സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്‌മരണകളുണര്‍ത്തുന്ന മറ്റൊരു ആഗസ്‌റ്റ് 15 കൂടി നമ്മുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. നാം ചവിട്ടി നില്‍ക്കുന്ന ഈ മണ്ണ് നമ്മുടെ സ്വന്തമെന്നുറക്കെ പറയാനും, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ശ്വാസമെടുക്കാനും നമുക്ക് ലഭിച്ചിട്ട് 79 വര്‍ഷങ്ങള്‍ ഇതിനകം പിന്നിട്ടിരിക്കുന്നു. ഓരോ സ്വാതന്ത്ര്യദിനവും വെറുമൊരു ആഘോഷ രാവുകളോ അവധി ദിവസമോ മാത്രമല്ല, മറിച്ച് ‘നാമെങ്ങിനെ നാമായി മാറി’ എന്നതിന്റെ ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തലാണ്.
സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, സ്വന്തം ജീവന്‍ പോലും ഭാരതമാതാവിന് കാഴ്‌ചവച്ച്, “ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഈ മണ്ണിൽ തലയുയര്‍ത്തിക്കഴിയണം” എന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ഓരോ നിമിഷവും.
എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ ഈ ആഹ്ളാദത്തിനിടയിലും ചരിത്രത്തോട് നമ്മൾ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്; രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതി വീരചരമം വരിച്ച ആ പോരാളികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും ആദരവും നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?
ചരിത്രപുസ്തകങ്ങളില്‍ മുൻനിരയിൽ പേരുകള്‍ എഴുതപ്പെട്ട പ്രമുഖരായ നേതാക്കള്‍ക്കൊപ്പം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇരുണ്ട സെല്ലുകളില്‍ യാതനയനുഭവിച്ചവരും, തൂക്കുമരത്തിലേക്ക് പുഞ്ചിരിയോടെ കയറിപ്പോയവരും, വെടിയുണ്ടകള്‍ നെഞ്ചുതുറന്നുവാങ്ങിയവരുമായ അനേകം പേരുണ്ട്. അവരില്‍ പലരുടെയും പേരുകള്‍ ഇന്നും ചരിത്രത്തിന്റെ ഏതോ ഒരു മൂലയിൽ അജ്ഞാതമായി അവശേഷിക്കുകയാണ്. ഒരു പക്ഷെ, ചരിത്രം രേഖപ്പെടുത്താത്ത എത്രയോ സാധാരണ മനുഷ്യർ രാജ്യത്തിനായി ജീവനൊടുക്കിയിട്ടുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ സുഖം നുകരുന്ന നമ്മളാരും അവരുടെ ആത്മത്യാഗത്തിന്റെ ആഴം ഒരിക്കലും വിസ്മരിച്ചുുകൂടാ.
സ്വന്തം ജീവന്‍ പണയം വെച്ച് നമ്മുടെ പൂര്‍വ്വികര്‍ പൊരുതി നേടി നമ്മെ ഏല്‍പിച്ച ഏറ്റവും വലിയ വിശുദ്ധ സ്വത്താണ് ഈ സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് ഇന്ന് നമ്മള്‍ ഓരോരുത്തരും. ഒരു പോറല്‍ പോലും ഏല്‍ക്കാതെ, അതിന്റെ അന്തഃസത്തയും മൂല്യങ്ങളും ചോർന്നുപോകാതെ, കൂടുതല്‍ വീര്യത്തോടെയും ഉത്തരവാദിത്തത്തോടെയും വളര്‍ന്നു വരുന്ന പുതിയ തലമുറയ്‌ക്ക് കൈമാറേണ്ട പൈതൃകമാണിത്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വേര്‍തിരിവുകൾക്കപ്പുറം, ഭാരതമെന്ന ഒറ്റ വികാരത്തില്‍ നമ്മെ ഒന്നിപ്പിക്കുന്നതാണ് ഈ സ്വാതന്ത്ര്യം. ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് മുന്നിൽ അതൊരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കണം.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ഈ നാഴികക്കല്ലായ ദിനത്തിൽ, അറിയപ്പെട്ടവരും ചരിത്രത്തിന്റെ നിഴലിൽ മറഞ്ഞുപോയവരുമായ എല്ലാ ധീരദേശാഭിമാനികള്‍ക്കും മുന്നില്‍ നമുക്ക് ആദരവോടെ തലകുനിക്കാം. സ്വാതന്ത്ര്യസമരത്തിലും അതിനുശേഷവും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനുമായി ജീവന്‍ വെടിഞ്ഞ ഓരോരുത്തരുടെയും ഓർമ്മകൾ നമ്മുടെ ഹൃദയങ്ങളിൽ എപ്പോഴും ജ്വലിച്ചുനിൽക്കട്ടെ. രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ഈ ശുഭദിനത്തിൽ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ.

