വലിയൊരു ശബ്ദത്തോടെ പെരേര ഓടി വരുന്നത് ജാൻസി കണ്ടു. അയാളുടെ കയ്യിൽ ആളി കത്തുന്ന ഒരു തീ പന്തം. മുറിയിലേക്ക് കയറാൻ വയ്യ, കയറിയാൽ മാർട്ടിൻ അച്ചൻ്റെ മാന്ത്രിക വലയത്തിൽ അകപ്പെടുമോയെന്ന് ഭയം തോന്നി.
“നിൽക്കൂ പെരേര. “
ജാൻസി പെരേരയെ തടയാൻ നോക്കി.
“സാരമില്ല എന്നെ നോക്കണ്ട, എനിക്ക് പ്രായമായി വരികയല്ലേ. എൻ്റെ പിള്ളേരെ രക്ഷിക്കണമെനിക്ക്. ആ ശവശരീരം നശിപ്പിച്ചു കളഞ്ഞാൽ, ഒരു പക്ഷെ… നമുക്ക് ഈ മാന്ത്രിക കെട്ടിൽ നിന്നും അവരെ രക്ഷിക്കാൻ കഴിയും.
പെരേര ജാൻസിയുടെ ചെവിയിൽ മന്ത്രിച്ചു.
പെരേര തൻ്റെ കയ്യിലിരുന്ന തീപ്പന്തം എഡ്വേർഡിൻ്റെ ശവശരീരത്തെ ലക്ഷ്യമാക്കി എറിഞ്ഞു. വെള്ളതുണിയിൽ പൊതിഞ്ഞ ആ ഉണങ്ങിയ ശരീരത്തിൽ തീ പിടിച്ചു തുടങ്ങി. തീ ആളിക്കത്തി തുടങ്ങി. ഡാനിയേലയുടെ മുന്നിൽ കൊതിയോടെ നോക്കി നിന്ന, നഗ്നനായ അലോഷി പെരേരയുടെ അടുത്തേക്ക് കുതിച്ചു.
തീ ആളി പടർന്നപ്പോൾ, തൻ്റെ ശരീരത്തിന് പൊള്ളലേറ്റതു പോലെ മാർട്ടിൻ അച്ചൻ നിലവിളിച്ചു. അയാൾ വെപ്രാളത്തോടെ എഴുന്നേറ്റു ശവശരീരത്തിലെ തീയണയ്ക്കാൻ ശ്രമിച്ചു. തീ പൂർണമായും അണയാൻ ജാൻസി സമ്മതിച്ചില്ല. അവൾ മാർട്ടിൻ അച്ചനെ തള്ളി മാറ്റി.
അലോഷി പെരേരയുടെ കഴുത്തിൽ കുത്തി പിടിച്ചു. അയാളുടെ കരുത്തിൽ നിന്ന് രക്ഷപ്പെടാൻ പെരേര കുതറി നോക്കി.
അലോഷിയുടെ കൈ മുകളിലേക്ക് ഉയരും തോറും പെരേരയുടെ കാലുകൾ വായുവിൽ ഉയർന്നു.
ജാൻസി അവരെ നിസ്സഹായയായി നോക്കി നിന്നു. ആ സമയത്ത് മാർട്ടിൻ അച്ചൻ ആ തീയണയ്ക്കാൻ പാട് പെടുകയായിരുന്നു.
പിടച്ചിലിനിടയിലും പേരേര അച്ചൻ്റെ പെരുമാറ്റം ശ്രദ്ധിച്ചു. ശവശരീരത്തെ സുരക്ഷിതമാക്കാനുള്ള അച്ചൻ്റെ വ്യഗ്രത. അത് കത്തിയമരുന്നതോടെ അച്ചൻ്റെ അമാനുഷികതയുടെ അവസാനമാകുമോ.
ഇല്ല അത് പൂർണ്ണമായും അവസാനിക്കാൻ ബ്ലാക്ക് ഡാലിയയുടെ ഉറവിടം കണ്ടെത്തിയേ മതിയാകൂ. ഫ്രാൻസിസ്കയ്ക്ക് പോലും ബ്ലാക്ക് ഡാലിയ അപ്രാപ്യമായിരുന്നു. അവരുടെ പെട്ടിയിൽ നിന്നും ഗബ്രിയേൽ കണ്ടെത്തിയ ആ പോർട്ടുഗീസ് പുസ്തകത്തിലെ ഏടുകൾ പെരേരയുടെ കൈവശമാണിപ്പോൾ ഉള്ളത്. ഗബ്രിയേലിന് വേണ്ടി പെരേര അത് തർജ്ജമ ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു. പൂർണ്ണമായും അത് പഠിക്കുന്നതിന് മുമ്പ്, പുറപ്പെട്ട് ഇവിടെ വരാൻ പാടില്ലായിരുന്നു. പെരേരയുടെ പദ്ധതിയെ തകർത്തത് ഫ്രാൻസിസ്കയാണ്. ഡാനിയേലയെ എഡ്വേർഡിൻ്റെ കൈകളിൽ സമർപ്പിക്കാനുള്ള യജ്ഞം പെട്ടെന്ന് തുടങ്ങിയതാണ് എല്ലാത്തിനും കാരണം.
“എന്തായാലും എഡ്വേർഡിൻ്റെ തിരുശേഷിപ്പ് ഇനി ഈ ഭൂമിയിൽ വേണ്ട. അത് നശിച്ച് പോകട്ടെ. “
പെരേര ഭിത്തിയിൽ കാല് കൊണ്ട് ചവിട്ടി പിറകോട്ട് കുതിച്ച് മാറി. അപ്രതീക്ഷിതമായ ആ നീക്കത്തിൽ അലോഷിയുടെ ബാലൻസ് തെറ്റി. പെരേര അലോഷിയുടെ പിടിയിൽ നിന്നും തെന്നി മാറി. ഒരു നിമിഷം, ശ്വാസം കിട്ടാതെ പെരേര നിന്ന് കിതച്ചു, കാൽമുട്ടുകളിൽ കൈ കുത്തി അയാൾ ദീർഘ നിശ്വാസമെടുത്തു.
“ജാൻസീ, ആ തീ അണയ്ക്കാൻ സമ്മതിയ്ക്കരുതേ. “
പെരേര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ജാൻസി വീണ്ടും മാർട്ടിൻ അച്ചനെ ശ്രദ്ധിച്ചു. അയാൾ വെപ്രാളത്തോടെ കത്തി തുടങ്ങിയ വെള്ളത്തുണി എടുത്ത് മാറ്റിയിട്ട്, മറ്റൊരു തുണി കൊണ്ട് അമർത്തി തീയണയ്ക്കുകയാണ്.
ജാൻസി മാർട്ടിൻ അച്ചനെ പിടിച്ചു മാറ്റി. അവർ തമ്മിൽ പിടിവലിയായി. എഡ്വേർഡിന്റെ കാലുകളുടെ ഭാഗത്തെ തീ മാത്രം അവശേഷിച്ചു. ജാൻസിയെ തള്ളി മാറ്റി, മാർട്ടിൻ അച്ചൻ കുപ്പിയിലെ കറുത്ത ദ്രാവകം കയ്യിലെടുത്തു. ആ തൈലം അയാൾ എഡ്വേർഡിന്റെ ശരീരത്തിൽ ഒഴിക്കാൻ ശ്രമിച്ചു.
“അരുത്. ജാൻസി, തൈലം ആ ശരീരത്തിൽ വീഴരുത്. “
പെരേര വിളിച്ചു പറഞ്ഞു.
മാർട്ടിൻ്റെ കൈകളിൽ നിന്നും ആ തൈലക്കുപ്പി തട്ടി മാറ്റാൻ ജാൻസി ശ്രമിച്ചു.
“പ്പടോം “
മാർട്ടിൻ അച്ചൻ്റെ കയ്യിൽ നിന്നും തൈലകുപ്പി താഴെ വീണു. അലോഷിയും മാർട്ടിൻ അച്ചനും നിരാശയോടെ അത് നോക്കി നിന്നു. അലോഷി ദേഷ്യത്തോടെ ജാൻസിയെ, മുടിക്കുത്തിൽ പിടിച്ചു പൊക്കി. നിലത്തു വീണ ദ്രാവക തുള്ളികൾ തെറിച്ചു വീണത് ഡാനിയേലയുടെ ശരീരത്തിലാണ്. അത്ഭുതം സംഭവിച്ചു, ഉറക്കത്തിന്റെ ആലസ്യം വിട്ടുണർന്നത് പോലെ ഡാനിയേല കണ്ണ് തുറന്നു. അവൾ കൈകാലുകൾ നീട്ടി പിടിച്ചു പേശികളെ ഉണർത്തി. ഡാനിയേലയുടെ മാറ്റം കണ്ടു ജാൻസി അമ്പരന്നു.
ജാൻസിയുടെ കണ്ണുകൾ എഡ്വേർഡിന്റെ കാലുകളിലേയ്ക്ക് നീങ്ങി. തൈലം തെറിച്ചു വീണ എഡ്വേർഡിന്റെ വലതു കാലിലെ തീ പൂർണമായും അണഞ്ഞിരിക്കുന്നു. അത്ഭുതാവഹം!!ആ ഭാഗത്ത് കരിയോ, തീയേറ്റ പാടുകളോ കാണാൻ ഉണ്ടായിരുന്നില്ല.
“അത്ഭുതമായിരിക്കുന്നു. ” ജാൻസി മനസ്സിൽ പറഞ്ഞു.
മാർട്ടിൻ അച്ചൻ നിലത്തു വീണ തൈല തുള്ളികൾ തുണിയിൽ മുക്കി, എഡ്വേർഡിനെ ഉണങ്ങിയ ശരീരത്തിൽ പുരട്ടി തീ അണയ്ക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ജാൻസിയെ അലോഷി പിടിച്ചു മാറ്റി. അലോഷിയുടെ പിടിയിൽ നിന്നും രക്ഷപെട്ട പെരേര കത്തിയമരുന്ന വരാന്തയിലേക്ക് തിരികെ ഓടി. അലോഷിയുടെ ശ്രദ്ധ പൂർണമായും ജാൻസിയിലായി. മാർട്ടിൻ അച്ചൻ തൈലം തടവിയ ഭാഗങ്ങളിൽ തീ പൂർണമായും അണഞ്ഞു. ഇപ്പോൾ ആ ശരീരത്തിൽ തീ പിടിച്ച പാടുകൾ കാണാനേയില്ല. ഇനി പേടിക്കാനില്ല എന്നാശ്വസിച്ചു കൊണ്ട് അച്ഛൻ പുതിയ വെള്ള തുണി കൊണ്ട് ആ ശവശരീരം മൂടിയിട്ടു.
അലോഷിയുടെ പിടിയിൽ കിടന്നു കുതറി മാറിയ ജാൻസിയിലേക്കു മാർട്ടിൻ അച്ചൻ്റെ ശ്രദ്ധ തിരിഞ്ഞു. അയാളുടെ കണ്ണുകൾ ക്രൂരമായി, ബലമായ കൈകളുടെ അടിയേറ്റ് ജാൻസിയുടെ വെളുത്ത കവിളുകൾ ചുവപ്പിച്ചു.
“എൻ്റെ എല്ലാം നശിപ്പിക്കാൻ വന്ന നീയാരാണ്. ഇവിടം പിശകാണ്, ഞാനും പിശകാണ്. നീയൊന്നും ജീവനോടെ ഇവിടം വിട്ടു പോകില്ല എന്നോർത്തോ. “
അയാൾ അലോഷിയെ നോക്കി, അവർ കണ്ണുകൾ കൊണ്ട് സംസാരിച്ചു. അച്ചൻ തിരിഞ്ഞു നിന്ന് പ്രാർത്ഥന തുടങ്ങി.
“ഡാലിയ പൂക്കളുടെ നാഥനായ രാജകുമാരാ, എഡ്വേർഡിന്റെ പോരാളികളായ ഞങ്ങളെ കാത്ത് കൊള്ളേണമേ. ഞങ്ങൾക്ക് വേണ്ടി ശത്രുക്കളോടു പോരാടണമേ. “
എവിടെ നിന്നോ കാറ്റ് പോലെ വേഗത്തിൽ വന്ന പെരേര, വലിയൊരു പന്തവുമായി മാർട്ടിൻ അച്ചന്റെ നേരെ ഓടി. അച്ചന്റെ കറുത്ത ളോഹയിൽ തീ പടർന്നു. രക്ഷപെടാൻ മുതിർന്ന അച്ചനെ പെരേര സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി. മാർട്ടിൻ അച്ചനൊടൊപ്പം പെരേരയും തീയിൽ പെട്ടു. രണ്ടു ശരീരങ്ങളും അഗ്നി ഗോളങ്ങളായി കത്തി തുടങ്ങി. അവർ വരാന്തയിലെ ഇടുങ്ങിയ വഴികളിലൂടെ വെപ്രാളത്തിൽ ഓടി നടന്നു. ഇപ്പോൾ ആ ഗോളങ്ങൾ രണ്ടായി പിരിഞ്ഞു.
പെരേര എഡ്വേർഡിന്റെ വെള്ള ശവക്കച്ചയിലേക്ക് തീ പിടിപ്പിച്ചു. തീ അണയ്ക്കാനായി മുന്നോട്ടു നീങ്ങിയ അലോഷിയുടെ ശരീരത്തിൽ കെട്ടി പിടിക്കാനായി പെരേര മുന്നോട്ടു നീങ്ങി. അലോഷി ജാൻസിയെ വിട്ടു പിറകോട്ടു മാറി. പെരേര കത്തിയ ശരീരത്തോടെ എഡ്വേർഡിന്റെ ശരീരത്തിന് മുകളിൽ കയറി കിടന്നു. ജീവനോടെ പെരേരയും എഡ്വേർഡിനൊപ്പം കത്തി തീരുന്നത് ജാൻസി നോക്കി നിന്നു.
മുറിയിൽ രണ്ട് അഗ്നി ഗോളങ്ങൾ, മാർട്ടിൻ അച്ചൻ ഒരിടത്ത്, പെരേര മറ്റൊരിടത്ത്. മുറിയിലെ, തീയുടെ ചൂട് വക വയ്ക്കാതെ ജാൻസി, നിലത്തു പടർന്നു കിടന്ന ബ്ലാക്ക് ഡാലിയ തൈലം തുണിയിൽ മുക്കി ഗബ്രിയേലിനെ തഴുകി. ഇത് കണ്ടു നിലത്തു കിടന്ന ഡാനിയേലയും ജാൻസിയെ സഹായിക്കാൻ കൂടെ കൂടി. തൈലത്തിന്റെ അത്ഭുത ശക്തി കൊണ്ടാണെന്നു തോന്നുന്നു, കണ്ണപ്പനും ഗബ്രിയേലും കണ്ണ് തുറന്നു. ആ മുറിയിൽ സംഭവിച്ചതൊക്കെ ജാൻസി അവരോടു വിവരിച്ചു.
“പെരേര ?. “
ജാൻസി കത്തുന്ന ചിതയിലേക്ക് കൈ ചൂണ്ടി ഇരുമ്പു കട്ടിലിൽ കിടന്ന എഡ്വേർഡിനൊപ്പം, ഗബ്രിയേൽ സ്വന്തം അപ്പനെ പോലെ സ്നേഹിച്ചിരുന്ന പെരേരയും കത്തി ചാരമായി. സങ്കടം സഹിക്കാൻ കഴിയാതെ ഗബ്രിയേൽ വിതുമ്പി.
ഇതൊക്കെ കണ്ടു പരിഭ്രാന്തയായ ഡാനിയേലയെ ജാൻസി ആശ്വസിപ്പിച്ചു. ഗബ്രിയേലിനെ കണ്ണപ്പൻ കെട്ടി പിടിച്ച് ആശ്വസിപ്പിച്ചു.
“പെരേരയുടെ മുന്നിൽ വേറൊരു മാർഗ്ഗവും ഇല്ലായിരുന്നു ഗബ്രി. “
“ഇനിയെന്ത് ചെയ്യും. “
ജാൻസി ചോദിച്ചു.
കണ്ണപ്പനും ഗബ്രിയേലും ഡാനിയേലയും ജാൻസിയുടെ അടുത്തേക്ക് വന്നു. അവർ നാലുപേരും പരസ്പരം ആശ്വസിപ്പിച്ചു. പെട്ടെന്നാണ് ജാൻസി പിറകിലേക്ക് നോക്കിയത്.
“അയാളെവിടെ പോയി. അവനെ രക്ഷപെടാൻ സമ്മതിക്കരുത്. “
“ആര്?”
“അയാൾ ആ മുഖംമൂടി, അലോഷി!!”
“അയാളെവിടെ പോയി. നമ്മൾ എങ്ങിനെ ഇവിടെ നിന്നും പുറത്തു കടക്കും. “
മുറിയിൽ പച്ചമാംസം കരിയുന്ന ഗന്ധം നിറഞ്ഞു. പുകയും ചൂടും കാരണം അവർക്കു അവിടെ നില്ക്കാൻ പറ്റാതായി. പുറത്തേയ്ക്കുള്ള വഴികളൊന്നും കണ്ടില്ല. അവർ വന്ന പള്ളിയുടെ അൾത്താര വഴിയുള്ള ഇടനാഴി പൂർണമായും കത്തി, അതിൽ നിന്നുള്ള ചൂട് അവർ നിൽക്കുന്ന മുറിയിലേയ്ക്കു കടന്നു വന്നു.
“നമ്മളിവിടെ പെട്ട് പോകും. വന്ന വഴി പൂർണമായും കത്തി തീർന്നു. പുറത്ത് കടന്നാലെ ശ്വസിക്കാൻ പറ്റൂ. “
ജാൻസി പറഞ്ഞു.
“നിങ്ങൾ വിഷമിക്കാതെ വേറെ ഏതേലും വഴി കാണും. അലോഷി രക്ഷപെട്ടത് ഏതു വഴിയാണ്. പെട്ടെന്ന് അത് കണ്ടു പിടിക്ക്. അല്ലെങ്കിൽ ചൂടും പുകയും താങ്ങാൻ കഴിയാതെ എല്ലാവരും ഇവിടെ കിടന്നു മരിച്ചു പോകും. “
അവർ നാലുപേരും നാലു വഴിക്കും തെരഞ്ഞു നടന്നു, ഭിത്തിയിലും നിലത്തും ഒരു വഴി കണ്ടെത്താൻ അവർ പരതി. എങ്ങിനേയും പുറത്തു കടക്കാനൊരു മാർഗം കണ്ടെത്തണം. അവിടെ ഏതോ ഒരു രഹസ്യ വഴി ഉണ്ടാകണം.
എല്ലാവരും കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി. അവിടെ പുക നിറഞ്ഞു. ഡാനിയേല നിർത്താതെ ചുമയ്ക്കാൻ തുടങ്ങി. നാലുപേരും പരക്കം പാഞ്ഞു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള പരക്കം പാച്ചിലായിരുന്നു. ഗബ്രിയേലിനു ശ്വാസം മുട്ടി, അവൻ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണു. അവൻ ഡാനിയേല കിടന്ന പായയിലേക്കു കുഴഞ്ഞു വീണു.
“ഗബ്രിയേലേ, പേടിക്കാതെ എണീക്കെടാ. ഇവിടെ നിന്ന് പുറത്തേക്ക് പോകാൻ വഴി കണ്ടെത്താൻ നമുക്ക് കഴിയും. “
പകുതി മയക്കത്തിൽ ഗബ്രിയേൽ കിടന്നു. അവൻ്റെ ഓർമ്മയിൽ കറുത്ത പുക നിറഞ്ഞു. ഇരുട്ട് കണ്ണുകളെ ബാധിച്ചു. പക്ഷെ മുന്നിൽ നിന്നും ചിലമ്പിന്റെ ഒച്ച അവന് വ്യക്തമായി കേൾക്കാമായിരുന്നു. ചുവന്ന പട്ടനക്കങ്ങൾ, സ്വർണ്ണത്തിളക്കം, കർപ്പൂരത്തിൻ്റെ സുഗന്ധം അവന് ചുറ്റും പരന്നു.
“മകനേ, ഗബ്രീയേ. “
“അപ്പാ…. “
ഗബ്രിയേലിന്റെ പുലമ്പലുകൾ കണ്ണപ്പൻ ശ്രദ്ധിച്ചു. കർപ്പൂര ഗന്ധം അവനും ലഭിച്ചു. അവൻ പെട്ടെന്ന് പരദേവതയെ ഓർത്തു, അവൻ ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. അവൻ ഗബ്രിയേലിന്റെ നേരെ തിരിഞ്ഞു.
“രക്ഷിക്കാൻ പറയെടാ നിന്റെ അപ്പനോട്. “
ഗബ്രിയേലിന്റെ മുഖത്ത് പുഞ്ചിരി തെളിയുന്നതും അവന്റെ കൈകൾ തീപിടിച്ച കട്ടിലിന്റെ അടിയിലുള്ള തറയിൽ പരത്തുന്നതും, വളരെ ലാഘവത്തോടെ മണ്ണ് കൊണ്ട് നിർമ്മിച്ച ടൈലുകൾ ഇളക്കി മാറ്റിയതും അവർ നോക്കി നിന്നു. കണ്ണപ്പൻ ചുട്ടു പഴുത്ത കട്ടിൽ ജാൻസിയുടെ സഹായത്തോടെ വശത്തേക്ക് വലിച്ചു മാറ്റി. അതിനു ചുറ്റിനുമുള്ള ടൈലുകൾ കണ്ണപ്പൻ ഇളക്കി മാറ്റി. താഴേക്ക് ഒരു വഴി തെളിഞ്ഞു. കുളിർമയുള്ള തണുത്ത കാറ്റ് മുറിയിലേയ്ക്കു കടന്നു വന്നു. ചൂടിനൊരു ആശ്വാസം തോന്നി. കണ്ണപ്പൻ ഒരു ദീർഘമായ ശ്വാസമെടുത്തു.
“ഞാൻ ഈ വഴി പോയി നോക്കി വരാം. “
കണ്ണപ്പൻ ആ ഗുഹയിലൂടെ നൂഴ്ന്നു ഇറങ്ങി. ജാൻസിയും ഡാനിയേലയും ഗബ്രിയേലിനെ ആ ഗർത്തത്തിന്റെ അടുത്തെത്തിച്ചു. കണ്ണപ്പനെ കാത്തിരുന്നവർ മടുത്തു.
“അവനെ കാണുന്നില്ലല്ലോ. അവന് എന്തെങ്കിലും ആപത്ത്??നമുക്കും പോകാം ഡാനിയേലാ. ഈ കെട്ടിടം തകർന്നു വീഴാൻ അധികം സമയമില്ല. പുറത്തു നിന്നും തണുത്ത കാറ്റ് വരുന്നുണ്ട്. അതിനർത്ഥം അവിടെ തുറന്ന അന്തരീക്ഷമാണ് എന്നല്ലേ. “
ആദ്യം ഡാനിയേല ഗുഹയിലൂടെ നൂഴ്ന്നിറങ്ങി, പിറകെ ഗബ്രിയേലുമായി ജാൻസിയും പുറത്തിറങ്ങി. ജാൻസി ആ ഗുഹ ടൈലുകൊണ്ടു അടച്ചു വച്ചു.
“നമുക്കിനി തിരികെ പോരാൻ കഴിയില്ല. നമ്മൾ മരണത്തിലേക്കാണോ ജീവിതത്തിലേക്കാണോ എന്നറിയില്ല. “
അവരിഴഞ്ഞിറങ്ങിയത് ഒരു ഇരുട്ട് പാതയിലാണ്, തണുത്ത ഇടനാഴി, മുകളിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു. ഇരുട്ടിൽ ഗബ്രിയേലിനെ താങ്ങി പിടിച്ചു, ചുവരിൽ തപ്പി തടഞ്ഞു അവർ മുന്നോട്ട് നടന്നു.
ദൂരെ നിന്നും പാൽനിലാവിൻ്റെ വെളിച്ചം, വെള്ളത്തിൻ്റെ കളകളാരവം കേൾക്കാം. അടുത്തെത്തിയപ്പോൾ അതൊരു നീർച്ചോലയാണ്, അതിന് ചുറ്റും കറുത്ത നിറമുള്ള ഡാലിയ പൂക്കൾ. അത്രയും വലിപ്പമുള്ള ഡാലിയ അവരിലാരും മുമ്പ് കണ്ടിട്ടില്ലായിരുന്നു. അതിൻ്റെ അഭൗമ സുഗന്ധം അവരെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി.
ഗബ്രിയേൽ കണ്ണപ്പനെ അന്വേഷിച്ചു.
“കണ്ണപ്പൻ എവിടെ. അവനെ ഇവിടെങ്ങും കാണാനില്ല. “
“അയ്യോ.. “
ഡാനിയേല മുന്നോട്ട് ഓടി. അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്ന കണ്ണപ്പന്റെ തലയെടുത്ത് അവൾ സ്വന്തം മടിയിൽ വച്ചു.
അവർ ചുറ്റും നോക്കി, അവിടെയെങ്ങും ആരുമില്ല, അലോഷി അവിടെവിടെയോ ഉണ്ടെന്നറിയാം. ജാൻസി കണ്ണപ്പൻ്റെ മുറിവുകളിൽ ബ്ലാക്ക് ഡാലിയ പൂക്കളുടെ ചാറെടുത്ത് പുരട്ടി. പെട്ടെന്ന് കണ്ണപ്പന് ബോധം വീണു. അതേ സമയം ആ പ്രദേശത്തെ പാൽ നിലാവ് അപ്രത്യക്ഷമാകുകയും അവർ പൂർണ്ണമായ അന്ധകാരത്തിൽ പെട് പോകുകയും
ചെയ്തു.
അവർ നാലു പേരും പരസ്പരം കൈ കോർക്കുകയും അടുത്ത വെല്ലുവിളിയ്ക്കായി കാത്ത് നിൽക്കുകയും ചെയ്തു.
(തുടരും… )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -20 - By Nisha Pillai - കൂട്ടക്ഷരങ്ങൾ