സൂസന്ന കാറിൽ നിന്നിറങ്ങുമ്പോൾ കോളേജ് ഗേറ്റിനടുത്തു നിന്ന് ആർപ്പുവിളികളും ആരവങ്ങളുമുയർന്നു. ആരൊക്കെയോ ഓടി വന്ന് കെട്ടിപ്പിച്ചു.
“ആൻ്റീ നോക്കൂ എങ്ങനെയുണ്ട് ?”
ഗേറ്റിനു മുകളിൽ കെട്ടിയിരുന്ന ബാനറിലേക്കും പുറത്തു വെച്ചിരുന്ന വലിയ ഫ്ളക്സിലേക്കും കൈ ചൂണ്ടി ശരത് ചോദിച്ചപ്പോഴാണ് അവളതു കണ്ടത്.
” കൺഗ്രാറ്റ്സ് ടു സൂസന്ന മാത്യൂസ്”
” വീ ആർ പ്രൗഡ് ഓഫ് യു സൂസന്ന”
സൂസന്നയുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങി. കാർ പാർക്കു ചെയ്തു വന്ന ജോവിൻ അവളുടെ കരം ഗ്രഹിച്ചു.
“മമ്മാ ഈ നിമിഷത്തിനായല്ലേ നമ്മൾ കാത്തിരുന്നത്? അയ്യേ കരയുന്നോ? ചിരിക്കൂ മമ്മാ. ഇതു നമ്മുടെ വിജയത്തിൻ്റെ സമയമല്ലേ?”
“ഇതെന്താ ആൻ്റീ?
വരൂ ഞങ്ങളുടെ വി വി ഐ പി വന്നാലും”
ശരതും ഫൈസലും മാലിനിയും ഷെറിനും ജസീനയും ഉൾപ്പെടെയുള്ളവർ ചേർന്ന് അവരെ മുന്നോട്ടു നയിച്ചു.
ആഡിറ്റോറിയത്തിൻ്റെ മുൻ നിരയിലിരിക്കുമ്പോൾ സൂസന്നയുടെ മനസ്സിലൂടെ ഓർമ്മകളുടെ വലിയൊരു നിര തന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമയിലേപ്പോലെ നിറമില്ലാത്ത നിരവധി ഓർമ്മകളുടെ കണ്ണീർച്ചിത്രങ്ങൾ.
“എൻ്റെ സൂസ മോൾക്ക് ആരാകാനാ ഇഷ്ടം ?”
സ്ക്കൂൾ ആനിവേഴ്സറി കഴിഞ്ഞ് ഒന്നാം റാങ്കിൻ്റെ സമ്മാനവുമായെത്തുന്ന ഓരോ വർഷങ്ങളിലും പപ്പായുടെ ചോദ്യം അതായിരുന്നു. ഇഷ്ടങ്ങൾ മാറി മാറി വന്നു.
ഡിഗ്രി കഴിഞ്ഞപ്പോഴാണ് ബിസിനസ് മാനേജ്മെൻ്റ് പഠിയ്ക്കണം എന്നൊരാഗ്രഹം മനസ്സിൽ പൊട്ടിമുളച്ചത്. ഇന്നത്തെപ്പോലെ നാടു മുഴുവൻ എം. ബി. എ കോളേജുകളില്ല. തൽക്കാലം എം.എ കഴിയട്ടെ പിന്നെ പപ്പായോടു പറയാം. പക്ഷേ ആ കാത്തിരിപ്പ് അവസാനിച്ചത് പപ്പയുടെ മരണത്തോടെയാണ്. എം എ ഫൈനലിനു പഠിക്കുമ്പോഴാണ് സ്ട്രോക്കു വന്ന് പപ്പാ കിടപ്പിലായത്. ഒന്നും സംസാരിക്കാൻ കഴിയാതെ ജീവച്ഛവം പോലെ കിടക്കുന്ന പപ്പയെ കണ്ടുകൊണ്ടാണ് അവസാന പരീക്ഷയെഴുതിയത്. തിരികെയെത്തുമ്പോഴേക്ക് പപ്പ യാത്രയായിരുന്നു.
മാത്യുവിൻ്റെ വിവാഹാലോചന വന്നപ്പോഴും കൂടുതൽ എതിർക്കാൻ കഴിഞ്ഞില്ല.
“പപ്പായ്ക്ക് മരിക്കുന്നതിനുമുമ്പ് നിൻ്റെ വിവാഹം നടത്തണമെന്നായിരുന്നു അതിനു കഴിഞ്ഞില്ല. ഇനി പഠിത്തമൊക്കെ കല്യാണത്തിനു ശേഷം മതി.”
അമ്മ വാശി പിടിച്ചപ്പോൾ ആഗ്രഹങ്ങളെല്ലാം മനസ്സിൽ കുഴിച്ചു മൂടി വധുവിൻ്റെ വേഷമണിഞ്ഞു. എം. ബി. എ യുടെ എൻട്രൻസ് പരീക്ഷയ്ക്കുള്ള അപേക്ഷ പെട്ടിയുടെ അടിയിലെവിടെയോ ശ്വാസം മുട്ടിക്കിടന്നു .
പക്ഷേ സഫലീകരിക്കാത്ത മോഹങ്ങളുടെ ആകെത്തുകയായ ജീവിതം നിരർത്ഥകമായി തോന്നിത്തുടങ്ങിയതു പിന്നീടാണ്. മോൻ വളർന്നു വരുന്നതിനോടൊപ്പം ദിവസങ്ങൾ വിരസങ്ങളായി. കൂടെപ്പഠിച്ചവർ ജോലി നേടി നല്ല പദവികളിലെത്തിയെന്നറിഞ്ഞതും നിരാശയുടെ ആക്കം കൂട്ടി.
എവിടെയോ വെച്ചു മറന്നുപോയ സ്വപ്നങ്ങൾ ഊണിലും ഉറക്കത്തിലും അലട്ടിക്കൊണ്ടിരുന്നു. ഓഫീസ് ടൂറുകളും സൗഹൃദ സദസ്സുകളുമായി മാത്യു എപ്പോഴും തിരക്കിലായിരുന്നു.
“എനിക്കു മടുത്തു. ഞാനെന്തെങ്കിലും പഠിക്കട്ടെ?എം. ബി. എ യ്ക്കു നോക്കിയാലോ ?”
ചോദിക്കുമ്പോഴൊക്കെ ഉത്തരം മുട്ടിക്കാൻ മാത്യുവിനു വല്ലാത്ത വിരുതാണ്.
“ഇനി പഠിച്ചിട്ട് എന്തു ചെയ്യാനാ എൻ്റെ സൂസന്നേ. പണ്ടത്തെപ്പോലെയൊന്നുമല്ല. പഠനരീതികളെല്ലാം മാറി. നിനക്കെന്തറിയാം? കംപ്യൂട്ടർമാത്രമറിഞ്ഞിട്ട് ഒരു കാര്യവുമില്ല. നീ പോയി മോനെപ്പഠിപ്പിക്കാൻ നോക്ക്. അവൻ ടെൻതിലാണെന്നു മറക്കണ്ട. പിന്നെ നീ ഇനിയും പഠിച്ചു ജോലി നേടി സമ്പാദിക്കുകയൊന്നും വേണ്ട. നിനക്കെന്താവശ്യമുണ്ടെങ്കിലും എത്രരൂപ വേണമെങ്കിലും എടുത്തു കൂടേ ?”
കുരുത്തു തുടങ്ങിയ സ്വപ്നങ്ങളുടെ നാമ്പുകളെ വീണ്ടും നുള്ളിക്കളയാനേ ആ വാക്കുകൾ ഉപകരിച്ചുള്ളു.
ആവശ്യത്തിനു പണമുണ്ടെങ്കിലും തൻ്റെ ഉള്ളിൻ്റെയുള്ളിൽ എന്തോ ഒന്നു നഷ്ടപ്പെട്ടതുപോലെ അന്നു തോന്നി .
മോൻ ബി.ബി.എയ്ക്കു പഠിക്കുമ്പോഴാണ് മാത്യുവിനു കാൻസർ സ്ഥിരീകരിച്ചത്. അതും ഏറ്റവും ക്രിട്ടിക്കലായ സ്റ്റേജിലാണെന്നറിഞ്ഞ ആ ഒരു നിമിഷം കൊണ്ട് തൻ്റെ പഠന സ്വപ്നങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. പിന്നെ ആശുപത്രികൾ തോറും കയറിയിറങ്ങി ജീവിതത്തിൻ്റെ കനൽ വഴികളിലൂടെ ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. മോൻ്റെ റിസൾട്ടിനു പോലും കാത്തു നിൽക്കാതെ മാത്യു വിട പറഞ്ഞപ്പോൾ ആകെ ശൂന്യതയാണ് അനുഭവപ്പെട്ടത്.
ബാംഗ്ലൂരിൽ എം. ബി.എയ്ക്കു ചേർന്ന് ജോവിനും പോയതോടെ നിറം കെട്ട ജീവിതത്തെ നിർവ്വികാരതയോടെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു.
അവധിക്കു നാട്ടിലെത്തിയ ജോവിൻ ഒരു ഫയലുമായി മുൻപിൽ വന്നിരുന്നപ്പോൾ സംശയം കൂറുന്ന കണ്ണുകളോടെയാണ് അവനെ നോക്കിയത്.
” മമ്മാ ഇതെല്ലാം മമ്മയുടെ സർട്ടിഫിക്കറ്റുകളല്ലേ?പപ്പ സമ്മതിയ്ക്കാഞ്ഞതു കൊണ്ടാണ് മമ്മ വീണ്ടും പഠിയ്ക്കാഞ്ഞതെന്നെനിക്കറിയാം. ഇനി അതു പറ്റില്ല. മമ്മ എൻട്രൻസ് എഴുതണം എൻ്റെ കോളേജിൽത്തന്നെ എം. ബി. എ പഠിയ്ക്കണം.”
“ഒന്നു പോടാ അവിടുന്ന്. ഇനി മമ്മയ്ക്കു പഠിയ്ക്കാനൊന്നും വയ്യ. അതും ഈ പ്രായത്തിൽ … നിൻ്റെ ജൂനിയറായി ……
നിനക്കു നാണക്കേടാവില്ലേ? എനിയ്ക്കെങ്ങും പറ്റില്ല ”
” ഒന്നും പറയണ്ട. ഞാൻ തീരുമാനിച്ചു. നമുക്ക് ബാംഗ്ലൂരിൽ അടിച്ചു പൊളിക്കണം മമ്മാ”
അങ്ങനെ മോൻ്റെ ജൂനിയറായി അവനേക്കാൾ പ്രായം കുറഞ്ഞ സഹപാഠികളുമൊത്ത് പഠിക്കാൻ തുടങ്ങിയപ്പോൾ ആദ്യം വല്ലാത്ത അങ്കലാപ്പായിരുന്നു.
പക്ഷേ മറ്റു കുട്ടികൾ ബുക്കുകളിൽ നിന്നും കംപ്യൂട്ടറിൽ നിന്നും പഠിച്ച തിയറികൾ പലതും തനിക്ക് ജീവിതാനുഭവങ്ങളിൽ നിന്നു കിട്ടിയവയായിരുന്നു.
ഭർത്താവിൻ്റെ രോഗാവസ്ഥയിൽ ജീവിതം മുന്നോട്ടു നയിച്ച തനിക്ക് ക്രൈസിസ് മാനേജ്മെൻ്റും ഫിനാൻഷ്യൽ പ്ലാനിംഗുമൊന്നും പുത്തരിയായിരുന്നില്ല. തൻ്റെ കുട്ടിക്കൂട്ടുകാരുടെ പ്രിയപ്പെട്ട ആൻ്റിയാവാൻ ദിവസങ്ങളേ വേണ്ടി വന്നുള്ളു.
രണ്ടു വർഷങ്ങൾ വേഗത്തിൽ കഴിഞ്ഞു പോയി. ക്യാംപസ് ഇൻ്റർവ്യൂവിൽ ബാംഗ്ലൂരിൽ ജോവിൻ്റെ കമ്പനിയിൽത്തന്നെ ജോലി ലഭിച്ചത് തൻ്റെ സ്വപ്നസാക്ഷാത്ക്കാരം തന്നെയായിരുന്നു.
” വീ ആർ ഇൻവൈറ്റിംഗ് സൂസന്ന മാത്യൂസ് ടു ദ സ്റ്റേജ് ”
” മമ്മാ സ്വപ്നം കാണുകയാണോ?”
മോൻ്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നുണർത്തിയത്.
മിനിറ്റുകളോളം നീണ്ടു നിന്ന കരഘോഷങ്ങൾക്കിടയിൽ സൂസന്ന സ്റ്റേജിലെത്തി.
തനിക്കു ലഭിച്ച അംഗീകാരത്തിനു മറുപടി മകനോടുള്ള നന്ദി പറച്ചിൽ കൂടിയായി.
ചിറകറ്റു പോയ തൻ്റെ സ്വപ്നങ്ങൾക്കു വീണ്ടും ചിറകു നൽകി പറക്കാൻ പ്രേരിപ്പിച്ച….. തനിക്കൊരു രണ്ടാമൂഴം നൽകിയ മകനോടല്ലാതെ വേറെയാരോടാണവർ നന്ദി പറയുക.
#എൻ്റെരചന
#രണ്ടാമൂഴം

