ആകാശം നിറയെ വെളിച്ചം പടർന്നുകിടന്നു. വേദിക്ക് മുന്നിൽ ആളുകളുടെ കടൽ ഇളകിമറിയുകയായിരുന്നു. ഓരോ പാട്ട് തുടങ്ങുമ്പോഴും ആയിരക്കണക്കിന് കൈകൾ ഒരുമിച്ച് ഉയർന്നു. ചിരികളും ആർപ്പുവിളികളും വിസിലുകളും ചേർന്ന് വായുവിനെ പോലും വിറപ്പിച്ചു.
അനഘയും കൂട്ടുകാരും ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്നു. അവളുടെ ബോയ്ഫ്രണ്ട് ആദി, തന്റെ സുഹൃത്തുക്കളോടൊപ്പം കുറച്ചുമുന്നിലായിരുന്നു. ഇടയിൽ നൂറുകണക്കിന് ആളുകൾ. അനഘയുടെ അടുത്ത് നിന്നിരുന്നത് ആദിയുടെ സുഹൃത്തായ അഖിലായിരുന്നു.
“നിനക്ക് കാണാൻ പറ്റുന്നുണ്ടോ?” അഖിൽ അവളുടെ ചെവിക്കരികിലേക്ക് ചാഞ്ഞ് ചോദിച്ചു.
അനഘ ഒരു ചെറിയ പുഞ്ചിരിയോടെ തലയാട്ടി.
അപ്പോഴായിരുന്നു ചുറ്റുമുണ്ടായിരുന്ന ആളുകൾ ഒരുമിച്ച് മുന്നോട്ട് തള്ളിയത്.
അവളുടെ ശരീരം അറിയാതെ രണ്ടടി മുന്നിലേക്ക് നീങ്ങി. പിന്നിൽ നിന്ന് വീണ്ടും ഒരു തള്ളൽ. ശ്വാസം എടുക്കാൻ നെഞ്ച് പൊരുതാൻ തുടങ്ങി.
“ആദി…”
അവൾ കണ്ണുകൾ കൊണ്ട് അവനെ തിരഞ്ഞു.
അവൻ ദൂരെയായിരുന്നു. ചുറ്റുമുള്ളവരോടൊപ്പം ആർപ്പുവിളിച്ചും പാട്ടിനൊപ്പം ചുവടുവെച്ചും ആഘോഷത്തിൽ മുഴുകി നിൽക്കുകയായിരുന്നു. അവളെ ശ്രദ്ധിക്കുന്നതുപോലുമില്ല.
പെട്ടെന്ന് ചുറ്റുമുള്ള ശബ്ദങ്ങൾ എല്ലാം മാറി. പാട്ട് കേൾക്കുന്നുണ്ടായിരുന്നു… പക്ഷേ വളരെ ദൂരെയൊരിടത്ത് നിന്നെന്നപോലെ. വെളിച്ചങ്ങൾ കണ്ണിൽ കുത്തി. ഓരോ മുഖവും അപരിചിതമായി. ആൾക്കൂട്ടം മുഴുവൻ അവളുടെ നേരെ അടുക്കിവരുന്നതുപോലെ തോന്നി.
“എനിക്ക്… ശ്വാസം…”
അവൾ അത് മനസ്സിൽ പറഞ്ഞതാണോ, പുറത്തേക്ക് പറഞ്ഞതാണോ എന്ന് പോലും അവൾക്കറിയില്ല.
കൈകൾ തണുത്തു. വിരലുകൾ വിറച്ചു. ഹൃദയം നെഞ്ചിനുള്ളിൽ നിന്ന് പുറത്തേക്ക് ചാടുമെന്ന് തോന്നുന്നത്ര വേഗത്തിൽ മിടിച്ചു. തൊണ്ട വരണ്ടു. ഓരോ ശ്വാസവും പകുതിവഴിയിൽ കുടുങ്ങുന്നതുപോലെ.
“അനഘ…”
അഖിലിന്റെ ശബ്ദം അവൾ കേട്ടു.
അവൾ മറുപടി പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ പുറത്തുവന്നില്ല.
വീണ്ടും അവൾ ആദിയെ തിരഞ്ഞു. ആ ഏതാനും മീറ്ററുകളുടെ ദൂരം പോലും അപ്പോൾ അവൾക്ക് എത്തിച്ചേരാനാകാത്ത മറ്റൊരു ലോകം പോലെ തോന്നി.
ശ്വാസം മുറിഞ്ഞു. നെഞ്ച് വലിഞ്ഞു. കാഴ്ച മങ്ങിത്തുടങ്ങി.
പിന്നിലേക്ക് മറിഞ്ഞുവീഴാൻ പോയ അവളെ അഖിൽ ഒരുനിമിഷം പോലും വൈകാതെ താങ്ങിപ്പിടിച്ചു.
വിടർന്ന കണ്ണുകളോടെ അവൾ അവനെ നോക്കി. എന്തോ പറയാൻ ചുണ്ടുകൾ അനങ്ങിയെങ്കിലും ശബ്ദം പുറത്തുവന്നില്ല.
അഖിൽ ഉടൻ തല ഉയർത്തി ആദിയെ നോക്കി.
“ആദി…!”
ആർത്തുവിളിച്ചെങ്കിലും സംഗീതത്തിന്റെയും ജനക്കൂട്ടത്തിന്റെയും ഇരമ്പലിൽ അവന്റെ ശബ്ദം മുങ്ങിപ്പോയി. ആദിയോ അവന്റെ കൂട്ടുകാരോ ഒന്നും ശ്രദ്ധിച്ചില്ല.
തിരക്ക് വീണ്ടും മുന്നിലേക്ക് ഇരച്ചുകയറി.
ഒരു നിമിഷം പോലും കളയാനില്ലെന്ന് മനസ്സിലാക്കിയ അഖിൽ അനഘയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ഒരു കൈകൊണ്ട് അവളെ താങ്ങിപ്പിടിച്ചും മറുകൈകൊണ്ട് ആളുകളെ വകഞ്ഞുമാറ്റിയും അവൻ ആൾക്കൂട്ടത്തിലൂടെ മുന്നേറി.
ഓരോ ചുവടും ഒരു പോരാട്ടമായിരുന്നു.
ആളുകൾ ഇടിച്ചുകയറി. ആരോ തോളിലിടിച്ചു. മറ്റൊരാൾ അവനെ തള്ളി. എന്നിട്ടും അവൻ പിടി വിട്ടില്ല.
“കുറച്ചൂടെ… അനഘ… ദാ, എത്തി…”
അവൻ അവളുടെ ചെവിയരികിൽ പതുക്കെ പറഞ്ഞു.
അവളുടെ ശ്വാസം അപ്പോഴും ക്രമത്തിലായിരുന്നില്ല.
ഒടുവിൽ ജനക്കൂട്ടത്തിന്റെ പുറത്തേക്ക് എത്തിയപ്പോൾ തണുത്ത രാത്രി കാറ്റ് അവരെ തഴുകി. ഒരു നിമിഷം പോലും നിൽക്കാതെ അഖിൽ അവളെ കാറിനടുത്തേക്ക് കൊണ്ടുപോയി.
കാറിന്റെ താക്കോൽ അവന്റെ കൈയിലായിരുന്നു. വേഗത്തിൽ ബാക്ക് ഡോർ തുറന്ന് അനഘയെ അകത്ത് ഇരുത്തി. വാതിൽ അടയ്ക്കാതെ തന്നെ സീറ്റിലുണ്ടായിരുന്ന മിനറൽ വാട്ടർ കുപ്പി എടുത്ത് തുറന്ന് കുറച്ച് വെള്ളം അവളുടെ മുഖത്തേക്ക് മെല്ലെ തളിച്ചു.
അനഘ മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.
“ഇതാ… കുറച്ച് വെള്ളം കുടിക്ക്…”
അവൻ കുപ്പി അവളുടെ കൈയിൽ കൊടുത്തു.
വിറയ്ക്കുന്ന കൈകളോടെ അവൾ അത് വാങ്ങി. ചെറിയൊരു ഇറക്ക് വെള്ളം കുടിച്ചപ്പോൾ ശ്വാസം അല്പം നേരെയാകാൻ തുടങ്ങി.
“മതിയോ…?”
“ഹ്മ്…”
തല ചായ്ച്ചുകൊണ്ട് അവൾ മൂളി.
അഖിൽ കാറിലുണ്ടായിരുന്ന ടവൽ എടുത്ത് അവളുടെ നെറ്റിയിലെയും മുഖത്തെയും വിയർപ്പ് പതിയെ തുടച്ചുകൊടുത്തു.
“ഓക്കേയാണോ ഇപ്പോൾ?”
അനഘ അവനെ നോക്കി പതുക്കെ തലയാട്ടി. പക്ഷേ ആ മുഖത്തെ ക്ഷീണവും പേടിയും ഇതുവരെ മാറിയിരുന്നില്ല.
അത് മനസ്സിലായ അഖിൽ ഫോണെടുത്ത് ആദിയുടെ ഫോണിൽ വിളിച്ചു. ഫുൾ റിംഗ് പോയിട്ടും അവൻ എടുത്തില്ല.
വീണ്ടും വിളിച്ചു. ഇല്ല. പിന്നെ ആദിയുടെ കൂടെയുണ്ടായിരുന്ന ഓരോ സുഹൃത്തിനെയും മാറിമാറി വിളിച്ചു.
ആരും ഫോൺ എടുത്തില്ല.
കോൺസർട്ടിന്റെ ബഹളത്തിനിടയിൽ റിങ് കേൾക്കാത്തതാകാമെന്ന് അവൻ സ്വയം സമാധാനിച്ചു. എങ്കിലും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ പ്രവേശന കവാടത്തിലേക്ക് നീളുന്നുണ്ടായിരുന്നു.
“വീണ്ടും… ഇതുതന്നെ…” അനഘയുടെ ചുണ്ടുകൾ അനങ്ങിയപ്പോൾ അഖിൽ നെറ്റി ചുളിച്ചു.
“എന്താ?”
“ഒന്നുമില്ല…”
അവൾ കണ്ണുകൾ അടച്ചു.
അവൻ അലിവോടെ അവളെ നോക്കി.
അവളുടെ ശ്വാസം പതിയെ സാധാരണ നിലയിലായി.”സോറി…” അനഘ മെല്ലെ പറഞ്ഞു.
“എന്തിനാ?” അഖിൽ ചോദിച്ചു.
“ഇങ്ങനെയൊക്കെ ആയിപ്പോയതിന്…”
അഖിൽ ചെറുതായി പുഞ്ചിരിച്ചു.
“സോറി പറയേണ്ട കാര്യമൊന്നുമില്ല. നിനക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യമല്ലേ ഇത്.”
അനഘ പുറത്തേക്ക് നോക്കി. കോൺസർട്ടിന്റെ ആർപ്പുവിളികൾ ഇപ്പോഴും ദൂരെയായി കേൾക്കാമായിരുന്നു.
“ചെറുപ്പത്തിൽ…” അവൾ പതുക്കെ പറഞ്ഞു “ഒരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് ഒരിക്കലും ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരു സംഭവം ഉണ്ടായിരുന്നു.”
അഖിൽ അവൾക്ക് നേരെ നോക്കി.നനഞ്ഞ മിഴികൾ ഉയർത്തി അവൾ തുടർന്നു.
“എൻ്റെ ബാല്യത്തിൽ നാട്ടിലെ ഉത്സവ തിരക്കിനിടയിൽ ഒരാൾ…”
വാചകം പൂർത്തിയാക്കാൻ അവൾക്കായില്ല.
അഖിൽ അവളുടെ കൈയിൽ പതിയെ കൈ വച്ചു.
“ബാക്കി പറയണ്ട.” അവൾ ആ കയ്യിൽ മുറുകെ പിടിച്ചു. കുറേനേരം അതേ നിൽപ്പ് തുടർന്നു. ഒന്ന് ഓക്കേ ആയെന്ന് തോന്നിയതും അനഘ മെല്ലെ കാറിന് പുറത്തേക്ക് ഇറങ്ങി.
കാറ്റടിച്ചപ്പോൾ അവൾക്ക് തണുപ്പായി.
” കൺസേർട്ട് കാണാൻ വന്നിട്ട് പറ്റാത്തത് കൊണ്ട് അഖിലിന് വിഷമമുണ്ടോ?”
അവൻ ചിരിയോടെ നോക്കി. ” എന്തിന്.. ഒരു ആപത്ത് വരുമ്പോൾ എൻ്റെ ഫ്രണ്ടിൻ്റെ കൂടെയല്ലേ ഞാൻ നിൽക്കേണ്ടത്. കൺസേർട്ട് ആണോ മുഖ്യം?”
അവളും പുഞ്ചിരിച്ചു.
അപ്പോഴേക്കും ദൂരെ നിന്ന് ആദിയും കൂട്ടുകാരും ഓടിവരുന്നത് കണ്ടു.
“ഡാ… എന്ത് പറ്റി?” കിതച്ചുകൊണ്ട് ആദി ചോദിച്ചു.
അഖിൽ അവനെ നോക്കി.
“ഞാൻ എത്ര പ്രാവശ്യം വിളിച്ചു. നിന്റെയും ബാക്കിയുള്ളവരുടെയും ഫോണിൽ. ആരും എടുത്തില്ല.”
“സൈലന്റിലായിരുന്നു… ഞാൻ കേട്ടില്ലായിരുന്നു. ഇപ്പോഴാ കണ്ടത്. അതാണ് ഓടി വന്നത്.”
അവൻ വേഗം അനഘയുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു.
“അനഘ… എന്താ പറ്റിയത്? ഇപ്പോൾ ഒക്കെയാണോ?”
അനഘ അവനെ നോക്കി. അവളുടെ കണ്ണുകളിൽ പരിഭവമോ ദേഷ്യമോ ഉണ്ടായിരുന്നില്ല.
“ഓക്കെയാണ്…”
“ഹോസ്പിറ്റലിൽ പോകണോ?”
“വേണ്ട.”
അഖിൽ ഇടയിൽ പറഞ്ഞു.
“പാനിക് അറ്റാക്കായിരുന്നു.”
ആദി ആശയക്കുഴപ്പത്തോടെ അനഘയെ നോക്കി.
“നിനക്ക്… ഇത് മുമ്പും ഉണ്ടായിട്ടുണ്ടോ?”
മെല്ലെ കണ്ണുകൾ ഉയർത്തി അവൾ പതിയെ പറഞ്ഞു
“ഉണ്ട്…”
ആദി അവളുടെ കൈയിൽ പതിയെ കൈ ചേർത്തുപിടിച്ചു.
“എനിക്കറിയില്ലായിരുന്നു…”
അനഘ അവനെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
“ഞാൻ പറഞ്ഞിട്ടുമില്ല.”
” സോറി ഡാ.. അഖിൽ കൂടെയുണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ മുന്നോട്ട് പോയി നിന്നത്. ”
” സാരമില്ല ആദി.. ഞാൻ ഇപ്പോൾ ഓക്കെയാണ്.”
ആദിയുടെ കണ്ണുകൾ അഖിലിനെ തേടി.
ഒന്നും പറയാതെ അഖിൽ ചെറുതായി തലയാട്ടി.
ആ ഒരു നോട്ടത്തിൽ തന്നെ എല്ലാം ഉണ്ടായിരുന്നു.
നന്ദിയും… ആശ്വാസവും… സൗഹൃദവും… എല്ലാം.
“വാ…” അഖിൽ അന്തരീക്ഷം മാറ്റാൻ ശ്രമിച്ചു.
“എന്തെങ്കിലും കഴിച്ചിട്ട് ഇറങ്ങാം. ഇല്ലെങ്കിൽ നാട്ടിലെത്തുമ്പോഴേക്കും ഉച്ചയാകും.”
അവർ കാറിൽ കയറി. ബാക്ക് സീറ്റിൽ ഇരിക്കവെ ആദി അനഘയെ ചേർത്ത് പിടിച്ചു.
“അനഘ… എന്നെ നോക്ക്.”
അവൾ പതിയെ മുഖമുയർത്തി.
“ഇപ്പോൾ എങ്ങനെയുണ്ട്?”
“കുഴപ്പമില്ല…”
“ഹോസ്പിറ്റലിൽ പോകാം.”
“വേണ്ട.”
“ഉറപ്പാണോ?”
അവൾ തലയാട്ടി.
കുറച്ചുനേരം ആരും ഒന്നും സംസാരിച്ചില്ല.
ഒടുവിൽ ആദി മെല്ലെ ചോദിച്ചു.
” എന്ത് പറ്റിയതാണ്..?”
അവളുടെ വിരലുകൾ അറിയാതെ വിറച്ചു.
“എനിക്ക് പത്ത് വയസ്സുള്ളപ്പോൾ… ഒരു ഉത്സവത്തിലെ തിരക്കിൽ…”
വാചകം പാതിയിൽ നിന്നു. കണ്ണുകൾ നിറഞ്ഞു.
“ഒരാൾ…”
അവൾക്ക് പിന്നെ പറയാൻ കഴിഞ്ഞില്ല.
ആദി ഒന്നും ചോദിച്ചില്ല.അവളുടെ കൈ പിടിച്ചിരുന്ന അവന്റെ വിരലുകൾ ഒന്നുകൂടി മുറുകി.
അഖിൽ നിശ്ശബ്ദമായി മറുവശത്തേക്ക് നോക്കി ഇരുന്നു. ആ നിശ്ശബ്ദതയെ ഭേദിച്ചത് ആദിയായിരുന്നു.
“ഇനി…”
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“നിന്നെ പേടിപ്പിക്കുന്ന ഒരിടത്തും ഞാൻ നിന്നെ ഒറ്റയ്ക്ക് നിർത്തില്ല. ഞാനുണ്ടാവും എപ്പോഴും കൂടെ.”
അനഘയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി. ആ കണ്ണുനീർ തുടച്ച് കൊണ്ട് അവൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
അവൾ അവന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞു.
മുൻസീറ്റിലിരുന്ന അഖിൽ റിയർവ്യൂ മിററിലൂടെ അവരെ ഒന്ന് നോക്കി. ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു. കാർ സ്റ്റാർട്ട് ചെയ്തു.
ദൂരത്ത് കോൺസർട്ടിന്റെ സംഗീതം ഇപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
അനഘ പതിയെ കണ്ണുകൾ അടച്ചു.
ആൾക്കൂട്ടത്തോടുള്ള ഭയം ആ ഒരു രാത്രി കൊണ്ട് ഇല്ലാതായില്ല. പക്ഷേ…
ആ ഭയത്തെ ഒറ്റയ്ക്ക് നേരിടേണ്ടി വരില്ലെന്ന വിശ്വാസം അവളുടെ ഉള്ളിൽ നിറഞ്ഞു.
കാറിന്റെ ജനലിലൂടെ രാത്രിക്കാറ്റ് അകത്തേക്ക് ഒഴുകിയെത്തി.
വർഷങ്ങളായി ശ്വാസം മുട്ടിച്ചിരുന്ന ഒരു ഓർമ്മയുടെ ഇരുട്ടിലേക്ക്…
പ്രതീക്ഷയുടെ നേർത്ത വെളിച്ചം പതിയെ കടന്നുവന്നു.

