വെറും നിലത്ത് നീണ്ടു നിവർന്ന് കണ്ണടച്ച് അവൾ കിടന്നു. എത്ര കാലായിന്നറിയ്യ്യോ ഒന്ന് ഇങ്ങനെ കിടന്നിട്ട്. മുതുകിന് കൂന് വന്നതിന് ശേഷം മലർന്ന് കിടന്നിട്ടില്ല. ഉൾകണ്ണിലൂടെ അവൾ മേലോട്ടു നോക്കി. ഇല്ല്യ. അധികം താമസം ല്ല്യ. മുറ്റത്തെ പുളിമാവ് വെട്ടുന്നത് കേൾക്കാൻ ണ്ട്. പാവം ! എത്ര ആൾക്കാർക്ക് മധുരക്കനി നൽകിയതാ. ഞാൻ കാരണം അതിൻ്റെ ജീവനും പോയി.
ആരൊക്കെയോ ഇരിക്കുന്നുണ്ടല്ലോ നാലു പുറവും.
ആ… മക്കളാണോ… തേങ്ങൽ കേൾക്കുന്നുണ്ടല്ലോ….. കരയട്ടെ… അമ്മക്ക് വേണ്ടി അവസാനം ഇതല്ലേ വേണ്ടു.
പുറത്ത് ആരുടെയോ പരിചയം ള്ള ശബ്ദം കേൾക്കാൻ ണ്ടല്ലോ’ ആ… അത് അയലത്തെ തള്ളയാ. ഇന്നെന്താ വഴക്കൊന്നും തുടങ്ങണില്ലേ. കരയാണല്ലോ. ഹ…ഹ ആരെ കാണിക്കാൻ?
എൻ്റമ്മ എവിടെ? അയ്യോ! അതാ വീണ് കിടക്കുന്നുണ്ടല്ലോ….. എന്തിനാ ഇങ്ങനെ വെഷമിക്കണത്. ഒന്ന് പിടിച്ച് കട്ടിൽ മേൽ കിടത്തിക്കൂടേ? ആർക്കെങ്കിലും ഒന്ന് ആശ്വസിപ്പിച്ചൂടെ?
പെറ്റ വയറല്ലേ.. അത്രേം സങ്കടം വേറെ ആർക്കും ണ്ടാവില്ലല്ലോ? എവിടെ? നാഴികക്ക് നാല്പത് വട്ടം പേരെടുത്തു വിളിക്കുന്ന ആൾ? ആൾക്കൂട്ടത്തിൽ നിന്ന് മാറി ഒറ്റക്ക് ഉള്ള് കലങ്ങി നിൽപ്പുണ്ടാവും. ഇനി എങ്ങനെ? സാരല്ല്യ ട്ടൊ. ഒക്കെ കുറേ കഴിഞ്ഞാൽ മറക്കും. ബുദ്ധിമുട്ടാവും ഒറ്റക്ക് ജീവിക്കാൻ. ന്നാലും സാരല്യ. കാലൊന്ന് അനക്കാൻ പറ്റോ? ഇല്ല്യ. കെട്ടി വച്ചിരിക്കല്ലേ. ആ… എല്ലാരും കുളിച്ചെത്തീലോ. ഇനി പോവാം ല്ലേ. അങ്ങ് തെക്കോട്ട്. ഞാൻ ഇത്ര കനേള്ളൂ. ഇങ്ങനെ എടുത്തു നടക്കാൻ.
എല്ലാ വർഷോം കാക്കയായിട്ട് ബലി കൊത്താൻ വരുന്നല്ലേ. കൈകൊട്ടി വിളിച്ചോളൂ ട്ടൊ. ഞാൻ വരാം. എന്ത് ഭംഗ്യാ ആകാശത്തിന്. എത്ര നക്ഷത്രങ്ങളാ. അതിലൊന്നായി ഇനി അവിടെ ഇരുന്ന് ഞാൻ നിങ്ങളെ ഒക്കെ കാണും. ന്നാ ശരിട്ടൊ. ഞാൻ പോവാ… മരിച്ചു ന്നല്ലേ പറയണേ. അപ്പൊ പോണോല്ലോ ലേ…

