ഞാൻ പേന
കയ്യിലെടുക്കുകയും
അക്ഷരങ്ങളെ
കൂട്ടിച്ചേർക്കാൻ
കൊതിയ്ക്കുകയും ചെയ്തു,
അവരെന്നെ
മറന്നു പോയിരുന്നു
അതോ ഞാനവരെയോ?
മഷി പുരണ്ട
വിരലുകളെ സ്നേഹിച്ച
ആറുവയസുകാരി
ഉള്ളിലെവിടെയോ
തേങ്ങുന്നു
ആരും കാണാത്ത ആരും
അറിയാൻ ശ്രമിക്കാത്ത
നൊമ്പരങ്ങളൊക്കെയും
ഏറ്റെടുത്തവരാണ്,
ആരും കണ്ടാൽ
അറയ്ക്കുന്ന
കണ്ണീർവിഴുപ്പത്രയും
തുടച്ചു മാറ്റിയവരാണ്
ഇപ്പോളിങ്ങനെ
അകന്നിരിക്കുന്നത്.
അവരോളമാഴത്തിൽ
ഒരു മനുഷ്യനുമെന്നെ
കണ്ടെത്തിയില്ല
അവരോളം കരുണയിൽ
ഇന്നോളമൊരു മനുഷ്യനുമെന്നെ
ചേർത്ത് പിടിച്ചീല
അവരോളം പ്രണയത്തിൽ
മറ്റാരുമെന്നെ ഇറുക്കെ
പുണർന്നീല..
അവരോളം മൂർച്ഛയിൽ
ആരുമെന്നെ ചുംബിച്ചീല..
ആരും കാണാത്ത
മുറിവുകളുടെ ആഴം
കൂടുന്തോറും അവരേയും
തേടി ഞാനലഞ്ഞത്
പോലെ ഒരു മനുഷ്യനെയും
ഞാനുമന്വേഷിച്ചീല
അല്ലെങ്കിലും
അക്ഷരങ്ങളോളമാഴത്തിൽ
ആരുമെന്നെ
ഇന്നേവരെ വായിച്ചീല..

1 Comment
അക്ഷരങ്ങൾക്കൊണ്ട് ആഴമേറിയ ആഴി തീർക്കാനാവട്ടെ- ആശംസകൾ❤️