പ് പൊതി ശങ്കരേട്ടന് കൊടുത്തു. ഇന്നലെ തനിക്ക് പറ്റിയ അബദ്ധം അയാളോട് പറഞ്ഞു. തൻറെ ഈ നശിച്ച മറവിയോർത്ത് സങ്കടപ്പെടുകയും ചെയ്തു. അദ്ദേഹം സതീഷേട്ടനെ സമാധാനിപ്പിക്കുകയും മറവിക്ക് ഒരു മരുന്നുണ്ടെന്ന് പറഞ്ഞു. കുറച്ചുനേരം അയാൾ അതിൻറെ പേര് ആലോചിച്ചു മേലോട്ട് നോക്കി നിൽക്കുകയും ചെയ്തു.
തന്റെ പഴകിയ ചെരുപ്പിനു പകരം നല്ലൊരു ചെരുപ്പ് കിട്ടിയതിൽ ശങ്കരേട്ടന് സന്തോഷമായി. ചെരുപ്പ് ശരിയാക്കിയിട്ട് നടക്കുന്നതിനിടയിൽ അയാൾ ഇങ്ങനെ പറഞ്ഞു., മറവി ചിലപ്പോഴൊക്കെ ഒരു അനുഗ്രഹവും ആണ്”
നാളെ ബാങ്ക് അവധിയാണ്. സഹപ്രവർത്തകരെല്ലാരും കൂടി പറശ്ശിനിക്കടവ് അമ്പലത്തിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിൽ നിന്ന് ഇറങ്ങാൻ നേരം നാളെ പുലർച്ചെ അഞ്ചുമണിക്ക് ബസ്റ്റോപ്പിൽ നിൽക്കേണ്ട കാര്യം അവർ ഒന്നുകൂടി ഓർമിപ്പിച്ചു. മറന്നുപോകാതിരിക്കാൻ സതീഷേട്ടൻ അപ്പോൾ തന്നെ ഫോണിൽ അലാറം വച്ചു.
അതിരാവിലെ സതീശേട്ടൻ പറശ്ശിനി കടവിലേക്ക് പോകാൻ ഇറങ്ങി. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സമയമായതുകൊണ്ട് ചെറിയ പേടിയുണ്ട്. അതുകൊണ്ട് ഇറങ്ങാൻ നേരം ഒരു മുട്ടൻ വടിയെടുത്ത് കയ്യിൽ പിടിച്ചു. ഒരു മൂളിപ്പാട്ടും പാടി നേരെ ബസ്റ്റോപ്പിലേക്ക് നടന്നു.
ബസ്റ്റോപ്പിൽ എത്തി അഞ്ച് മിനിറ്റിനുള്ളിൽ പോകാനുള്ള ജീപ്പ് വന്നു. പെട്ടെന്ന് തന്നെ സതീശേട്ടൻ കയ്യിലുള്ള വടി റോഡ് സൈഡിലേക്ക് ഇട്ട് ജീപ്പിനു അടുത്തേക്ക് പോയി. താൻ നിൽക്കുന്നത് റോഡിൽ ആണെന്നോ, കയറുന്നത് ജീപ്പിൽ ആണെന്നോ ഓർക്കാതെ അയാൾ ചെരുപ്പ് റോഡിൽ അഴിച്ചുവെച്ച് ജീപ്പിൽ കയറിയിരുന്നു. അവിടെയും കാല് അതിന്റെ പണി കൃത്യമായി ചെയ്തു.
അമ്പലത്തിൽ വിശേഷദിവസമായതുകൊണ്ട് പതിവിലും തിരക്കുണ്ടായിരുന്നു.
“എല്ലാരും ചെരിപ്പ് ജീപ്പിൽ തന്നെ അഴിച്ചു വെച്ചോ എന്ന് ആരോ പറഞ്ഞു. അതുകേട്ടതും സതീശേട്ടന് സമാധാനമായി.
പക്ഷേ അപ്പോഴാണ് ചെരുപ്പ് കാലിൽ ഇല്ല എന്നുള്ള സത്യം അയാൾക്ക് മനസ്സിലായത്. തനിക്ക് പറ്റിയ അമളി ഓർത്ത് ചിരി വന്നു. കൂട്ടുകാരോടും പറഞ്ഞപ്പോൾ അവർക്കും ചിരിയാടക്കാൻ കഴിഞ്ഞില്ല.
സതീശേട്ടൻ വീട്ടിലേക്ക് വിളിച്ച് അനിയനോട് കാര്യം പറഞ്ഞു. വേഗം പോയി റോഡിൽ അഴിച്ച് വെച്ച ചെരുപ്പ് എടുത്ത് വീട്ടിൽ കൊണ്ടുവക്കാനും പറഞ്ഞു. അവനാണെങ്കിൽ അവധി ദിവസം കുറച്ചധികം നേരം ഉറങ്ങാം എന്ന് വിചാരിച്ചതായിരുന്നു. ചെറിയൊരു മൂഷിപ്പോടെ ഷർട്ടും എടുത്തിട്ട് അങ്ങാടിയിലേക്ക് നടന്നു..
അതേസമയം സതീഷേട്ടന്റെ ചെരിപ്പ് ഏതോ വണ്ടി തട്ടിത്തെറിപ്പിച്ച് റോഡിൽ അവിടെ ഇവിടെയായി കിടന്നു. റോഡിൽ ചെറിയ ആൾക്കൂട്ടം. ഒരു വടി ഒരു ജോഡി ചെരുപ്പ്…. പിടിവലി നടന്ന ലക്ഷണമുണ്ട്. തട്ടിക്കൊണ്ടു പോയതാണെന്ന് തോന്നുന്നു. ആക്സിഡൻറ് അല്ല. പോലീസിൽ അറിയിച്ചിട്ടുണ്ട്. ആളുകൾ അടക്കം പറഞ്ഞു. എന്തു ചെയ്യണം എന്ന് അറിയാതെ സതീഷേട്ടൻ്റെ അനിയനും നിന്നു. അങ്ങനെ സതീശേട്ടന്റെ ആ ചെരുപ്പിന്റെ കാര്യത്തിലും ഒരു തീരുമാനമായി.
തുഷാര രാജേഷ്

