പ്രണയത്തെ എഴുതുവാൻ ഭയമാണെനിക്ക്.
ഞാൻ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചാലോ.
വിരഹത്തേയെഴുതാനും ഭയപ്പാടുണ്ടെനിക്ക്.
ഞാൻ വിരഹിണിയായങ്ങു ചിത്രീകരിക്കപ്പെടും.
സദാചാരബോധത്തിൻ തലപ്പത്തു നിൽക്കുന്ന
മലയാളമനസ്സുകളെ ഭയമാണെനിക്ക്.
വിരക്തിയെക്കുറിച്ചങ്ങെഴുതിയോ പോയാലോ
തലയ്ക്കു വെളിവില്ലയെന്ന സഹതാപം.
ഭക്തിയാൽ നാമസങ്കീർത്തനം ചെയ്തെന്നാൽ
വ്യക്തമായിട്ടും എന്നെ ആൾദൈവമാക്കിടും.
ഭക്തരെക്കൊണ്ടെൻ മുറ്റം നിറഞ്ഞിടും.
പത്തുപൈസയ്ക്കും പിന്നെ മുട്ടില്ലൊരിയ്ക്കലും.
കാഴ്ചവസ്തുക്കളാലെന്നെയോ മൂടിടും.
കാതങ്ങളോളമെൻ ഖ്യാതി പരന്നിടും.
പിന്നെ കാലങ്ങളോളം ഞാനെശസ്വിയായ് തീർന്നിടും.
അയ്യയ്യോ… മനുഷ്യനായ് ജനിക്കാൻ കഴിഞ്ഞെങ്കിൽ
മനുഷ്യനായ് തന്നെ മരിക്കാൻ കഴിയട്ടെ.
