ഒരു കണക്കിന് ഓർമ്മകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. എത്രയോ ജീവിതമുഹൂർത്തങ്ങൾ അവയെല്ലാം വ്യർത്ഥമായിപ്പോയല്ലോ എന്ന് ആലോചിച്ചു വിഷമിക്കേണ്ട കാര്യമില്ലല്ലോ. മറവിയുടെ മാറാല വന്ന് മൂടുന്നത് അനുഗ്രഹമാണ്.
സോമന്റെ ജീവിതം തുടങ്ങുന്നത്, അമ്മ അവനെ പ്രസവിയ്ക്കുമ്പോൾ അല്ല. അതിന് ശേഷം അവനെ അനാഥാലയത്തിൽ നിന്നും ഗോപിയും സുമയും കൂടി അവനെ ഏറ്റെടുക്കുന്നതോടെയാണ്.
കുട്ടികളില്ലാത്ത അവർക്ക് നിയമപരമായി ദത്തെടുക്കാൻ അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല.
അങ്ങനെ ഒരു ദത്തു പുത്രനാണ് എന്ന് താൻ അറിയുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ്.
” നീ പ്രായപൂർത്തിയായ ആൺകുട്ടിയാണ് ഇന്ന് മുതൽ. നിനക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ അനുവാദം തരുന്നു എന്നത് കൊണ്ട് നിന്നെ ഞങ്ങൾ ഉപേക്ഷിച്ചുകളയുകയാണ് എന്ന് അർത്ഥമില്ല. ഏതെങ്കിലും ഒരു സമയത്ത് ഞങ്ങൾ നിന്നോട് സത്യം തുറന്നു പറഞ്ഞില്ല എന്ന് പറയാൻ ഇടവരരുത് എന്ന് കരുതി മാത്രം. അത് കൊണ്ട് ഇന്നലെ വരെ കഴിഞ്ഞത് പോലെ തന്നെയായിരിക്കും ഇനിയും. “
” അച്ഛൻ ഇങ്ങനെ മുഖവുര പറഞ്ഞ് നേരം കളയണ്ട. അച്ഛൻ ആവശ്യമുള്ള കാര്യങ്ങളേ പറയൂ എന്ന് അറിയാമല്ലോ എനിക്ക്” സോമൻ പറഞ്ഞു.
” വെറെ ഒന്നുമല്ല. ഞങ്ങൾ നിന്നെ നിയമപരമായി ദത്തെടുത്തതാണ്. ആരാണ് അച്ഛൻ ആരാണ് അമ്മ എന്നത് അജ്ഞാതവുമാണ്. ഞങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ ഇക്കാര്യം അറിയാവുന്നതാണ്. നിന്നിൽ നിന്നും അത് മറച്ചു വച്ചാലും നീ അറിയും. അപ്പോൾ ഞങ്ങൾ തന്നെ പറയുന്നത് എന്ത് കൊണ്ടും നല്ലതാണ് എന്ന് തോന്നി. “
പലപ്പോഴും ബന്ധുക്കൾ അന്യോന്യം പറയുന്നത് സോമനും കേട്ടിട്ടുണ്ട്. അത് കൊണ്ട് ഞെട്ടൽ ഒന്നുമുണ്ടായില്ല.
ഇത് വരെ സ്വന്തം മകനായി എല്ലാ സൗകര്യങ്ങളും തന്ന് വളർത്തിയല്ലോ.
പക്ഷേ അത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം നിറയുകതന്നെ ചെയ്തു. എത്രയൊക്കെ സ്നേഹമാണ് എന്ന് പറഞ്ഞാലും സ്വന്തം അച്ഛൻ അമ്മ എന്നൊക്കെ ഒരു പ്രത്യേക വികാരം തന്നെയാണ്. അതെന്തായാലും ഇനി തനിക്ക് ലഭിക്കില്ല. അനാഥാലയത്തിലെ ജീവിതം എങ്ങനെ ഒക്കെ ആയിരിക്കും എന്ന് അവനറിയാം. കാരണം പല പ്രാവശ്യം അവൻ അവിടെ പോയി. അവിടെയുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ വേണ്ടി പോയിട്ടുണ്ട്. ഭക്ഷണമായിട്ടും വസ്ത്രങ്ങൾ ആയിട്ടും മിഠായികളും മറ്റ് പലഹാരങ്ങളുമായും എല്ലാം. പഠനോപകരണങ്ങളും നൽകാറുണ്ട്. ഒരു മകനെ തന്നതിന് കൃതജ്ഞത അറിയിക്കുന്നതാണ് അച്ഛനും അമ്മയും.
എന്നാലും ഇടക്കിടെ അവന്റെ മനസ്സിൽ ഇങ്ങനെ ചോദ്യങ്ങൾ ഉയരും. ആരാണ് തന്റെ യഥാർത്ഥ അച്ഛൻ? ആരാണ് യഥാർത്ഥ അമ്മ? ആരോ അമ്മത്തൊട്ടിലിൽ കിടത്തിപ്പോയതാണത്രെ! ഇനി അവരെ അന്വേഷിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നാറുണ്ട്. അവർക്ക് ആവശ്യം ഇല്ലാത്തത് കൊണ്ടാണല്ലോ ഉപേക്ഷിച്ചത്!
അങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തവരെ എന്തിന് അന്വേഷിക്കണം?!
ഇപ്പോൾ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥിയാണ് അവൻ. എത്ര വേണമെങ്കിൽ പഠിപ്പിക്കാൻ തയ്യാറാണ് അച്ഛൻ. എന്നാൽ ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാനും അച്ഛനെ സഹായിക്കാനുമാണ് സോമൻ ആഗ്രഹിച്ചത്. എന്തായാലും പഠിക്കണം, പഠിപ്പ് തുടരണം. എന്നാലേ നല്ലൊരു നിലയിൽ എത്താനാകൂ എന്ന് അവനറിയാം.
പക്ഷേ അതിനിടെ അച്ഛന് ചെറിയ തോതിൽ ഓർമ്മക്കുറവ് അനുഭവപ്പെട്ടത്. ഒരു ദിവസം ഓഫീസിൽ പോയ അച്ഛൻ വഴിതെറ്റി എവിടെയ്ക്കോ പോയി. രാത്രി ആയിട്ടും അച്ഛനെ കാണാതെ അമ്മ പരിഭ്രമിച്ചു. സോമൻ അന്വേഷിച്ചു അവസാനം റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.
എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ നിൽക്കുകയായിരുന്നു. സോമനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞു എന്നത് ഭാഗ്യം.
എന്തായാലും ഡോക്ടറെ കാണണം. നിസ്സാരമായ ഒരു രോഗമല്ല ഈ മറവി.
പരിശോധനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞു
” പലരിലും കണ്ടുവരുന്ന ഓർമ്മക്കുറവ് തന്നെയാണ്. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ മരുന്നുകൾ കഴിച്ച് മുന്നോട്ട് പോകാൻ നോക്കാം. പക്ഷെ ഇനി അടുത്ത സ്റ്റേജുകളിലേക്ക് രോഗം മാറാൻ സാധ്യതയുണ്ട്. അൽഷിമേഴ്സിന്റെ പിടിയിലമർന്ന് പോയാൽ പിന്നെ തിരിച്ചു കൊണ്ട് വരുന്നത് അത്ര എളുപ്പമല്ല. നമുക്ക് നോക്കാം”
എന്തായാലും അച്ഛൻ കുറച്ചു ദിവസം ലീവെടുത്ത് വിശ്രമിക്കാൻ
ആണ് ഡോക്ടർ നിർദേശിച്ചത്. അമ്മയുടെ മനസ്സിനെ അച്ഛന്റെ ഈ രോഗം ആകെ മാറ്റി മറിച്ചു.
“ഇനി എന്ത് ചെയ്യും മോനേ? അച്ഛൻ ആണ് നമ്മുടെ ആകെ ആശ്രയം. ഇങ്ങനെ ആയാൽ ഇനി നമ്മൾ എങ്ങനെ ജീവിക്കാനാണ്”
അമ്മയാകെ വേവലാതി കൊണ്ടും വിഷമം കൊണ്ടും തകർന്ന പോലെയായി.
ലീവ് എടുത്തു എങ്കിലും ഇടയ്ക്കിടെ ഓഫീസിൽ പോയി അച്ഛൻ. ചില സമയത്ത് യാതൊരു പ്രശ്നവുമില്ല. നോർമൽ ആയി പെരുമാറും. ചില സമയത്ത് യാതൊന്നും ഓർമ്മയില്ല. പക്ഷേ ഔദ്യോഗികകാര്യങ്ങൾ
കുട്ടിക്കളിയല്ലല്ലോ! അതിനാൽ തന്നെ ജോലി ഉപേക്ഷിക്കാൻ ആണ് മുകളിൽ നിന്നും ഉപദേശം കിട്ടിയത്.
ആകെയുള്ള വരുമാനം, അത് നഷ്ടപ്പെടുക എന്നത് വിഷമകരമാണ്. ആകെ ഒരു മാർഗ്ഗം നേരത്തെ തന്നെ റിട്ടയർ ചെയ്യുക എന്നതാണ്. ഇനിയും അഞ്ച് ആറ് വർഷം കൂടി സർവീസ് ഉണ്ട്. അത് പൂർത്തിയാക്കാനൊന്നും എന്തായാലും കഴിയില്ല.
ഇനിയുള്ള കാലം വിശ്രമിക്കട്ടെ. ഈ രോഗാവസ്ഥയിൽ എന്തായാലും അതാണ് നല്ലത്.
സോമൻ പഠിപ്പു നിർത്തി ജോലിക്ക് പോയാലോ എന്ന് അമ്മയോട് പറഞ്ഞെങ്കിലും ഈ ഡിഗ്രി ഒന്ന് പൂർത്തിയാക്കിയിട്ട് മതി എന്ന നിർബന്ധം മൂലം വീണ്ടും പഠിക്കാൻ പോയി. ചികിത്സകൾ തുടർന്നുവെങ്കിലും പിന്നീട് പുരോഗതിയൊന്നുമുണ്ടായില്ല. നാൾതോറും ഓർമ്മകൾ കുറഞ്ഞു.
അമ്മയേയും സോമനേയും വരെ കണ്ടാൽ അറിയാതെയായി.
സ്വന്തം കാര്യങ്ങൾ വരെ സ്വയം ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയപ്പോൾ എന്തിനും ഏതിനും ഒരാൾ വേണമെന്ന നിലയിലായി.
അങ്ങനെയാണ് സോമൻ താല്ക്കാലികമായ ഒരു ജോലിക്ക് പോയിത്തുടങ്ങിയത്. അതല്ലാതെ പിടിച്ച് നിൽക്കാൻ വഴിയില്ല. ചികിത്സയ്ക്ക് തന്നെ നല്ല പണം വേണം. നിസ്സാരമായ പെൻഷൻ കൊണ്ടൊന്നും തികയില്ല.
സ്വന്തം മകനായി തന്നെ അച്ഛനെ ശുശ്രൂഷിക്കാൻ സോമൻ എപ്പോഴും ഉണ്ടായിരുന്നു എന്നത് തന്നെയാണ് അമ്മയുടെ ആശ്വാസം.
ഓർമ്മകൾ നഷ്ടപ്പെട്ടു എങ്കിലും സോമന്റെ അച്ഛൻ ഇപ്പോഴും മറ്റേതോ ഓർമ്മകളുടെ ലോകത്ത് സഞ്ചരിയ്ക്കുകയാണ്.
ആർക്കും എപ്പോഴും വരാവുന്ന രോഗം. ഓർമ്മകളാണ് മനുഷ്യന്റെ ആകത്തുക. അതില്ലാതായാൽ പിന്നെ മരിച്ചാലും ജീവിച്ചാലും ഒരുപോലെ തന്നെ. !
എന്നാൽ അധികകാലം അങ്ങനെ വേണ്ടി വന്നില്ല. ഒരു ദിവസം ഉറങ്ങാൻ കിടന്ന അച്ഛൻ പിന്നീട് ഉണർന്നില്ല. ഒരിക്കലും ഉണരാത്ത ഒരു ഉറക്കമായിരുന്നു അത്.
സോമൻ സ്വന്തം മകനായി തന്നെ എല്ലാ മരണാനന്തര ചടങ്ങുകളും ചെയ്തു.
തന്റെ അച്ഛൻ തന്നെയാണ് മരിച്ചത്. അല്ലാതെ മറ്റാരാണ് തനിയ്ക്കുണ്ടായിരുന്നത്?!
തന്റെ ഓർമ്മയിൽ എന്നെന്നും നിലനിൽക്കുന്ന രൂപം, അത് അച്ഛൻ തന്നെ.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_മറവി
#കഥ_നഷ്ടപ്പെട്ട ഓർമ്മകളുടെ തീരങ്ങൾ
#രചന_രാമചന്ദ്രൻടിവി

