ബയോടെക് സൊല്യൂഷൻസിൻ്റെ മെയിൽ കണ്ട്, ആദർശിനു വട്ടുപിടിച്ചു. അവരും പാലം വലിച്ചു. ഇനി? ഇതു കൂടി അറിയുമ്പോൾ അജയും ധനേഷും കയറുപൊട്ടിക്കും. അവന്മാരെ എങ്ങനെ പറഞ്ഞു നിർത്തും? മടുപ്പോടെ കണ്ണടച്ചിരുന്നു.
ഒരു നോട്ടിഫിക്കേഷൻ്റെ ഒച്ചയിൽ മൊബൈൽ കയ്യിലെടുത്ത അവൻ പതിയെ സോഷ്യൽ മീഡിയയിലെ നൂറായിരം കഥകളിലേക്കു കൂപ്പുകുത്തി. ഒരു പോസ്റ്റിനു താഴെ കണ്ട കൃത്യതയുള്ളാരു കമൻ്റിൽ കൗതുകം തോന്നി, ചുമ്മാ ആ നിലപാടിന് വിപരീതമായൊരു റിപ്ലൈ കൊടുത്തിട്ട് കാത്തിരുന്നു. മാന്യവും തീഷ്ണവുമായ മറുപടി ഉടനെത്തി. തുടർ മറുപടികളിലൂടെ അവർ വിടാതെ തർക്കിച്ചു. തോറ്റു കൊടുക്കാൻ അവൾ തയ്യാറേ അല്ലായിരുന്നു. അവൻ ശ്രമിച്ചതാകട്ടെ സൗമ്യമായി ബോധ്യപ്പെടുത്താനും. പന്ത്രണ്ടാമത്തെ റിപ്ലൈയിൽ അവൻ സുല്ലിട്ടു. തള്ള വിരൽ ഇമോജിയിൽ വെടി നിർത്തൽ പ്രഖ്യാപിച്ചു. തൻവി ചെറുചിരിയോടെ തൻ്റെ തിരക്കുകളിലേക്ക് മടങ്ങി.
ബാംഗളൂരിൽ ജീവിക്കുന്ന ഐ ടി പ്രൊഫഷണലുകളാണ് ആദർശും തൻവിയും. തൻവിക്ക് തൻ്റെ 13-ാം വയസ്സിൽ ഒരപകടത്തിൽ മാതാപിതാക്കളെ നഷ്ടമായതാണ്. അടുപ്പമുള്ള ഒറ്റ ബന്ധുവേ അവൾക്കുള്ളു, പപ്പയുടെ ഏക സഹോദരി വൈറ്റ് ഫീൽഡിൽ താമസിച്ചിരുന്ന വിധുവാൻ്റി. അവരായിരുന്നു പിന്നീടവളുടെ എല്ലാം. അവരുടെ മക്കൾ രണ്ടാളും വിദേശത്താണ്. കോവിഡിനു തൊട്ടു മുമ്പ് നാട്ടിൽ പോയ വിധുവാൻ്റിയും മോഹനങ്കിളും പിന്നെ തിരികെ വന്നില്ല. കോവിഡിൽ മോഹനങ്കിളിനെ നഷ്ടപ്പെട്ട ആൻ്റി, കോവിഡിനു ശേഷം മൂത്ത മകനൊപ്പം യു.എസിൽ താമസമാക്കി. അവർ, മകൻ നടത്തി വന്ന കെയർഹോമിൻ്റെ നടത്തിപ്പിൽ സഹായിച്ചു തുടങ്ങിയതോടെ തിരക്കിലുമായി. അതോടെ തൻവിക്കു തൻ്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളല്ലാതെ മറ്റാരുമില്ലാതായി.
ബുദ്ധിശക്തിയിലും പഠനത്തിലും അതിസമർത്ഥയായിരുന്നു അവൾ. എത്ര സങ്കീർണ്ണമായ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള വഴികൾ എളുപ്പത്തിൽ കണ്ടെത്തിയിരുന്ന അവളെ കൂട്ടുകാർ ഉപമിച്ചിരുന്നത് ഹാരി പോട്ടർ സീരീസിലെ ‘ഹെർമയോണി’യോടാണ്.
ജോലിയിലും ഈ കഴിവുകൾ അവളെ ഉയരങ്ങളിലെത്തിച്ചു. കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോമിനിടയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് പച്ചപിടിച്ചതോടെ അവൾ ഭാരിച്ച ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ്സിനു വേണ്ടി ജീവിക്കാൻ തുടങ്ങി. മൂന്നു വർഷം കൊണ്ട് സംതൃപ്തരായ ക്ലയിൻ്റ്സിൻ്റെ നല്ലൊരു നിര സൃഷ്ടിച്ച തൻവി, സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ ഒരിക്കലും വീഴ്ച വരുത്തിയിരുന്നില്ല. അവൾക്ക് ഇൻവെസ്റ്റർമാരെ കിട്ടാനും മുട്ടുണ്ടായില്ല
മറുവശത്ത് പഠനത്തിൽ ശരാശരിക്കു തൊട്ടു മുകളിൽ മാത്രമായിരുന്നെങ്കിലും അത്യാവശ്യം സ്ട്രീറ്റ് സ്മാർട്ട് ആയിരുന്നു ആദർശ്. ഇടത്തരം കുടുംബത്തിൽ നിന്നുള്ള അവൻ ഏറെ പണിപ്പെട്ട് രണ്ടു കൂട്ടുകാർക്കൊപ്പം തുടങ്ങിയ സ്റ്റാർട്ടപ്പിനെ എങ്ങനെയും കരകയറ്റാൻ മുക്രയിട്ട് പണിയെടുക്കുകയായിരുന്നു അക്കാലത്ത്. അജയും ധനേഷും സ്ലീപ്പിങ്ങ് പാർട്ട്നേഴ്സ് ആയി മുങ്ങുന്ന കപ്പലിൽ നിന്ന് ചാടിക്കഴിഞ്ഞിരുന്നു. അവരുടെ ബാധ്യത തീർക്കാനും സ്റ്റാർട്ടപ്പ് മുന്നോട്ടു കൊണ്ടു പോകാനുമാകാതെ നട്ടം തിരിഞ്ഞ ആദർശ് അതിൽ നിന്ന് ഒളിച്ചോടാനാണ് ഇടക്കിടെ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിച്ചത്
ആദ്യത്തെ ഏറ്റുമുട്ടൽ രണ്ടാഴ്ച പിന്നിട്ടപ്പോൾ, ആദർശ് അവളെ വീണ്ടുമൊരു കമൻ്റ് സെക്ഷനിൽ കണ്ടു. ചിരിയോടെ അവനൊരു ലവ് ഇമോജി ഇട്ടു. ആളെ തിരിച്ചറിഞ്ഞ തൻവി തിരിച്ചും ഹൃദയ ചിഹ്നം പങ്കിട്ടു. പിന്നെ കമൻ്റ് സെക്ഷനുകളിൽ അവർ പരസ്പരം തിരഞ്ഞു തുടങ്ങി. തർക്കങ്ങൾക്കു മേൽ പതിയെ കുളിരു വീഴുന്നത് രണ്ടാളും അറിയുന്നുണ്ടായിരുന്നു.
രണ്ടു മാസത്തിനിപ്പുറം പേഴ്സണൽ മെസേജുകളിലേക്കവർ അടുത്തു. ക്രമേണ നല്ല സുഹൃത്തുക്കളായി മാറിയ ആദർശും തൻവിയും തങ്ങളുടെ ബിസിനസ് വിശേഷങ്ങളാണ് അപ്പോഴും കാര്യമായി കൈമാറിയിരുന്നത്. എന്തുകൊണ്ടെന്നറിയില്ല , തൻവിക്ക് തൻ്റെ സുഹൃത്തുക്കളിൽ നിന്നവനെ ഒളിച്ചു പിടിക്കാനാണ് തോന്നിയത്. നാലാമത്തെ മാസത്തിൽ അവർ പരസ്പരം കാണാൻ തീരുമാനിച്ചു.
തണുപ്പ് തുടങ്ങിയിരുന്നു. റെസ്റ്റൊറെൻ്റിൽ തിരക്ക് ആകുന്നേയുള്ളൂ. ആദ്യമെത്തിയ ആദർശ്, ലോണിൻ്റെ ഒഴിഞ്ഞ കോണിലൊരു മേശ കയ്യടക്കി അവൾക്കായി കാത്തു. തണുപ്പ് പ്രശ്നമാകുമോ അകത്തിരിക്കണോ എന്നു ചിന്തിച്ചെങ്കിലും അവളുടെ ഇഷ്ടം പരിഗണിക്കാമെന്നു വെച്ചു. വീഡിയോ കാളുകളിൽ പല കുറി കണ്ടു കഴിഞ്ഞതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ലെന്ന് അവനറിയാമായിരുന്നു.
ഊബറിൽ നിന്നിറങ്ങി ചെടികൾക്കിടയിലൂടെ അവൾ വരുന്നത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു. ഉയരമുള്ള ചെടികൾക്കിടയിൽ എത്തുമ്പോൾ ഇടക്കിടെ അവളെ കാണാതാകുന്നത് കണ്ണുപൊത്തിക്കളി പോലെ അവനെ രസിപ്പിച്ചു. കടും ചുവപ്പ് ടർട്ടിൽ നെക്ക് സ്വെറ്ററും മുഖം പാതി മറച്ച വൂളൻ സ്റ്റോളും അവൾക്കൊരു കൊച്ചു കുട്ടിയുടെ ഛായ നൽകി. ശീതക്കാറ്റിൽ മുഖത്തേക്കു പാറി വീഴുന്ന മുടിയിഴകൾ മാടിയൊതുക്കി പതിയെ ചുറ്റും നോക്കി നടന്നടുത്തപ്പോൾ, തിരയുന്ന കണ്ണുകൾ, തന്നിൽ നിശ്ചലമാകുന്ന നിമിഷം കാത്തവൻ ഉദ്വേഗമടക്കി. എങ്ങനെയാണ് ഈ പ്രായത്തിലുള്ളാരു പെൺകുട്ടി, ഇത്ര ശാന്തയായി നടക്കുന്നത് എന്നവൻ ചിന്തിച്ചപ്പോഴേക്കും ആ കണ്ണുകൾ ലക്ഷ്യം തൊട്ടു. ചിരിയോടെ അടുത്തു വന്നു കൈ നീട്ടി. മഞ്ഞു പോലെ തണുത്ത വിരലുകൾ സ്വതന്ത്രമായ നിമിഷം , പതിയെ പ്രഖ്യാപിച്ചു.
“എനിക്കു തണുപ്പു പറ്റില്ല. അകത്തിരിക്കാം “.
പരസ്പരം തിരയുന്ന നിമിഷങ്ങളിൽ അവൾ താൻ കരുതിയതിനേക്കാൾ ബുദ്ധിമതി ആണെന്നും പ്രതീക്ഷിച്ചത്ര കടുപ്പക്കാരിയല്ലെന്നും അവനു തോന്നി. വിചാരിച്ചതിനേക്കാൾ അല്പം കൂടി ശരാശരിക്കാരനാണ് ആദർശെങ്കിലും വളരെ അക്കോമഡേറ്റീവാണെന്ന് അവളും വിലയിരുത്തി. ഒന്നര മണിക്കുറിനു ശേഷം പിരിയുമ്പോൾ തങ്ങൾ വീണ്ടും കാണാനുള്ളവരാണെന്ന് രണ്ടാൾക്കും അറിയാമായിരുന്നു.
ഇടക്കിടെ തമ്മിൽ കണ്ടും, എന്നും ചാറ്റിൽ കണ്ടും അവർ രഹസ്യങ്ങളില്ലാത്ത മനുഷ്യരായി. ഒരു നാൾ, ഷോപ്പിങ്ങ് കഴിഞ്ഞ് ഇരുകൈകളിലും ക്യാരിബാഗുമായി കടയിൽ നിന്നു പുറത്തേക്കിറങ്ങിയ തൻവി, റോഡരികിൽ കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിൽ ചവിട്ടി , നിലതെറ്റി മുട്ടുകുത്തി വീണു. സ്ഥാനം തെറ്റിയ മുട്ടുചിരട്ടയുമായി വേദന കൊണ്ടു പുളഞ്ഞ അവളെ , പൊട്ടലില്ലാത്തതിനാൽ പ്രാഥമിക ചികിത്സകൾ നൽകി, ആശുപത്രിയിൽ നിന്ന് സുഹൃത്തുകൾ വീട്ടിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ ആദർശ് മൂന്നുദിവസം കൂടെ താമസിച്ച് വീട്ടിലും തൊഴിലിലും മടിയില്ലാതെ സഹായിച്ചു. അവൻ മടങ്ങുമ്പോഴേക്കും വൈകാതെ തങ്ങൾ ഒന്നിക്കുമെന്ന് ഇരുവർക്കും ഉറപ്പായിരുന്നു.
ബിസിനസ്സിൽ പരസ്പരം സഹായിച്ച് മുന്നേറുന്നതിനിടയിൽ, ആദർശിൻ്റെ സ്റ്റാർട്ടപ്പ് പതിയെ ഗതി പിടിച്ചു തുടങ്ങുന്നതു കണ്ട് ഇരുവരും ആഹ്ലാദഭരിതരായി.
മൂന്നു മാസത്തിനു ശേഷം ഒരു നാൾ, വളരെയധികം സപ്പോർട്ട് ചെയ്തിരുന്നൊരു ഇൻവെസ്റ്റർപൊടുന്നനെ തന്നെ കയ്യൊഴിഞ്ഞതു കണ്ട് തൻവി അസ്വസ്ഥയായി. അവൾക്കത് തളർത്തുന്ന ആദ്യാനുഭവമായിരുന്നു. ബിസിനസ്സിൽ ഇതെല്ലാം തീർത്തും സാധാരണമാണെന്നും, താനിത് എത്രയോ തവണ നേരിട്ടിട്ടുണ്ടന്നും, ഒട്ടും പതറരുതെന്നും പറഞ്ഞ് ആദർശ് കട്ടക്ക് കൂടെ നിന്നെങ്കിലും, തുടർ ദിവസങ്ങളിലും കുഞ്ഞു കുഞ്ഞു തിരിച്ചടികൾ ഉണ്ടായതോടെ തൻവി തീർത്തും ഹതാശയായി.
അവളുടെ പരിഭ്രാന്തമായ വിളികൾ പതിവായതോടെ, അവൻ താങ്ങായി ഒപ്പംതാമസത്തിനെത്തി. അവൻ്റെ സ്റ്റാർട്ടപ്പ് അപ്പോഴേക്കും ക്രമമായ വളർച്ച കാണിച്ചു തുടങ്ങിയിരുന്നു.
അവളുടെ ബിസിനസ്സും പഴയ മട്ടിൽ പോയിരുന്നെങ്കിൽ, വൈകാതെ ലിവിംഗ് ടുഗെദറിലോ വിവാഹത്തിലോ പോലും എത്താമായിരുന്ന ബന്ധം, മാറിയ സാഹചര്യത്തിൽ വെറും കോ ലിവിങ്ങിലൊതുങ്ങിയെങ്കിലും അവൾക്ക് ആ ജീവിതം സമാധാനവും അവന് സന്തോഷവും നൽകി. ഒഴിവു സമയം മുഴുവൻ ഒപ്പമിരുന്നും കൗൺസലിങ്ങ് സെഷനുകൾക്ക് കൃത്യമായി കൊണ്ടുപോയും വീടു വൃത്തിയാക്കിയും അവൾക്കിഷ്ടമുള്ളവ കുക്ക് ചെയ്തു കൊടുത്തും അവനവളെ ചേർത്തു പിടിച്ചു.
അവളുടെ ബിസിനസ്സ് നാൾക്കു നാൾ താഴേക്കു പോകുകയും സുഹൃത്തുക്കളിൽ നിന്നെല്ലാം സ്വയം ഒറ്റപ്പെട്ട് അവൾ ഡിപ്രഷനിലേക്ക് പതിയെ കൂപ്പു കുത്തുകയും ചെയ്തു. വിജയിയായി മാത്രമേ അന്നു വരെ സുഹൃത്തുക്കൾക്കു മുന്നിൽ നിന്നിട്ടുള്ളു, തോറ്റവളായി അവരെ നേരിടാൻ ദുരഭിമാനം അവളെ അനുവദിച്ചില്ല
അച്ഛനമ്മമാരെ പെട്ടന്ന് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായതു പോലത്തെ ചെറിയ മാനസ്സിക അസ്വാസ്ഥ്യങ്ങൾ വീണ്ടും തല പൊക്കുകയാണെന്ന അവളുടെ ഭീതി ശരി വെച്ചു കൊണ്ടു തന്നെ അവൻ പറഞ്ഞു,
“സാരമില്ല നിനക്കു ഞാനും എനിക്കു നീയും, അതിനിനി മാറ്റമില്ല. നമുക്കിടയിൽ ഇനി മറ്റാരും വേണ്ട.”
അവൾ തലയാട്ടി.
അങ്കലാപ്പോടെ വിളിച്ചു കൊണ്ടിരുന്ന സുഹൃത്തുക്കളെ അവൾ ഒഴിവാക്കി. ഫോണിൻ്റെ ശബ്ദം ക്രമേണ അരോചകമായി. കാണണമെന്ന് വാശി പിടിച്ച് നേരിട്ടെത്തിയ തൻ്റെ ദിയയോടും ചാന്ദ്നിയോടും, കുറച്ചു നാൾ പൂർണ്ണ വിശ്രമമാണ് സൈക്യാട്രിസ്റ് നിർദ്ദേശിച്ചിരിക്കുന്നതെന്നു പറഞ്ഞവൻ മടക്കുന്നത് നിസ്സംഗയായി അകത്തെ മുറിയിലിരുന്നവൾ കേട്ടു.
തലക്കുള്ളിൽ ചിലന്തി വല കെട്ടുമ്പോലെ എന്തോ സംഭവിക്കുന്നതും ബ്രെയിൻ ഫോഗ് കടുക്കുന്നതും അവളറിയുന്നുണ്ടായിരുന്നെങ്കിലും അതിൽ തനിക്കൊന്നും ചെയ്യാനില്ല എന്ന ചിന്തയിലായിരുന്നു. ക്രമേണ കൗൺസലിങ്ങ് സെഷനുകളും, പുറത്തിറങ്ങലുമെല്ലാം അവൾക്കു ഭാരമായി. എന്തിനും താനുണ്ടെന്നും ജീവിതത്തിൽ ഇനി മറ്റാരും വേണ്ടെന്നും അവൻ സ്നേഹത്തോടെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഭൂതവും ഭാവിയും അവളെ അലട്ടിയേയില്ല. മരുന്നുകളും ഭക്ഷണവുമെല്ലാം കൃത്യനിഷ്ഠയോടെ കൊടുക്കുന്നതിൽ അവനൊരിക്കലും വീഴ്ച വരുത്തിയുമില്ല.
മാസങ്ങൾ മൂന്നാലു കടന്നു പോയി. ഒരു സന്ധ്യയിൽ തൻവി മുറിയിൽ നിന്നിറങ്ങി പതിയെ ലിവിങ്ങ് ഏരിയയിൽ വന്നിരുന്നു. അവൾ മുറി വിട്ടിറങ്ങിയിട്ടു തന്നെ രണ്ടു മാസത്തോളമായിരുന്നു. റെസ്റ്റ് എടുക്കൂ, വിശ്രമമാണ് ഇപ്പോൾ വേണ്ടതെന്നവൻ പറഞ്ഞെങ്കിലും അവൾക്കെന്തോ അവിടിരിക്കാൻ തോന്നി. അവൻ അടുത്തിരുന്ന് പതിവുപോലെ ധൈര്യപ്പെടുത്തി, നിനക്കു ഞാനും എനിക്കു നീയും. നമുക്കിടയിൽ മറ്റാരും വേണ്ട. അവൾ തലയാട്ടിയിട്ട് പതിയെ സോഫയിലേക്കു ചരിഞ്ഞു. അവൻ പുഞ്ചിരിയോടെ ഒരു ഷവർ എടുത്തിട്ട് വരാമെന്ന് പറഞ്ഞു ബാത്റൂമിലേക്ക് പോയി.
പെട്ടന്നൊരു നോട്ടിഫിക്കേഷൻ ശബ്ദം അവളെ പഴയ ഓർമ്മകളിലേക്കു പതിയെ ഒന്നു തട്ടിയിട്ടു. സഹജവാസനയിൽ അവൾ കൈ നീട്ടി അവൻ്റെ ഫോണെടുത്തു. അതിൽ വലിയൊരു തുകയുടെ ട്രാൻസാക്ഷൻ ഡീറ്റെയിൽസ് ആയിരുന്നു. താല്പര്യമില്ലാതെ ഫോൺ തിരികെ വെക്കുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ പരിചിതമായ ആ സ്ഥാപനത്തിൻ്റെ പേരിലുടക്കി. അല്പനേരം ചിന്തിച്ചപ്പോൾ അത് തൻ്റെ പഴയൊരു ഇൻവെസ്റ്ററാണെന്നു തിരിച്ചറിഞ്ഞു. അവളുടെ മയക്കത്തിലാണ്ട മനസ്സിലൊരു മുള്ളു വീണു. ഇവർ കൊളാബറേറ്റ് ചെയ്ത കാര്യം താനെന്തേ അറിഞ്ഞില്ല ! ഇത്ര വലിയ ഇൻവെസ്റ്റ്മെൻ്റ് അവർ ഒന്നോ രണ്ടോ മാസത്തിൽ ചെയ്യില്ല. അതോ താനൊന്നും അറിയാതായിട്ട് വളരെ നാളായോ? അവൾ തല കുടഞ്ഞു. വട്ടു പിടിക്കുമ്പോലെ… ആദർശ് താൻ കരുതുമ്പോലെ ഒരാളല്ല എന്ന് ഉള്ളിലിരുന്നാരോ ജാഗ്രതാ നിർദ്ദേശം നൽകുന്നു. ബാത്റൂമിൽ മുട്ടി വിളിച്ചു ചോദിക്കാനുണ്ടായ തോന്നൽ ബുദ്ധിയല്ലെന്ന് പെട്ടന്നവൾ തിരിച്ചറിഞ്ഞു.
ഷവറിൻ്റെ ശബ്ദം നിലച്ചതറിഞ്ഞ് അവൾ വീണ്ടും സോഫയിൽ ചാഞ്ഞു. കുളി കഴിഞ്ഞെത്തിയ ആദർശ് ഉറങ്ങുന്ന തൻവിയെ നോക്കി ചിരിയോടെ അല്പനേരം നിന്നു. ശേഷം പതിയെ തട്ടിവിളിച്ച് പിടിച്ചു നടത്തി കട്ടിലിലെത്തിച്ചു.
അടുത്ത രണ്ടു ദിവസങ്ങൾ കഠിനമായിരുന്നു. മഞ്ഞുമൂടിയ തലച്ചോറിനെ ഉണർത്താനും അതേ സമയം അവൻ്റെ മുന്നിൽ അഭിനയിക്കാനും അവൾ നന്നേ ബുദ്ധിമുട്ടി. അവൻ നൽകിയ മരുന്നുകളൊന്നും അവൾ തൊണ്ടയ്ക്ക് താഴേക്കിറക്കിയില്ല. നാലാം ദിവസം അവളുടെ ചുവടുകൾ അവൻ്റെ മുന്നിലൊഴികെ ഉറച്ചു തുടങ്ങി. മനസ്സിലെ മാറാല തുടയ്ക്കാനുള്ള ശ്രമങ്ങൾ പതിയെ ഫലം കണ്ടും തുടങ്ങി.
ആദർശ് ആകെ പുറത്തിറങ്ങുന്നത് ഫ്ലാറ്റിലെ ജിമ്മിൽ പോകാൻ മാത്രമാണ്. അതും അത്ര കൃത്യമായി പോകാറുമില്ല. നാലാം ദിവസം അവൻ ഫ്ലാറ്റ് പൂട്ടി ജിമ്മിൽ പോയ ഉടൻ അവൾ ചത്തു കിടന്ന തൻ്റെ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനിട്ടു. അവൻ്റെ പാസ് വേഡ് അതിനകം പണിപ്പെട്ട് ഓർത്തെടുത്തിരുന്നു. എപ്പോൾ വേണമെങ്കിലും അവൻ മടങ്ങിയെത്താം എന്ന് തോന്നിയെങ്കിലും അവളാ ലാപ് തുറന്നു മെയിലുകൾ തിരക്കിട്ടു തപ്പാൻ തുടങ്ങി. പെട്ടെന്ന് തൻ്റെ ഐ ഡി യിൽ നിന്ന് ധാരാളം മെയിലുകൾ അവൻ അയച്ചിരിക്കുന്നതു കണ്ടവൾ ഞെട്ടി. അതിലെ തീയതികൾ അവളെ തകർത്തു കളഞ്ഞു. ഒരു പ്രശ്‌നവുമില്ലാതിരുന്ന കാലത്ത്, താൻ മാനസിക വെല്ലുവിളികൾ നേരിടുന്നുവെന്നും അതിനുള്ള മരുന്നുകൾ എടുക്കുന്നതിനാൽ വർക്ക് ഏറ്റെടുക്കാനാവില്ലെന്നും ക്ലയിൻ്റ്സിനും ഇൻവെസ്റ്റർമാർക്കും തൻ്റെ പേരിൽ അയച്ച മെയിലുകൾ കണ്ടവൾ കരഞ്ഞു.
അവൾക്കെല്ലാം വ്യക്തമായി. ഇൻവെസ്റ്റർമാർ എന്തുകൊണ്ട് പിൻവാങ്ങി എന്നിനി അന്വേഷിക്കേണ്ടതില്ല. പരസ്പരംപാസ്വേഡ് കൈമാറിയ
ദിവസത്തെക്കുറിച്ചോർത്തവൾ തലക്കടിച്ചു. ഇനിയും അഭിനയിക്കാനോ ക്ഷമിക്കാനോ കഴിയില്ല ! അവളുടെ വിരലുകൾ കീബോർഡിലൂടെ ശ്രമപ്പെട്ട് നീങ്ങി. തൻ്റെ അവസ്ഥ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ്, സഹായം ചോദിച്ച മെയിലുകൾ സുഹൃത്തുക്കൾക്കും പോലീസിനും പറന്നു. മുന്നിൽ സമയം തീരെയില്ലെന്നവൾക്കറിയാം.
തേങ്ങലോടെ ചാടിയെഴുന്നേറ്റ് ബാൽക്കണിയിലേക്കോടി.
താഴെ ഫ്ലാറ്റിലെ എട്ടുപത്തു മുതിർന്ന കുട്ടികൾ കളിക്കുന്നുണ്ട്. മൂന്നാം നിലയിലാണവൾ. തൻ്റെ പതിഞ്ഞ ശബ്ദം അവർ കേൾക്കുമോ എന്നു ഭയന്നു. പക്ഷേ അതവർ കേട്ടേ പറ്റൂ എന്നവളറിഞ്ഞു. ആദ്യത്തെ Help, help നിലവിളി ആരും കേട്ടില്ല.. കാലിൽ കിടന്ന ചെരുപ്പഴിച്ച് അവൾ കുട്ടികൾക്ക്
ഇടയിലേക്കെറിഞ്ഞു. രണ്ടു പേർ അതിശയിച്ചു മുകളിലേക്ക് നോക്കി. അവൾ കൈകളുയർത്തി കരഞ്ഞു. തന്നെ കൊല്ലും മുകളിൽ വരൂ, എന്നവൾ നിലവിളിച്ചു. കുട്ടികൾ ഒന്നു പകച്ചെങ്കിലും സെക്യൂരിറ്റിയെ കയ്യാട്ടി വിളിക്കുന്നതും മൂന്നാലു കുട്ടികൾ ഫ്ലാറ്റിനുള്ളിലേക്ക് കുതിക്കുന്നതും കണ്ട് ആശ്വാസത്തോടെ തിരിഞ്ഞ നിമിഷം തന്നെ ഡോർ ലോക്ക് തിരിയുന്ന ശബ്ദവും ചെവിയിൽ വീണു. മൊബൈൽ ഫോൺ പെട്ടന്നെടുത്ത് വാതിലിനടുത്തേക്കവൾ ഓടി.
വാതിൽ തുറന്ന പാടെ അവൻ്റെ കണ്ണുകളിൽ സംശയം നിറഞ്ഞു.
“നീ ഇതല്ലൊം ചെക്ക് ചെയ്തോ?”
തുറന്നിരുന്ന ലാപ്പിലേക്ക് നോക്കി അവൻ ശാന്തനായി ചോദിച്ചു.
“നിന്നെ എനിക്കു മനസ്സിലായി. ഞാനിത് ലോകത്തോട് പറയും. നീ എന്നെ നശിപ്പിച്ചതിനേക്കാൾ നൂറിരട്ടി നിന്നോട് ഞാൻ ചെയ്യും. നീ കരയുന്നതു ഞാൻ കാണും”
പെട്ടന്നവൻ്റെ സൗമ്യഭാവം മാറി അവളുടെ വലത്തെ കയ്യിൽ പിടിച്ചവൻ ബെഡ്റൂമിലേക്ക്. അവൾ നടുക്കുന്ന ഒച്ചയിൽ നിലവിളിച്ചു. “കൊല്ലുന്നേ കൊല്ലുന്നേ !”
വാതിലിനടുത്തേക്ക് പലർ ഓടിയെത്തുന്നതും വാതിലിൽ പല കൈകൾ ഒന്നിച്ചു മുട്ടുന്നതും കേട്ടവൻ പരിഭ്രാന്തനായി. വാതിൽ തുറക്കാതെ തരമില്ല എന്ന ഘട്ടത്തിൽ അവൻ പുച്ഛത്തോടെ ചോദിച്ചു.
“നിന്നെ ആരു വിശ്വസിക്കും? മാസങ്ങളായി മാനസിക രോഗത്തിനു ചികിത്സയിലല്ലേ നീ?”
അവൾ തൻ്റെ ഇടങ്കയ്യിലെ മൊബൈൽ ഫോൺ ഉയർത്തിക്കാണിച്ചു. ആയിരങ്ങൾ ആ കാഴ്ച ലൈവായി കാണുന്നു. തൻ്റെ തകർച്ച പൂർണ്ണമായി എന്നവനു മനസ്സിലായി.
” പോലീസ് ഇപ്പോഴെത്തും എൻ്റെ കൂട്ടുകാരും “. അവൾ പറഞ്ഞു.
“നീ എന്നോട് ക്ഷമിക്കണം. ഞാൻ നിനക്കു വേണ്ടി എന്തെല്ലാം ചെയ്തു? എൻ്റെ കൂട്ടുകാരെ എല്ലാം വിട്ട് നിനക്കു മാത്രമായി ജീവിച്ചില്ലേ?”
അവൾ ചിരിച്ചു.
” എടാ മണ്ടാ, അതൊരു ജീവിതമാണോ? നീ എന്നെ ചതിച്ചില്ലായിരുന്നെങ്കിലും എനിക്കങ്ങനെയൊരു ജീവിതം വേണ്ട. എനിക്ക് കൂട്ടുകാർ വേണം. ഈ സമൂഹത്തെ വേണം. സഹായം വേണ്ട മനുഷ്യരെ പറ്റുമ്പോലെ ചേർത്തു പിടിക്കണം. അതിനെല്ലാം എനിക്കൊപ്പം നിൽക്കുന്ന ഒരാളെ ഞാൻ കണ്ടെത്തുകയും ചെയ്യും. ആദ്യ ലക്ഷ്യം പക്ഷേ അതൊന്നുമല്ല. എൻ്റെ ബിസിനസ്സ് പണ്ടത്തേക്കാൾ നന്നാക്കിയിട്ടേ ഞാനിനി വിശ്രമിക്കു. നീയെന്നെ കുറേ വിശ്രമിപ്പിച്ചല്ലോ. ഇനി നീ കുറച്ച് വിശ്രമിക്ക് “
വാതിലിന് വെളിയിൽ കേട്ട ബൂട്ടുകളുടെ ഒച്ചയും ഒരുപാട് മനുഷ്യരുടെ ആരവവും നൽകിയ ഊർജ്ജത്തിൽ അവൾ വാതിലിനു നേർക്ക് ഓടി. ലോക്കു തുറന്നു.
വനിതാ പോലീസിൻ്റെ കയ്യിലേക്ക് തളർന്നു വീണിട്ടവൾ മൊബൈൽ ക്യാമറ ഉയർത്തി നിൽക്കുന്ന അയൽക്കാർക്ക് വ്യക്തമായി വിഷ്വൽസ് കിട്ടാൻ പാകത്തിൽ പറഞ്ഞു.
“മൂന്ന് ദിവസമായി ഭക്ഷണം തന്നിട്ട്. ഇന്നലെയും കൊല്ലാനായി കഴുത്തു പിടിച്ചു ഞെരിച്ചു. അടിച്ചും ഇടിച്ചും രസിക്കുന്ന സാഡിസ്റ്റാണ്. വിവാഹം കഴിക്കാത്തതിനാണ് മർദ്ദിക്കുന്നത്. എൻ്റെ സ്വത്തിലാണ് കണ്ണ്. എന്തോ ഗുളിക തന്ന് മനോരോഗിയാക്കി എല്ലാം തട്ടിയെടുക്കുമെന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് “.
അവൻ ഞെട്ടിപ്പോയി. എവിടെയാണു പിഴച്ചത്? എല്ലാം വരുതിയിലായപ്പോൾ താനവളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. തൻ്റെ പാസ്സ്‌വേർഡ് എങ്കിലും മാറ്റാതിരുന്നത് അമിത ആത്മവിശ്വാസമായിപ്പോയി. അവൾ തീർന്നു, എന്നു ചിന്തിച്ചിടത്താണ് പാളിയത്.
ആദർശിന് ആ നിമിഷം, ആ പഴയ പെൺകുട്ടിയെ ഓർമ്മ വന്നു. തർക്കങ്ങളിലും യുദ്ധങ്ങളിലും ഒരിക്കലും തോറ്റുതരാത്ത, ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പൊരുതുന്ന കമൻ്റ് സെക്ഷനിലെ ആ പഴയ തൻവി ദേവയാനിയെ !
*താര സുഭാഷ്

