ഓരോ മനുഷ്യന്റെയും ജീവിതത്തെ സുന്ദരമാക്കുന്നത് ഓർമ്മകളുടെ വസന്തമാണ്. ഏതൊരു മനുഷ്യനും ഓർമ്മകൾ എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നാം പല വ്യക്തികളെയും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യാറുണ്ട്, അതിൽ പല ബന്ധങ്ങളും പല ഘട്ടങ്ങളിലായി നമ്മിൽ നിന്ന് പടിയിറങ്ങുകയും ചെയ്യാറുണ്ട്. അതിൽ അപൂർവം ചിലത് നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കും – ഒരു നാളും മാറ്റമില്ലാതെ. അങ്ങനെ മാറ്റമില്ലാതെ ഇന്നും എന്റെ കൂടെ നിൽക്കുന്ന ഒരു സൗഹൃദ ബന്ധത്തെക്കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.
സുഹൃത്ത് എന്നതിലുപരി എന്റെ കൂടപ്പിറപ്പ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. ഇനി വ്യക്തിയെ വലിയ മുഖവുരകളില്ലാതെ ഞാൻ പരിചയപ്പെടുത്താം.
2009 ഓഗസ്റ്റിലാണ് ഞാൻ എന്റെ ബി.എഡ് കോഴ്സ് ഒറ്റപ്പാലം എൻ.എസ്സ്.എസ്സ് കോളേജിൽ ചെയ്യുന്നത്. അവിടുത്തെ ആദ്യ ദിവസം കൊണ്ടു തന്നെ എനിയ്ക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലായി, ഇവിടെ പൊരുത്തപ്പെടുക വളരെ ബുദ്ധിമുട്ടാണ് എന്ന്. പ്രത്യേകിച്ച് ഒരു വൈബും തോന്നാത്ത അന്തരീക്ഷം. അത്യന്തം ബോറിങ്ങ്. അതു കഴിഞ്ഞാണ് ഹോസ്റ്റൽ രംഗപ്രവേശനം, ഹോ, കഠിനം, റൂം മേറ്റ് ഒരു ഇന്ദുലേഖ ചന്ദ്രൻ. ഏതോ കോളേജിൽ ഗസ്റ്റ് ലക്ചറായിരുന്നത്രേ, എന്റെ കിളി പോയി.ആ കണ്ണടയും, നിൽപ്പും എനിയ്ക്ക് തീരെ ബോധിച്ചില്ല. ഭാഷയറിയാത്ത ഏതോ നാട്ടിൽ ചെന്നുപെട്ടതുപ്പോലെ എനിയ്ക്ക് തോന്നി. എങ്കിലും പിടിച്ചു നിന്നല്ലേ മതിയാവൂ -സഹിക്കുക തന്നെ എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
പക്ഷെ വിധി മറ്റൊന്നായിരുന്നു പിന്നീടുള്ള പത്ത് മാസക്കാലം എനിയ്ക്ക് എന്റെ ജീവിതത്തിൽ ഓർമ്മിക്കാൻ ഒരു വസന്തം തന്നെ സമ്മാനിച്ച ദിനങ്ങളായിരുന്നു ഓരോന്നും….🥰
ഇന്നും ഏകദേശം പതിനേഴു വർഷങ്ങൾക്കപ്പുറവും ഈ കൂടപ്പിറപ്പു ബന്ധം നിലനിൽക്കുന്നത് അന്നത്തെ ഓർമ്മകൾ കൊണ്ടു മാത്രം തന്നെയാണ്. എന്തെല്ലാം ഓർമ്മകൾ, ഒരു കടലിരമ്പുന്നതു പോലെ, എന്നിട്ടും, ചില സമയങ്ങളിൽ ഈ ബന്ധത്തിലും ഊഷ്മളതയുടെ അനുഭവങ്ങൾ കുറഞ്ഞ സമയങ്ങളും കാലം സമ്മാനിച്ചിട്ടുണ്ട്😌. മൗനം കൊണ്ട് മറകൾ തീർത്ത സമയം. പക്ഷെ പരിഭവങ്ങളില്ലാതെ ആ മറകളെ ഒരു പുഞ്ചിരി കൊണ്ട് മായ്ച്ചു കളയാൻ സാധിച്ചത് ഹൃദയത്തിന്റെ ആഴങ്ങളിലുള്ള സ്നേഹത്തിന്റെ വറ്റാത്ത കരുതൽ ഒന്നു കൊണ്ടു മാത്രമാണ്. അതുകൊണ്ടു തന്നെ എനിക്ക് ഇന്നും ആത്മാർത്ഥമായി പറയാൻ സാധിക്കും, പരസ്പരം മനസ്സിലാക്കുന്നിടത്ത് പരിഭവങ്ങൾ ഇല്ല എന്ന്.
ജീവിതത്തിൽ അല്ലെങ്കിലും നാം ഒരിക്കലും പ്രതീഷിക്കാത്ത ചിലതൊക്കെ കാലം നമുക്കായി കരുതി വച്ചിട്ടുണ്ടാക്കും എന്നത് ഒരു പരമാർത്ഥമാണ്. ഞങ്ങൾ തമ്മിൽ സൗഹൃദം സ്‌ഥാപിക്കാൻ തരത്തിലുള്ള യാതൊരു സമാനതകളും ഒരു തരത്തിലും ഉണ്ടായിരുന്നില്ല. ആശയപരമായി / വിദ്യാഭ്യാസപരമായി / ഒന്നും ഞങ്ങൾ ഒരിക്കലും ചേർന്നു പോകുന്നവരായിരുന്നില്ല. ഇന്നും അതിൽ ഒരു മാറ്റവും വന്നിട്ടില്ല.എന്നിട്ടും, എന്തോ ആകസ്മികമായി ആ സൗഹൃദം അങ്ങ് വളർന്ന് ഒരു ആൽമരമായി. ഇന്നും അതിന്റെ കാരണം എനിയ്ക്ക് അറിയില്ല. വാക്കുകൾ ചിലപ്പോഴൊക്കെ നമ്മുടെ ഹൃദയവിചാരങ്ങളെ പ്രതിഫലിപ്പിക്കാൻ അപര്യാപ്തമാക്കാറുണ്ട്.
ഈ കുറിപ്പ് എഴുതു പ്പോൾ എന്റെ വാക്കുകളും അപര്യാപ്തമാവുകയാണ് —- ക്ഷമിക്കുക —- എങ്കിലും എന്റെ പ്രിയ കൂടപ്പിറപ്പേ നന്ദി —-
എന്നെ എന്റെ കഴിവുകുറവുകളോടു കൂടി മനസ്സിലാക്കിയതിനും, സ്നേഹിച്ചതിനും, പലപ്പോഴും വേദനയുടെ അനുഭവങ്ങൾ എന്നിൽ നിന്നും ഉണ്ടായിട്ടും – ചിരിച്ചു കൊണ്ട് അത് തള്ളിക്കളഞ്ഞതിന്, ഒരു സുഹൃത്തായും , കൂടപ്പിറപ്പായും എന്റെ ജീവിതത്തിന്റെ പാതയിൽ എന്നും കൂടെ നിന്നതിന് .നന്ദി മാത്രം🩷🩷.
എന്നെക്കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടായിട്ടില്ല എന്ന് വ്യക്തമായി എനിക്കറിയാം😆, അതുകൊണ്ട് ക്ഷമിക്കുക😌. കാലത്തിന്റെ ചക്രം ഇനിയും തിരിയട്ടെ — ഋതുക്കൾ മാറി മറിയട്ടെ — എങ്കിലും മാറ്റമില്ലാതെ ചൈനാ മതിൽ കണക്കെ എന്നും എന്റെ ചേച്ചിയായി കൂടെ തന്നെ ഉണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അങ്ങനെ തന്നെ.🫵🫵
(സമർപ്പണം / സെപ്റ്റംബർ11 ന് ജന്മദിനം ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട ഇന്ദു ചേച്ചിയ്ക്ക്🩷🩷)

