മധ്യവേനൽ അവധി എങ്ങനെ തീർന്നെന്നറിയില്ല. പുഴയിലെ രണ്ടു നേരത്തെ കുളിയും സ്കൂൾ ഗ്രൗണ്ടിലെ കളിയുടെ തിമർപ്പും പുഴക്കരക്കാവിലെ നിത്യ സന്ദർശനവും എല്ലാം തീർന്നു. എസ് എസ് എൽ സി പരീക്ഷയുടെ റിസൾട്ട് വരാൻ സമയമായി. എനിക്കും എന്റെ വീട്ടിലുള്ളവർക്കും വലിയ ആവേശമോ ആകാംക്ഷയൊ ഒന്നും ഇല്ല. കുട്ടേട്ടനും അമ്മാവനും പക്ഷേ റിസൾട്ട് നോക്കിയിരിപ്പാണ്.
ഇവിടെ ഗ്രാമത്തിലുള്ള ഒരു കക്ഷി എല്ലാ വർഷവും എസ് എസ് എൽ സി യുടെ റിസൾട്ട് വരുമ്പോൾ അക്കൊല്ലം പരീക്ഷയെഴുതിയ എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് രാവിലെ തന്നെ റിസൾട്ട് പറയുന്ന ഒരേർപ്പാടുണ്ട്. ഡിഗ്രിക്കു പഠിക്കുന്ന ബാലൻ. കക്ഷിക്ക് അതൊരു ത്രില്ലാണ്. എല്ലാ കുട്ടികളുടെയും റിസൾട്ട് തന്റെ നാവിൽ നിന്ന് തന്നെ കുട്ടികൾ അറിയണമെന്നുള്ളത് ബാലൻ ചേട്ടന് നിർബന്ധമാണ്.
മെയ് മാസം അവസാന നാളൊന്നിൽ രാവിലെ ബാലൻചേട്ടൻ എന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു.
“ശാരീ, നീ ജയിച്ചെടീ. നീ ഇതെങ്ങനെ സാധിച്ചെടുത്തു? നീ ഒരു മണുങ്ങൂസ് ആണെന്നാ ഞാൻ വിചാരിച്ചെ. കാക്ക മലർന്നു പറക്കുന്നുണ്ടോ? ആവോ…”.
“ആ.. പിന്നെ ഈ വർഷം വിജയ ശതമാനം കൂടുതലാ. നിന്റെ സ്കൂളിലെ എല്ലാവരും ജയിച്ചു. ഞങ്ങൾ ഒക്കെ എഴുതിയ വർഷം എന്തു സ്ട്രിക്ട് മാർക്കിടീൽ ആയിരുന്നു….”
“ശരി, പോട്ടെ… ഒന്നു രണ്ടു വീട്ടിൽ കൂടി പോകാനുണ്ട്.വേഗം ചെല്ലട്ടെ..”
അമ്മമ്മ മുറ്റത്തോട്ട് ഇറങ്ങി വന്നു. “എന്റെ പൊന്നു മോൾ ജയിച്ചല്ലോ. നന്നായി.”
എസ് എസ് എൽ സി ബുക്ക് വാങ്ങാൻ സ്കൂളിൽ ചെന്നപ്പോൾ കുറച്ചാളുകൾ അവിടെ കുട്ടികളെ കാത്തു നിൽപ്പുണ്ടായിരുന്നു. ഹെഡ്മാസ്റ്റർ പറഞ്ഞാണ് ഞങ്ങളുടെ ഗ്രാമത്തിൽ പുതിയ കോളേജ് ഈ വർഷം തുടങ്ങുന്നെന്ന് അറിഞ്ഞത്. വന്ന ആളുകൾ ഞങ്ങളെ എല്ലാം പുതിയ കോളേജിൽ ചേരാൻ ക്ഷണിച്ചു.
“ആരും ഇനി ദൂരെ എങ്ങും പോയി പഠിക്കണ്ട. ഇവിടെ അതിനുള്ള സൗകര്യം ഉണ്ടല്ലോ. കൂടുതൽ കുട്ടികൾ ചേർന്നാലേ പുതിയ കോഴ്‌സുകൾ വരുകയുള്ളു. പുതിയ കോഴ്സുകൾ വന്നാൽ അടുത്തുള്ള സ്ഥലങ്ങളിൽനിന്നും ഒക്കെ കുട്ടികൾ ഇവിടെ പഠിക്കാൻ വരും. നമ്മുടെ നാട് പടിപടി ആയി വികസിക്കും…” എന്നൊക്ക അവർ വിശദീകരിച്ചു.
കുട്ടേട്ടന്റെയും അമ്മാവന്റെയും താല്പര്യത്തിൽ ഞാനും കോളേജിൽ ചേർന്നു. ഞങ്ങൾ പ്രീഡിഗ്രി കഴിഞ്ഞ വർഷം ഇംഗ്ലീഷ്, മലയാളം ഡിഗ്രി കോഴ്‌സുകൾ കൂടി കോളേജിന് അനുവദിച്ചു കിട്ടി. ഞാൻ മലയാളം ബി എ ക്കു ചേർന്നു.
ഡിഗ്രി അവസാന വർഷ പരീക്ഷക്കാലത്തു ഒരു ദിവസം പരീക്ഷ കഴിഞ്ഞു വന്നപ്പോൾ അമ്മമ്മ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു,
“മോളെ, മോളുടെ അച്ഛനെ കുറിച്ചു മോൾക്ക് വലിയ അറിവൊന്നുമില്ലല്ലോ. ഒറ്റപ്പാലത്തിനടുത്തു ഒരു സ്കൂളിൽ മാഷ് ആയി ജോലി നോക്കുകയാണ് അദ്ദേഹം. പാലക്കാട് ആണ് ശരിക്കുള്ള വീട്.”
“അത് എനിക്കറിയാം. ഞാൻ കേട്ടിട്ടുണ്ട്. എന്തിനാ അമ്മമ്മ അതൊക്ക പറയുന്നത്?”
“അതല്ല മോളെ, മോളുടെ…..അച്ഛൻ മരിച്ചു. കുട്ടനും ശിവരാമനും അങ്ങോട്ട് പോയിരിക്കയാണ്.”
“നീ പരീക്ഷക്ക് പോയിരിക്കയായിരുന്നല്ലോ.. പിന്നെ നിന്റെ അമ്മയ്ക്ക് ഇഷ്ടമാകുമോന്നു അറിയാത്തതുകൊണ്ടു ആണ് നിന്നെ കൊണ്ട് പോകാഞ്ഞത്…. നിന്നോട് പറയാൻ എന്നെ ആണ് എല്പിച്ചത്.”
ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അമ്മമ്മ വേവലാതിയോട് ചോദിച്ചു…
“മോൾ എന്താ മിണ്ടാത്തെ. മോൾക്ക് പോകണമായിരുന്നോ?”
“ഏ… വേണ്ട. അമ്മമ്മേ. ഞാൻ ഇന്നോളം കണ്ടിട്ടില്ലാത്ത… എന്റെ ഓർമ്മയിൽ പോലും ഇല്ലാത്ത ഒരാളല്ലേ.. പിന്നെ ഞാൻ എന്തിനു പോണം..”
“അമ്മ എന്തു പറഞ്ഞു?”
“ശിവരാമൻ അവളോട് കാണാൻ പോകണ്ടേ എന്ന് ചോദിച്ചപ്പോൾ…. പശുവിനെ അഴിച്ചു കെട്ടണം എന്ന് പറഞ്ഞു പാടത്തോട്ട് ഓടി മറഞ്ഞു.. ഇങ്ങനെ ഒരു ജന്മം.. അല്ലാതെന്തു പറയാനാ..”
അമ്മമ്മയെ വളരെ ദു:ഖിതയായി കാണപ്പെട്ടു.എന്നിൽ ആ വാർത്ത വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല. അമ്മയെ പോലെ നിസ്സംഗത എന്നിലും കുടിയേറിയോ.. ആ.. ആർക്കറിയാം..
അമ്മയിൽ മൃദുല വികാരങ്ങൾക്കു ഒരു സ്ഥാനവുമില്ല എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പശുക്കളോടും അവയുടെ കിടാങ്ങളോടും കൊഞ്ചുന്നതും ചിരിക്കുന്നതും പരിഭവിക്കുന്നതും അവയുടെ തലയിൽ അരുമയോടെ തഴുകുന്നതും സ്നേഹിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്.
എന്തിന്റെയോ പേരിൽ ഒരു മുഖം മൂടി എടുത്തണിഞ്ഞിരിക്കയാണ് അമ്മ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇനി അമ്മയ്ക്ക് വല്ല പ്രണയവും ഉണ്ടായിരുന്നോ?
പുറത്ത് പറയാൻ ധൈര്യമില്ലാതെ ഉള്ളിലൊതുക്കിയതാണെങ്കിലോ?
അമ്മമ്മയോട് ചോദിക്കാൻ പറ്റില്ലല്ലോ. അമ്മമ്മയ്ക്ക് അറിയണമെന്നുമില്ലല്ലോ. ആ… ശിവരാമൻ അമ്മാവനോട് ചോദിച്ചു നോക്കാം.
ഇനി ശിവരാമൻ അമ്മാവനോടായിരുന്നോ? പറയാൻ ഒക്കില്ലല്ലോ.അമ്മാവന് അമ്മയുടെ കാര്യങ്ങളിൽ വളരെ ശ്രദ്ധയാണ്. സ്വന്തം പെങ്ങളാണെന്ന് തന്നെയാണ് കരുതുന്നത്. എന്നോടും വളരെ വാത്സല്യമാണ്. പക്ഷേ, വാസ്തവത്തിൽ മുത്തച്ഛന്റെ ഒരകന്ന ബന്ധുവല്ലേ.
“ശ്ശെ.. ഞാൻ എന്തൊക്ക ആണ് ആലോചിച്ചു കൂട്ടുന്നത്…”
“നിന്റെ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാൻ ശിവരാമൻ ഒത്തിരി ആഗ്രഹിച്ചതാ. പക്ഷേ നിന്റെ അമ്മ സമ്മതിച്ചില്ല.” അമ്മമ്മ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് ശിവരാമൻ അമ്മാവൻ വീട്ടിൽ വന്നു. അമ്മമ്മ വിവരങ്ങൾ ഒക്കെ ചോദിച്ചു.
“കുറച്ചു നാളായി ശ്വാസം മുട്ടലും മറ്റും കലശലായിരുന്നു. ചെറുപ്പത്തിലേ ഉള്ള അസുഖം… മാഷ് പിന്നെ ആരോഗ്യകാര്യത്തിൽ ഒട്ടും ശ്രദ്ധാലു അല്ലായിരുന്നു. തണുപ്പും ചൂടും മഴയും ഒന്നും നോക്കാതെ അങ്ങ് നടക്കും. സ്കൂളിൽ വെച്ചു തന്നെയാണ് അസുഖം കൂടിയതും ആശുപത്രിയിൽ ആക്കിയതും. കുറച്ചു ഭേദമായി ഡിസ്ചാർജ് ചെയ്യാൻ ഇരുന്നപ്പോഴാണ് ഇന്നലെ പെട്ടെന്ന് രോഗം കടുത്തത്.”
“മാഷിന്റെ അമ്മ ജീവിച്ചിരിപ്പില്ല. അനിയത്തിയും കുടുംബവുമാണ് തറവാട്ടിൽ. തറവാട്ടിലേക്ക് കൊണ്ട് പോയി.”
“ആരേലും ഇവിടുത്തെ കാര്യം ചോദിച്ചോ?”
അമ്മമ്മ.
“ഇല്ല. ആശുപത്രിയിൽ ആയിരുന്നപ്പോൾ ഇവിടെ അറിയിക്കണോന്ന് ചോദിച്ചപ്പോൾ വേണ്ട എന്നു പറഞ്ഞെന്ന് മറ്റു ടീച്ചർമാർ പറഞ്ഞു.”
അമ്മാവൻ അകത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“അവൾ പറമ്പിൽ പുല്ല് ചെത്താൻ പോയിരിക്കുവാ. ” അമ്മമ്മ.
“മാഷ് ജോലിയിൽ ഇരുന്നു മരിച്ചതുകൊണ്ട് അവകാശികൾക്ക് ജോലി കിട്ടുമായിരിക്കും എന്ന് സ്കൂളിലെ ടീച്ചർമാർ പറഞ്ഞു. പെൻഷനുള്ള കാര്യങ്ങൾ ചെയ്യണം. കുട്ടനോട് എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. പെട്ടെന്ന് തന്നെ അതൊക്ക ചെയ്യണം. ” അമ്മാവൻ പറഞ്ഞു.
ഡിഗ്രിയുടെ റിസൾട്ട് വന്ന് അധികം താമസിയാതെ തന്നെ അച്ഛന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ജോലിക്കുള്ള പോസ്റ്റിങ്ങ് ഓർഡർ വാങ്ങിച്ചു. എന്നും പോയി വരാവുന്ന ദൂരത്തല്ല. അമ്മാവനും കുട്ടേട്ടനും ആണ് ജോയിൻ ചെയ്യാൻ കൂടെ വന്നത്.
അമ്മമ്മ നിറ കണ്ണുകളോടെ പറഞ്ഞു..”.ഓരോരോ വിധി… അല്ലാതെന്താ?”
“അച്ഛന്റെ ലാളനയോ സ്നേഹമോ വിധിച്ചിട്ടില്ലാതിരുന്ന എന്റെ കുഞ്ഞിന് ഒരു വലിയ സമ്മാനം കരുതി വെച്ചിരുന്നോ മരണശേഷം? ”
ഓഫീസിലെ ഒരു സഹപ്രവർത്തക തന്നെ വർക്കിംഗ് വിമൻസ് ഹോസ്റ്റലും ഒപ്പിച്ചു തന്നു. ആദ്യമായിട്ട് വീട്ടിൽ നിന്ന് മാറി താമസിക്കയാണ്. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വന്നു പോകാം.
അത്തവണ വീട്ടിൽ വന്നപ്പോൾ അമ്മമ്മയ്ക്ക് കുറച്ച് വയ്യാഴ്ക ഉള്ളതായി തോന്നി. എന്നും തന്നെ പ്രതീക്ഷിച്ചു മുൻവശത്തു തന്നെ കാണാറുള്ള അമ്മമ്മയെ കാണാഞ്ഞിട്ട് ‘അമ്മമ്മേ ‘ എന്ന് വിളിച്ചു കൊണ്ട് അകത്തു ചെന്നപ്പോൾ മുറിയിൽ വെറുതെ എന്തൊക്കെയോ ആലോചിച്ച് കിടക്കുന്നു.
“എന്തു പറ്റി? ഈ നേരത്തു കിടപ്പ് സാധാരണ അല്ലല്ലോ? വയ്യാഴ്ക വല്ലതും ഉണ്ടോ അമ്മമ്മേ….”
“ഒന്നുമില്ല.. മോളേ.. വാ.. ഇവിടെ വന്നിരുന്നേ.. ”
കുശാലാന്വേഷണങ്ങൾക്ക് ശേഷം അമ്മമ്മ ഒരു കാര്യം എടുത്തിട്ടു.
“മോളേ, ഒരു ആലോചന വന്നിരിക്കുന്നു. നീ അറിയില്ലേ, ബാലനെ.. അവന് നിന്നെ വിവാഹം കഴിക്കാൻ താല്പര്യമാണെന്ന് ശിവരാമനോട് പറഞ്ഞയച്ചിരിക്കുന്നു. ”
ഒന്നും മിണ്ടിയില്ല. അമ്മമ്മയുടെ മുഖത്തേക്ക് നോക്കി വെറുതെ ഇരുന്നു.
“മോളെന്താ ഒന്നും പറയാത്തത്? അവർക്ക് വലിയ താല്പര്യമാണെന്ന് ശിവരാമൻ പറഞ്ഞു. സാമ്പത്തികമായും കുടുംബപരമായും നമ്മളെക്കാൾ മുൻപന്തിയിൽ നിൽക്കുന്ന കുടുംബമല്ലേ.എന്നാണേലും കല്യാണം വേണമല്ലോ.”
“ആ… ഏതായാലും മോൾ മുഖവും കൈയും ഒക്കെ കഴുകി വാ. നല്ല അട ഉണ്ടാക്കിയിട്ടുണ്ട്.”
“ശരി. അമ്മമ്മേ..”. പതുക്കെ എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ അമ്മമ്മ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“ഞാൻ പറഞ്ഞത് പൊന്നുമോൾ ഒന്നാലോചിയ്ക്ക്.. എന്റെ കണ്ണടയുന്നതിനു മുമ്പേ നിന്നെ സുമംഗലിയായി കാണണം… അതെന്റെ മോഹമാണ്.. എന്റെ പ്രാർത്ഥനയും…”
തിരിഞ്ഞു നിന്ന് അമ്മമ്മയെ കെട്ടിപ്പിടിച്ചു.
ചെമ്പകപ്പൂവിന്റെ നേർത്ത സുഗന്ധമാണ് എന്റെ അമ്മമ്മക്ക് എന്നും. അമ്മമ്മയുടെ വാത്സല്യം ചെറു സൗരഭ്യമായി എന്നിലേക്ക് ഒഴുകി വന്നു.
“എന്നെകുറിച്ച് ഓർത്താണോ അമ്മമ്മയ്ക്ക് ഒരു പാരവശ്യം? ഇപ്പോൾ എനിക്ക് ഒരു ജോലി ഇല്ലേ അമ്മമ്മേ.. നമുക്ക് ബന്ധുക്കൾ കുറവാണെങ്കിലും ഉള്ളവർ എത്ര സ്നേഹമുള്ളവരാണ്? അമ്മാവനും കുടുംബവും എത്ര നല്ലവരാണ്? നമുക്ക് അവരൊക്കെ മതി അമ്മമ്മേ.”


1 Comment
Pingback: ഋതുഭേദങ്ങൾ പാർട്ട് - 1 - By Rani Varghese - കൂട്ടക്ഷരങ്ങൾ