നിലാ വെളിച്ചത്തിൽ വരാന്തയിൽ ഒരു നോവൽ വായിച്ചിരിക്കുകയായിരുന്നു അവൾ. മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം റൂമിൽ മുഴുവൻ പടർന്നിരുന്നു. താളുകൾ ഓരോന്നും മറിക്കുമ്പോൾ അവൾ പുറത്തോട്ടു നോക്കും, അച്ഛൻ ജോലി കഴിഞ്ഞ് വന്നിട്ടില്ല. വരേണ്ട സമയം ആയി. പെട്ടെന്ന് കരണ്ട് വന്നു, ദേ അച്ഛനും.
മെഴുകുതിരി ഊതി അണച്ചു, അച്ഛൻ കൊണ്ടുവന്ന പലഹാര പൊതി തുറന്നു. രാജേട്ടന്റെ കടയിൽ നിന്നും മസാല ദോശ കൊണ്ടുവന്നിട്ടുണ്ട്.
“അച്ഛൻ പോയി കുളിച്ചു വരൂ – എനിക്ക് വിശക്കുന്നു. ഞാൻ പോയി ഒരു കാപ്പി ഉണ്ടാക്കാം”
ശേഷം അവർ ഇരുവരും കഴിക്കാൻ തുടങ്ങി.
“മോളെ – നീ പറഞ്ഞ നോവൽ വന്നിട്ടില്ല ന്നാ വായനശാലയിലെ ഷിനോജ് പറഞ്ഞത്, അടുത്ത മാസം എത്തിക്കാം എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്.”
അതുകേട്ടു അവൾ പറഞ്ഞു – “ആഹ് അപ്പോഴേക്കും ഞാനിത് വായിച്ചു തീരും, അച്ഛൻ വായിക്കുന്നോ? “, ‘ഏറ്റവും പ്രിയപ്പെട്ട എന്നോട് ‘നീട്ടി കൊണ്ട് ഞാൻ ചോദിച്ചു.
“ഹഹ വേണ്ട മോളെ എനിക്ക് എന്നും പ്രിയപ്പെട്ടത് നിയാ.”
“ന്നാ അച്ഛൻ പുതിയ നോവൽ കിട്ടുമ്പോ അത് വായിച്ചോ, അതിന്റെ പേരാണ് അച്ഛനിപ്പോ പറഞ്ഞത്. “
ചിരിയുണർത്തികൊണ്ട് അച്ഛൻ എന്നോട് പറഞ്ഞു “രാമനാട്ടുകര യിൽ നിന്ന് ഞാൻ പറഞ്ഞ കൂട്ടർ വരുന്നുണ്ട് നാളെ. ഇത്തവണ നീ ഒഴിവ് പറയരുത്. ദേ അച്ഛൻ നാളെ ലീവ് എടുത്തിരിക്കാ. “
“അച്ഛനെ തനിച്ചാക്കി ഈ ചിക്കു എങ്ങും പോവില്ല, ചോദിക്ക് അവനിവിടെ എന്നോടൊപ്പം, അല്ല നമ്മളോടൊപ്പം ഇവിടെ താമസിക്കാൻ പറ്റുമോ ന്ന്?”
“നീ ഇത് എന്താണ് പറയുന്നേ? ഇവിടെയോ? ചെക്കൻ നാട്ടിൽ വലിയ എസ്റ്റേറ്റ് ഒക്കെ ഉള്ളതാ. മാത്രോല്ല വലിയ തറവാട്ടുകാരാ. നമ്മുടെ ഭാഗ്യം ആണ് മോളെ. എന്റെ കണ്ണടയുന്നതിന് മുന്നേ നിന്നെ എനിക്ക് കൈ പിടിച്ചു ഏൽപ്പിക്കണം.” അച്ഛൻ അമ്മയുടെ ഫോട്ടോ നോക്കി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു.
“ഓ തുടങ്ങി – മതി അച്ഛൻ കഴിച്ചിട്ട് എഴുന്നേറ്റേ. ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ!”
“എടി കാന്താരി – ഈ ദേഷ്യം ഒക്കെ കുറച്ചോ ട്ടോ. ഹാ…”
നേരം പുലർന്നു, അച്ഛൻ കാലത്തെഴുന്നേറ്റ് സുരേട്ടന്റെ കടയിൽ നിന്ന് ജിലേബി, അച്ചപ്പം, പഴം കൊണ്ടുവന്നു.
“ആഹാ – എന്തിനാ ഇത്രേം ഒക്കെ വാങ്ങിച്ചത്?”
“ഇതെങ്കിലും വേണ്ടേ മോളെ അവർ വരുമ്പോ? ഒന്നിനും ഒരു കുറവും വരുത്താൻ പാടില്ല. നീ ആദ്യം പൊയ് കുളിച്ചു, അച്ഛൻ ബർത്ത്ഡേക്ക് വാങ്ങിച്ച് തന്ന ആ ചുവപ്പ് ഹാഫ് സാരി ഉടുക്ക്, അതിൽ നിന്നെ കാണാൻ അടിപൊളിയാ.”
പുഞ്ചിരിയോടെ അവൾ അച്ഛന്റെ കവിളിൽ നുള്ളി ഉള്ളിലേക്ക് പോയി.
കുളി കഴിഞ്ഞ് സാരിയുടുത്ത്, കണ്ണെഴുതി, കുപ്പിവളയും ഇട്ടു നിന്നു. അച്ഛനായിരുന്നു അവൾക്ക് മുടി മേടഞ്ഞു തരാറ്.
അതെ സമയം ഒരു നീല കാർ വീടിന് മുന്നേ നിന്നു.
“ശങ്കരന്റെ വീട്?”
“അതെ വരൂ. ഞങ്ങൾ കാത്തിരിക്കാരുന്നു.” പുഞ്ചിരിയോടെ അച്ഛൻ അവരെ വരവേറ്റു.
“കയറിയിരിക്ക് – ചുരുങ്ങിയ സൗകര്യേ ഒള്ളു.” അമ്മ സുഭദ്ര യും ചെക്കൻ – കിഷോർ ഉം കയറിയിരുന്നു.
അച്ഛൻ തുടർന്ന്, “എന്റെ ഒറ്റ മോളാണ് – ഡിഗ്രി കഴിഞ്ഞു ഇപ്പൊ സാഹിത്യത്തിൽ റിസർച്ച് ചെയ്യുവാ. വലിയ കഥാകാരി ആവാനാ അവൾക്കിഷ്ട്ടം, 3,4 നോവലുകൾ ഒക്കെ എഴുതീട്ടുണ്ട്. “
“ആഹാ! മിടുക്കി ആണല്ലോ” അമ്മ സുഭദ്ര പറഞ്ഞു.
“എന്താ മോൻ ഒന്നും മിണ്ടാത്തെ?”
“അവൻ വലിയ നാണക്കാരനാ. ല്ലേ ടാ കിഷോറെ?”
റൂമിൽ പലതരം ചിരികൾ വിടർന്നു.
ചായ ഞാൻ ടേബിൾ ൽ വച്ചു.
“ഇല്ല മോളെ അവൻ ചായ കുടിക്കാറില്ല, ഇതൊന്നും നല്ലതല്ല ന്നാ അവൻ പറയണേ.”
“ന്നാ അൽപ്പം സംഭാരം എടുക്കട്ടെ?” അച്ഛൻ ഇടപെട്ടു ചോദിച്ചു.
“ഒന്നും വേണ്ട ഞങ്ങൾക്ക് മോളെ ഇപ്പോഴേ കൊണ്ടുപോയാലോ ന്നാ.”
കിഷോർ മൗനം തുടർന്നു.
അച്ഛൻ പറഞ്ഞു – “മോളെ എന്റെ കയ്യിൽ തന്ന് പോയതാ എന്റെ ശോഭ, അതുകൊണ്ട് തന്നെ ഒരു അമ്മയുടെ സ്നേഹമോ വാത്സല്യമോ അവൾക്ക് കിട്ടിയിട്ടില്ല. ഞങ്ങൾ ശരിക്കും റാന്നി – പത്തനംതിട്ട കാരാണ്, ഇവിടെ നിലമ്പുർ വന്നിട്ട് ഇപ്പൊ 22 വർഷം. മോൾക്ക് ഞാൻ 25 പവൻ സ്വർണ്ണം ചേർത്തു വച്ചിട്ടുണ്ട്. “
“അതിപ്പോ ഞങ്ങളുടെ മോളെ വിട്ടത് 80 പവൻ കൊടുത്താണ്. അത്ര തന്നെ വേണം എന്ന് ഞാൻ പറയില്ല. എങ്കിലും മോശവാത്ത രീതിയിൽ നിങ്ങൾ അത് ചെയ്യണം. “
അച്ഛൻ മുഖത്തെ ഭാവം മാറാതിരിക്കാൻ കഷ്ടപ്പെടുന്നുതായി തോന്നി.
“ന്നാ അങ്ങാനാവട്ടെ – ഇനി ഒരു ഉറപ്പിക്കൽ വേണ്ട, അടുത്ത മാസം നല്ല ഒരു തീയതി നോക്കി നമ്മുക്കത് അങ്ങ് ഉറപ്പിക്കാം. എന്താ?”
“ശരി. അങ്ങാനാവട്ടെ. ഞങ്ങൾക്ക് ആരോടും തീരുമാനിക്കാൻ ഒന്നുല്ല. നമുക്ക് അങ്ങനെ നടത്താം. “
പുഞ്ചിരിയോടെ അമ്മ എന്റെ അടുത്ത് വന്ന് യാത്ര പറഞ്ഞു. കിഷോർ കാർ ൽ കയറിയ സമയം എന്നെ നോക്കി പുഞ്ചിരിച്ചു.
ഇറങ്ങിയ ശേഷം അവൾ അച്ഛനോട് ചോദിച്ചു “ആരോട് ചോദിച്ചിട്ടാ അച്ഛൻ സ്വർണം കൊടുക്കാം ന്ന് പറഞ്ഞെ? അതും അവർക്ക് 25 പോരാ ന്ന്.”
“നീ ഇതിൽ ഇടപെടേണ്ട. അച്ഛന് മോൾടെ ഭാവി ആ വലുത്, അവർ നിന്നെ പൊന്നുപോലെ നോക്കും!”
“ന്നാലും അച്ഛാ?”
“അച്ഛനില്ലേ മോളെ – നീ ഇപ്പൊ ഒന്നും ആലോചിക്കേണ്ട. മോൾടെ കൂട്ടുകാരെ ഒക്കെ വിളിക്ക് – എന്നിട്ട് കല്യാണക്കാര്യം പറയു.
ആഹ്, ദാ കിഷോറിന്റെ നമ്പർ എനിക്ക് കുറിച്ച് തന്നിരുന്നു. മോൾ അവനെ നാളെ വിളിക്കണേ. ആൾടെ മടി ഒക്കെ മാറ്റ്. ട്ടോ!”
കല്യാണ ദിവസം വേഗത്തിൽ വന്നെത്തി. നിറകണ്ണുമായി അവൾ അച്ഛനെ നോക്കി.
“അച്ഛാ. അച്ഛനിന്ന് ഒറ്റക്ക്? എന്റെ കൂടെ വരാവോ? എനിക്ക് കഴിയില്ല, അച്ഛനെ ഇവിടെ ഒറ്റക്കാക്കി. “
“നീ സന്തോഷത്തോടെ പോയി വരൂ മോളെ. അച്ഛന് കാണാൻ തോന്നുമ്പോൾ ഓടി വരാലോ. ഒരു 4 മണിക്കൂർ യാത്ര – അത്രയല്ലേ ഒള്ളു.”
കിഷോർ ന് കൈ പിടിച്ചു കൊടുത്തു കൊണ്ട് അച്ഛൻ തിരികെ നടന്നു.
കല്യാണ വേഷത്തിൽ കരഞ്ഞു കൊണ്ട് ഞാൻ യാത്രയായി.
ദൂരം എന്നിൽ ഒരുപാട് ക്ഷീണം ഉണ്ടാക്കി, കിഷോർ ഇന്നും അധികം ഒന്നും സംസാരിച്ചില്ല. ഞങ്ങൾ രാമനാട്ടുകര വീട്ടിൽ എത്തി കയറി. അവിടെയും കല്യാണത്തിന് അധികം ആളെ കണ്ടില്ല. കിഷോറിന്റെ ചേച്ചിയും മോളും എന്റൊപ്പം ഉള്ളത് അവൾക്ക് വലിയ ആശ്വാസം ആയി തോന്നി. നേരം ഇരുട്ടി – ഒരു ഗ്ലാസ്സ് പാൽ അവളുടെ കയ്യിൽ ഏൽപ്പിച്ചു ചേച്ചി മുറി വരെ എത്തിച്ചു.
“കിഷോർ എവിടെ ചേച്ചി? കിഷോർ അല്ല കിഷോറേട്ടൻ ന് വിളിക്കണം ട്ടോ. അവനിപ്പോ വരും – പുറത്ത് കൂട്ടുകാരോടൊപ്പം ആണെന്നാ തോന്നണേ.”
“ശരി ചേച്ചി” – അവൾ അൽപ്പം പരിഭ്രാമത്തോടെ പറഞ്ഞു.
കാത്തിരിപ്പിന്റെ ദൂരം കൂടികൊണ്ടേ ഇരുന്നു. അവളിലെ യാത്ര ക്ഷീണം വല്ലാണ്ട് തളർത്തിയിരുന്നു. കാത്തിരിപ്പിനിടയിൽ എപ്പോഴോ ഉറക്കത്തിൽ ആഴ്ന്നു. പെട്ടെന്ന് ഞെട്ടി ഉണർന്നു – കിഷോർ മാറി റൂമിന്റെ അടുത്തിരുന്നു എന്തോ സൂചി കയ്യിൽ കുത്തുന്നത് കണ്ടു. സമയം പുലർച്ചെ 4 മണി ആയിരുന്നു! കിഷോർ.
“ഏട്ടാ എപ്പഴാ വന്നേ? ഞാൻ ഉറങ്ങി പോയി ക്ഷമിക്കു.” കിഷോർ ഒന്നും തന്നെ മിണ്ടിയില്ല. “എന്താ പറ്റിയെ? എന്തിനാ സൂചി വക്കണേ??”
മറുപടിയായി ഒരു നോട്ടം തന്നെ ധാരാളം ആയിരുന്നു. അവിടെ തന്നെ തല ചായിച്ചു ഉറക്കെ ശബ്ദം ഉണ്ടാക്കികൊണ്ട് കിടന്നു. അവളുടെ ഉള്ളിൽ പേടിയും ഒറ്റപ്പെടലും ഉണർന്നു. പിന്നെ എനിക്കുറങ്ങാനായില്ല.
നേരം പുലർന്നു – കുളി കഴിഞ്ഞ് അവൾ റൂമിൽ വന്നപ്പോഴേക്കും കിഷോർ മുറി വിട്ടു പോയിരുന്നു. അവൾ പതിയെ അടുക്കളയിൽ എത്തി, അവിടെ പാചകത്തിൽ സഹായിക്കാൻ വന്ന ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളു.
“ആഹ് മോളെ. കാലത്തെ എഴുന്നേറ്റോ? ഇവിടെ സുഭദ്രമ്മ ഉണരാണെൽ ഏട്ട്, എട്ടര ഒക്കെ ആവും, മോൾ അങ്ങോട്ട് ചെന്നോളൂ. ഞാൻ കാപ്പി റെഡി ആയിട്ട് വിളിക്കാം. ഇല്ല കുഴപ്പമില്ല. ഞാൻ സഹായിക്കാം.”
സമയം 9 ആയപ്പോഴേക്കും ചേച്ചിയും അമ്മയും വന്നു.
“ആ മോൾ എഴുന്നേറ്റോ? അവൻ റൂമിൽ ഉണ്ടോ മോളെ?” അമ്മ ചോദിച്ചു.
“ഇല്ലമ്മേ, രാത്രിയിൽ എപ്പഴോ വന്നു, രാവിലെ ഞാൻ കുളി കഴിഞ്ഞപ്പോഴേക്കും ആളെ കാണാനില്ല.”
“ആണോ? അത് അവൻ കൂട്ടുകാരോപ്പം പോയതാവും. മോൾ ഇരിക്ക് – നമുക്ക് കഴിക്കാം”
“ഇല്ല അമ്മേ – ഏട്ടൻ വന്നിട്ട് ഒരുമിച്ച് കഴിച്ചോളാം.”
അവനെയിനി വൈകുനേരം നോക്കിയാ മതി. മോൾ വാ.
ആഹ് മോൾടെ സ്വർണ്ണം ഞാൻ വാങ്ങി വക്കാൻ മറന്നു. കഴിച്ചിട്ട് അതു കൂടെ എടുത്ത് വാട്ടോ. ലോക്കർ എന്റെ റൂമിൽ മാത്രേ ഒള്ളു.”
“അഹ് ശരി അമ്മേ!”
ചേച്ചിയും അമ്മയും കൂടെ സ്വർണ്ണം എടുത്ത് നോക്കുകയായിരുന്നു. – ഞാൻ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു.
“അച്ഛാ…”
“ആഹ് മോളെ, ഞാൻ നിന്റെ വിളി കാത്തിരിക്കാരുന്നു. എന്തിയെ കിഷോർ? എനിക്ക് നിന്നെ കാണാൻ തോന്നുന്നു.”
“അച്ഛാ…”
“മോളെ – എന്ത് പറ്റി? അച്ഛനെ കാണാത്തെന്റെ സങ്കടാണോ? സാരല്ല നിങ്ങൾ 2 പേരും കൂടെ നാളെ വരാവോ? മറ്റന്നാൾ തൊട്ട് ജോലിക്ക് പോണം.”
“ആഹ് അച്ഛാ, ഞങ്ങൾ വരാം. നാളെ.”
“ശരി മോളെ. മോനോട് ചോദിച്ചുന്ന് പറ.”
“മം… പറയാം.”
സന്ധ്യ ആയതോടെ കിഷോർ റൂമിൽ വന്നു.
അവൾ ചോദിച്ചു – “എവിടെ പോയതാ? പറയാതെ പോയ കാരണം ഞാൻ ആകെ പരിഭ്രമിച്ചു.”
“നിന്നോട് പറഞ്ഞാലേ എനിക്ക് പോവാൻ പറ്റുകയൊള്ളോ? ഏഹ്, ദേ നീ നിന്റെ കാര്യം നോക്കി നടന്നാ മതി – എന്റെ കാര്യങ്ങളിൽ ഇടപെടുന്നത് എനിക്ക് ഇഷ്ട്ടല്ല.”
“എന്ത് പറ്റി? എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നേ? എന്നെ ഇഷ്ടപ്പെടാതെയാണോ കല്യാണത്തിന് സമ്മതിച്ചേ? ” അദ്ദേഹം എന്തോ മൂക്കിൽ വലിച്ചു കയറ്റി കണ്ണ് ചുവപ്പിച്ചു.
ഞാൻ അമ്മയെ വിളിച്ചു. “അമ്മേ ഏട്ടൻ എന്താ ഇങ്ങനെ പെരുമാറുന്നേ? ഇന്നലെ റൂമിൽ എന്തോ സൂചി കുത്തി ബോധം ഇല്ലാണ്ട് പിച്ചും പേയും പറഞ്ഞു, ഇപ്പൊ ഇതാ മൂക്കിൽ എന്തൊക്കെയോ വലിച്ചു കേറ്റുന്നു.”
“നീ മെല്ലെ പറയെടി. ഇതൊക്കെ ഉണ്ടാവും. നാട്ടുകാരേം കൂടെ അറിയിക്കല്ലേ.”
“അമ്മക്ക് എല്ലാം അറിയാരുന്നോ? എന്തിനാ എന്നെ ഈ ബോധം ഇല്ലാത്തവനേം കൊണ്ട്? ” കരഞ്ഞു കൊണ്ട് ചോദിച്ചു.
“അതേടി. എന്റെ മോന്റെ സ്വഭാവം നേരെയാക്കാൻ വേണ്ടിത്തന്നെയാണ് അവനെകൊണ്ട് നിന്നെ കല്യാണം കഴിപ്പിച്ചത്. ”
അമ്മായിയമ്മയുടെ ആ വാക്കുകൾ കേട്ട നിമിഷം അവളുടെ ലോകം നിശ്ചലമായി. ഇതുവരെ സ്നേഹവും വിശ്വാസവും നിറഞ്ഞ ബന്ധമാണെന്ന് കരുതിയ വിവാഹം, ഒരാളുടെ ജീവിതം മാറ്റാനുള്ള പരീക്ഷണമായി മാത്രമായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു. അവളുടെ സ്വപ്നങ്ങൾക്കും വികാരങ്ങൾക്കും വിലയില്ലാതെ, ഒരു മനുഷ്യനെ ‘നന്നാക്കാനുള്ള’ ഉപാധിയായി തന്നെ കണ്ടുവെന്ന സത്യം അവളുടെ ഹൃദയത്തെ തകർത്തു. എന്നാൽ ആ നിമിഷം തന്നെ അവൾ ഒരു തീരുമാനം എടുത്തു—ആരുടെയും സ്വഭാവം മാറ്റാൻ വേണ്ടി സ്വന്തം ജീവിതം ബലിയർപ്പിക്കില്ല; സ്നേഹവും ബഹുമാനവും തുല്യതയും ഇല്ലാത്ത ബന്ധത്തിൽ ജീവിക്കുന്നതിനേക്കാൾ, സ്വന്തം ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്ന ജീവിതമാണ് തനിക്ക് വേണ്ടത്.
“സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നാൽ എന്നെ വില കൽപ്പിക്കാത്ത, മനപ്പൂർവം പറ്റിക്കാൻ തുനിഞ്ഞ ഒരു കുടുംബത്തിന്റെ ഭാഗമാകാൻ എനിക്കാവില്ല. പിന്നെ നിങ്ങളുടെ മോന്റെ സ്വഭാവം നന്നാക്കാൻ ഉള്ള ഒരു വസ്തു അല്ല ഞാൻ. അതിന് ഞങ്ങൾ കൊണ്ടുപോവേണ്ടത് ആശുപത്രിയിൽ ആണ്.” എന്ന് പറഞ്ഞു തിടുക്കത്തിൽ മറ്റൊന്ന് ആലോചിക്കുവാൻ പോലും നിൽക്കാതെ അവൾ പടിയിറങ്ങി.
ബസിന്റെ ജാലകത്തിലൂടെ അവൾ പുറത്തോട്ട് നോക്കി. കണ്ണീരിൽ കുതിർന്ന അവളുടെ കാഴ്ചകൾ ഒട്ടും വ്യക്തത ഉണ്ടായിരുന്നില്ല. അച്ഛൻ എന്നെ മനസ്സിലാക്കും. ബാഗ് തുറന്ന് തന്റെ സ്വർണ്ണം എടുത്തു എന്ന് അവൾ ഉറപ്പു വരുത്തി. അച്ഛന്റെ കഷ്ടപ്പാട് കൊണ്ട് അവർക്ക് കൊടുക്കേണ്ടതില്ല. പയ്യെ അച്ഛനെ വിളിച്ചു കാര്യം അവതരിപ്പിച്ചു.
ശബ്ദം ഒട്ടും ഇടാറാതെ അച്ഛൻ പറഞ്ഞു. “ഞാൻ ഇല്ലേ മോളെ നിനക്ക്. ധൈര്യമായി ഇങ്ങു വാ. ഞാൻ ബസ് സ്റ്റോപ്പ് ൽ കാത്തിരിക്കാം. അവർ മനപ്പൂർവം മറച്ചു വച്ചതും, പെണ്ണിന് വില നൽകാത്തതും തെറ്റ് തന്നെ. ഞാൻ ഉണ്ട് നിന്റെ കൂടെ. വിഷമിക്കരുത്. ചില തീരുമാനങ്ങൾ എടുക്കാൻ ഒട്ടും വൈകിക്കൂടാ. നീയാണ് ശരി. ആഹ് പിന്നെ നിന്റെ നോവൽ വന്നിട്ടുണ്ട് – ” എത്രയും പ്രിയപ്പെട്ട നിന്നോട് “. ‘
അച്ഛന്റെ വാക്കുകൾ അവളിൽ കൊഴിഞ്ഞു പോയ ഊർജം ഇരട്ടിയാക്കി. എന്റെ ജീവിതം ഞാൻ തീരുമാനിക്കും.
-അഖിൽ ശശി ✍️

