ഓട്ടോറിക്ഷയിൽ നിന്ന് അമ്മയെ കൈപിടിച്ച് ഇറക്കുമ്പോൾ അമ്മയുടെ മെല്ലിച്ച ശരീരം വിറക്കുന്നുണ്ടായിരുന്നു. പതുക്കെ കാലുകൾ നിലത്തുകുത്തി ഒന്ന് നേരെ നിൽക്കാൻ അമ്മ പണിപ്പെടുന്നത് കണ്ട് അയാൾ അമ്മയുടെ ചുമലിൽ പിടിച്ചു മെല്ലെ നടത്തി. കടൽക്കാറ്റുകൊണ്ട് കണ്ണിലേക്കു മാടിവീഴുന്ന അവരുടെ വെള്ളിമുടികളെ സ്നേഹപൂർവ്വം ചെവിയിലേക്ക് ഒതുക്കിവെച്ചു.
അമ്മയ്ക്ക് അപ്പോൾ ഒരു കൊച്ചുകുഞ്ഞിന്റെ ഭാവമായിരുന്നു.അമ്മയുടെ കണ്ണിലെ തിരയിളക്കം കാണവേ അയാളുടെ മനസ്സ് വേദനിച്ചു.
എത്രയോ കാലം മുമ്പേയുള്ള അമ്മയുടെ ആഗ്രഹമായിരുന്നു കടൽ കാണണമെന്ന്. ഓർമ്മയുള്ള കാലത്ത് ഒന്ന് കൊണ്ടുപോകാൻ തനിക്കു കഴിഞ്ഞില്ല, അല്ല തോന്നിയില്ല. ഇപ്പോൾതന്നെ എന്തിനുവേണ്ടിയാണ് ഇവിടെ വന്നതെന്ന് അമ്മയറിഞ്ഞാൽ അമ്മയുടെ ഈ ചിരി ഉണ്ടാകുമോ?അമ്മ തന്നെ വെറുക്കുമോ?
ഉണ്ടാവില്ല, അമ്മക്ക് തന്നെ വെറുക്കാനാവില്ല. വെറുക്കാൻ അമ്മയുടെ ഓർമകളിൽ താനില്ലാലോ..
വേദന നിറഞ്ഞൊരു വരണ്ട ചിരി അയാളുടെ ചുണ്ടിൽ പൊടിഞ്ഞു.
അയാൾ ചുറ്റുപാടും നോക്കി. എവിടെയെങ്കിലും ഇരിക്കാൻ പറ്റിയ ഒരു സ്‌ഥലം കാണുന്നുണ്ടോ?
നിറയെനിറയെ മനുഷ്യർ ഇരുന്നും നടന്നും കടലിനോട് കിന്നരിച്ചും അവരുടേതായ ലോകം തീർക്കുന്നു. പൂഴിമണ്ണിലൂടെ മുന്നോട്ട്പോവുക അമ്മക്ക് അത്രക്ക് ശരിയാവുന്നുണ്ടായിരുന്നില്ല. പലപ്പോഴും അമ്മയുടെ ചെരുപ്പുകൾ മണ്ണിൽ പൂണ്ടുപോയി. കൊച്ചുകുഞ്ഞിനെ നടത്തിക്കുന്ന വണ്ണം അയാൾ അമ്മയെ തന്നോട് ചേർത്തുനിർത്തി, മെല്ലെ മെല്ലെ നടത്തിച്ചു. അമ്മയുടെ കണ്ണുകൾ അപ്പോഴും ദൂരെദൂരെ ആഴിയിലേക്ക് മറയുന്ന അസ്തമയ സൂര്യനിലായിരുന്നു. കടുംനീലാകാശത്ത് എരിഞ്ഞു തീരാൻ പോകുന്ന കനൽകട്ട പോലെയുള്ള കാഴ്ച അമ്മക്ക് വല്ലാതെ ഇഷ്ടമായെന്ന് തോന്നുന്നു.
പെട്ടെന്നാണ് ചെറിയ കല്ല് തട്ടി അയാൾ നിലത്തെറ്റി ആഞ്ഞുവീഴാൻ പോയത്. തന്നെ പിടിച്ചിരുന്ന ഉണങ്ങിയ വള്ളിപ്പോലുള്ള കൈകളിൽ മുറുക്കം വരുന്നത് അയാൾ ശ്രദ്ധിച്ചു. വീഴാൻപോകുന്ന തന്നെ പിടിക്കാൻമാത്രം മുറുക്കം ഈ കൈകൾക്കുണ്ടോ!
നനഞ്ഞകണ്ണുകളെ ഇറുക്കിയടച്ചുകൊണ്ട് അയാൾ ഒന്ന് നിവർന്നുനിന്നു. പിന്നെ ശ്രദ്ധയോടെ അമ്മയുടെ ചെരിപ്പുകൾ ഊരി കൈയ്യിൽ പിടിക്കുകയും നടത്തം പഠിച്ചുതുടങ്ങുന്ന കുഞ്ഞിനെ എന്ന വണ്ണം പതുക്കെ അമ്മയെ നടത്തിക്കാൻ തുടങ്ങി. അയാൾക്ക് അന്നേരം ഓർമവന്നത് അമ്മ തന്റെ കുഞ്ഞിനെ നടത്തിച്ചിരുന്ന രംഗമാണ്. അവൻ ഓരോ അടി വെക്കുമ്പോഴും അമ്മ കരുതലോടെ അടുത്തുണ്ടാവും. അവനൊന്ന് വീണാൽ അന്ന് അമ്മയുടെ മുഖം കലങ്ങും. തന്റെ തെറ്റാണെന്ന് പറഞ്ഞുപറഞ്ഞ് കരയും. ആ ഓർമയിൽ അയാളുടെ കണ്ണിൽ അശ്രു നിറഞ്ഞു. തന്നെത്തന്നെ നോക്കിനിൽക്കുന്ന അമ്മയേ നോക്കി കണ്ണടച്ചു കാണിച്ചു.
“ഏട്ടാ വീണിട്ട് വല്ലതും പറ്റിയോ ”
അത് കേട്ടിട്ടും ഒന്നും മിണ്ടാതെ അയാൾ നടപ്പ് തുടർന്നു. അയാളുടെ മുഖത്തു വീണ്ടും നിസ്സംഗതയും നിർവികാരതയും നിറഞ്ഞു. അമ്മയ്ക്ക് ഈ ലോകത്ത് ആകെ ഓർമയുള്ളത് അച്ഛനെമാത്രമാണ്. ലോകത്തോടുള്ള ബാക്കിയെല്ലാ ഓർമകളും മുറിഞ്ഞുപോയിട്ടും പത്തുവർഷം മുന്നേ മരിച്ചുപോയ അച്ഛൻമാത്രം എങ്ങനെ ഓർമ്മയിൽ നിൽക്കുന്നു എന്നത് അയാളെ അസ്വസ്ഥനാക്കി. മരിച്ചുപോയ അച്ഛനെ തന്നിലൂടെ കാണുന്ന അമ്മ. അത് വെറുപ്പോടെമാത്രം വീക്ഷിക്കുന്ന ഭാര്യ. അവർ രണ്ടുപേർക്കുമിടയിൽ കുരുങ്ങിപോകുന്ന തന്റെ ജീവിതം. എന്തൊരു ദുർവിധി! അയാൾ സ്വന്തം വിധിയെത്തന്നെ പഴിച്ചു. ഓർമയില്ലാത്ത അമ്മയെ വെറുക്കുകയും ഏതു സമയവും പഴിക്കുകയും ചെയ്യുന്ന ഭാര്യയെ ആണ് നിലക്കുനിർത്തേണ്ടതെന്നു അയാൾക്ക് അറിയാഞ്ഞിട്ടല്ല. അവളോടും മൂന്നുമക്കളോടുമൊത്തുള്ള സ്വസ്ഥമായ ഒരു ജീവിതം അയാൾ ആഗ്രഹിക്കുന്നു. തനിക്കുതന്നെ വയസ്സ് അറുപതിനോട് അടുക്കുന്നു. ഈ സമയത്ത് മറ്റൊരു മാർഗവും അയാളുടെ മുന്നിൽ തെളിഞ്ഞിരുന്നില്ല.
അമ്മ വീണ്ടും കണ്ണുകൾകൊണ്ട് തിരയെണ്ണാൻ തുടങ്ങിയിട്ടുണ്ട്. ഉയർന്നുപൊങ്ങിവരുന്ന തിരകൾ തീരത്തോട് അടുക്കുംതോറും കരയിൽ തട്ടി ദുർബലമായി ചിന്നിച്ചിതറുകയാണ്. ഒഴിഞ്ഞുകിടന്ന സിമെന്റ് ബെഞ്ചിൽ അമ്മയെ ഇരുത്തി അയാൾ ഒരു കുഞ്ഞുഗ്ലാസ് നിറയെ ഐസൊരതി വാങ്ങിവന്നു. അമ്മയുടെ നേരെ നീട്ടി. കൈകൾക്ക് പകരം അമ്മ വാ തുറന്നുകാണിച്ചു. ചെറിയ സ്പൂൺ ഉപയോഗിച്ച് അമ്മക്ക് വാരികൊടുക്കുമ്പോൾ പത്തുവയസ്സുള്ള മോളെയാണ് അയാൾക്ക് ഓർമ വന്നത്. പത്തുവയസ്സ് വരെ താൻ വാരികൊടുക്കണമെന്ന് വാശിപിടിച്ചിരുന്ന തന്റെ മോൾ. അവൾക്കിപ്പോൾ അതോർമയുണ്ടോ ആവോ?.
ഇപ്പോൾ അവളുടെ അമ്മയുടെ കൂടെ കൂടി തന്നെയും അമ്മയെയും കളിയാക്കലാണല്ലോ പ്രധാന വിനോദം. ഇതുവരെ അമ്മയെ നോക്കാൻ താൻ ഉണ്ടായിരുന്നു. ഇപ്പോൾ തനിക്കും വയ്യാതെയായിരിക്കുന്നു. ഷുഗറും പ്രഷറും കൊളെസ്ട്രോളുമെല്ലാം പിടിമുറുക്കികഴിഞ്ഞു. അമ്മക്ക് മുന്നേ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മയുടെ അവസ്‌ഥ എന്താവും?. എല്ലാ സ്നേഹവും തനിക്ക് തരാൻ വേണ്ടിയാവും താൻമാത്രം മതിയെന്നവർ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ താൻ പോയാൽ അമ്മക്ക് പിന്നെ ആരാണ് ഉണ്ടാവുക. ഈയൊരു ചിന്തയാണ് ഇഷ്ടമില്ലാഞ്ഞിട്ടും വൃദ്ധസദനം എന്ന തീരുമാനത്തിലേക്ക് അയാളെ എത്തിച്ചത്. അതിനു മുന്നേ അമ്മക്ക് ഇഷ്ട്ടപെട്ടത് ഒക്കെ ചെയ്തുകൊടുക്കണം. ഓർമയില്ലെങ്കിലും താൻ അമ്മയെ അവിടെയാക്കി പോവുകയാണെന്നത് അമ്മയോട് പറയണം. കടലിനെ സാക്ഷിനിർത്തി, ഈ ചുവന്ന സായംസന്ധ്യയെ സാക്ഷിനിർത്തി ഞാൻ എന്റെ അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നു പറയണം. അമ്മയെ ഒഴിവാക്കുന്നത് പോലും അമ്മയോടുള്ള സ്നേഹംകൊണ്ടാണെന്ന് പ്രപഞ്ചത്തെ സാക്ഷിനിർത്തി എനിക്ക് പറയണം. അയാളുടെ മനസ്സിലെ കാലുഷ്യമൊന്നുമറിയാതെ, അമ്മ കടലിനെ നോക്കിനോക്കി മെല്ലെ മെല്ലെ ഐസ്കഷ്ണങ്ങൾ നുണച്ചിറക്കി.
തണുപ്പ് അകത്തുചെന്നിട്ടാണോ, പരിപ്പ് കുടുങ്ങിയതാണോ എന്നറിയില്ല. അമ്മ ശക്തമായി ചുമക്കാൻ തുടങ്ങി…!
അയാൾ വേഗം കുറച്ചു വെള്ളമെടുത്തു കുടിക്കാൻ കൊടുത്തു. പക്ഷേ ചുമ അടങ്ങിയില്ല. തലയിലും പുറത്തും പതുക്കെ തട്ടികൊടുത്തു.ചുമ കൂടിക്കൂടി വന്നു. കണ്ണുകൾ പുറത്തേക്ക് തള്ളി. അയാളിലെ അവരുടെ പിടുത്തം ഞണ്ട് ഇറുക്കുംപോലെയായി. പിന്നെപ്പിന്നെ പതിയെ ആ പിടുത്തം അയഞ്ഞുവന്നു. ആ നിമിഷം! സൂര്യനെ പൂർണമായും കടൽ വിഴുങ്ങികഴിഞ്ഞിരുന്നു..!
സാബിറ ലത്തീഫി.
#എന്റെരചന
#ഞാനത് പറഞ്ഞില്ല

