അമ്മേ, നാളെ നമുക്കിവിടെ നല്ലൊരു പൂക്കളമിടണം.
അമ്പാടിവന്ന് കസേരക്കയ്യിലേക്ക് ചാരിയപ്പോൾ, അവന്റെ വാക്കുകൾ സമ്മാനിച്ച അമ്പരപ്പിൽ സേതുവിന്റെ കണ്ണൊന്നു മിഴിഞ്ഞു.
ഇന്നലെ മാമനൊപ്പം ടൗണിൽ പോയപ്പോ നിരത്ത് നിറയെ പൂക്കൾ. മാമൻ കുറെ വാങ്ങിയിട്ടുണ്ട്. നമ്മളും വീട്ടിൽ അതൊക്കെ വാങ്ങിയല്ലേ പൂക്കളമിടാറ്. ഇത്തവണ നമുക്കീ പറമ്പിലും തൊടിയിലുമൊക്കെയുള്ള പൂക്കൾ പറിച്ച് പൂവിട്ടാലോ.
ആരുഷിക്കും ഒരു കൊതി. നമ്മുടെ നാടൻപൂക്കളവും ഓണത്തപ്പനെയുമൊക്കെ കാണാൻ.
മുംബൈയിൽ അവളും ഇതൊന്നും കണ്ടിട്ടില്ല.
അവന്റെ ആവേശം കണ്ടപ്പോൾ ചിരിയോടെ തലകുലുക്കി സമ്മതമറിയിച്ചു
മുറ്റത്ത് വിരിച്ച പനമ്പിൽ നെല്ല് ചിക്കിക്കൊണ്ടിരുന്ന ദേവിയമ്മക്കും അവരുടെ സംസാരം കേട്ട സന്തോഷത്താൽ മനം നിറഞ്ഞു.
പണ്ട് ഇലക്കുമ്പിള്കുത്തി പൂപറിക്കാൻ നടന്നതും, ആരുടെ പൂക്കളമാണ് ഏറ്റവും ഭംഗിയായിരിക്കുന്നതെന്ന് നോക്കാൻ കൂട്ടുകാരുടെ വീടുകളിൽ കയറിയിറങ്ങുന്നതിനെയുമൊക്കെ വർണ്ണിച്ചുകൊണ്ടുള്ള ചിലരുടെ നൊസ്റ്റാൾജിക് എഴുത്തുകൾ വായിക്കുമ്പോ അതൊക്കെയൊന്നു അനുഭവിച്ചറിയാൻ ഒരു കൊതി. ഒരിക്കൽ എനിക്കും പറയണം എന്റെ കൂട്ടുകാരോട് അമ്മയുടെ തറവാട്ടിലെ ഓണ വിശേഷം.
തൊടിയിൽ അവിടെയും ഇവിടെയും ഓരോ തുമ്പച്ചെടികൾ പൂവിട്ടു നിൽക്കുന്ന കണ്ടപ്പോഴേ പഴയ ഓണക്കാലം മനസ്സിലേക്കോടിയെത്തിയിരുന്നു. പക്ഷേ അമ്പാടിയും അതേപോലെ ചിന്തിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. മൊബൈൽഫോണും, ഇന്റർനെറ്റും കൊടികുത്തിവാഴുന്ന ന്യൂ ജൻ യുഗത്തിലാണല്ലോ അവനും കഴിഞ്ഞു കൂടുന്നത്.
പണ്ടൊരു പെറ്റിക്കോട്ടുകാരി ചാണകം മെഴുകിയ പൂത്തറയിൽ അടർത്തിവെച്ച ഏതോ ഒരു പൂമൊട്ട് അവന്റെയുള്ളിൽ ഇതൾവിടർത്തിക്കാണും.
പുലർച്ചെയുണർന്ന്, ഇലക്കുമ്പിളുമായി തൊടിയിലേക്കിറങ്ങി.
മഞ്ഞു വീണ് നനഞ്ഞു കിടക്കുന്ന പുൽനാമ്പുകൾ ആരിത് സേതുവോയെന്ന് അടക്കം പറയുന്നുണ്ടെന്ന് തോന്നി.
ആരുഷി, തുമ്പച്ചെടിയിൽനിന്നും ഓരോ പൂക്കൾ സൂക്ഷ്മതയോടെ മെല്ലെമെല്ലെ ഇറുത്തെടുക്കുന്ന കണ്ടപ്പോൾ ചിരി വന്നു
അമ്പാടി അതിനിടയിൽ നിൽക്കുന്ന മുക്കുറ്റിയിൽ നിന്ന് പൂക്കളടർത്തുന്നു.
എനിക്കിങ്ങനെ കുനിയാനൊന്നും വയ്യ. പൊക്കത്തെ വഴിയിലോട്ട് കേറിയാൽ അവിടെ ചിലപ്പോൾ എന്തെങ്കിലും പൂക്കളൊക്കെ കാണും. അത് പറിച്ചിട്ട് വരാം.
സേതു തൊടിയിൽനിന്ന് വഴിയിലേക്കിറങ്ങി
രണ്ടുപേരും ഉത്സാഹത്തോടെ അവൾക്കു പിന്നാലച്ചെന്നു.
കുത്തനെ കിടക്കുന്ന ഒതുക്കുകല്ലുകൾ ഉറക്കംവിട്ടുണർന്നു വരുന്നേയുള്ളൂ.
കുട്ടികളുടെ വേഗത കാലുകൾക്കില്ലെന്ന് കാലം കളിയാക്കിച്ചിരിച്ചു.
സ്കൂളിലേക്കും, അവിടുന്ന് തിരിച്ചും ഓടിനടന്ന വഴികളാണ്. ഇരുപുറവും ഇഞ്ചിപ്പുൽച്ചെടികൾ പാറാവു നിന്നിരുന്ന ഒരുചാൺ വീതിയുള്ള കുഞ്ഞനിടവഴി.
ഇഞ്ചിപ്പുൽച്ചെടികൾക്കിടയിൽ, ചുവന്നു തുടുത്തു നിൽക്കുന്ന സുന്ദരിപ്പൂവുകളും, പെരിയലത്തിന്റെ വെളുത്തപൂക്കളും ഇഷ്ടംപോലെയുണ്ടാകും. പേരറിയാത്ത വേറെയും പൂവുകൾ.
മുന്നോട്ട് നോക്കിയപ്പോൾ സേതു അമ്പരന്നുപോയി. വഴി രണ്ടാൾക്ക് കൈകോർത്തു നടക്കാനാകും വിധം വീതി കൂടിയിരിക്കുന്നു. ഇരുപുറവും ഇരുണ്ട പച്ചപ്പൊളിപ്പിച്ചു വെച്ച ഇഞ്ചിപ്പുൽ കാടുകൾ കാണാനെയില്ല. പകരം ഇടവഴിയുടെ താഴ്‌വരകളിൽ പുതിയ വീടുകൾ തലയുയർത്തി നിൽക്കുന്നു.
ആരോ വെച്ചുപിടിപ്പിച്ച ചെമ്പരത്തിവേലിയിൽ ഒന്നു രണ്ടെണ്ണം നിറയെ പൂക്കൾചൂടി നിൽക്കുന്നു.
അതിനിടയിൽ വീർപ്പുമുട്ടിനിന്ന് എത്തിനോക്കുന്ന സുന്ദരിപ്പൂച്ചെടി.
ഒരു നിമിഷം സേതുവിന്റെ ഓർമ്മകളിൽ ചാരംമൂടിക്കിടന്ന ഒരു ചിത ആളികത്താൻത്തുടങ്ങി.
സേതു.. നീയൊന്നു വേഗം നടക്കണുണ്ടോ?
മണിക്കുട്ടന് ദേഷ്യം വന്നു തുടങ്ങിയിട്ടുണ്ട്.
ഒച്ചയുയർത്തി വീണ്ടുമവൻ വിളിക്കുകയാണ്. കാലങ്ങൾക്കപ്പുറത്തു നിന്നുകൊണ്ട്.
ആരെങ്കിലും വന്ന് പറിച്ചോണ്ട് പോണേനു മുൻപ് ആ സുന്ദരിപ്പൂ മുഴുവൻ പറിക്കണം. സ്കൂളിലേക്ക് പോകുമ്പോ നോക്കി കൊതിവിട്ടിട്ട് പോയതാ. എന്തോരം പൂവാ അതിലിന്ന്.
നാളെ അഞ്ച് കളം മെഴുകണം. ഇത് പറിച്ചിട്ട് നമുക്ക് പണ്ടാരന്റെ താഴത്തെ പാടത്തേക്ക് പോകാം. നിറയെ കുളമാങ്ങാറി വിരിഞ്ഞു നിൽപ്പുണ്ട്.
അങ്ങോട്ടൊന്നും ഞാനില്ല മണിക്കുട്ടാ. അമ്മ വഴക്ക് പറയും.
അവളുടെ വാടിയമുഖം കണ്ടപ്പോൾ മണിക്കുട്ടൻ നിശബ്ദനായി.
മഴപെയ്യുമെന്ന് വിളിച്ചു പറഞ്ഞു വന്ന തണുത്ത കാറ്റ് അവർക്കിടയിലൂടെ ചൂളം വിളിച്ചുകൊണ്ട് ഓടിക്കളിച്ചു.
സേതുവിന്റെ കൈ പിടിച്ച് കുത്തനെയുള്ള കയറ്റം കയറുമ്പോൾ, മണിക്കുട്ടനവളെ ആശ്വസിപ്പിച്ചു, നീ പാടത്തേക്കിറങ്ങണ്ട കരയ്ക്ക് നിന്നോ. ഞാൻ പറിച്ചോളാം നമുക്ക് രണ്ടുപേർക്കുമുള്ളത്.
എന്നാലും, അമ്മ വഴക്ക് പറയും. അച്ഛൻ എത്തും മുൻപ് വീടെത്തിയില്ലെങ്കിൽ.. ചിലപ്പോൾ അച്ഛനും തല്ലും.
നീയെന്തൊരു ഭാഗ്യമുള്ള കുട്ടിയാ. നിനക്ക് നല്ലൊരു അച്ഛനും അമ്മയുമുണ്ടല്ലോ. എല്ലാക്കൊല്ലവും നിനക്കും, നിന്റെ ചേച്ചിക്കും ഓണക്കോടിയും എടുത്തു തരും. എനിക്കും, അനന്തുവിനും ഒരിക്കലും കിട്ടാറില്ല പുത്തനുടുപ്പ്. ഒന്നും വേണ്ടായിരുന്നു ഇതുപോലൊരു പൂവട്ടിയെങ്കിലും വാങ്ങിത്തന്നിരുന്നെങ്കിൽ.
അവൾ കൊതിയോടെ അവന്റെ കയ്യിലെ പുത്തൻ പൂവട്ടിയിലേക്ക് നോക്കി.
ഇത് നീയെടുത്തോ. ഞാൻ കുമ്പിളിൽ പറിച്ചോളാം.
അവനവളുടെ കയ്യിലെ ഇലക്കുമ്പിളിനായി കൈ നീട്ടി.
വേണ്ട, നിനക്ക് നിന്റെയച്ഛൻ വാങ്ങിത്തന്നതല്ലേ. അത് നീതന്നെയെടുത്തോ
ജയടീച്ചറിന്റെ പറമ്പിന്റെ മൂലയ്ക്ക് വലിയൊരു ചെമ്പരത്തി നിൽപ്പുണ്ട് സേതു. ഞാൻ ഇന്നാ കണ്ടത്. നമുക്കീപ്പൂവ് പറച്ചിട്ട് അങ്ങോട്ടിറങ്ങാൻ പറ്റുമോന്നു നോക്കാം.
അവനവളുടെ മനസ്സ് മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
അയ്യോ, വേണ്ടാട്ടാ മണിക്കുട്ടാ. അവിടെയൊരു പൊട്ടിക്കിണറുണ്ടെന്ന് അമ്മയെപ്പോഴും പറയും. നിറയെ പാമ്പുകളാത്രേ അതിൽ.. അതിലേക്കെങ്ങാൻ വീണുപോയാൽ എന്താ അവസ്ഥ.
പിന്നേ, നിന്റെയമ്മ നിന്നെ പേടിപ്പിക്കാൻ പറയുന്നതാ. അത് കിണറൊന്നുമല്ല. ചെറിയൊരു കുഴിയാ. സൂക്ഷിച്ചു നടന്നാമതി. വീഴൂല.
പേടിയുണ്ടെങ്കിൽ എന്റെ കൈ പിടിച്ചോ.
നാണംകൊണ്ട് കുനിഞ്ഞമുഖവുമായി അവളാ കയ്യിൽ പിടിച്ചതും അവനവളെ തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു.
നീ നോക്കിക്കോ, ഞാൻ വലുതാവട്ടെ. നിനക്ക് ഇഷ്ടംപോലെ ഓണക്കോടിയെടുത്തു തരും ഞാൻ.
സത്യം.. ?
അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
സത്യമാ സേതു.. സത്യം
അവനവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് ആ കവിളിൽ തന്റെ ചുണ്ടുകൾ ചേർത്തു.
അയ്യോ… ഈ ചെക്കനിതെന്താ കാട്ടിയെ. ഞാനമ്മയോട് പറയും..
സേതുവിന്റെ കരച്ചിൽ ഉച്ചത്തിലായത്തും അവന്റെ നെഞ്ചിടിക്കാൻ തുടങ്ങി.
എടി, പറയല്ലെടി.. നിന്നോടുള്ള സ്നേഹം കൊണ്ടാടി.. നീ കണ്ണ് മിഴിച്ചു നിന്നപ്പോ ഭയങ്കര ഇഷ്ടം തോന്നിയെടി. അമ്മയോട് പറയല്ലെടി.
അവനവളുടെ കൈകൾ കൂട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
അവനെത്ര കരഞ്ഞിട്ടും, ഞാനമ്മയോട് പറയുമെന്ന സേതുവിന്റെ ഏങ്ങലടി നിലച്ചില്ല.
നീ പോയ് പറഞ്ഞോ. ഇനി നിന്നോട് കൂടാൻ ഞാനില്ല. ജയടീച്ചറിന്റെ പറമ്പിലെ ചെമ്പരത്തിമൊട്ട് മുഴുക്കെ ഞാൻ പറിക്കാൻ പോവാ. ഒരെണ്ണം പോലും നിനക്ക് തരില്ല. ഷീലച്ചേച്ചിയുടെ വീട്ടീന്ന് കിട്ടിയ മഞ്ഞക്കോളാമ്പിയുടെ മൊട്ട് വീട്ടിലിരിപ്പുണ്ടല്ലോ. അതും തരൂല. നോക്കിക്കോ. നാളെ എന്റെ പൂക്കളമായിരിക്കും ഏറ്റവും ഭംഗി. നിന്റെ കളത്തിൽ ഒന്നുമുണ്ടാവില്ല.
രണ്ടാൾ താഴ്ചയുള്ള ഇറക്കത്തേക്ക് ചാടിയിറങ്ങുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു.
വേണ്ട, മണിക്കുട്ടാ അങ്ങോട്ട് പോണ്ട..
സേതുവിന്റെ പിൻവിളിയിൽ അവൻ തിരികെ വന്നില്ല. ഊക്കിലുള്ള ചാട്ടത്തിൽ കാലിടറി താഴേക്കുരുണ്ട് എവിടെയോ അപ്രത്യക്ഷനായി…
പിറ്റേന്ന്, പൊളിച്ചു കളഞ്ഞ പൂത്തറക്കപ്പുറം, വെട്ടിയിട്ട വാഴയിലയിൽ നീണ്ടു നിവർന്നു കിടക്കുന്ന മണിക്കുട്ടനെ നോക്കി സേതു പൊട്ടിക്കരഞ്ഞു, ഞാൻ പറഞ്ഞതല്ലേടാ അവിടെ പൊട്ടക്കിണറുണ്ടെന്ന്. എന്നിട്ടും നീ കേട്ടില്ലല്ലോ..
അവളുടെ വിമ്മിക്കരച്ചിൽ കേട്ടിട്ടെന്നോണം, തെങ്ങിൻചുവട്ടിൽ വലിച്ചെറിയപ്പെട്ടു കിടന്ന മഞ്ഞക്കോളാമ്പി മൊട്ടുകൾ പതിയെ ഇതളുകൾ വിടർത്തി എത്തിനോക്കാൻ തുടങ്ങി.
അവരും മണിക്കുട്ടനെ അന്വേഷിക്കുകയായിരുന്നിരിക്കും. പൂക്കളത്തിൽ ചേലോടെ ഞെളിഞ്ഞിരിക്കേണ്ടുന്നതിനു പകരം തെങ്ങിൻതടത്തിലെ അഴുക്കിൽ വീണു പോയതിന്റെ വേദനയോടെ.
ഒരുപാട് ഓണക്കാലങ്ങൾ അവന്റെ ഓർമ്മകളുമായി അവളെക്കടന്നുപോയി.
പിന്നെയെപ്പോഴോ മറവിയുടെ പൊട്ടക്കിണറ്റിലേക്ക് ഒരിക്കൽക്കൂടിയവൻ ആണ്ടിറങ്ങി.
എന്നിട്ടിപ്പോ വീണ്ടും ഓർമ്മകളുടെ തുരുത്തിലേക്കു കൂട്ടിക്കൊണ്ടുപോകാൻ, ഒരു കൂടുന്ന സുന്ദരിപ്പൂവുമായി തിരികെ വന്നിരിക്കുന്നു.
സേതുവിന് നെഞ്ചു വിങ്ങി. രണ്ടു തുള്ളി കണ്ണുനീർ ഇലക്കുമ്പിളിലേക്ക് ചിതറിവീണു.
അമ്മയെന്താ ആലോചിച്ചു നിൽക്കുന്നെ. അവിടെ നിന്ന പൂക്കളൊക്കെ പറിച്ചു. ഇച്ചിരിയേ ഉള്ളു. എന്നാലും നല്ല ഭംഗിയുണ്ട് കാണാൻ.
അമ്പാടി നീട്ടിയ ഇലക്കുമ്പിളിൽക്കിടന്ന് സുന്ദരിപ്പൂവ് അവളെ നോക്കി മുഖം വീർപ്പിച്ചു. നീയെന്തേ എന്നെക്കൂട്ടാതെ പോന്നേയെന്ന പരിഭവത്തോടെ.
#എന്റെരചന
#ഓണം ഓർമ്മകൾ

