“എടാ, ഇറങ്ങ്. സ്റ്റോപ്പെത്തി.”
പരിചയക്കാരനായ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ചെറുമയക്കത്തിൽനിന്നുണർന്നത്. കണ്ണുതുറന്ന് പുറത്തേക്കുനോക്കിയപ്പോൾ കണ്ടത് മമ്മദിക്കായുടെ പലചരക്കുകടയുടെ ബോർഡാണ്. മൊബൈൽകമ്പനിയുടെ ചുവന്നനിറത്തിലുള്ള പരസ്യബോർഡിന്റെ താഴെയെന്റെ നാടിന്റെ പേര്. മനസ്സൊന്നുകുളിർന്നു.
മടിയിൽവച്ചിരുന്ന ബാഗെടുത്ത് തോളിലിട്ട് പുറകിലത്തെ ഡോറിലൂടെ പെട്ടെന്ന് പുറത്തിറങ്ങി.
ബസിൽനിന്ന് ഡബിൾബെല്ലിന്റെ ശബ്ദം. ചെറുതല്ലാത്ത അളവിൽ പുകതുപ്പി, എന്റെ നാട്ടിലേക്കും പുറത്തേക്കും എന്നെ യാത്രയാക്കാറുള്ള പഴകിയ ആ ബസ് മുന്നോട്ടുപോയി. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ കരിയിലകൾ റോഡിൽ നനഞ്ഞുകിടപ്പുണ്ട്.
“ഡാ, നിന്നേ.” തിരിഞ്ഞുനോക്കിയപ്പോൾ ബീവിത്തായാണ്.
“നീ വന്നവഴിയാ?” നടപ്പുനിർത്തിയ എന്റെ പിറകേ വേഗത്തിൽനടന്നെത്തി അവർ വെളുക്കെച്ചിരിച്ചു.
“പിന്നല്ലാതെ, ഈ വെളുപ്പാൻകാലത്ത് ഞാനെങ്ങോട്ട് പോയിട്ട് വരാനാ. നിങ്ങളീ ബസിലൊണ്ടായിരുന്നോ? ഞാൻ കണ്ടില്ലല്ലോ.”
അവരിൽനിന്ന് കുറച്ചുമാറിനിന്നാണ് ഞാൻ ചോദിച്ചത്. എനിക്ക് ചെറുതല്ലാത്ത വായ്നാറ്റം ഉണ്ടാകും. ഇന്നലെ തിരുവനന്തപുരത്തുനിന്ന് കേറിയപ്പോൾമുതൽ ഉറക്കമായിരുന്നു. ടൗണിലിറങ്ങിയപ്പോൾ വൈകാതെതന്നെ എന്റെ നാട്ടിലേക്കുള്ള ബസുംവന്നു. കൈയുംവായും കഴുകാൻകൂടി സമയംകിട്ടിയില്ല.
“എന്റെ പൊന്നെടാ, ഞാനൊരു കുശലം ചോദിച്ചതല്ലേ. എനിക്കറിയാൻ പാടില്ലാത്തോണ്ടാണോ?” അവർ കിറികോട്ടി.
“മം, ഇത്താ, അനസിന്റെ വീട്ടീനാരിക്കുമല്ലേ?”
ബീവിത്തായുടെ കെട്ടിയോൻവീട് മൂന്നാലുകിലോമീറ്റർ അപ്പുറത്താണ്. എന്റെ അയൽപക്കക്കാരനായ ഹമീദിക്കായുടെ മോളാണ് ബീവിത്ത. അവർ മിക്കപ്പോഴും ഇവിടുത്തെ വീട്ടിൽ വന്നുപോകാറുള്ളതാണ്.
“അതേടാ. ഈ കാർന്നോര് ഒറ്റക്കല്ലേ, ശ്വാസംമുട്ടൊക്കെ ഉള്ളതല്ലേ? അനസ് പോയിനോക്കീട്ട് വാന്നും പറഞ്ഞ് വിടണതാ. എന്നാ അങ്ങേര് എന്റെ കൂടെപ്പോരുവോ? അതില്ല.”
ബീവിത്ത പച്ചനിറമുള്ള വാനിറ്റിബാഗ് ഇടത്തേത്തോളിലേക്ക് മാറ്റിയിട്ടു. തട്ടമൊന്നു വലിച്ചിട്ടു. തുടുത്ത ശ്രീത്വമുള്ള മുഖത്ത് പരിഭവംവിടർന്നു.
കറുത്തതട്ടമിട്ടതുകൊണ്ടുമാത്രം അവർ മുസ്ലീമാണെന്നു മനസ്സിലാവും. അല്ലെങ്കിൽ ശരിക്കുമൊരു നായരുകുട്ടിതന്നെ.
“കാർന്നോരോ? നിങ്ങടെ വാപ്പ അല്ലേ? അങ്ങനെയൊക്കെ വിളിക്കാവോ?” ഞാനൊന്നുകളിയാക്കി. വെറുതേ ഒരു രസം.
“ഒന്നു പോടെർക്കാ, അല്ലേൽതന്നെ എന്റെ വാപ്പ ആണോന്ന് ആർക്കറിയാ…” അവർ പുച്ഛിച്ചുതള്ളി.
“ആ ബെസ്റ്റ്! അപ്പോ നാട്ടുകാര് വെറുതേ പറയണതല്ലാല്ലേ?” ഞാൻ ഒരടികൂടി മാറിനിന്നാണത് കളിയായിപറഞ്ഞത്.
ഈ ഹമീദിക്കാ അർമാദിച്ചുനടന്നകാലത്ത് ബീവിത്തായുടെ ഉമ്മായുടെ വീട്ടിൽനിന്നും നാട്ടുകാർ രാത്രിയിൽ പിടിച്ചെന്നും, പിന്നീട് ഗത്യന്തരമില്ലാതെ കുറച്ച് വശപ്പിശകായിട്ട് നടന്നുകൊണ്ടിരുന്ന അവരെത്തന്നെ ഹമീദിക്കാക്ക് കെട്ടേണ്ടിവന്നതുമായ കഥയറിയാത്തവരാരുണ്ട്? കെട്ടുകഴിഞ്ഞതിന്റെ ആറാംമാസമാണ് ബീവിത്താ ഉണ്ടായതത്രേ. അതുകൊണ്ട് ഹമീദിക്കയല്ല ബീവിത്താടെ വാപ്പായെന്ന് ഒരടക്കംപറച്ചിലുള്ളതുമാണ്.
“ഡാ, ഡാ…” അവരെന്റെ നേരേ കയ്യോങ്ങി. ഞാൻ കുറച്ചുകൂടെ ദൂരെ നീങ്ങിനിന്നു.
“ഇങ്ങേരൊന്നു വേഗം മേലോട്ടുകെട്ടിയെടുത്താ എനിക്കീ പെരേം സ്ഥലോം വിറ്റ് അനസിന്റെ പറമ്പിൽ ഒരു വീട് കെട്ടായിരുന്നു. ഞാനിപ്പളും മാസത്തി നാലഞ്ചുതവണ വന്നുപോണം. ഉമ്മ കുറച്ചുകൂടി കഴിഞ്ഞു മരിച്ചാൽമതിയായിരുന്നു.” കളിയായിട്ടാണവർ പറഞ്ഞുതുടങ്ങിയതെങ്കിലും അവസാനത്തെവാക്കുകൾ സങ്കടം പറയുന്നതുപോലെയായി.
ഞാനെന്തുപറയാനാണ്? ശരിയാണ്. അനസിനെ എനിക്കറിയാവുന്നതാണ്. വലിയപിടിപ്പുള്ള ആളൊന്നുമല്ല . ബീവിത്താനെ പ്രേമിച്ച് രജിസ്റ്റർമാരേജ് ചെയ്ത ഓട്ടോഡ്രൈവർ. അത് ഹമീദിക്കാക്ക് ഇതുവരെയത്ര പിടിച്ചിട്ടില്ല. അനസ് ഇവിടുത്തെ വീട്ടിൽ വരാറുമില്ല. രോഗംപിടിച്ച് ബീവിത്തായുടെ ഉമ്മ മരിച്ചതോടെ തുടങ്ങിയതാണ് ബീവിത്തായുടെ ഇടക്കിടക്കുള്ള വരവുംപോക്കും. രാവിലെ വരും, വൈകിട്ട് അനസിന്റെയടുത്തേക്ക് തിരിച്ചുപോകും.
കുറച്ചുനേരം ഞങ്ങൾ രണ്ടാളും ഒന്നുംമിണ്ടാതെ നടന്നു. പടിഞ്ഞാറേക്കുടിയിലെ റാവുത്തറണ്ണൻ ഞങ്ങളെ കടന്നുപോയി. കണ്ടെന്നുറപ്പിക്കാൻ ഞാൻ കേൾക്കാൻപാകത്തിന് അയാൾ ഒന്നിരുത്തിമൂളി. ഞാനും.
“ചെക്കാ, നിനക്കു മീശേം താടീം ഒക്കെ വന്നല്ലോ? ജോലീം ആയി.” ബീവിത്ത എന്നെ അർത്ഥംവച്ച്നോക്കി.
“അതിന്?” അവർ പറഞ്ഞുവരുന്നത് എന്റെ കല്യാണത്തെക്കുറിച്ചാണെന്ന് എനിക്കു മനസ്സിലാകാഞ്ഞിട്ടല്ല , താടിയിൽത്തലോടി ഞാനങ്ങനെ ചോദിച്ചത്.
“വരുന്ന മാർച്ചിൽ ഇരുപത്തേഴ് തികയും ചെക്കാ നിനക്ക്. വേഗം കെട്ടാൻ നോക്ക്. നിന്റെ കല്യാണത്തിന് എനിക്ക് പെങ്ങളൂട്ടിയായിട്ട് വിലസാനുള്ളതാ.”
“ഒന്നുപോയേന്റെ ഇത്താ, നിങ്ങക്കു വേറൊന്നും പറയാനില്ലേ?”
ഞാനതുംപറഞ്ഞ് എൻ്റെ വീടിൻ്റെ ഇടവഴിയിലേക്കുതിരിഞ്ഞു. ബീവിത്ത അവരുടെ വീട്ടിലേക്കുള്ള ചെറിയ നടവഴിയിലേക്കും കയറി.
•••
ഇറയത്തിരുന്ന് ചൂടൻചായയും ദോശയും കഴിക്കുന്നതിനിടയിലാണ് മുറ്റത്തു ചിക്കിപ്പെറുക്കിനടക്കുന്ന കോഴിപ്പെടയെ ശ്രദ്ധിച്ചത്. അമ്മയ്ക്ക് പഞ്ചായത്തിൽനിന്നും കിട്ടിയതാണ്. ഒരുകൊല്ലം ആയിക്കാണും.അത് ഏന്തിവലിഞ്ഞു ചെറിയ ഒരാട്ടവുമൊക്കെയായി നടക്കുന്നതുപോലെ.
“അമ്മേ, ഈ കോഴിക്കെന്താ പറ്റിയേ? ആകെ ഒരാട്ടം!” അടുക്കളയിലെന്തോ പണിയിലായിരുന്ന അമ്മ എന്റെ ചോദ്യം കേട്ടിട്ടാകണം പെട്ടെന്ന്തന്നെ ഇറയത്തേക്കിറങ്ങിവന്നു.
“നീ അതിന്റെ തുത്തേലെക്കൊന്നു നോക്കിയേടാ.” അമ്മയുടെ ശബ്ദത്തിൽ ഈർഷ്യാഭാവം.
ഞാൻ ചായഗ്ലാസുമായി എണീറ്റ് കോഴിപ്പെടയുടെ അടുത്തേക്കിറങ്ങി. തുത്തിൽനിന്ന് തൂവലൊക്കെപ്പോയി ആകെ ചുവന്നിരിക്കുന്നു. ചോര പൊടിക്കുന്നുണ്ടോ? വൃണമായിട്ടുണ്ട്. കൂർത്തതെന്തോവച്ച് ആരോ കുത്തിയിട്ടുണ്ട്.
“ഇതാരാമ്മേ, ഇതിനെ കോലുംകൊണ്ട് കുത്തിയത്?”
അമ്മ എന്റെടുത്തേക്ക് നീങ്ങിനിന്നു. വളരെപതിയെ രഹസ്യം പറയുന്നതുപോലെയാണ് പറഞ്ഞത്.
“ആ ഹമീദിന്റെ പെരേലും മുറ്റത്തും കേറിത്തൂറുവാന്നും പറഞ്ഞ് അങ്ങേര് ചെയ്യണതാടാ… കിറുക്കൻ കാർന്നോര്.”
“അമ്മ കണ്ടോ?” ഞാൻ വിശ്വാസം വരാത്തതുപോലെ ചോദിച്ചു.ആരെങ്കിലും ഈ മിണ്ടാപ്രാണിയോട് ഇങ്ങനെയൊക്കെ ചെയ്യുമോ?
“ഞാൻ കണ്ടൊന്നുമില്ല. എന്നോട് അപ്പറത്തെ ജമീല പറഞ്ഞതാടാ. അവരുടെ കോഴിനെ അങ്ങേര് ഇങ്ങനെ കാട്ടീന്നു.” അമ്മയുടെ സ്വരത്തിൽ സങ്കടം, വിഷമം. പിന്നെ അമ്മ ഏഷണികൂട്ടുന്നതാണോയെന്ന് ഞാൻ സംശയിച്ചതിലുള്ള ദേഷ്യം.
“മം, അങ്ങേരെന്തൊരു മനുഷ്യനാ. അച്ഛനറിഞ്ഞില്ലേ? വഴക്കുണ്ടാക്കേണ്ടതാണല്ലോ…
അല്ലേൽതന്നെ അച്ഛനങ്ങേരെ കണ്ടുകൂടാ…”
ഞാൻ വന്നിട്ട് അച്ഛനെയിതേവരെ കണ്ടില്ല.എവിടെപ്പോയോ എന്തോ?
“അല്ല അമ്മേ, അച്ഛനെന്തിയേ?”
“ഞാനച്ഛനോടു പറഞ്ഞില്ല. എന്തിനാ വെറുതേ…നമ്മടെ കൈസറിനെ കണ്ടില്ലാന്നു പറഞ്ഞു ആ പറമ്പീട്ടാന്നു തോന്നണു പോയേക്കുവാ.”അമ്മ അതുംപറഞ്ഞ് അടുക്കളയിലേക്കുപോയി. അടുപ്പിൽ തിളക്കണ അരി അമ്മയെ ഞാൻ കേൾക്കാതെ വിളിച്ചുകാണും.
ഞാൻ മുറ്റത്തെ മൂലയിലെ കൈസറിന്റെ കൂട്ടിലേക്ക്നോക്കി. അവന്റെ കഞ്ഞിപ്പാത്രം ഒഴിഞ്ഞുകിടക്കുന്നു. കൂടും പരിസരവുമൊക്കെ വൃത്തിയാക്കിയിട്ടുണ്ട്. വശങ്ങളിൽ അച്ഛന്റെ പൂട്ടിപ്പോയ കളരിമർമ്മാണി തിരുമ്മുചികിത്സയുടെ ഫ്ലക്സ്. ആ ഫ്ലക്സ്കൊണ്ട് അങ്ങനെയൊരു ഗുണമെങ്കിലുമായല്ലോ. കട്ടിയുള്ള ചണചാക്കിന്റെ മുകളിൽ അച്ഛന്റെ പഴയ ബെഡ് കഷണമായി മുറിച്ച് സുന്ദരമായി വച്ചിരിക്കുന്നു. അല്ല, അതിപ്പോൾ എത്ര വൃത്തിയാക്കിവച്ചെന്നു പറഞ്ഞാലും അച്ഛന്റെ കട്ടിലിലാണ് മിക്കപ്പോഴുമവന്റെ കിടപ്പ്.
പണ്ടു കോളേജ്പഠനം കഴിഞ്ഞ് ഞാൻ ജോലിയുടെ ട്രെയിനിംഗിനു ബാംഗ്ലൂർ പോയസമയത്ത് അച്ഛനെവിടുന്നോ കൊണ്ടുവന്നതാണ് കൈസറിനെ. തനിനാടൻ നായ്ക്കുട്ടി. ഞാനിവിടുണ്ടായിരുന്നെങ്കിൽ അതിനെയിവിടെ വളർത്താൻ സമ്മതിക്കുമായിരുന്നോ?
അച്ഛന്റെ രണ്ടാമത്തെ മകനാണെന്നാണ് അച്ഛൻ പറയുന്നത്. അല്ല, കൈസറുമായുള്ള നടപ്പും സ്നേഹവും കണ്ടാൽ ആർക്കും അങ്ങനെ തോന്നാതിരുന്നാലേ അത്ഭുതമുള്ളു.
“നീയെന്നാടാ പട്ടിക്കൂട്ടിൽ നോക്കിനിക്കണേ?” ബീവിത്തായുടെ ചോദ്യമാണെന്നെ ചിന്തകളിൽനിന്നു തിരികെവിളിച്ചത്.
“ങ്ഹാ. ഇത്തായായിരുന്നോ? എന്താ കയ്യില്?” അവരുടെ കൈയിലെ വെളുത്ത പ്ലാസ്റ്റിക്ക്കവറിൽ നോക്കിയാണ് ഞാനത്ചോദിച്ചത്.
“ഇത്തിരി പത്തിരീം ഇറച്ചീമാ.”
“ചിക്കനാ?”
“അല്ലാടാ, ബീഫ്.”
“ഞാനുമമ്മേം ബീഫ് കഴിക്കില്ലാന്ന് ഇത്താക്കറിയാല്ലോ. അച്ഛന് കോളായി.” ഇത്ത മിക്കവാറും ഇങ്ങനെ വല്ലതുമൊക്കെയായിട്ട് വരും. മിക്കപ്പോഴും ബീഫാരിക്കും.
“എടാ, ഞാൻ വാങ്ങിച്ചതല്ലാടാ. അവിടെ അങ്ങേര് മേടിച്ചതിന്റെ ബാക്കി ഫ്രിഡ്ജിൽ ഇരിപ്പൊണ്ടായിരുന്നു. അതെടുത്ത് വച്ചതാ.”
“ആഹ്. എന്നും അച്ഛന് കോളാണ്.” ഞാൻ വിടർന്നുചിരിച്ചു. അവരും ചിരിച്ചു.
“എന്നിട്ട് അച്ഛനെന്തിയേ?”
“ആ താഴേപറമ്പിലേക്കെങ്ങാണ്ട് പോയതാ…”
കിഴക്കുവശത്തെ മുറ്റത്തുനിന്ന് ശബ്ദം കേട്ടാണ് ഞാനങ്ങോട്ട് ചെന്നത്. പിറകേ ബീവിത്തായും.
അച്ഛനാണ്. രണ്ടുകയ്യിലുമായി കൈസറിനെ നവജാതശിശുവിനെ എടുക്കുന്നപോലെ എടുത്തിട്ടുണ്ട്. കൈസറിന്റെ വായിൽനിന്നും ചോരയുണങ്ങിയ പാട് താടിയിലേക്ക് നീണ്ടുകിടന്നത് എൻ്റെ കണ്ണിലുടക്കി.
ഞങ്ങളുടെ കണ്ണുകൾ അച്ഛന്റെ മുഖത്തേക്കായി.
“പോയെടാ… ചോര ഛർദ്ദിച്ച് താഴെ പറമ്പിൽ കിടക്കുവാരുന്നു…” അച്ഛന്റെ വാക്കുകൾ മുറിഞ്ഞു.
കഴിഞ്ഞാഴ്ച വന്നുപോയപ്പോൾ കൈസർ ഓടിച്ചാടിനടന്നതാണല്ലോ. ഇടക്ക് ഫോൺവിളിച്ചപ്പോൾ അച്ഛനവന്റെ അസുഖവിവരമൊന്നും പറഞ്ഞതുമില്ല. എന്തേലുമുണ്ടെങ്കിൽ വിശേഷംപറയുന്നതിന്റെ കൂട്ടത്തിൽ പറയുന്നതാണ്.
എന്റെ ചിന്തകൾ വായിച്ചിട്ടാകണം തളർന്നശബ്ദത്തിൽ അച്ഛൻ പറഞ്ഞുമുഴുമിപ്പിച്ചു.
“ആരോ ഇറച്ചീല് കുപ്പിച്ചില്ലരച്ച് കൊടുത്തതാ… ചോര ഛർദ്ദിച്ചതിൽ ഞാൻ കണ്ടതാ ചില്ലുംകഷണം.” അച്ഛന്റെ കണ്ണു നിറഞ്ഞിട്ടുണ്ടോ?
“അതങ്ങേരാ… വെറുതെയല്ലാ ബീഫൊക്കെ വാങ്ങിയത്… മുറ്റത്തൊരു കുപ്പീം പൊട്ടിച്ചിട്ടിട്ടുണ്ടെടാ.” ബീവിത്തായാണ്. അവരൊരാവേശത്തിൽ പറഞ്ഞുപോയതാണ്. അൽപം ഉച്ചത്തിലായിപ്പോയി. അച്ഛനുമത് കേട്ടു. വേണ്ടായിരുന്നു, ഇത്ത അതിപ്പോൾ പറയേണ്ടിയിരുന്നില്ല. ഞാനവരെ നോക്കിപ്പേടിപ്പിച്ചു. ബീവിത്താ താഴേക്കുനോക്കിനിന്നു.
അച്ഛന്റെ നിറഞ്ഞകണ്ണുകളിൽ കനലാളുന്നത് ഞാൻ കണ്ടു. ഞാനച്ഛന്റെ അടുത്തേക്ക്ചെന്ന് പതിയെ കൈപിടിച്ചു. അച്ഛനൊന്നും മിണ്ടിയില്ല. എന്റെ കൈവിടുവിച്ച് കൈസറിനെ മുറ്റത്തിന്റെ മൂലയിൽക്കിടത്തി അച്ഛൻ തൊഴുത്തിലേക്ക് പോയിവന്നു. കയ്യിലെ മൺവെട്ടിയുമായി തെക്കുവശത്തെ പറമ്പിലേക്കിറങ്ങി.
ഞാനുമമ്മയും ബീവിത്തയും നോക്കിനിൽക്കുമ്പോൾ അച്ഛന്റെ കൈകൾ തറഞ്ഞുകിടന്നമണ്ണിൽ ഒരു ചതുരക്കുഴി തീർത്തു. അച്ഛൻ വിഷമവും ദേഷ്യവും മണ്ണിനോട് പറഞ്ഞതുപോലെ. കറുത്തുരുണ്ട അച്ഛന്റെ പേശികൾക്ക് പ്രായം ഇതേവരെ വെല്ലുവിളിയൊന്നും ഉയർത്തിയിട്ടില്ലായെന്ന് ഞാൻ ഓർത്തു.
ഞങ്ങളുടെയാരുടെയും നേരെനോക്കാതെ കൈസറിനെയുമെടുത്ത് താഴേക്ക്നടന്ന അച്ഛന്റെ പിറകേചെല്ലാനൊരുങ്ങിയ എന്റെനേരെ അച്ഛനൊരു നോട്ടമെറിഞ്ഞു. ഞാൻ പകച്ചുനിന്നു.മൂന്നുവർഷങ്ങൾക്കിപ്പുറം വീണ്ടും ആ പഴയ കത്തുന്നനോട്ടത്തെ ഞാനറിഞ്ഞു. ഞാൻ പിറകോട്ടുമാറി.
കുഴിയിൽ കൈസറിനെ കിടത്തി ഒരുമ്മയുംകൊടുത്ത് അച്ഛൻ അവനെ മൂടി. ഒരു മൺകൂന അവിടെ ഉയർന്നുവന്നു. അച്ഛന്റെ ദേഹമാകെ വിയർത്തിരുന്നു. മുഖവും നനഞ്ഞുകുതിർന്നിരുന്നു.
മുറ്റത്തെ ടാപ്പിൽ കൈയുംമുഖവും കഴുകി വീടിനകത്തേക്കുകയറി അച്ഛൻ വാതിലടച്ചതെന്തിനാണ്?എനിക്കൊരെത്തുംപിടിയും കിട്ടിയില്ല. ഞാൻ ഹാളിലെ കസേരയിലിരുന്ന് വിയർത്തു. സാധാരണ രീതിയിലാണെങ്കിൽ അച്ഛനിപ്പോൾ ഹമീദിക്കായുമായി വഴക്കിനുപോകേണ്ടതാണ്.
ബീവിത്ത തിരികെപോയിട്ട് അധികനേരമായിട്ടില്ല. എന്നാലും എന്തൊക്കെ കൊള്ളരുതായ്മയാണ് ഹമീദിക്ക കാണിക്കുന്നത്? ഈ മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത?
അമ്മയെന്റെ മുഖത്തേക്കുംനോക്കി ഡൈനിംഗ്ടേബിളിന്റെ അങ്ങേത്തലക്കിരിപ്പുണ്ട്.
അച്ഛന്റെ ആ നോട്ടമെന്നെ പൊള്ളിക്കുന്നുണ്ട്. ഒരു നായ മരിച്ചതിന് ഇത്രേയൊക്കെ വിഷമിക്കണോ? എന്തിനാണാവോ അച്ഛൻ ഇത്രേം മനസ്സിലേക്കെടുക്കുന്നത്? എത്രയാലോചിച്ചിട്ടുമെനിക്ക് പിടികിട്ടിയില്ല.
അച്ഛന്റെ ബൈപോളാർ ഡിസോർഡറിന്റെ മരുന്നുകൾ നിർത്തിയിട്ട് ഏകദേശം മൂന്നുകൊല്ലമാകുന്നു. ഇന്നത്തെ സംഭവം വീണ്ടുമൊരു ഉന്മാദാവസ്ഥയുടെ ട്രിഗർ ആകുമെന്ന്തോന്നുന്നുണ്ട്. ആ നോട്ടം – അതെനിക്ക് പരിചയമുള്ളതാണ്. അതാണെന്നെ ഭയപ്പെടുത്തുന്നത്.
അന്തമില്ലാത്ത ആലോചനകൾക്കൊടുവിൽ അച്ഛനെ വാതിലിൽ മുട്ടിവിളിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. വാതിൽതുറന്ന അച്ഛനെന്നെ തലതാഴ്ത്തിനോക്കി. ആ കണ്ണുകൾ വീണ്ടും സാധാരണനിലയിലേക്കെത്തിയപോലെ. തലയിലെ എണ്ണമയം മുഖത്തേക്കും പടരുന്നുണ്ട്.
“നീ പേടിക്കണ്ട. അച്ഛൻ പിന്നേം കൈവിട്ടുപോയിട്ടൊന്നുമില്ല.” അച്ഛൻ ശാന്തമായിട്ടാണത് പറഞ്ഞത്.
എനിക്ക് തെല്ലൊരാശ്വാസമായി. ഭിത്തിയിലെ കൊളുത്തിൽ തൂക്കിയിട്ടിരുന്ന ഷർട്ട് എടുത്തിടുന്നതിനിടയിൽ അച്ഛനെന്നെ നോക്കിപ്പറഞ്ഞു.
“പിന്നെ ആ ഹമീദിന്റെ സൂക്കേട് ഞാൻ തീർക്കണൊണ്ട്. അവനും വളർത്തണ്ടല്ലോ ഒന്നുരണ്ടെണ്ണത്തിനെ.”
ദൈവമേ!! അച്ഛനെന്തോ മനസ്സിൽ ഉറപ്പിച്ചുണ്ട്. ആടുകച്ചവടക്കാരനായ ഹമീദിക്ക ഒന്നുരണ്ട് ആടിനെ വളർത്തുന്നുമുണ്ട്. അതുങ്ങളെ വല്ലതും ചെയ്യാനാണോ അച്ഛന്റെ പ്ലാൻ? അങ്ങനെയാണെങ്കിൽ യുദ്ധംതന്നെ നടക്കും. സ്വന്തം ആടുകളെ പൊന്നുപോലെ നോക്കുന്നതാണ് ഹമീദിക്ക.
“അതുപോട്ടേ, വിട്ടുകള. ഇനിയൊന്നിനും പോണ്ട.”
ഞാൻ സമാധാനിപ്പിച്ചു.
“പോട്ടേന്നോ? എന്റെ മോനെയാർന്നടാ അവൻ കൊന്നത്!!” വീണ്ടുമുയർന്ന അച്ഛന്റെ ശബ്ദത്തിൽ എന്റെ ആശ്വാസങ്ങളൊക്കെയും ഒഴുകിപ്പോയി. എന്റെ നെഞ്ചിടിക്കുന്നത് ഞാൻ കേട്ടു.
ചവിട്ടിക്കുലുക്കിയിറങ്ങിപ്പോയ അച്ഛനെ ഞാനുമമ്മയും നോക്കിനിന്നു. ചെരിപ്പിടാൻപോലും നിൽക്കാതെ തുറന്നിട്ടഷർട്ടുമായി അച്ഛൻ ഗേറ്റുകടന്നുപോയി.
•••
അച്ഛൻ്റെ അസുഖത്തിൻ്റെ ഓർമ്മകളിൽ എൻ്റെ സമാധാനം ദൂരേക്ക് പറന്നുപോയി. കടുത്ത ഉന്മാദാവസ്ഥയും അതിനുശേഷം തീവ്രനൈരാശ്യവും—ആ അവസ്ഥയെ പുറത്തധികമറിയാതെ ഞാനുമമ്മയും എങ്ങനെ കൈകാര്യം ചെയ്തോ ആവോ! രോഗിയേക്കാൾ കൂടെനിൽക്കുന്നവരുടെ അവസ്ഥയാണ് പരിതാപകരം.
ഇന്നലത്തെ ഉറക്കക്കുറവിന്റെയാകണം എൻ്റെ കണ്ണുകൾ പതിയെയടഞ്ഞു.
മുറ്റത്തുകൂടെ ആരോ ഓടുന്ന ഒച്ച കേട്ടാണ് കണ്ണുതുറന്നത്. ജനാലയുടെ കർട്ടൻ മാറ്റിനോക്കി; റാവുത്തറണ്ണനാണ്. എങ്ങോട്ടാണാവോ ഈ പാഞ്ഞുപോകുന്നത്? കണ്ണു തെളിയുന്നുണ്ടായിരുന്നില്ല. ഞാനവിടെത്തന്നെക്കിടന്നു. വീണ്ടും മയക്കത്തിലേക്ക് തെന്നിവീണു.
“എടാ എണീറ്റേ.” അമ്മയുടെ വിളിയും തോണ്ടലുമാണെന്നെ മയക്കത്തിൽനിന്നുണർത്തിയത്.
കണ്ണുകൾകൊണ്ട് എന്തേയെന്ന് തിരക്കുന്നതിനുമുന്നേ അമ്മ പറഞ്ഞുതുടങ്ങി.
“താഴെ റബ്ബർതോട്ടത്തിൽ ഹമീദ് മരിച്ചു കിടക്കുന്നൂന്ന്, ആൾക്കാരൊക്കെ അങ്ങോട്ടോടിയേക്കുവാ.”
എന്റെ കണ്ണുമിഴിഞ്ഞു. റാവുത്തറണ്ണന്റെ ഓട്ടത്തിന്റെ ലക്ഷ്യം ഇപ്പോൾ തെളിഞ്ഞുവന്നു. എന്റെ മനസ്സൊന്നുപിടഞ്ഞു.
“അച്ഛനെവിടെ?” ഞാൻ അച്ഛന്റെ മുറി ലക്ഷ്യമാക്കിയോടി. ചാരിയിട്ടിരുന്ന കതകുതള്ളിത്തുറന്നുനോക്കിയ എന്നെ തുറിച്ചു നോക്കാനവിടെ അച്ഛനുണ്ടായിരുന്നില്ല.
തെക്കുവശത്തെ മുറ്റത്തേക്കിറങ്ങിയ എന്റെ കണ്ണുകൾ ദൂരെ റബ്ബർത്തോട്ടത്തിലേക്ക് നീണ്ടു.ഹമീദിക്കായുടെ ആടുകളാകണമവിടെ ഉടയോനെക്കാണാതെ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നത്.
ഞാനമ്മയുടെ നേരെ ചോദ്യഭാവത്തിൽ നോക്കി.
“ഇപ്പോ ആശുപത്രീലേക്ക് കൊണ്ടോയിക്കാണൂടാ. ആദ്യം ഞാൻ നോക്കുമ്പോൾ ഒരുപാട്പേരുണ്ടാരുന്നു… ജമീലയാ പറഞ്ഞേ.” അമ്മ ഒന്നുനിർത്തി വീണ്ടുംപറഞ്ഞു. “അങ്ങേർക്ക് ശ്വാസംമുട്ടൽ അല്ലാർന്നോ, കഴിഞ്ഞദിവസം കൂടെ ആശുപത്രീൽ പോയിട്ടുവന്നതാന്ന അവൾ പറഞ്ഞേ.”
അമ്മക്കെന്താണ് ഒന്നും സംശയിക്കാനും ആലോചിക്കാനും കഴിയാത്തതെന്ന് ഞാൻ അതിശയിച്ചു. താടിക്ക് കൈകുത്തിനിൽക്കുന്ന അമ്മയെ ഞാൻ വെറുതേനോക്കി.
കിഴക്കുവശത്തെ മുറ്റത്തിന്റെ മതിലിനോടു ചേർന്നുനിൽക്കുന്ന ചെമ്പരത്തിയുടെ പൂക്കൾ പറിക്കുന്നതിനിടയിൽ ചുമച്ചതുകേട്ടാണ് ഞാനും അമ്മയും അച്ഛനെ നോക്കിയത്.
രണ്ടുകയ്യിലുമായി ഒരുപിടുത്തം ചുവന്നപൂക്കളുമായി അച്ഛൻ മുറ്റം താണ്ടി തെക്കുവശത്തെ പറമ്പിലെ നനവുണങ്ങാത്ത മൺകൂന ലക്ഷ്യമാക്കി നടന്നു. മൺകൂനക്കു നടുവിൽ പൂക്കൾവച്ച് അച്ഛൻ കണ്ണടച്ചുനിന്നു. ഒന്നുരണ്ടു നിമിഷങ്ങൾക്കുശേഷം മുറ്റത്തേക്കുകയറിവരുമ്പോൾ എന്റെ നോട്ടത്തിന്റെ അർത്ഥം ഗണിച്ചിട്ടാകണം അച്ഛൻ നേരേനോക്കിയില്ല. ഫുൾക്കയ്യൻഷർട്ടിന്റെ കൈ മടക്കിക്കയറ്റിയിരിക്കുന്നു. കറുത്തകയ്യിൽ ആരോ മാന്തിയതുപോലുള്ള പാട് ഞാൻ ശ്രദ്ധിച്ചു.
എന്നെയും അമ്മയെയും അവഗണിച്ച് അച്ഛൻ മുറിയിലേക്കാണുപോയത്. പെരുമ്പറകൊട്ടുന്ന ഹൃദയവുമായി ഞാനും പിറകേചെന്നു. വാതിൽ പതിയെചാരി. മുറിയിൽ ഞാനും അച്ഛനും മാത്രം. കട്ടിലിലിരുന്ന അച്ഛന്റെ കൈ ഞാൻ പതിയെപിടിച്ചു. വലത്തേക്കൈയിലെ പാട് നോക്കി. രക്തം പൊടിഞ്ഞത് ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. എന്റെ കണ്ണുകൾ ചോദ്യമെറിഞ്ഞത് കണ്ടിട്ടാകണം അച്ഛൻ നേർത്ത ശബ്ദത്തിൽ പറഞ്ഞു.
“തീർത്തു!! കണ്ഠമർമ്മം നോക്കി നടുവിരലുകൊണ്ടൊരു കുത്ത്…തീർന്നു!!”
ഞാൻ കട്ടിലിലിരുന്നുപോയി. അച്ഛന്റെ കണ്ണിലെ ഭാവം എനിക്കു മനസ്സിലായില്ല.
“എന്തിനാച്ഛാ?” അത്രയുമേ എനിക്ക് ചോദിക്കാൻ കഴിഞ്ഞുള്ളു. എന്റെ വലതുകൈവിടർന്നു മുകളിലേക്കുയർന്നുപോയി.
“നീ പേടിക്കണ്ട, ഒരു മനുഷ്യക്കുഞ്ഞുപോലും കണ്ടിട്ടില്ല.” ശാന്തമായിട്ടാണ് അച്ഛനത് പറഞ്ഞത്.
“മിണ്ടാതിരുന്നോ, ഇനി ഞാൻ പറയാതെ മുറിക്കു പുറത്തിറങ്ങരുത്.”എന്റെ ശബ്ദത്തിൽ വിഷമത്തിലധികം ദേഷ്യം മുഴച്ചുനിന്നു.
കത്തുന്ന നോട്ടമെറിഞ്ഞ് ചാടിയെണീറ്റ് അച്ഛനെ മുറിയിലിട്ടുപൂട്ടി പുറത്തിറങ്ങുമ്പോൾ ഞാൻ കിതച്ചു. അമ്മയെന്നെ വല്ലാതെനോക്കി.
“ഞാൻ തുറന്നോളാം, അല്ലാതെ തുറക്കാൻ നിക്കണ്ട.”
അമ്മയ്ക്കും എന്തോ മനസ്സിലായെന്നു തോന്നുന്നു.എന്തുകൊണ്ടോ അച്ഛൻ ഒച്ചയുയർത്തുകപോലുമുണ്ടായില്ല. അതെന്നെ തെല്ലൊന്ന് അതിശയിപ്പിക്കാതിരുന്നുമില്ല.
എന്റെ മുറിയിലെ മേശവലിപ്പിൽനിന്നും മെഡിക്കൽകോളേജിലെ മെഡിസിൻറെസിപ്റ്റുകൾ തപ്പിപ്പെറുക്കിയെടുക്കുന്നതിനിടയിൽ ഞാൻ വിയർത്തു. കുറച്ചുസമയമെടുത്തിട്ടാണെങ്കിലും എല്ലാമെടുത്തുവച്ചു. ആവശ്യംവരും. മാനസികരോഗിയാണെന്നു തെളിയിക്കാം. പക്ഷേ അതിനുശേഷം? അതിനുമുൻപ്? നെഞ്ചിലാരോ കല്ലുകയറ്റിവച്ചപോലെ. ദൈവമേ! എന്തുചെയ്യും!
ആരെങ്കിലും കണ്ടുകാണുമോ? നട്ടുച്ചയാണ്. താഴത്തെ റബ്ബർത്തോട്ടത്തിലൊന്നും ഈ സമയത്ത് ആരും കാണാറില്ല.
ബീവിത്ത—എന്റെ ചിന്തകളിൽ തീകോരിയൊഴിക്കാൻ അവർ മതിയായിരുന്നു. അവർക്കെല്ലാം അറിയാം. അവരുടെ ഒരുവാക്കുമതി. ആരും കാണാത്തതുകൊണ്ടൊന്നും കാര്യമില്ല.
ഞാൻ കസേരയിൽ ചാഞ്ഞിരുന്നു. എന്തു സംഭവിച്ചുവെന്ന് എങ്ങനെ അറിയും? സതീഷിനെ വിളിക്കാം. അവൻ വാർഡ്മെമ്പറാണല്ലോ.
മൊബൈലിൽ സതീഷിനെ ഡയൽചെയ്യുന്നതിനുമുൻപേ ഞാൻ ദീർഘശ്വാസമെടുത്തു. മുകളിൽ കറങ്ങുന്ന ഫാൻ എന്റെ വിയർപ്പിനുമുന്നിൽ തോൽവിസമ്മതിച്ചു. നെറ്റിയിൽനിന്നും വിയർപ്പുചാലൊഴുകി ചുണ്ടിലെത്തി ഉപ്പറിയിച്ചു.
“എടാ, ഞാനാ… നീ എവിടെയാ?”
“ഹോസ്പിറ്റലിലാട…ഹമീദിക്കാനെക്കൊണ്ട്…”
“അതെന്തായീടാ?”
“എന്താകാൻ? ആളുപോയി.”
“എന്താന്നു വല്ല ഐഡിയയുമുണ്ടോ?”
“ശ്വാസംമുട്ടലാന്ന പറയണേ. പുള്ളി മരുന്നുകഴിച്ചോണ്ടിരുന്നതല്ലേ?”
“മം. അപ്പോ പോസ്റ്റ്മോർട്ടം വേണ്ടേ?”
“അതൊന്നും വേണ്ടാന്ന ഇവരുടെ ആൾക്കാര് പറയണേ. സന്ധ്യക്കുമുന്നേ പള്ളിപ്പറമ്പിൽ അടക്കാൻ ധൃതിവെക്കണുണ്ട്…”
“പിന്നെ ഇവിടെത്തന്നെയല്ലാരുന്നോ പുള്ളീനെ കാണിച്ചോണ്ടിരുന്നേ…അതോണ്ട് ഇവരും നിർബന്ധം പറഞ്ഞിട്ടില്ല. മിക്കവാറും വേണ്ടിവരില്ല.”
” ആര്? ഹോസ്പിറ്റലുകാരോ?”
“ആടാ… ഇവര് നോക്കീട്ട് വേറെ കുഴപ്പമൊന്നുംപറഞ്ഞില്ല.”
“മം. ആ… ശരിയെടാ, അറിയാൻ വിളിച്ചതാ.”
“ആ… ഓക്കേ…”
അവൻ ഫോൺവച്ചു. ചെറിയൊരു സമാധാനംതോന്നി.
ഞാൻ മുൻവശത്തേക്കിറങ്ങി. പോർച്ചിലെ ജനാലയിലൂടെ അകത്തിട്ടിരിക്കുന്ന തുണിക്കർട്ടന്റെ വിടവിലൂടെനോക്കി. വലതുകൈ നെറ്റിക്കും മൂക്കിനുമിടയിൽവച്ച് അച്ഛൻ കണ്ണടച്ചുകിടക്കുകയാണ്.
ഉറങ്ങിയിട്ടില്ലെന്നുതോന്നുന്നു. സാധാരണ ഒരുച്ചയുറക്കം പതിവുള്ളതാണ്. പക്ഷേ, ഇന്നുറങ്ങാൻ അച്ഛന് പറ്റുമോ?
അതോ ഇതൊരഭിനയമാണോ? അസുഖത്തിന്റെപേരിൽ അച്ഛൻ പകതീർത്തതാണോ? സംശയിക്കാൻ കാരണമുണ്ട്. അച്ഛന്റെ ജീവനെയാണ് ഹമീദിക്ക കൊന്നത്.
ഞാൻ സിറ്റൗട്ടിലെ ചാരുബെഞ്ചിലിരുന്നു. അമ്മ വാതിൽപ്പടിക്കൽ താടിക്കു കയ്യുംകൊടുത്ത് എന്നെ നോക്കിനിന്നു.
“നമ്മക്ക് അമ്മാവൻമാരെ ഒന്നറിയിച്ചാലോടാ?” അമ്മ മടിച്ചാണതുപറഞ്ഞത്. ദൈന്യത കണ്ണുകളിൽ നിഴലിച്ചുകിടപ്പുണ്ട്.
“അമ്മേ, അതൊന്നും ഇപ്പോ വേണ്ടാ. ഞാൻ പറയാം… ഇതേവരെ നമ്മളല്ലാതെ ആരുമറിഞ്ഞിട്ടില്ല.” കഴിയുന്നത്ര ശാന്തമായിട്ടാണ് ഞാനതുപറഞ്ഞത്. അമ്മയെ പേടിപ്പിക്കരുതല്ലോ.
അമ്മ അകത്തേക്കുപോയി. ഞാനവിടെയിരുന്ന് ചിന്തിക്കാനും വിഷമിക്കാനും തുടങ്ങി.
സതീഷിനെ ഒന്നുകൂടി വിളിച്ചാലോ? അല്ലെങ്കിൽ വേണ്ട! അവന് സംശയം തോന്നിയാലോ? അല്ലെങ്കിൽ വിളിക്കാം. രണ്ടുമണിക്കൂറായിക്കാണും വിളിച്ചിട്ട്. ഞാൻ മൊബൈൽ കയ്യിലെടുത്തു.
പടിഞ്ഞാറുനിന്ന് അടുത്തടുത്തുവരുന്ന മുഴങ്ങുന്ന ശബ്ദസഞ്ചയത്തിലേക്ക് എന്റെ കാതുകൾ എൻ്റെ ചിന്തകളേയും എന്നെത്തന്നെയും കൊണ്ടുപോയി. ഞാനറിയാതെ എണീറ്റു.
“ലാ ഇലാഹ ഇല്ലല്ലാഹ്…”
“ലാ ഇലാഹ ഇല്ലല്ലാഹ്…”
മുൻവശത്തെ റോഡിലൂടെ മയ്യത്തുകട്ടിലുമായി അക്കരെപ്പള്ളിയിലെ ഖബർ ലക്ഷ്യമാക്കി നടന്നുപോകുന്ന വെള്ളത്തൂവാല തലയിൽക്കെട്ടിയ പരിചയക്കാരുടെ മുഖത്തേക്ക്നോക്കാൻ ഞാൻ പേടിച്ചു. സംശയത്തിൻ്റെ മുനയുള്ള ഒരു നോട്ടംപോലും എനിക്ക് താങ്ങാൻകഴിയുമായിരുന്നില്ല. പച്ചപ്പട്ടുപുതച്ച ഹമീദിക്കായുടെ മയ്യത്തിൻ്റെ ഒന്നുംതന്നെ മയ്യത്ത്കട്ടിലിൻ്റെ വിടവിലൂടെയെനിക്ക് കാണാൻകഴിഞ്ഞില്ല. എന്റെ ഹൃദയം ദ്രുതഗതിയിൽ ഇടിച്ചുകൊണ്ടിരുന്നു. വളവുതിരിഞ്ഞുപോകുന്ന മയ്യത്തുകട്ടിൽ കാഴ്ചയിൽനിന്നു മറയുന്നതുവരെ ഞാൻ നോക്കിനിന്നു.
സമാധാനം! തൽക്കാലത്തേക്ക് സമാധാനം!
•••
“ഇന്നു പോണോടാ?” പിറ്റേന്ന്– ഞായറാഴ്ച വൈകിട്ട് നാലിന്റെ ബസിൽ തിരികെപോകാൻ തുടങ്ങുമ്പോൾ അമ്മ വിഷമത്തോടെയാണ് ചോദിച്ചത്.
“പോകണമമ്മേ, ഞാൻ പോകാതിരുന്നാൽ അതൊരു സംശയമാകും. ഞാൻ പറഞ്ഞപോലെ അച്ഛനെ നോക്കിക്കോണം.” എല്ലാം പറഞ്ഞുറപ്പിച്ചതാണെങ്കിലും വീണ്ടുംപറഞ്ഞു.
ബസ്സ്റ്റോപ്പിലേക്കു നടക്കുന്നതിനുമുമ്പേ ഉറങ്ങുന്ന അച്ഛനെ ഒന്നുകൂടി നോക്കാൻമറന്നില്ല. ഉറങ്ങട്ടെ. പുറത്തേക്കുപോകരുതെന്ന് ചട്ടംകെട്ടിയിട്ടുണ്ട്. ഉപേക്ഷകൂടാതെ അത് സമ്മതിക്കുകയും ചെയ്തു. ഇനി പോകില്ല, അച്ഛൻ പറഞ്ഞാൽ പറഞ്ഞതാണ്. ഒരാഴ്ച കഴിയട്ടെ, ഹോസ്പിറ്റലിൽ കൊണ്ടുപോകണം.
പക്ഷേ കഴിഞ്ഞതൊരു പകപോക്കലായിരുന്നതിന്റെ സാധ്യത അച്ഛന്റെ ഭാവങ്ങൾ തുറന്നിടുന്നത് ഞാൻ കാണാതിരുന്നില്ല.
ബസ്സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴും ചിന്തകൾ അച്ഛനെക്കുറിച്ചുതന്നെയായിരുന്നു. നീലനിറമുള്ള ബസ് അടുത്തുവന്നു നിർത്തിയപ്പോഴാണ് സ്ഥലകാലബോധം വന്നത്. പുറകിലത്തെ ഡോറിൽ കൂടിക്കയറി ആളൊഴിഞ്ഞസീറ്റിൽ ഇരിപ്പുറപ്പിക്കുമ്പോഴാണ് ‘പോകല്ലേ’യെന്നു വിളിച്ചുകൊണ്ട് ഓടിവരുന്ന ബീവിത്തായെക്കണ്ടത്.
ബസിലെ പഴയ മെലഡിഗാനത്തിനു കാതോർത്തിരുന്ന് താളംപിടിച്ചിരുന്ന ഡ്രൈവർ ബീവിത്തായെ കണ്ടു. അവർ കയറുന്നതുവരെ ബസ് ചവിട്ടിനിർത്തിക്കൊടുത്തു. ഒന്നോരണ്ടോപേരെ എന്നെക്കൂടാതെ ബസിലുള്ളൂ. പിന്നെ ആർക്കാണ് ധൃതി!
ദൈവമേ!!
ആരെ കാണരുതെന്ന് ഞാനാഗ്രഹിച്ചിരുന്നോ അവർ മുന്നിലെത്തിയിരിക്കുന്നു. അവരെന്നെ കണ്ടുകാണും.
എന്റെയടുത്തുവന്ന് ബീവിത്താ ഇരുന്നു. ഞാൻ സൈഡിലേക്ക് നീങ്ങിയിരുന്നു. പുറത്ത് മഴ പൊടിഞ്ഞുതുടങ്ങിയിരിക്കുന്നു.
“നീ തിരിച്ചു പോവാരിക്കുമല്ലേ?”
“മം.” ഞാൻ മൂളി. എന്തെങ്കിലുംമിണ്ടാൻ എനിക്കു ഭയമായിരുന്നു. അവരെന്തായിരിക്കും ഇന്നലത്തെ സംഭവങ്ങൾ ആരോടും പറയാതിരുന്നത്? അതോ അവർക്കൊരു സംശയവും തോന്നിയില്ലേ? ചിന്തകൾ കാടുകയറി.
ഞാൻ മിണ്ടാതിരിക്കുന്നതുകൊണ്ടായിരിക്കണം അവരുമൊന്നും മിണ്ടിയില്ല. അതോ അവരെന്റെ മനസ്സുവായിച്ചോ?
“ഇവിടെ ഇപ്പഴാ എല്ലാമൊന്നു തണുത്തത്. ഇന്നിനി വൈകിട്ട് ദുആയുണ്ട്. അനസിന്റെ അവിടെപ്പോയി കുറച്ചു ഡ്രസ്സ് എടുത്തോണ്ടുവരണം.”
ഞാനതിനും മൂളുകമാത്രം ചെയ്തു. അടുത്തസ്റ്റോപ്പിൽ അവരിറങ്ങും. അതുവരെ മൂളൽമതി. എൻ്റെ നാവിനെ എനിക്കത്ര വിശ്വാസമില്ലാത്തതുകൊണ്ടാണ്.
“നമ്മടെ അച്ഛനത് ചെയ്തല്ലേ… എടാ, അച്ഛനെ ശ്രദ്ധിക്കണേ. വൈകാണ്ട് മരുന്നു വാങ്ങണം. എന്തേലുമാവശ്യമുണ്ടേൽ എന്നെ ഫോൺവിളിച്ചാമതി, ഞാൻ നോക്കിക്കോളാം.” ബീവിത്ത എൻ്റെ കയ്യിലവരുടെ കൈത്തലമമർത്തി.
അവരെണീറ്റു; അവരുടെ സ്റ്റോപ്പെത്തിയിരിക്കുന്നു. അവരിറങ്ങുന്ന സ്റ്റോപ്പ് അറിയുന്നതിനാലാകണം ഡ്രൈവർ ബസ് ചവിട്ടിനിർത്തി. പച്ചനിറത്തിലുള്ള വാനിറ്റിബാഗ് തോളിലിട്ട് ബീവിത്ത ബസിൽനിന്നുമിറങ്ങി.
എന്റെ തൊണ്ടവരണ്ടു. ബീവിത്താക്ക് എല്ലാമറിയാമായിരുന്നു. അവരാരോടും മിണ്ടാത്തതാണ്!!! പക്ഷേ എന്തിന്? ഞാൻ തലചൊറിഞ്ഞു.
അല്ല… അല്ല… അവരെന്താണ് അവസാനം പറഞ്ഞിട്ടുപോയത്?
‘നമ്മടെ…’ അച്ഛനെന്നോ?
എൻ്റെ ഓർമ്മകൾ ഒരുമാത്രയിൽതന്നെയൊന്ന് കറങ്ങിയെത്തി.
നീങ്ങിത്തുടങ്ങിയ ബസിൽനിന്നും ചാടിയിറങ്ങി ഞാൻ ബീവിത്തായുടെ പിറകേചെന്നു.
മഴ പെയ്തുതുടങ്ങിയിരുന്നു.
-കഥ പറയുന്നൊരാൾ

