മുംബൈ നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ, ആശുപത്രിയുടെ നാലാം നിലയിലെ മുറിയിൽ നിന്നും നോക്കിയിരിക്കെ അവളുടെ മനസ്സും റോഡിലെ പുകമറ പോലെ അവ്യക്തമായ ഓരോ ചിന്തകളിൽ കലുഷമായിരുന്നു.
ഭർത്താവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഇനിയും രണ്ടു ദിവസം കഴിഞ്ഞാൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞു. മുറിയിലെ ഒരു വശത്തുള്ള ചെറിയ കട്ടിലിൽ സുഖനിദ്രയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി, ഏതോ ചിന്തയിൽ കിടക്കുന്ന ഭർത്താവ്. കുഞ്ഞിനെ ആശുപത്രിയിൽ നിർത്തുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ് പുള്ളിക്ക്..
നല്ല സുഹൃത്ത് ബന്ധം ഉള്ളതിനാൽ എന്നും ഓഫീസ് വിട്ടു വരുന്ന സുഹൃത്തുക്കൾ ആരെങ്കിലും രാത്രി ആശുപത്രിയിൽ കിടക്കാൻ തയ്യാറായിരുന്നു.
അപ്പോൾ അവൾ കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു പോകുകയായിരുന്നു പതിവ്.
എന്നാൽ ഇന്ന് രാത്രി അനിയൻ കിടക്കാൻ വരുമെന്ന് കാണാൻ വരുന്ന കൂട്ടുകാരോടും, ഡ്യൂട്ടിക്ക് വരുന്ന നേഴ്സുമാരോടും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അപ്പോൾ ആ മുഖത്ത് നിറയുന്ന പ്രസന്നത രക്തബന്ധത്തിന്റെ ഊഷ്മള വികാരമാണെന്ന് അവൾ തിരിച്ചറിഞ്ഞു.
എന്നാൽ സഹോദരനും കുടുംബവും വീടു മാറുന്ന തിരക്കിലാണ്. അതുകൊണ്ട് ആശുപത്രിയിൽ വരാൻ കഴിയില്ലെന്ന് കാര്യം അവളോട് തലേദിവസം പറഞ്ഞിരുന്നു.
ആ കാര്യം ഭർത്താവിനോട് അവൾ സൂചിപ്പിച്ചതുമാണ്.
എന്നിട്ടും അനിയൻ ഇന്നലെ വരുമെന്ന് പറഞ്ഞിട്ടുണ്ട് – അവൻ വരുമെന്ന പൂർണ്ണ വിശ്വാസത്തിൽ- അനുജനുമായി രാത്രി മുഴുവൻ അവർക്ക് പ്രിയമേറിയ കാര്യങ്ങൾ സംസാരിക്കാമെന്ന ദിവാസ്വപ്നം കണ്ടു കിടക്കുകയാണ് അദ്ദേഹം.
അവൾ ചിന്തിച്ചു.. വയ്യാതെ കിടക്കുന്ന ആ മനുഷ്യൻ്റെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂ.
അവൾ മരുന്നു വാങ്ങി വരാമെന്നു പറഞ്ഞ് പുറത്തിറങ്ങി. അക്കാലത്ത് മൊബൈൽ ഒന്നും വന്നിട്ടില്ല. ആശുപത്രിയിലെ പബ്ലിക് ഫോൺ ബൂത്ത് മാത്രമായിരുന്നു ശരണം. അല്പം തിരക്ക് ഉണ്ടായിരുന്നെങ്കിലും. അവൾ കാത്തുനിന്നു. മകൻ ഉണരുന്നതിനു മുമ്പ് തിരിച്ചെത്താമെന്ന് പ്രതീക്ഷയോടെ…
ഫോൺ വിളിച്ചതും, മറുതലക്കൽ അനിയൻ്റെ ശബ്ദം. ‘ഇന്ന് രാത്രി വരാൻ നല്ല ബുദ്ധിമുട്ടാണെ’ന്ന് പറഞ്ഞിട്ട്, ഭാര്യക്ക് ഫോൺ കൈമാറി.
എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന ഒരു സുഹൃത്ത് ബന്ധം അനിയൻ്റെ ഭാര്യയോട് അവൾക്കുണ്ടായിരുന്നു. മറുതലക്കൽ അനുജത്തിയുടെ ശബ്ദം “ചേച്ചീ.. ഇന്ന് പാക്കിങ്ങും മറ്റുമായി നല്ല തിരക്കാണ്. പുള്ളിക്കാരൻ ഇല്ലാതെ പറ്റില്ല..”
അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
വാക്കുകൾ പുറത്തേക്ക് വരാതെ ഗദ്ഗഗദത്താൽ അവൾ വിങ്ങിപ്പൊട്ടി.
അവളുടെ സ്വരപ്പതർച്ച തിരിച്ചറിഞ്ഞ അനിയൻ്റെ ഭാര്യ ചോദിച്ചു.”എന്താ ചേച്ചി? എന്തിനാ കരയുന്നത്?”
അവൾ പറഞ്ഞു.”ഇന്നലെ മുതൽ വരുന്നവരോടും പോകുന്നവരോടും ഒക്കെ എൻ്റെ അനുജൻ വരും നാളെ കിടക്കാൻ എന്നു പറയുന്ന ചേട്ടൻ.. എത്ര പ്രതീക്ഷയോടെയാണ് അനിയൻ്റെ വരവ് കാത്തിരിക്കുന്നത്.
നിങ്ങളുടെ ബുദ്ധിമുട്ട് എങ്ങനെ ഞാൻ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കും എന്നറിയില്ല. ഏറ്റവും അടുത്ത് കൂട്ടുകാർ കിടക്കുവാൻ തയ്യാറാണ്.. എന്നിട്ടും…”
ഉടനെ തന്നെ അനുജത്തിയുടെ മറുപടി. ” ചേച്ചീ.. ഒട്ടും വിഷമിക്കേണ്ട കേട്ടോ. കുറച്ചു വൈകിയാണെങ്കിലും പുള്ളിയെ ഞാൻ പറഞ്ഞുവിടാം. ചേച്ചി കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് പൊയ്ക്കോളൂ.” ആ സംസാരം അവൾക്ക് അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉറപ്പായിരുന്നു.
മരുന്നു വാങ്ങി മുറിയിൽ ചെന്നപ്പോൾ, കുഞ്ഞിനെയും കൊണ്ട് തിരിച്ചു പോകാൻ ധൃതി കൂട്ടുന്ന അദ്ദേഹം. അപ്പോഴും കുശലാന്വേഷണങ്ങൾ അറിയുവാൻ വന്ന കൂട്ടുകാരോട്, എൻ്റെ അനുജൻ ഇന്ന് രാത്രി കിടക്കുവാൻ വരും എന്നു പറയുമ്പോൾ ആ മുഖത്ത് മിന്നി മായുന്ന രക്തബന്ധത്തിന്റെ തുടിപ്പ് കണ്ടപ്പോൾ, ആ ഫോൺ വിളിയുടെ കാര്യം ‘അയാളോട് പറയേണ്ട’ എന്ന തീരുമാനത്തിൽ അവളെ എത്തിച്ചു.
വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും രണ്ടു സ്ത്രീകൾ തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ദൃഢത കൊണ്ടുകൂടിയാണ് അനിയൻ ചേട്ടന് തുണയായി വന്നതെന്ന് വിവരം അദ്ദേഹം അറിഞ്ഞതേയില്ല.
ചില കാര്യങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി നമ്മൾ *പറയാതിരിക്കുന്നതിൽ തെറ്റില്ല*
ചില സമയങ്ങളിൽ രക്തബന്ധത്തേക്കാൾ ഊഷ്മളതയും ദൃഢതയും സുഹൃത്ത് ബന്ധങ്ങളിൽ കാണുന്നു..
🌹🌹🌹🌹🌹🌹

