കിഴക്ക് വെള്ള കീറുന്നതിനു മുമ്പേ എഴുന്നേറ്റു.
തലേ ദിവസം തന്നെ എളുപ്പം കത്തുന്ന കുറച്ചു വിറകും ചൂട്ടും ചിരട്ടയും മറ്റും എടുത്തു വെച്ചിരുന്നു. അത്താഴം കഴിഞ്ഞപ്പോൾ , എടുത്തു വെച്ചിരുന്ന വിറക് അടുപ്പിന്റെ മുകളിൽ നിരത്തി പാകി വെച്ചിട്ടാണ് കിടന്നത്. രാവിലെ കത്താൻ താമസിച്ചാലോ? കല്ലും നെല്ലും കറുത്ത അരിയും പെറുക്കി മാറ്റിയ അരി, അരി വെക്കാനുള്ള വെള്ളം, കലം എന്നിവയും തയ്യാറാക്കി വെച്ചിരുന്നു.
തേവരുടെ നടയിലേക്ക് തിരിഞ്ഞു നിന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു. ഇന്ന് പത്താംക്ലാസ് പരീക്ഷ തുടങ്ങുകയാണ്. ഞങ്ങൾ പഠിക്കുന്ന സ്കൂളിൽ സെന്റർ ഇല്ലാത്തതുകൊണ്ട് ഏകദേശം 5 കി.മി. ദൂരെയുള്ള വേറൊരു സ്കൂളിൽ പോയി വേണം പരീക്ഷ എഴുതാൻ.
സ്കൂളിന്റെ തൊട്ടടുത്തു തന്നെയാണ് വീട്. അതുകൊണ്ട് ഒറ്റ ദിവസം പോലും പൊതിച്ചോർ കൊണ്ടുപോയി കഴിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല. കൂട്ടുകാർ ഒരുമിച്ചിരുന്ന് പൊതിച്ചോർ ഉണ്ണുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. വാട്ടിയ വാഴയില തുറക്കുമ്പോഴത്തെ ആ മണം.. ചോറിനോട് പറ്റിച്ചേർന്നിരിക്കുന്ന ചമ്മന്തിയും മെഴുക്കു പുരട്ടിയും മുട്ട പൊരിച്ചതും കണ്ണിമാങ്ങാ അച്ചാറും…
അമ്മയോട് ഒത്തിരി പ്രാവശ്യം ചോദിച്ചിട്ടുണ്ട്. ഞാനും ചോറ് കൊണ്ട് പൊയ്ക്കോട്ടെന്ന്.. അപ്പോഴേല്ലാം അമ്മ കണ്ണുരുട്ടുമായിരുന്നു…..
എസ് എസ് എൽ സി പരീക്ഷ വേറെ സെന്ററിൽ വെച്ചാണെന്നു പറഞ്ഞപ്പോൾ തന്നെ മനസ്സിൽ പൂത്തിരി കത്തി.. മുഖം പൂനിലാവ് പോലെ തിളങ്ങി.. മനോരാജ്യത്തിൽ മുഴുകിയിരുന്ന തന്നോട് അമ്മ …” ഉം.. എന്ത്യേ?”
“ഊഹും.. ഒന്നുമില്ല.”. സാവധാനം എണീറ്റ് തൊടിയിലേക്കിറങ്ങി.. ആനന്ദ നൃത്തം ചവിട്ടിക്കൊണ്ട് തന്നെത്താനെ പറഞ്ഞു ‘ആറു ദിവസവും ഞാൻ പൊതിച്ചോറ് കൊണ്ട് പോകും..’
യ്യോ….. നേരം പോയി. അടുപ്പിൽ തീ പൂട്ടി, അരി കഴുകി അടുപ്പത്തിട്ടു. രാവിലെ ഒരു കട്ടൻ പതിവുള്ളതാണ്.
ഓ..വേണ്ട.. നേരമില്ല. തലേന്ന് പറ്റിച്ചു വെച്ച പയർ മെഴുക്കു പുരട്ടാൻ ചീനച്ചട്ടിയിൽ ഇട്ടു. വേഗം തേങ്ങയെടുത്തു പൊട്ടിച്ചു. ഉപ്പും മുളകും ചുമന്നുള്ളിയും പുളിയും എടുത്തോണ്ട് അരകല്ലിന്റെ അടുത്തേക്ക് നീങ്ങി. നേരം വെളുത്തു വരുന്നു. ചമ്മന്തി അരച്ചുരുട്ടി എടുത്ത് കല്ലും കഴുകി തിരിഞ്ഞപ്പോൾ അമ്മ..
“ഇന്ന് എന്താണോ ഇത്ര നേരത്തെ?”
ഒന്നും മിണ്ടിയില്ല.പിച്ചാത്തി എടുത്തോണ്ട് വാഴയില മുറിക്കാൻ ഇറങ്ങി.
“എടീ കട്ടൻ ഇട്ടില്ലേ…. ” അമ്മ…
“എനിക്ക് നേരമില്ല, അമ്മേ.. പരീക്ഷയല്ലേ ഇന്ന്”
“ഓ.. അത് ശരി . പരീക്ഷയ്ക്കുള്ള ഒരുക്കമാണല്ലേ ഈ കണ്ടത്.”
അമ്മയോട് ഒന്നും രണ്ടും പറഞ്ഞു വഴക്കുണ്ടാക്കാൻ നേരമില്ല. വേഗം തോർത്തെടുത്ത് കുളിക്കാനായി ഇറങ്ങി. കുളി കഴിഞ്ഞു വന്നു നോക്കിയപ്പോൾ അമ്മമ്മ പൊതി കെട്ടുന്നു.
“മോളെ, കടുമാങ്ങയല്ലേ വെയ്ക്കണ്ടേ?” അമ്മമ്മ…
“കടുമാങ്ങയും വേണം. പിന്നെ…..”
“അമ്മേ, ഇച്ചിരി നാരങ്ങ അച്ചാറും കൂടി ഇങ്ങ് എടുത്തേ…”
“അല്ല, നീ പരീക്ഷയ്ക്കാണോ പോകുന്നെ, അതോ പൊതിച്ചോറുണ്ണാനോ?” അമ്മ വഴക്കിനാണ്….
ഒന്നും മിണ്ടിയില്ല. എന്നോട് വഴക്ക് കൂടാനായിട്ട് എങ്കിലും അമ്മ ഒന്നു വാ തുറക്കുന്നല്ലോ. നല്ല കാര്യം. അമ്മമ്മയോട് പറഞ്ഞിട്ട് വേഗം ഇറങ്ങി. കവലയിൽ കൂട്ടുകാരൊക്കെ എത്തിക്കാണും.
എട്ടു മണിക്ക് ഒരു ബസ് ഉണ്ട്. ആകെയുള്ള യാത്രോപാധി. ചന്തയിൽ പോകുന്നവരും അല്ലാത്തവരും ആയി നിറഞ്ഞ് കവിഞ്ഞാണ് ഞങ്ങളുടെ കവലയിൽ എത്തുന്നത്. അതിൽ കയറിപ്പറ്റാൻ ഒക്കുകില്ല.
അതുകൊണ്ട് പെൺകുട്ടികൾ എല്ലാവരും നടന്ന് പോകാമെന്നു നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു. തിരക്കുള്ള ബസിൽ എന്തായാലും ഞാൻ ഇല്ല. എന്റെ പൊതിച്ചോറ്…..
അങ്ങനെ പരീക്ഷ സെന്ററിൽ എത്തി. ആദ്യത്തെ പരീക്ഷ കഴിഞ്ഞു. ഉച്ചക്ക് എല്ലാവരും കൂടി ഊണു കഴിക്കാൻ ഒത്തുകൂടി. ഓരോരുത്തരായി പൊതിയെടുത്തു തുറന്നു വെച്ചു. അങ്ങോട്ടുമിങ്ങോട്ടും കറികൾ ഒക്കെ പങ്കിട്ടു കഴിച്ചു. ആഹഹാ… എന്റെ ജീവിതത്തിലെ ആദ്യ പൊതിച്ചോറനുഭവം…
ഞാൻ രുചിയോടെ…. അതിലേറെ സംതൃപ്തിയോടെ ആസ്വദിച്ചു കഴിച്ചു. കൂട്ടുകാരികൾ ഒക്കെ എന്റെ കറികളെ അഭിനന്ദിച്ചു. ശാരിയുടെ അമ്മയുടെ കറി കൾക്കൊക്കെ എന്തു രുചിയാണ്…
ഇവളുമാർക്കറിയുവോ ഞാൻ കൊച്ചുവെളുപ്പാൻ കാലത്ത് എണീറ്റുണ്ടാക്കിയ കറികളാണെന്ന്… എന്തായാലും അമ്മയ്ക്കിരിക്കട്ടെ ക്രെഡിറ്റ് മുഴുവൻ…
വൈകുന്നേരം വീട്ടിൽ വന്ന് കേറിയപ്പഴേ പറഞ്ഞു “അമ്മേ എന്റെ കറികൾ ഒക്കെ എല്ലാവർക്കും ഇഷ്ടമായമ്മേ. നാളെ പാവയ്ക്ക മെഴുക്കു പുരട്ടി കൊണ്ടുപോകാമല്ലേ . കുറച്ചു കട്ട തൈര് കൂടി എടുക്കാം. എന്താമ്മേ?
“പരീക്ഷ കഴിഞ്ഞു വന്നിട്ട് പറയുന്ന കാര്യം കൊള്ളാം. പരീക്ഷ എങ്ങനെ എഴുതി എന്ന് പറഞ്ഞില്ല. നാളത്തേക്കൊള്ളത് എന്തെങ്കിലും ഒന്നു പുസ്തകം തുറന്നു നോക്കുവേലും ചെയ്യ്. നിന്റെ പാചക നൈപുണ്യം കൂട്ടുകാരുടെ മുമ്പിൽ വിളമ്പാനാണോ രാവിലെ പുറപ്പെടുന്നത്?”
അമ്മെക്കൊണ്ട് മടലെടുപ്പിക്കണ്ട എന്നു വിചാരിച്ചു ഞാൻ അകത്തേക്ക് പോയി. ബാക്കിയുള്ള അഞ്ചു ദിവസവും ഞാൻ കഷ്ടപ്പെട്ട് പലതരം കറികൾ ഒക്കെ ഉണ്ടാക്കിക്കൊണ്ട് പോയി ഭേഷായി പൊതിച്ചോറുണ്ടു.
അവസാന ദിവസ പരീക്ഷ കഴിഞ്ഞു. അവധി തുടങ്ങുകയാണല്ലോ എന്ന സന്തോഷവും പഠന ഭാരം ഇറക്കി വെച്ചതിന്റെ ആശ്വാസവും എല്ലാവരിലും നിറഞ്ഞ് നിന്നു. ആറു ദിവസം പൊതിച്ചോ റുണ്ടതിന്റെ തൃപ്തിയും ആഹ്ലാദവും ആണ് എന്റെ മുഖത്തും മനസ്സിലും നിറഞ്ഞ് നിന്നത്..
മൂളിപ്പാട്ടും പാടിക്കൊണ്ട് വീട്ടിലെത്തി. മുൻ വശത്തു ഇരുന്നുകൊണ്ട് അമ്മമ്മ ആരോടോ തകർക്കുന്നുണ്ട്. ആരാണോ വിരുന്നുകാർ?
പിന്നെ വിരുന്നുകാർ… ഒരിക്കൽ പോലും വിരുന്നുകാരായി ആരും ഇവിടെ വന്നിട്ടുള്ളത് എന്റെ ഓർമ്മയിൽ ഇല്ല..കാക്ക വാഴക്കയ്യിലിരുന്നു പ്രത്യേക ഈണത്തിൽ കരയുമ്പോൾ അമ്മമ്മ എന്നും ചോദിക്കും… ആരാ വിരുന്ന് വരുന്നതെന്ന്… അപ്പോഴൊക്കെ അമ്മ ചുണ്ട് കോട്ടി ചിരിക്കുന്നത് ഞാനും ശ്രദ്‌ധിച്ചിട്ടുണ്ട്.
ഒരിക്കൽ ഞാൻ അമ്മമ്മയോട് എന്താ ഇവിടെ ആരും വിരുന്നു വരാത്തതെന്നു ചോദിക്കുകയും ചെയ്തു . ‘നമുക്ക് ബന്ധുക്കൾ കുറവല്ലേ മോളെ’ എന്ന അമ്മമ്മയുടെ മറുപടി എന്റെ കണ്ണ് നിറച്ചു.
“നമുക്ക് ശിവരാമനും, സുമംഗലയും കുട്ടനും ദേവികയുമൊക്കെയില്ലേ ബന്ധുക്കളായിട്ട്. ഒത്തിരി ബന്ധുക്കളുണ്ടായിട്ട് കാര്യം ഒന്നുമില്ല കുഞ്ഞേ. നമുക്ക് അവർ മതി. പിന്നെ അവരെ നീ എന്നും കാണാറുള്ളതല്ലേ.”
മുത്തശ്ശന്റെ ഒരകന്ന ബന്ധുവാണ് ശിവരാമൻ അമ്മാവൻ. മുത്തശ്ശൻ ഈ നാട്ടിൽ വന്ന് കുറച്ചു കഴിഞ്ഞ് ശിവരാമൻ അമ്മാവനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നതാണ്.അമ്മാവൻ പിന്നെ ഇവിടെ മുത്തശ്ശന്റെ കൂടെ അങ്ങ് കൂടി. അമ്മാവന് ഒരു കുടുംബം ഉണ്ടാക്കി കൊടുത്തതും ഈ നാട്ടിൽ തന്നെ താമസിപ്പിച്ചതും ഒക്കെ മുത്തശ്ശൻ ആണ്.
മുറ്റത്തേക്ക് കേറിയപ്പോഴേ ദേവിക ഓടിവന്നു കയ്യിൽ പിടിച്ചു.
“ഹായ്… പരീക്ഷ കഴിഞ്ഞല്ലോ. ചേച്ചി, വാ, നമുക്ക് കളിക്കാം.”
“പരീക്ഷ നന്നായി എഴുതിയോടീ…..കുട്ടേട്ടൻ.
ഞാൻ ഒന്നു ചിരിച്ചെന്നു വരുത്തി.
“പൊതിച്ചോറ് ഭേഷായി കഴിച്ചു…” അമ്മമ്മ ..
ഓ.. അമ്മമ്മ അത് മുഴുവൻ വിളമ്പിയല്ലേ…
അമ്മായി വന്നു കയ്യിൽ പിടിച്ചു.
“മോളെ അവധിയായല്ലോ… ഇനി രണ്ടു മാസം തിമിർക്കാമല്ലോ.”
” ചേച്ചീ, രാവിലെ തന്നെ നമുക്ക് പുഴയിൽ പോണേ..”. ദേവൂന്റെ സന്തോഷം ആ മുഖത്തും കണ്ണുകളിലും തുളുമ്പി നിൽക്കയാണ്.
ഉം.. ഞാൻ അവളെ സന്തോഷിപ്പിക്കാനായി മൂളി.
അച്ഛനെ കണ്ട ഓർമ്മയില്ല.എന്റെ ഇരുപത്തെട്ടുകെട്ടു കഴിഞ്ഞു പോയ അച്ഛൻ പിന്നെ വന്നിട്ടേ ഇല്ല. ഞാൻ പഠിച്ച ഗവണ്മെന്റ് സ്കൂളിൽ പ്രൈമറിയിലെ മലയാളം മാഷ് ആയിട്ട് വടക്കു നിന്ന് ട്രാൻസ്ഫർ ആയി വന്ന ആൾ ആയിരുന്നു അച്ഛൻ. അപരിചിതമായ നാട്ടിൽ ഭക്ഷണം കഴിക്കാനും മറ്റുമുള്ള ഒരു സൗകര്യം മുത്തശ്ശൻ ആയിട്ട് ഏർപ്പാടാക്കിയതാണ് സ്വന്തം വീട്ടിൽ.
അച്ഛന് ബന്ധു ബലം കുറവായിരുന്നു. അമ്മയും ഒരനിയത്തിയും മാത്രം. അനിയത്തിയെ കെട്ടിച്ചയച്ചു. ആ നാട്ടിൽ തന്നെ.
അമ്മ പത്താംക്ലാസ്സ് പാസ്സ് ആയി നിൽക്കുന്ന സമയം ആയിരുന്നു അത്. ടി ടി സി ക്കു പോയി ടീച്ചർ ആകണമെന്ന് അമ്മ ഒത്തിരി ആശിച്ചിരുന്നെങ്കിലും മുത്തശ്ശൻ സമ്മതിച്ചില്ല. എന്നു തന്നെയുമല്ല അച്ഛനുമായുള്ള വിവാഹം ഉടനെ തന്നെ നടത്തുകയും ചെയ്തു.
അച്ഛനും അമ്മയും ആയിട്ട് എന്തായിരുന്നു പ്രശ്നം എന്ന് ആർക്കുമറിയില്ല. അമ്മമ്മ പല പ്രാവശ്യം ചോദിച്ചിട്ടുണ്ടെങ്കിലും അമ്മ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്.
മുത്തശ്ശനും ശിവരാമൻ മാമനും അച്ഛനെ അന്വേഷിച്ചു പോകാൻ ഒരുങ്ങിയപ്പോഴെല്ലാം അമ്മ തടഞ്ഞു. ഞാൻ കാണുന്ന കാലത്തെല്ലാം അമ്മയുടെ ലോകം പശുക്കളും അവയുടെ കിടാ ങ്ങളുമായിരുന്നു.
ഭൂമിയിൽ ആകെ മമതയും സ്നേഹവും ഉള്ളത് പശുക്കളോട് മാത്രമാണ്. പശുക്കളെ കുളിപ്പിക്കലും അവയ്ക്ക് പുല്ലുവെട്ടലും മറ്റു കാര്യങ്ങൾ നോക്കലും ഒക്കെ വളരെ ഉഷാറായി ചെയ്യും. അവരോട് സംസാരിക്കുന്ന അത്രേം മനുഷ്യരോട് സംസാരിച്ചു കണ്ടിട്ടില്ല. എപ്പോഴും ഒരു തരം നിസ്സംഗതയാണ് മുഖത്തും ശരീര ഭാഷയിലും.
അമ്മമ്മയായിരുന്നു എനിക്കെല്ലാം. അമ്മ തരാതിരുന്ന സ്നേഹവും ലാളനയും ഒക്കെ നൂറിരട്ടി ആയി അമ്മമ്മ തന്നു. എന്തിന്… ശ്രുതിയും രാഗവും ഒന്നും അശേഷം ഇല്ലാതിരുന്ന അമ്മമ്മയുടെ താരാട്ട് പോലും ഓർമ്മയിൽ മധുരം കിനി യുന്നതാണ്.
അമ്മ യുടെ ജീവിതം എന്നും കണ്മുൻപിൽ തെളിഞ്ഞു നിന്നു. ഇങ്ങനെ ഇത്രയും നിസംഗതയോടെ ഒരാൾക്ക് ജീവിക്കാൻ കഴിയുമോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒന്നിനോടും മമതയില്ലാതെ, ഒരു സന്തോഷത്തിലും താല്പര്യമില്ലാതെ… എങ്ങനെ…?
ഈ നിമിഷം വരെ അച്ഛനെക്കുറിച്ച് ഒരക്ഷരം പോലും എന്നോട് പറഞ്ഞിട്ടില്ല… എന്നോട് എന്നല്ല ആരോടും.. ഗുണമോ.. ദോഷമോ… ഒന്നും….
പഠിക്കാതെ ഞാൻ കളിച്ചു നടക്കുമ്പോൾ മാത്രം എന്നെ വായിൽ വരുന്നതെല്ലാം പറയുന്ന അമ്മ എന്റെ വേറൊരു കാര്യത്തിലും ഒരു വിധത്തിലും ഇടപെട്ടില്ല എന്നതിൽ അമ്മമ്മ പോലും പലപ്പോഴും ആശ്ചര്യപ്പെടുന്നത് കേട്ടിട്ടുണ്ട്.
അമ്മയേക്കാൾ എന്നെ ചേർത്തുപിടിച്ചത് സുമംഗല അമ്മായി ആയിരുന്നു. അമ്മായി യുടെ കൂടെ ആയിരുന്നു എല്ലായിടത്തും പോകുന്നത് . ദേവികയും ഞാനും തമ്മിൽ ഒരു വേർതിരിവും ഒരിക്കലും കാണിച്ചിട്ടില്ല. ഉത്സവത്തിനും സിനിമക്കും സാധനങ്ങൾ വാങ്ങിക്കാൻ പോകുന്നിടത്തും എല്ലാം അമ്മായിയുടെ വാല് പോലെ ഞാനും ദേവികയും കൂടെയുണ്ടാവും.
അമ്മ വീട്ടിൽ നിന്നും പുറത്തിറങ്ങില്ല. അമ്മമ്മ യുടെ വഴക്കു സഹിക്കാതെ വല്ലപ്പോഴും അമ്പലത്തിൽ ഒന്നു പോകും. പോയ സ്പീഡിൽ തന്നെ തിരിച്ചും പോരും. എന്നും ഒറ്റമരമായി നിൽക്കാൻ ആണോ അമ്മ താല്പര്യപ്പെട്ടിരുന്നത്? അറിയില്ല…
പലപ്പോഴും സ്വന്തം നിഴലിനോട് മാത്രം പിറുപിറുക്കുന്ന, നിഴലിനെ മാത്രം നോക്കി കാണുന്ന അമ്മയെ ആണ് ഞാൻ കണ്ടത്.

