അയാൾ വീട് പൂട്ടാറില്ല, പ്രധാനവാതിൽ ഒന്നടച്ചിടുമെന്നു മാത്രം. അയൽവക്കത്തെ പൂച്ചകളോ, മറ്റ് ഇഴജന്തുക്കളോ കടക്കാതിരിക്കാൻ മാത്രം.
വലിയ വീടാണെന്ന് കണ്ട് നിങ്ങൾ മോഷണത്തിനൊന്നും വരേണ്ട. അകത്തു ഒന്നുമില്ല. ഫോൺപേ ആയതിൽപ്പിന്നെ നൂറ് രൂപപോലും തികച്ചെടുക്കാൻ അലമാരയിൽ കാണില്ല.
സ്വർണ്ണവും വെള്ളിയുമൊക്കെ ധാരാളം ഉണ്ട്, അതൊക്കെ ഓരോ കിലോയാക്കി പറമ്പിന്റെ വിവിധഭാഗങ്ങളിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് നിങ്ങൾ കരുതും അതല്ല, വലിയ ബാങ്കുകളിലെ ലോക്കറുകളിൽ ആണെന്ന് നിങ്ങൾക്ക് തോന്നും.
അയാൾക്ക് ലോഹങ്ങളോട് ഒരു താല്പര്യവുമില്ല. അയാളുടെ കൈകാലുകൾ ശ്രദ്ധിച്ചിട്ടില്ലേ, ഒരു പഴയ വാച്ചൊഴികെ അയാളൊന്നും ധരിക്കാറില്ല.
ആ വാച്ച് മാറ്റണമെന്ന് സുഹൃത്തുക്കൾ പലതവണ പറഞ്ഞതാണ്, അയാൾ കേൾക്കില്ല; ചിലപ്പോൾ അതിന്റെ സൂചി പിറകിലേയ്ക്കാണ് തിരിയുന്നതെന്ന് അയാൾ വിശ്വസിക്കുന്നു. പഴയ കാലങ്ങളിലേയ്ക്ക് ഇടയ്ക്കിടെ അയാൾ ഊളിയിടുന്നത് ആ വാച്ചിന്റെ സൂചികളിലൂടെയാണ്.
ഇന്നലെയാണ് ഒപ്പം ജോലി ചെയ്യുന്ന രാജസ്ഥാനിയായ ഒരു സുഹൃത്ത് പറഞ്ഞത്. അവിടെ ഒരു ഹവേലി (മാളിക) വിൽക്കാൻ വെച്ചിരുന്നു. ആരും വാങ്ങിയില്ല. അവസാനം ഒരാൾ വളരെ കുറഞ്ഞ വിലയ്ക്ക് അത് വാങ്ങി. എന്തോ ആവശ്യത്തിന് കുഴിച്ചപ്പോൾ സ്വർണ്ണക്കട്ടികൾ കിട്ടി, അയാൾ സമ്പന്നനായി. മറ്റൊരു ഹവേലികൂടി വിൽക്കാനുണ്ട് നമുക്ക് വാങ്ങിയാലോ, അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, നിർഭാഗ്യവാൻ കുഴിച്ചാൽ സ്വർണ്ണം കണ്ടെത്തില്ല.
അയാളുടെ ജീവിതത്തിൽ പരാജയങ്ങൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ, താനെന്തൊരു വിഡ്ഢിയാണെന്ന സത്യം അയാൾ ഉറപ്പിച്ചുകൊണ്ടേയിരിക്കും. അരക്കിട്ടുറപ്പിക്കുക എന്ന് കേട്ടിട്ടില്ലേ. ചില രേഖകൾ നല്ല കവറിലാക്കി, അരക്ക് ഉരുക്കിയൊഴിച്ചു അതിനുമേലെ സീൽ കുത്തും. ആരും തുറക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ.
അതുതന്നെയാണ് അയാൾ അവരോട് പറഞ്ഞത്, നിങ്ങളോടുള്ള പ്രണയം ഞാൻ മനസ്സിൽ അടച്ചുപൂട്ടി അരക്കിട്ടുറപ്പിച്ചു വെച്ചിരിക്കുകയാണെന്ന്. അടച്ചു വെച്ചിരിക്കുന്ന പ്രണയമല്ല, തുറന്നുല്ലസിക്കുന്ന പ്രണയമാണ് തനിക്കു വേണ്ടതെന്നു പറഞ്ഞു അവർ അയാളോട് യാത്രപറഞ്ഞു പിരിഞ്ഞു.
പ്രണയം പ്രകടിപ്പിക്കാൻ അറിയാത്ത തന്റെ ജാള്യതയിൽ അയാൾക്ക് നിരാശ തോന്നി. എന്തേ താനിങ്ങനെ? ഒന്ന് പ്രണയിക്കാൻപോലുമറിയാത്ത ഒരു ജനുസായി എത്രനാൾ ഇങ്ങനെ തുടരും.
അയാൾ മരങ്ങൾ നിറഞ്ഞ ആ പറമ്പിലൂടെ കുറെ നടന്നു. മരങ്ങളുടെ ചില്ലകൾ അയാളെ തഴുകി, ചില മരങ്ങളെ അയാൾ കെട്ടിപ്പിടിച്ചു. ചിലരോടെല്ലാം നീ കുറെ വളർന്നു എന്ന് കുശലം ചോദിച്ചു. അവർക്കും അയാളെ ഇഷ്ടമാണ്, അയാൾ അവരെ വെട്ടാതെ കാത്തുസൂക്ഷിച്ചു കൊണ്ട് നടക്കുകയാണ്.
പ്രകൃതി ചുരത്തുന്ന പാൽചുരങ്ങൾ, മരങ്ങളിലെ മാങ്ങകൾ, ചക്കകൾ, പേരയ്ക്ക, മറ്റു പഴവർഗ്ഗങ്ങൾ അയാളേക്കാൾ അതെല്ലാം ശാപ്പിടുന്നത് അണ്ണാറക്കണ്ണന്മാരും, കിളികളുമാണ്. അയാൾക്കതിൽ സന്തോഷം മാത്രമേയുള്ളൂ.
അയാൾ നൽകുന്ന കരുതലിനും സ്നേഹത്തിനും ഭക്ഷണത്തിനും പകരമായി പക്ഷികൾ നാലരമണിക്കു തുടങ്ങുന്ന ഒരു ജുഗൽബന്ദി അയാൾക്കായി കൊടുക്കും. ഉപ്പന്റെ ഉം ഉം എന്ന് തുടങ്ങുന്ന ആ മുഴക്കം ചെമ്പോത്ത്, കിളിവാലൻ, കുയിൽ എന്ന് തുടങ്ങി പേരറിയാത്ത അനേകം കിളികളുടെ സ്വരധാരയിൽ അയാളങ്ങനെ നടക്കും. പ്രകൃതി നൽകുന്ന ഈ സംഗീത വിരുന്നിനപ്പുറം ആരെങ്കിലും ഒരു സംഗീതം സൃഷ്ടിക്കും എന്നയാൾ കരുതുന്നില്ല. തന്റെ കർണ്ണങ്ങൾക്കും തലച്ചോറിനും ലഭിക്കുന്ന ആ ഉണർവ് ഒരു അനുഗ്രഹമായിത്തന്നെ അയാൾ സ്വീകരിക്കും.
ടിക്കറ്റെടുക്കാതെ കിട്ടുന്ന ഇത്തരം ആനന്ദങ്ങൾ ജീവിതത്തിന്റെ ഒരു മുതൽക്കൂട്ടായി അയാൾ എന്നും കരുതുന്നു. ഇത്തരം ആനന്ദങ്ങളാണ് അയാൾ ആ വീടിനുചുറ്റും കുഴിച്ചിട്ടിരിക്കുന്നത്.
മോഷ്ടിക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് – നിസ്സീമമായ പ്രണയം മാത്രമേ അയാൾ ആ വീട്ടിൽ സൂക്ഷിക്കുന്നുള്ളൂ. എന്നാൽ പ്രണയം വിൽക്കാനുണ്ട് എന്നൊരു ബോർഡ് അയാളവിടെ തൂക്കിയിട്ടുമില്ല.
@കാവല്ലൂർ മുരളീധരൻ

