നീലാഞ്ജന സിറ്റൗട്ടിൽ കയറിയപ്പോൾ തന്നെ അകത്തു നിന്നു മകന്റെ മകൾ നക്ഷത്രയുടെ ചിരി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.
‘ഓ… ശ്രീകാന്ത് എത്തിയിട്ടുണ്ടു്’, അവർ നിശ്വസിച്ചു.
വീടിനു മുന്നിലെ നെയിം ബോർഡിൽ അല്പനേരം എന്നും അവളുടെ കണ്ണുകൾ തങ്ങി നിൽക്കും. ഓർമ്മകൾ അവരെ പിറകിലേക്ക് കൈപ്പിടിച്ചു വലിക്കും.
എന്നത്തേയും പോലെ രോഗികളുടെ നീണ്ട ക്യൂ അവളെ തളർത്തിയിരുന്നു. നീണ്ട ഔദ്യോഗികജീവിതം നാളെ അവസാനിക്കുകയാണ്. എന്താണ് ഇപ്പോൾ എന്നെ ഭരിക്കുന്ന വികാരം? അവർ തന്നോടു തന്നെ ചോദിച്ചു..
ആത്മസംതൃപ്തി, സഹാനുഭൂതി, പകരം വീട്ടലിന്റെ സുഖം എന്തായിരുന്നു?
തിരക്കില്ലാതെ സ്വസ്ഥമായി ജോലി ചെയ്യാൻ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് മാറിക്കൂടെയെന്ന് ചോദിക്കുന്ന കൂട്ടുകാരോടു് അവൾ മറുപടി ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കും.
‘ഞാനും സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കാത്തു നിന്നിരുന്ന പാവപ്പെട്ടവളായിരുന്നു.’
വലിയ തറവാട്ടുപ്പേര് വാലായി പേരിനൊപ്പം കൂടിയിരുന്നുവെങ്കിലും ആ കൂട്ടുകുടുംബത്തിൽ വേലക്കാരിയുടെ അന്തസ് പോലുമില്ലാതെ ജീവിച്ച ഒരമ്മയും മകളും. സ്വന്തം സുഖം മാത്രം തിരഞ്ഞ ധൂർത്തനായ അച്ഛന്റെ മകൾ. സഹിക്കാൻ മാത്രമറിയുന്ന ഒരു സാധ്വിയായിരുന്ന തന്റെ അമ്മ.
അച്ഛന്റെ വഴിവിട്ട ജീവിതവും ധൂർത്തും വരുത്തിവെച്ച ബാധ്യതകൾ. പെരുകുന്ന കടം പ്രളയമായി, അച്ഛന്റെ സ്വത്ത് മുഴുവനായും വിഴുങ്ങിയപ്പോൾ അടുക്കളയിൽ ശമ്പളമില്ലാത്ത വേലക്കാരിയായി മാറിയ അമ്മ.
അപ്പൂപ്പനും അമ്മൂമ്മയും വല്യച്ഛനും കുടുംബവും രണ്ടു ചെറിയച്ഛന്മാരും അവരുടെ കുടുംബവും വിരുന്നു പാർക്കാൻ വരുന്ന അമ്മായിമാരും കുട്ടികളും നിറഞ്ഞ തറവാട്.
ധാരാളം മുറികളുള്ള വീട്ടിൽ എല്ലാ മുറികളിലും ആളുകൾ അന്തിയുറങ്ങി. കളം നിറയുന്ന നെല്ലും തേങ്ങയും അടയ്ക്കയും കുരുമുളകും സമ്പന്നതയുടെ അടയാളമായിരുന്നു.
വലിയ പടിപ്പുരയും നടപ്പാത അവസാനിക്കുന്ന വിശാലമായ മുറ്റവും പൂമുഖത്തു തൂങ്ങുന്ന പൊൻ നിറമുള്ള തൂക്കുവിളക്കുകളും തറവാടിന്റെ പ്രൗഢി വിളിച്ചോതി.
“വത്സേ… വിളക്ക് തീരെ മങ്ങീലോ. ഇതൊന്നു തേച്ചു വെളുപ്പിക്കാൻ ഇനി ഞാൻ നെന്നോട് പറയണംന്നുണ്ടോ?”, രക്തചന്ദനം കൊണ്ടു കുറിയിട്ട അമ്മൂമ്മയുടെ നെറ്റി ചുളിഞ്ഞു.
“കൈ ഒഴിവു കിട്ടീല്ല…”, കൂറ്റൻ ചെമ്പുവട്ടകയിൽ അലക്കാനുള്ള വെള്ള തുണി പുഴുങ്ങിയെടുക്കുന്ന അമ്മ മുറ്റത്തെ വലിയ അടുപ്പിലേക്ക് ഉണങ്ങിയ ഓലച്ചുരുൾ തള്ളിക്കയറ്റി. അമ്മയുടെ മുഖം വിയർപ്പിൽ കുതിർന്നിരുന്നു. അവധിക്കു വന്ന അതിഥികൾ അവരുടെ ജോലിഭാരം ഇരട്ടിയാക്കി. കളിക്കുന്ന കുട്ടികളുടെ ആരവത്തിനു മുകളിൽ അമ്മൂമ്മയുടെ സ്വരം പൊന്തി.
“ഈ അശ്രീകരത്തിനും ആവലോ. മൂന്നു നേരോം തിന്ന്ണില്ലേ?”, അമ്മയുടെ അടുത്ത് ചുറ്റിപ്പറ്റി നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് പാറി വീണ നോട്ടം. ജനിച്ച സമയദോഷം, അച്ഛനും അമ്മയ്ക്കും കഷ്ടപ്പാടു നൽകിയ മകളായി നീന. കുഞ്ഞിന്റെ ദോഷമാണ് തന്റെ മകന്റെ സ്വഭാവദ്യൂഷ്യത്തിന് കാരണമെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുന്ന അമ്മൂമ്മ.
‘അശ്രീകരം’ എന്ന വിളി കേട്ടു തഴമ്പിച്ച കാതുകൾ. ശ്രീയില്ലാത്ത കുട്ടിയെ അതല്ലാതെ എന്തു വിളിയ്ക്കാൻ?
അർച്ചനയും അനുരാഗും പ്രിയങ്കയും അഹാനയും ശ്രീയേഷും പിന്നെ അവർക്കു ചുറ്റുമുള്ള മറ്റു കുട്ടികളും അവളുടെ നേരെ തിരിഞ്ഞു. അവരുടെ കണ്ണുകളിൽ നിമിഷനേരം കൊണ്ടു പല ഭാവങ്ങൾ നീണ്ടു വന്നു. പരിഹാസവും കരുണയും ശോകവും അതിലുണ്ടായിരുന്നു.
“അശ്രീകരം, അതാല്ലെ നിന്റെ പെറ്റ് നെയിം?”, അമ്മായിയുടെ മകൻ രോഹിത് അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. തമാശ ആസ്വദിക്കുന്ന മട്ടിൽ, കൂട്ടത്തിൽ ചിലർ അവളെ നോക്കി ആർത്തുവിളിച്ചു.
ഒരു ഉറുമ്പിനെ പോലെ തിരുമ്പി പൊടിച്ച് സ്വയം ചാവാൻ അവൾക്ക് തോന്നി.
“അല്ല, എനിക്കൊരു നല്ല പേരുണ്ട്, നീലാഞ്ജന, നീന എന്നൊരു ചുരുക്കപ്പേരും”, അവൾക്കു ഉറക്കെ പറയണമെന്നു തോന്നി. പക്ഷെ വാക്കുകൾ ഗദ്ഗദം വിഴുങ്ങി. വെളുത്തു മെലിഞ്ഞ പെൺകുട്ടിയുടെ ദുഃഖം, കവിൾ നനയിച്ചു ഒഴുകി.
“സാരല്യ… കരയാതെ”, ദീപ ചേച്ചി’ അവളുടെ മുഖം തുടച്ചു.
“ഇങ്ങട് വരൂ, ആ ചെറുക്കന് ബോധല്യ, അവനു ഞാനൊരു പണി കൊടുക്കുന്നുണ്ട്”, നീനയെക്കാൾ രണ്ടു വയസു മൂപ്പുള്ള ദീപ ചേച്ചി അവളെ ആശ്വസിപ്പിച്ചു.
തൊടിയിലെ കുളത്തിൽ കുട്ടികൾ എല്ലാവരും ചേർന്നു നീന്തിയും വെള്ളം തെറിപ്പിച്ചും കളിക്കുന്ന നേരം. ഒച്ചയനക്കത്തിൽ കുളക്കരയിലെ പച്ചത്തഴപ്പിൽ നിന്നും തവളകൾ ഒന്നിച്ചു് കുളത്തിലേക്ക് എടുത്തുച്ചാടി. നീന അവയുടെ പിൻകാലുകളുടെ ചലനം നോക്കി നിൽക്കുകയായിരുന്നു.
പെട്ടെന്ന് ദീപ ചേച്ചി രോഹിതിനെ പിടിച്ച് വെള്ളത്തിൽ മുക്കി.
“പറയ്… എന്താ ഇവളുടെ പേര് ?, നീനയുടെ നേരെ വിരൽ ചൂണ്ടി.
“നീലാഞ്ജന…നീന “, ശ്വാസമെടുക്കാൻ പിടയുന്നതിനിടയിൽ തല കുടഞ്ഞ് അവൻ വിളിച്ചു പറഞ്ഞു.
“ങാ… അപ്പോ നിക്കറിയാം ല്യേ, ഇനി പേര് അതു മതി ട്ടോ”, ദീപചേച്ചി പിടുത്തം വിട്ടു, നീനയെ നോക്കി ചിരിച്ചു.
ഓർമ്മകളുടെ തിരയിളക്കത്തിൽ അവൾ മുങ്ങാംങ്കുഴിയിട്ടു. കുളത്തിലെ വെള്ളത്തിന്റെ തണുപ്പിൽ, അന്നു പറയാൻ ആശിച്ചത്, അവൾ പറഞ്ഞു
‘ദീപ ചേച്ചി… ഇന്നെനിക്ക് മറ്റൊരുപേരു കൂടിയുണ്ട്, പാവങ്ങളുടെ ഡോക്ടർ ‘, അവൾ ആത്മഗതം ചെയ്തു.
അവൾക്ക് പെട്ടെന്നു ഒന്നിച്ചു വളർന്ന അവരെ കാണണമെന്നു തോന്നി.
മന്ദാകിനിയും അളകനന്ദയും നദികൾ സരസ്വതി നദിയുമായി ചേർന്ന് ദേവപ്രയാഗയിൽ ചേർന്ന് ഒന്നായി ഒഴുകിയ ദേവസ്പർശം ഒപ്പിയെടുത്ത്, ചിലപ്പോൾ ബാല്യകാല കുതൂഹലങ്ങൾ അവളെ തൊടും.
ഒന്നിച്ച് നാട്ടുവഴിയിലൂടെ സ്കൂളിലേക്ക് നടന്നു പോകുമ്പോൾ, വഴി നീളെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ ഓർമ്മയിൽ, ബാല്യം ചിരിച്ചും കരയിച്ചും അവളെ നനച്ചു. ആ കൂട്ടത്തിലും അവൾ നല്ലൊരു കേൾവിക്കാരി മാത്രമായിരുന്നു. അവൾക്കെന്തിനും ഭയമായിരുന്നു, ഒന്ന് തുറന്ന് മിണ്ടാനും ഉറക്കെ ചിരിക്കാനും അവൾ മറന്നു.
അവർ ഒന്നിച്ചു പെറുക്കിയെടുത്ത ചുവന്ന മഞ്ചാടിക്കുരുവും വളപ്പൊട്ടുകളും പങ്കു വെച്ചു. നുള്ളിപ്പെറുക്കിയെടുത്ത നീരോലിപ്പഴവും കുലകളായി പറിച്ചെടുത്ത ചാമ്പക്കയും തുടുത്തുരുണ്ട പേരക്കയും അവരൊന്നിച്ച് കടിച്ചു മുറിച്ചു തിന്നു. ആ കൂട്ടുകെട്ടും കൊച്ചുസന്തോഷങ്ങളും ആയിരുന്നല്ലോ തന്റെ കുരുന്നു മനസിലെ മുറിവുകൾ ഉണക്കിയിരുന്നത്, അവൾ ഓർത്തു.
മുല്ലപ്പൂവും കനകാബരവും വാഴനൂലിൽ കൊരുത്ത് ഈറൻ മുടിയിൽ ചൂടി ദീപാരാധന തൊഴാൻ അമ്പലത്തിൽ പോകുമായിരുന്നു. കൽവിളക്കുകളിൽ എരിയുന്ന തിരികൾ ആ സന്ധ്യകളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.
ചില സന്ധ്യകൾ ഇന്നും നീനയെ നല്ലോർമ്മകളുടെ പുഞ്ചിരിയിൽ നക്കിതോർത്തും.
“ഏയ്.. വാ നമുക്ക് പോകാം. തിരിച്ചെത്താൻ വൈകിയാൽ അമ്മൂമ്മ വഴക്കു പറയും”, അർച്ചന, കൽവിളക്കിൽ നോക്കി, സ്വയം മറന്നു നിൽക്കുന്ന നീനയെ പിടിച്ചു വലിച്ചു.
നീന വ്യത്യസ്തയായിരുന്നു. സന്തോഷമായാലും ദുഃഖമായാലും മനസ്സിൽ കൂടുകൂട്ടിയാൽ പിന്നെയവിടെ തറഞ്ഞു പോകും. സ്വയം പറിച്ചെടുക്കാൻ സമയമെടുക്കും. ആഴത്തിൽ ഊന്നിയ വേരുകൾ മുറിയുമ്പോൾ, നോവുന്ന ചെടിയായിരുന്നു
നീന.
പാലമരച്ചോട്ടിൽ നിന്ന് കൊഴിഞ്ഞു വീണ പൂക്കൾ പെറുക്കിയെടുക്കുമ്പോൾ, കയ്യാലയിൽ വിരിച്ച പുൽപ്പായിലിരുന്ന് യക്ഷികഥ പറയുന്ന ചെറിയമ്മായിയുടെ കഥകളിലെ യക്ഷികളെ ഭയന്നു. ആഞ്ഞിലി മരത്തിനു പിന്നിൽ ഒളിച്ചു നിന്ന് വല്യച്ഛന്റെ മകൻ, ഒച്ചയിട്ടു പേടിപ്പിക്കുമ്പോൾ, പെറുക്കിയെടുത്ത പൂക്കൾ കുടഞ്ഞെറിഞ്ഞു ഓടിയ അവധിക്കാലം. അമളിയുടെ ചമ്മൽ തീർക്കുവാൻ, വാ തുറന്ന് ഉറങ്ങിക്കിടക്കുന്ന അവന്റെ വായിൽ അർച്ചന ഉപ്പുക്കല്ല് കോരിയിട്ടു. വാതിൽ മറഞ്ഞു നിൽക്കുന്ന താനും ദീപ ചേച്ചിയും. വായ് കനച്ചു, തുപ്പി എഴുന്നേറ്റിരുന്ന അവന്റെ കാറിക്കരച്ചിൽ കേട്ടു വല്യച്ഛൻ ഓടിയെത്തി. പക്ഷെ ശിക്ഷ നീനയ്ക്കു മാത്രമായിരുന്നു.
“മര്യാദയ്ക്കു വളർന്നോണം, നിനക്ക് ഉപദ്രവിക്കാനുള്ളതല്ല എന്റെ മകൻ. നിന്നെ ഞാൻ തല്ലി നേര്യാക്കും”, ആക്രോശങ്ങളിൽ അവൾ കരഞ്ഞില്ല. അവൾക്കത് ശീലമായിരിക്കുന്നു.
ഭയന്നു വിറച്ച ദീപ ചേച്ചിയും അർച്ചനയും വാതിൽ മറയിലൊളിച്ചു. അന്നവളുടെ ചോറിൽ ഉപ്പു കയ്ച്ചു.
രാത്രിയിൽ, കാലിൽ തിണർത്ത ചൂരൽപാടുകളിൽ അമ്മ തഴുകി.
” ഞാനല്ല, അമ്മ “, അണക്കെട്ടിയ കണ്ണീർ പുറത്തേക്കൊഴുകി.
“അറിയാം”, അമ്മയുടെ സ്വരം, ആഴത്തിൽ എവിടെയൊ ചെന്നുതട്ടി മുഴങ്ങി. മച്ചിലേക്ക് കൺമിഴിച്ച് നോക്കി കിടന്നിരുന്ന അമ്മയെ പുണർന്ന് അവൾ എപ്പോഴൊ മയങ്ങി. പുറത്തെ കൊഴുത്ത ഇരുട്ടിൽ, കാറ്റുതിർന്നു, ഉണക്കയിലകൾ തമ്മിലുരസി.
നെയിം ബോർഡിൽ തന്നെ നോക്കി നിൽക്കുന്ന നീനയെ ശ്രീകാന്ത് വിളിച്ചു.
“ഹേയ് വീടു തെറ്റിയിട്ടില്ല, കയറി പോന്നോളൂ “, അയാൾ നീനയെ നോക്കി ചിരിച്ചു.
“എന്താ ഇന്നും ഓർമകൾ പഴയ തറവാട്ടിലേക്കൊന്ന് പോയി ഊരു ചുറ്റിയോ?”, അയാൾ കരുതലോടെ അമ്മയെ ചേർത്തുപിടിച്ചു.
“ഉം… ചില ഓർമ്മകൾ അങ്ങനെയാണ്, നമ്മളെ വഴിയറിയാത്തവരാക്കും”, അവർ അയാളെ ഉററുനോക്കി.
“വിട്ടുകളയൂ അതെല്ലാം, കുറെ വർഷങ്ങളായി അമ്മയെ ഞെരക്കുന്നുണ്ടല്ലോ. നക്ഷത്ര ഓണത്തിന് നാട്ടിൽ വേക്കേഷൻ പോകാനുള്ള ത്രില്ലിലാണ്, അമ്മ കുളിച്ച് ഫ്രഷാകൂ. അവൾ ചോക്ളേറ്റ് ഡ്രിങ്ക്സ് കുടിച്ചു വയറു നിറച്ചു അമ്മൂമ്മയെ കാത്തിരിക്കാണ്. ”
“നിരോഷ വിളിച്ചില്ലെ?, നീന മകനോടു മരുമകളെ കുറിച്ച് അന്വേഷിച്ചു.
“ങാ… അവൾ നാളെ രാത്രിയെത്തും. നാളെ ഉച്ചയോടെ ട്രെയ്നിംഗ് തീരുമല്ലോ.”
നക്ഷത്ര ഭാഗ്യവതിയാണ്, നീന കരുതി, ശ്രീകാന്തിനെ പോലെ ഒരച്ഛനെ കിട്ടിയല്ലോ. മകളുടെയടുത്ത് കൂട്ടുകാരനാകുന്ന ശ്രീകാന്ത്. നഗരത്തിലെ പ്രശസ്തരായ ന്യൂറോളജിസ്റ്റുകളുടെ നിരയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു.
“ഞാൻ നമുക്കൊരു കോഫിയെടുക്കാം”, അയാൾ അടുക്കളയിലേക്ക് നടന്നു.
നക്ഷത്ര പല നിറത്തിലും പല ഫാഷനിലും ഉള്ള ഒരു കെട്ടു വസ്ത്രങ്ങൾ കൊണ്ടുവന്നു സോഫയിലിട്ടു.
“ഹേയ്, ഇതിൽ ഏതൊക്കെയാണ് ഞാൻ പാക്ക് ചെയ്യേണ്ടത്? ദാറ്റ് മജന്ത കളർ ആൾ റെഡി സെലക്റ്റഡ് “, അല്പം മാറ്റിയിട്ടിരുന്ന ഡ്രസ്സിലേയ്ക്കവൾ കൈചൂണ്ടി.
“ഉം… “, നീന മൂളി, അവളുടെ വിരലുകൾ തുണിയിൽ തടവിക്കൊണ്ടിരുന്നു.
പിഞ്ഞി തുടങ്ങിയ ഉടുപ്പുകളും ദാനമായി കിട്ടിയ പാകമാകാത്ത ഉടുപ്പുകളും മാത്രം ധരിച്ചു ശീലിച്ചവളായിരുന്നല്ലോ നീന.
വീട്ടിൽ എല്ലാവർക്കും ഓണക്കോടി വാങ്ങുമ്പോൾ, അവസാനത്തെ ഊഴം, അവൾക്കായി എറിഞ്ഞു കൊടുക്കുന്ന തുണിത്തുണ്ട്. വലിയ തുണിക്കെട്ടിൽ കണ്ട വാടാർമല്ലിപ്പൂവിന്റെ നിറം അവളെ കൊതിപ്പിച്ചിരുന്നു. കുട്ടികളുടെ തുണി പങ്കുവെയ്ക്കുമ്പോൾ, വല്യമ്മ അതു തനിക്ക് തന്നിരുന്നുവെങ്കിൽ എന്നവൾ കൊതിച്ചു. ജിജ്ഞാസ അവളിൽ അസ്വസ്ഥതയുണ്ടാക്കി.
മങ്ങിയ നീല നിറമുള്ള വിലകുറഞ്ഞ തുണി അവർ അവളുടെ നേർക്കെറിഞ്ഞു. തന്റെ കാല്പാദം തൊട്ടു വീണ ഓണക്കോടി അവൾ കുനിഞ്ഞെടുത്തു. കയ്ക്കുന്ന കാരുണ്യം കടിച്ചിറക്കി. പക്ഷെ അർച്ചനയുടെ കൈയിലിരിക്കുന്ന പട്ടുതുണിയുടെ കടുത്ത നിറവും തിളക്കവും അവളുടെ കണ്ണുകൾ പിന്തുടർന്നു.
വടക്കെപ്പുറത്തെ ഉമ്മറത്തൂണിൽ നീന ചുററിപ്പിടിച്ചു നിന്നു. മുററമടിക്കുന്ന പാറു വെററിലക്കറ പറ്റി, ഉന്തി നിൽക്കുന്ന പല്ലുകൾ കാട്ടി അവളെ നോക്കി ചിരിച്ചു.
“ഓണക്കോടി ഇഷ്ടപ്പെട്ടോ കുട്ടിക്ക്?”
ഇല്ലെന്ന് പറയും മുമ്പ് അമ്മ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ച് അവളെ വിലക്കി.
” ഉം… ഉം… “, അവൾ മെല്ലെ തല കുലുക്കി, മുററത്തിന്റെ അതിരിലെ വാടാർമല്ലിപ്പൂക്കളും കനകാംബരവും നോക്കി നിന്നു. കത്തിനിന്ന ഉച്ചവെയിൽ പൂക്കളെ തളർത്തിയിരുന്നു.
“സാരല്യ… അർച്ചനേടെ പഴേ ഓണക്കോടി കേടായിട്ടില്ല, നിനക്കിപ്പഴും പാകാവും അതുടുക്കാം”, കൂടുതൽ പ്രതീക്ഷിച്ച മോളുടെ കവിളിൽ തഴുകി, അമ്മ പറഞ്ഞു.
“ആർ യു ഡ്രീമിങ്ങ് ഗ്രാൻഡ്മാ?”, നക്ഷത്ര അവളുടെ താടി പിടിച്ചുയർത്തി.
“ഹേയ്.. ഇല്ല, മോൾക്കിഷ്ടമുള്ളത് എടുത്ത് പാക്ക് ചെയ്യൂ”, നക്ഷത്ര തോളറ്റം വെട്ടിയ മുടി കുലുക്കി.
“നാട്ടിലെ വീടിന്റെ മുററത്തും നിന്ന് കുറേ ഫെസ്റ്റിവെൽ ഫോട്ടോസ് എടുക്കണം, അവിടത്തെ സീനറിയൊക്കെ നല്ല ബാക്ക്ഗ്രൗണ്ട് ആകുമല്ലേ?, ഞാനതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. ”
“അങ്ങനെയെങ്കിൽ പട്ടുപാവാടയും അതിന് മാച്ച് ചെയ്യുന്ന ആക്സസറീസും കൂടി എടുത്തു വെച്ചോളൂ. ”
“ഓക്കെ”, അവൾ സന്തോഷത്തോടെ കുലുങ്ങി ചിരിച്ചു.
“ഞാനൊക്കെ ഒരു കമ്മലിനു വേണ്ടി എത്ര കൊതിച്ചിട്ടുണ്ടെന്നോ? “, നീനയുടെ മുഖത്ത് കരിമേഘങ്ങൾ പരക്കുന്നതവൾ കണ്ടു.
നീനയുടെ കാതിലെ ചുവന്ന ഒററക്കല്ലുള്ള കമ്മൽ ഊരിയെടുക്കുന്ന അച്ഛനോടു കെഞ്ചി കരയുന്ന അമ്മ.
“അവളുടെ ദേഹത്തെ അവസാനത്തെ പൊന്നിൻത്തരിയല്ലേ, അതെങ്കിലും ബാക്കി വെച്ചു കൂടെ?”
“ങും.. മാറടീ അവ്ട്ന്ന്”, അച്ഛൻ അമ്മയെ തള്ളി മാററി, കമ്മൽ ഊരി, ഷർട്ടിന്റെ പോക്കറ്റിലിട്ട് പടിയിറങ്ങി. അയാൾക്ക് ഒന്നോ രണ്ടോ ദിവസത്തെ മദ്യപാനത്തിനു തുക കണ്ടെത്തിയ സന്തോഷമായിരുന്നു.
അമ്മയുടെ കരിപടർന്ന സാരിയുടെ പുറകിൽ മറഞ്ഞു നിന്നിരുന്ന പെൺകുട്ടിയുടെ വലിയ കണ്ണുകളിൽ അപ്പോൾ ദുഖത്തിന് ഇടം കൊടുക്കാത്ത ഭയമായിരുന്നു.
ആ അച്ഛൻ കരൾ വീക്കം കൂടുതലായി ചോര ശർദിച്ചു അവശനായിരിക്കുമ്പോൾ അയാളെ കുറിച്ച് വ്യാകുലപ്പെട്ടിരുന്ന അമ്മ, നീനയ്ക്കു എന്നും അത്ഭുതമായിരുന്നു.
“സ്വയം വരുത്തി വെച്ചതല്ലെ, അനുഭവിക്കട്ടെ. ചേലോട്ട് തറവാട്ടീന്ന് അവനു വേണ്ടി ഒറ്റ ചില്ലിക്കാശു ഞാൻ ചിലവാക്കില്ല”, പണപ്പെട്ടിയുടെ താക്കോൽ കറക്കി അപ്പൂപ്പൻ മുരണ്ടു.
തന്റെ ശമ്പളം സ്വന്തമായി ചിലവഴിക്കാനുള്ള അധികാരമില്ലാത്ത ചെറിയച്ഛൻ മെല്ലെ പറഞ്ഞു.
“അച്ഛനിങ്ങനെ പറഞ്ഞാൽ വത്സേട്ടത്തിയെന്തു ചെയ്യാനാണ്?”
“തലയിരിക്കുമ്പോൾ വാലാടണ്ട, തന്നോടാരും ഇവിടെ അഭിപ്രായം ചോദിച്ചില്ല, വല്ല സർക്കാരാശുപത്രിയിലും പോട്ടെ” , വല്യച്ഛന്റെ ശബ്ദം മുഴങ്ങി. അപ്പൂപ്പൻ ശരിയെന്ന മട്ടിൽ തുടയിൽ ഉറക്കെ തട്ടി.
തൂക്കുവിളക്കുകളുടെ പ്രഭയിലും ചെറിയച്ഛന്റെ മുഖം വിവർണമായി. വാതിൽപ്പാളിയിൽ മറഞ്ഞു നിന്ന അമ്മ നിറഞ്ഞ കണ്ണുകളും നനഞ്ഞ മുഖവും അമർത്തി തുടച്ചു.
ആശുപത്രിയുടെ വരാന്തയിൽ രോഗവും വേദനയും ദാരിദ്രവും അവഗണനയും ആധിപത്യം സ്ഥാപിക്കുന്നവരുടെ ഇടയിൽ അച്ഛനമ്മമാരോടൊപ്പം അവളും കാത്തിരുന്നു. നീനയ്ക്കു സർക്കാർ ആശുപത്രിയിൽ, പാവങ്ങളുടെ ഡോക്ടറാകണമെന്ന് തോന്നിയതും അപ്പോൾ തന്നെ. ആഗ്രഹം അവളിൽ കുന്നോളം വളർന്നു.
വിളക്കുകൾ അണഞ്ഞു തുടങ്ങിയ രാത്രിയിലും തറവാട്ടിലെ കിഴക്കെയററത്തെ ഏറ്റവും ചെറിയ മുറിയിൽ അവൾ കുനിഞ്ഞിരുന്നു വായിച്ചു പഠിച്ചു. പല മുറികളിൽ നിന്നും നീക്കം ചെയ്യപ്പെട്ട്, അവസാനം പതിച്ചു കിട്ടിയ അവളുടെ പഠനമുറിയുടെ കിടുസത്തിൽ അവൾ പലപ്പോഴും ആലോചിച്ചു.
“ഈ വലിയ കുടുംബത്തിൽ എന്തിനാണമ്മേ, ഇത്ര അപമാനം സഹിച്ചു കഴിയണത്? “, നീനയുടെ വാക്കുകളിൽ നിറഞ്ഞ വേദന അമ്മയറിഞ്ഞു.
“ഉണ്ണാനും ഉടുക്കാനും മുട്ടില്ലല്ലോ മോളെ. പിന്നെ നമ്മൾ അനുഭവിക്കുന്ന അവമാനം, അത് ഞാനൊരിക്കലും പുറത്തറിയിക്കുന്നില്ല. കൈയിൽ ഒരു പൈസയില്ലാതെ എങ്ങനെ മുന്നോട്ടു പോകും? അന്യരല്ലല്ലോ, സ്വന്തക്കാരല്ലെ നമുക്ക് ചുറ്റും എന്ന സമാധാനത്തിൽ രാത്രിയിൽ പായ വിരിക്കാല്ലോ. മോൾക്ക് ആ ഉറപ്പിന്റെ ബലം ഇപ്പോൾ മനസ്സിലായിട്ടില്ല”, അമ്മയിൽ നിന്നും ഉയർന്ന നിശ്വാസം അവളെ നിശ്ശബ്ദയാക്കി. അമ്മയവളെ പുണർന്നു. അവളുടെ പിൻകഴുത്തിൽ അമ്മയുടെ കണ്ണീരിന്റെ നനവ് പടർന്നു.
മികച്ച വിജയം നേടി, ജനറൽ മെറിറ്റ് സീറ്റിൽ മെഡിസിന് പ്രവേശനം ലഭിച്ചിട്ടും, അവളുടെ തുടർപഠനം പൂമുഖത്തു ചർച്ച ചെയ്യപ്പെട്ടപ്പോൾ ചങ്കിടിപ്പോടെ കാത്തു നിന്ന നീന.
“വീട്ടീന്ന് പോയി വരാലോ. പിന്നെ മെറിറ്റ് സീററല്ലേ ഏട്ടാ… “, അമ്മ അവൾക്കു വേണ്ടി യാചിച്ചു.
” ഉം…ഞാനൊന്ന് ആലോചിക്കട്ടെ”, വല്യച്ഛൻ ശബ്ദത്തിൽ ആവുന്ന ഗാംഭീര്യം കലർത്താൻ ശ്രമിച്ചു.
“പേടിക്കേണ്ട, നിന്നെ പഠിക്കാൻ വിടുന്നേയ്, പെട്ടെന്ന് സമ്മതിക്കേണ്ട എന്ന് കരുതിക്കാണും അത്രേള്ളൂ “, ദീപ ചേച്ചി അവളെ നുള്ളി ചിരിച്ചു.
കുടുംബത്തിൽ ഒരു ഡോക്ടർ എന്നത് തറവാടിന്റെ മാനം ഉയർത്തും എന്നൊരു കണക്കുക്കൂട്ടലിൽ മാത്രം അവൾക്കു പഠിക്കാനുള്ള അനുമതി ലഭിച്ചു.
വ്യക്തികൾക്കു പ്രാധാന്യമില്ലാത്തിടത്ത് എല്ലാം നിർവഹിക്കപ്പെട്ടിരുന്നതും സാധൂകരിക്കപ്പെട്ടിരുന്നതും കുടുംബത്തിനു വേണ്ടി മാത്രമായിരുന്നല്ലോ.
“വാ.. ഊണു കഴിയ്ക്കാം”, ചോറും ചപ്പാത്തിയും കറികളും ഡൈനിംഗ് ടേബിളിൽ നിരത്തി നീന വിളിച്ചു.
“ഓ.. എനിക്ക് ചോറു വേണ്ട, നൂഡിൽസ് ഉണ്ടാക്കി കൂടെ?”, നക്ഷത്ര മുഖം വീർപ്പിച്ചു.
“എന്താ ഇതു കഴിച്ചാല്? ഇത്ര വാശി നന്നല്ല”, നീനയുടെ സ്വരം കനത്തു.
“എന്നാലെനിക്കിന്നു ഫുഡ് വേണ്ട “, അവൾ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.
കൗമാരത്തിന്റെ പിടിവാശികൾ അമ്മയും മകനും വായിച്ചതും പഠിച്ചതുമാണല്ലോ. അവർ പരസ്പരം കണ്ണയച്ചു.
“ഒരാൾക്കുള്ളത് ഉണ്ടാക്കിയാൽ മതിയല്ലോ, വാ… ഞാനും കൂടാം”, ശ്രീകാന്ത് പുഞ്ചിരിയോടെ അമ്മയോടു പറഞ്ഞു.
“ഞാനൊക്കെ ഭക്ഷണത്തിനു വേണ്ടി എത്ര വിശന്നു കാത്തിരുന്നിട്ടുണ്ടെന്ന് അറിയാമോ? ഭക്ഷണം വിളമ്പുന്നതിന് മുതിർന്ന ആണുങ്ങൾ, കുട്ടികൾ, സ്ത്രീകൾ എന്നൊരു ക്രമമുണ്ടായിരുന്നു. എത്ര വിശന്നാലും കാത്തിരിക്കണം എന്നതായിരുന്നു നിയമം. അതിഥികൾ എണ്ണം കൂടുമ്പോൾ വിശപ്പു കെട്ടുപോകുന്ന കാത്തിരിപ്പ്, കുട്ടികളിൽ ഏറ്റവും അവസാനം വിളമ്പിയിരുന്നത് എനിക്കായിരുന്നു “, അവരുടെ കണ്ണുകൾ നിറയുന്നതു മകൻ ശ്രദ്ധിച്ചു. നീന ന്യൂഡിൽസ് തയ്യാറാക്കി, പ്ലേറ്റിൽ വിളമ്പി.
“താങ്ക് യു “, നക്ഷത്ര അമ്മൂമ്മയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു.അവർ ഒന്നിച്ചു ഭക്ഷണത്തിനിരുന്നു.
“അമ്മൂമ്മയ്ക്ക് നാട്ടിലെ തറവാട്ടിൽ പോകണമെന്നില്ലെ? ഐ ആം സോ ത്രില്ല്ഡ്! ന്യൂഡിൽസ് പ്ലേറ്റിൽ നിന്നും കോരി വായിലിട്ടു. ഊർന്നിറങ്ങുന്ന നൂൽ, ചുണ്ടു കൂർപ്പിച്ചു ഉള്ളിലേക്ക് വലിച്ചു കയറ്റി, നക്ഷത്ര നീനയെ ചോദ്യഭാവത്തിൽ നോക്കി.
“അതെ മോളു, ഞാൻ ഇന്നലെ വരെ വിളിച്ചു ചോദിച്ചിരുന്നു. എനിക്കും ദീപ ചേച്ചിയെയും അർച്ചനയെയും ശ്രീയേഷിനേയുമൊക്കെ കാണാൻ തിടുക്കമായി. ബുദ്ധിമുട്ടിയാണെങ്കിലും എല്ലാവരും വരാമെന്ന് പറഞ്ഞിട്ടുണ്ട്.”
“വീട് നിറയെ ആളുകൾ, ചിൽ ചെയ്യാൻ ഫ്രണ്ട്സ്. അമ്മൂമ്മയ്ക്കു എന്നും അങ്ങനെയായിരുന്നില്ലെ? കസിൻസൊക്കെ ഒരേ വീട്ടിൽ?”, ഒഴിയാത്ത സംശയങ്ങളുടെ ചിലമ്പൽ മുറി നിറച്ചു.
“ആയിരുന്നു, പക്ഷെ ഞാൻ ആ വീട്ടിൽ, ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നു. കൂട്ടത്തിൽ ഏറ്റവും നിസാരയായിരുന്ന എനിക്ക് എന്നും അവഗണനയായിരുന്നു. തറവാട് എന്നെ പലതും ഓർമ്മിപ്പിക്കും. ഞാൻ മറക്കണം എന്നാഗ്രഹിക്കുന്ന പലതും. അതൊന്നും വീട്ടിലെ രാജകുമാരിയായി ജീവിക്കുന്ന മോൾക്ക് ഒരിക്കലും മനസിലാവില്ല, ചിലത് അനുഭവിച്ചു തന്നെ അറിയണം”, നീന തലകുനിച്ചിരുന്നു.
ചൂടും ഈർപ്പവും തോടിനുള്ളിൽ തട്ടി വിളിക്കുമ്പോൾ, മുളയെടുത്ത്, സൂര്യനെ നോക്കി ഇലവിടർത്തി, വേരുറപ്പിക്കുന്ന ചെടി ചിലപ്പോൾ പിഴുതെറിയപ്പെടും. സ്വന്തമെന്ന് അഭിമാനിക്കുന്നിടത്തു നിന്ന് ജീവനു വേണ്ടി പലായനം ചെയ്തവർ, പിറന്ന ഭൂമിയിൽ, അവകാശങ്ങൾ നിഷേധിക്കപ്പെട്ട വംശങ്ങൾ, മൃഗീയമായി കുടിയിറക്കപ്പെട്ടവർ, പാർശ്വവൽക്കരിക്കപ്പെട്ട കീഴ്ജാതികൾ, ഹൃദയത്തിലൂടെ വാൾമുന പായിക്കുന്ന അന്യായങ്ങളുടെ പട്ടിക നീനയുടെ തലച്ചോറിൽ കടുംവർണങ്ങളിൽ, കളങ്ങൾ വരച്ചു, വിങ്ങലായി.
ഇതൊന്നും അല്ലാതിരിന്നിട്ടും ദാരിദ്രവും അപമാനവും വേട്ടയാടിയ കാലം, അഭിമാനവും അന്തസും വേരറുക്കപ്പെട്ട അവസ്ഥ. നമ്മളെല്ലാവരും തുല്യദു:ഖിതരായിരുന്നു. ഞാനും നിങ്ങളെ പോലെ വൃണപ്പെട്ടിരുന്നു.
വർഷങ്ങൾക്കിപ്പുറവും ഒഴുകിയെത്തി തീരം നനയ്ക്കുന്ന ഓർമ്മത്തിരകൾ, സ്വയം തല്ലിയലച്ച് പതഞ്ഞമർന്ന് സാവധാനം മടങ്ങിപ്പോകും, അവർക്കതിപ്പോൾ ശീലമായിരിക്കുന്നു.
വലിയ കൂട്ടുകുടുംബങ്ങൾ ഇല്ലാതായെങ്കിലും ദാരിദ്രം മുറിപ്പെടുത്തുന്ന ബാല്യം ഇന്നുമുണ്ട്. ബാക്കിയായ ജീവിതത്തിൽ, അവർക്കു വേണ്ടി എന്തു ചെയ്യാൻ കഴിയും? കുറച്ചു നാളുകളായി അതിന്റെ സാധ്യതകൾ ചികയുകയായിരുന്നു.
അമ്മൂമ്മ, എന്തൊക്കെയാണ് പറയുന്നത്?”, നക്ഷത്ര സ്പൂൺ കൊണ്ടു ശ്രീകാന്തിന്റെ പ്ലേറ്റിൽ തട്ടി.
“അതോ, എന്റെയമ്മ ചെറുപ്പത്തിൽ കുറെ വിഷമിച്ചിട്ടുണ്ട് കുട്ടി. അതിടയ്ക്ക് അമ്മയെ അസ്വസ്ഥയാക്കും”
“ഇത്തിരി നേരം, അവരെ വെറുതെ വിടൂ”, അയാൾ നക്ഷത്രയുടെ ഓരം ചേർന്ന് സ്വകാര്യം പറഞ്ഞു.
“ഉം… “, അവൾ മൂളി.
നീന ഇന്നത്തെ കാലത്തിലേക്ക് വിരൽ ചലിപ്പിച്ചു. സെൽഫോണിൽ പച്ചയും കറുപ്പും തെളിയുന്ന സ്പോട്ടിഫൈയിലെ പ്ലേ ലിസ്റ്റിൽ നിന്നും ഒഴുകി വരുന്ന പാട്ടിൽ ലയിച്ചു.
‘ജീവനിൽ കണ്ണുനീർ വാറ്റിവെയ്ക്കും,
ഈ വെറും ഓർമ്മകൾ കാത്തുവയ്ക്കും.
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും,
പൂവിതൾ തുമ്പിലെ തുള്ളിപോലെ.
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ്
ഓർമ്മകൾ പാറുന്നുവോ…’
***
മുററത്തു വീണു കിടന്നിരുന്ന ഉച്ചവെയിൽ നേർത്ത് പൊൻക്കുപ്പായമണിഞ്ഞു. പോക്കുവെയിലിന്റെ ലാളനയിൽ, പൂന്തോട്ടത്തിലെ പൂക്കൾ, പൊൻ തിളക്കം വാരിപൂശി.
*****
#വേരറുക്കപ്പെട്ടവർ.
കടപ്പാട്.
ചലച്ചിത്രം: ഓളങ്ങൾ


4 Comments
എന്നത്തെയും പോലെ ശക്തവും മനോഹരവുമായ കഥ ജോയ്‌സ്👌❤️ കൂട്ടുകുടുംബങ്ങളിലെ ബഹളങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു പോയെങ്കിലും വേറൊരിടത്തു വേരു പിടിപ്പിക്കാൻ നീനയ്ക്കു കഴിഞ്ഞല്ലോ❤️
അതെ.
സ്നേഹം സുമ. വായനക്കും വാക്കുകൾക്കും..❤️
നല്ല കഥ ❤️
Sajiനa Abdulla, thank you i
സ്നേഹം.❤️🫂