ഒരു കല്യാണവുമായി ബന്ധപ്പെട്ട് പകൽ മൂന്നു മണിയോടെ കോയമ്പത്തൂരിൽ എത്തി.
ഞങ്ങളെ ക്ഷണിച്ച ആൾ ഒരുക്കിയിരുന്ന ഹോട്ടലിൽ ചെക്കിൻ ചെയ്തു വിശ്രമിച്ചിട്ട് വൈകുന്നേരത്തോടെ റിസപ്ഷനിൽ പങ്കെടുക്കാൻ ഇറങ്ങി.
ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും റിസപ്ഷൻ നടക്കുന്ന സ്ഥലം കുറച്ചു ദൂരത്തായിരുന്നതിനാൽ ഞങ്ങളെ കൂട്ടാൻ ഒരു ടെമ്പോ ട്രാവല്ലർ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്. റിസപ്ഷൻ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ എല്ലാവരും അവരവർക്ക് അലോട്ട് ചെയ്തിരുന്ന മുറികളിലേക്ക് ചേക്കേറി. ഒന്നു ഫ്രഷ് ആയി ലോബിയിൽ ഒത്തുകൂടാം എന്നുള്ള തീരുമാനത്തോടെ.
പ്രിയതമൻ ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ തന്നെ ബാത്റൂമിന്റെ ലോക്കിനെന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞതായി എന്റെ ഓർമ്മയിലുണ്ടെങ്കിലും ആബ്സെന്റ് മൈൻഡഡ് (അന്യമനസ്ക) ആയി ഞാൻ ഡോർ അടച്ചു.
മുഖമൊക്കെ കഴുകി പുറത്തിറങ്ങാൻ വേണ്ടി ലോക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ആണ് “ലോക്ക് ചെയ്യേണ്ട… ചിലപ്പോൾ തുറക്കാൻ ബുദ്ധിമുട്ടാകും” എന്നു ഭർത്താവ് പ റഞ്ഞിരുന്നത് ഓർമ്മയിൽ എത്തിയത്.
“അങ്ങനങ്ങു വിട്ടാലെങ്ങനാ” എന്ന് മനസ്സിൽ കരുതി ലോക്ക് തുറക്കാൻ പല വിധത്തിൽ ശ്രമിച്ചു. പക്ഷേ ദയനീയമായി പരാജയപ്പെട്ടപ്പോൾ ഒന്നു ഭയന്നു.
ക്ലസ്ട്രോഫോബിക് (അടഞ്ഞ സ്ഥലങ്ങളിൽ അകപ്പെടുമ്പോൾ ഭയം ഉള്ള ആൾ ) അല്ല എന്നൊരാശ്വാസം ഉണ്ടായിരുന്നെങ്കിലും വീണ്ടും വീണ്ടും പരാജയപ്പെട്ടപ്പോൾ ഒരു വിറയൽ ഉള്ളിൽ ഉരുണ്ടുകൂടി.
ചേട്ടൻ ലോബിയിലേക്കു പോകുന്നെന്നു പറഞ്ഞു ഡോർ ചാരിയിട്ടു പുറത്തേക്കു പോയിരിക്കുന്നു.. ഇനി ചേട്ടൻ വന്നാലേ എന്തെങ്കിലും ചെയ്യാനൊക്കൂ എന്നുള്ള ചിന്ത ഭയത്തെ അധികരിപ്പിച്ചു.
പിന്നെ ഒന്നും നോക്കാൻ പോയില്ല. ശക്തിയായി വാതിലിൽ മുട്ടിത്തുടങ്ങി.. അകമ്പടി ആയി “ആരെങ്കിലും വരണേ… സഹായിക്കണേ ” എന്നുള്ള രോദനവും..
മൂന്നാലു മിനിറ്റ് അങ്ങനെ തന്നെ കടന്നു പോയി.
ഇതിനിടയിൽ ഒരു സ്ത്രീ ശബ്ദവും പുറകേ ഒരു പുരുഷ ശബ്ദവും ശ്രദ്ധിച്ച ഞാൻ വിളിച്ചു കൂവി.
“ഇങ്ങോട്ടൊന്നു വരണേ.. ഞാൻ ഇവിടെ…. ബാത്ത് റൂമിൽ കുടുങ്ങി പോയി.”
രണ്ടു മിനിറ്റിനുള്ളിൽ ബാത്ത് റൂമിന്റെ പുറത്തുനിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു .
” പേടിക്കേണ്ട… ഡോറിന്റ അടുത്തു നിന്നും മാറിയാണോ നിൽക്കുന്നത്… ഇല്ലെങ്കിൽ മാറി നിന്നോ കേട്ടോ.. എന്റെ ചേട്ടൻ തള്ളി തുറക്കാൻ പോകുകയാ..”
ഞാൻ മൂലയിലേക്കൊതുങ്ങി നിന്നു.
അടുത്ത നിമിഷം വാതിൽ തള്ളി തുറക്കപ്പെട്ടു.
ഞാൻ ആശ്വാസത്തോടെ പുറത്തിറങ്ങി.ഉള്ളിലെ വെപ്രാളം പുറത്തുകാണിക്കാതെ ഒരു സെവെന്റി എം. എം. ചിരി പാസ്സാക്കി.
“താങ്ക് യൂ… വലിയ ഉപകാരം.”
സ്ത്രീയുടെ കൈകളിൽ സ്പർശിച്ചു കൊണ്ടു ഞാൻ മൊഴിഞ്ഞു.
അവർ ഒന്നുപുഞ്ചിരിച്ചിട്ടു കടന്നുപോയി.
കുറച്ചു നേരം ശൂന്യമായ മനസ്സോടെ കട്ടിലിൽ തന്നെ ഇരുന്നു.
പിന്നീട് വെറുതെ ഒന്നു പുറത്തിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു. നീണ്ടുകിടക്കുന്ന കോറിഡോർ വിജനമാണ്.
മുഖം കഴുകിയിട്ട് ലോബിയിലേക്ക് വരണമെന്നു ചേട്ടൻ പറഞ്ഞിരുന്നതോർത്തു.
എന്തോ….. പോകാൻ തോന്നിയില്ല. തന്നെയുമല്ല കീ കാർഡ് ഉപയോഗിക്കാൻ അത്ര ധൈര്യമില്ല താനും.
ചേട്ടനെ പ്രതീക്ഷിച്ചു കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കവേ അങ്ങേ അറ്റത്തെ മുറിയിൽ നിന്നും ഒരാൾ ഇറങ്ങി നടന്നു വന്നു.
ഒരു നിമിഷം കണ്ണുകൾ വിടർന്നു …. ഇദ്ദേഹം അല്ലേ എന്നെ രക്ഷിച്ച ആൾ… അപ്പോഴത്തെ മാനസികാവസ്ഥയിൽ ഒന്നും ചോദിക്കാനോ പരിചയപ്പെടാനോ ഒത്തില്ല. ആ കേട് ഇപ്പോൾ തീർത്തേക്കാം.
ഞാൻ തികഞ്ഞ സൗഹൃദത്തോടെ നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു.
അപ്പുറത്തു യാതൊരു ഭാവഭേദവുമില്ല. ഞാൻ വല്ലാതായി..
ഇദ്ദേഹം എന്താ ഇത്ര പെട്ടെന്നു മറന്നു പോയോ? അതോ അന്നേരത്തെ എന്റെ റെസ്പോൺസിൽ(പ്രതികരണത്തിൽ )എന്തെങ്കിലും അപാകത ഉണ്ടായോ?
എന്നെ മൈൻഡ് ചെയ്യാതെ കടന്നു പോയ അദ്ദേഹത്തിന്റെ പുറകേ നടന്നു പോയ സ്ത്രീയെ കണ്ടപ്പോൾ എനിക്കുറപ്പായി..
ഇവരാണ് എന്നെ മുറിയിൽ വന്നു രക്ഷിച്ചത്.. പക്ഷേ അവർക്കെന്തോ ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ട്.. അല്ലെങ്കിൽ എന്നെ കണ്ടിട്ട് മൈൻഡ് ചെയ്യാതിരുന്നതെന്താണ്?
ഇനി ഇതെല്ലാം എനിക്കു തോന്നിയതാണോ? പാനിക് ആകുമ്പോൾ( പരിഭ്രാന്തി ഉണ്ടാകുമ്പോൾ) ഡിസ്സോസിയേറ്റീവ്അംനേഷ്യ (ഡിസ്സോസിയേറ്റിവ് ഓർമ്മക്കുറവ്)ഉണ്ടാകാ മെന്ന് എവിടെയോ കേട്ടിട്ടുണ്ട്..
ശരിക്കും ഞാൻ ബാത്റൂമിൽ കുടുങ്ങിയിരുന്നോ? ആരെങ്കിലും രക്ഷിച്ചതാണോ?
മൊത്തത്തിൽ ഒരു പുക മറ പോലെ ..
“ഹാ.. നീ എന്താ വരാഞ്ഞേ? പലരും നിന്നെ തിരക്കി. നിന്നെ കാണാഞ്ഞിട്ട് ഞാൻ അന്വേഷിച്ചു വരുമായിരുന്നു.” ഓടിക്കിതച്ചു വരുന്നു ചേട്ടൻ.
“ഇങ്ങേരിതെവിടുന്നാ ഇപ്പോൾ പൊട്ടി പുറപ്പെട്ടെ?” ഞാൻ ആത്മഗതം നടത്തി.
ഒന്നും മിണ്ടാതെ എന്റെ കയ്യിൽ പിടിച്ചു കൊണ്ടു മുന്നോട്ടു പോയ ആളോട് ഞാൻ പറഞ്ഞു ” റൂം പൂട്ടിയിട്ടില്ല. എനിക്കീ കീ കാർഡിന്റെ സമ്പ്രദായം അത്രക്ക് അറിയില്ലാത്തതോണ്ടാ…”
“ശരി ഞാൻ പൂട്ടാം..”
ചേട്ടന്റെ കൂടെ ലോബിയിലേക്ക് നടക്കവേ മനഃപൂർവം ഞാൻ മൗനം പാലിച്ചു..
കല്യാണം കൂടാൻ നാട്ടിൽ നിന്നും എത്തിയ മിക്ക ബന്ധുക്കളും ലോബിയിൽ ഇരിപ്പുണ്ട്.
എനിക്കും ഒരു ഇരിപ്പിടം കിട്ടി അപ്പോൾ ഒരു കക്ഷി എഴുന്നേറ്റു വന്ന് ചേട്ടനോട് ചോദിച്ചു..
“ആഹാ.. ഇതു തന്റെ ആളാണല്ലേ. ഇത്തിരി മുമ്പു ബാത്റൂമിൽ കുടുങ്ങിയപ്പോൾ ഞാനും മഞ്ജുവും കൂടിയാണ് പുറത്തെത്തിച്ചത് …. അല്ല” ഒന്നു നിർത്തി എന്നെ നോക്കിക്കൊണ്ട്… “രക്ഷാപ്രവർത്തനം നടത്തിയത്.”
അദ്ദേഹത്തിന്റെ നേർക്കു നോക്കിയ ഞാൻ ഒന്നു പതറി..
ഉടനെ അദ്ദേഹത്തിന്റെ ഭാര്യ വന്നു എന്റെ കൈകളിൽ കൈ ചേർത്തു…
“ഞാൻ മഞ്ജു.. ആ സമയത്ത് ഇത്തിരി ടെൻഷനിൽ ആയിരുന്നല്ലേ? ഇപ്പോൾ ഓക്കേ ആയല്ലോ… അല്ലേ?”
ഞാൻ ഒരു നിമിഷം കണ്ണുകൾ ചിമ്മിയടച്ചു .. ഒന്നൂടെ അവർ രണ്ടു പേരെയും നോക്കി..എ ന്റെ കണ്ണുകൾ ആണോ ബുദ്ധിയാണോ എന്നെ കബളിപ്പിക്കുന്നത്?…
കുറച്ചു മുമ്പേ എന്നെ അറിയാത്ത മട്ടിൽ നടന്നു പോയവർ ഇപ്പോൾ സൗഹൃദത്തോടെ സംസാരിക്കുന്നു. സ്നേഹം പ്രകടിപ്പിക്കുന്നു.
മഞ്ജു എന്റെ ചേട്ടനോട് പറഞ്ഞു… “പുള്ളിക്കാരി പേടിച്ചു പോയെന്നു തോന്നുന്നു. ഒന്നു കൂൾ ആക്കാൻ നോക്കിക്കോ.”
ചേട്ടൻ ഒന്നും മനസ്സിലാകാത്ത പോലെ എന്നെ നോക്കി.
‘എന്തേ?”എന്നു കണ്ണുകൾ കൊണ്ടു ചോദിച്ചു. ഒന്നുമില്ലെന്നു അതേ പോലെ ഞാൻ മറുപടി നൽകി.
അടുത്ത നിമിഷം ഒരു യുവതിയെ കൂട്ടികൊണ്ട് വന്നു മഞ്ജുവിനെ പരിചയപ്പെടുത്തുന്ന ആളിലേക്കായി എന്റെ മുഴുവൻ ശ്രദ്ധയും..
അതു മഞ്ജുവിന്റെ ഫോട്ടോസ്റ്റാറ്റ് ആയിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു വ്യത്യാസവും കണ്ടു പിടിക്കാൻ പറ്റാത്ത ട്രൂ കോപ്പി..
ഞാൻ എന്റെ ചേട്ടനോട് ചോദിച്ചു.. “മഞ്ജുവിന് ഒരു ഇരട്ട സഹോദരിയുണ്ടല്ലേ?”
“ഉണ്ടല്ലോ…. മീനു. ദേ.. മഞ്ജുവിന്റെ അടുത്ത് നിൽക്കുന്ന കക്ഷി..”
“നീ ഇതിന് മുമ്പു കണ്ടിട്ടില്ലല്ലോ..? ”
“പിന്നെ മീനുവിനെ കല്യാണം കഴിച്ചിരിക്കുന്നത്…”
“മനസ്സിലായി… മഞ്ജുവിന്റെ ചേട്ടന്റെ ഇരട്ട സഹോദരൻ…”
“ശരിയാണ്.. നിനക്കെങ്ങനെ മനസ്സിലായി…”
“എനിക്കെല്ലാമെ തെരിയും…”

