ഷംഷബാരി മലനിരകളെ ഉമ്മവെച്ചെത്തിയ തണുപ്പുറഞ്ഞ കാറ്റിൽ ചതഞ്ഞ പൈൻ ഇലകളുടെയും വെടിമരുന്നിൻ്റെയും സമ്മിശ്രഗന്ധം. വജ്രസൂചികളാൽ ഉടലിൽ അക്യുപങ്ഞ്ചർ നടത്തുന്ന ശീതക്കാറ്റിൻ്റെ കിടുകിടുപ്പിൽ, അലറിക്കുതിക്കുന്ന കിഷൻഗംഗയെ അവനൊന്നു പാളിനോക്കി. വെള്ളത്തിനൊപ്പം മഞ്ഞു പാളികളും ഇരച്ചുനീങ്ങുന്നു. ഇന്നലത്തെ പെരുമഴപ്പെയ്ത്തിൽ മഞ്ഞുമലകളൊന്നാകെ ഇടിഞ്ഞു താഴെയെത്തിയോ !
അവസാനത്തെ തിരിവിൽ ഉരുളക്കിഴങ്ങു വിതക്ക് ഒരുക്കിയിട്ട പാടത്തിനപ്പുറം മൺവീടുകളുടെ ദൂരക്കാഴ്ച. ‘സിമാരി ‘ എന്ന ഇന്ത്യയിലെ അവസാനത്തെ ഗ്രാമം കോട്ടുവായിട്ടുണരുന്നേയുളളൂ.
ഉണങ്ങിയ ചാണകവരളിയും വില്ലോമരച്ചില്ലകളും ചേർന്നു കത്തിത്തുടങ്ങുന്ന അടുപ്പുകൾ പുറത്തേക്കു തുപ്പുന്ന രൂക്ഷഗന്ധം അപ്പാടെ, തകരച്ചിമ്മിനികൾ ഏറ്റുവാങ്ങി തണുത്ത കാറ്റിനു കൈമാറുന്നു.
സിമാരിയുടെ ഭാഗധേയം നിർണ്ണയിക്കുന്ന കിഷൻഗംഗാനദി തൻ്റെ അദൃശ്യമായ അതിർത്തിരേഖയാൽ പാകിസ്താനെ മറുപുറത്താക്കി രൗദ്രഗംഗയായൊഴുകുന്നു. 1948 ലാണ് സിമാരിയുടെയും അയൽ ഗ്രാമങ്ങളായ കേരൻ, ടിറ്റ്വാൾ, എന്നിവയുടെയും ഇടനെഞ്ചിലൂടെ ചിതറിത്തെറിച്ച് ഉല്ലാസത്തോടൊഴുകിയ കിഷൻഗംഗ ഇന്ത്യക്കും പാകിസ്താനും ഇടയിലെ വെടിനിർത്തൽരേഖയായത്. 1972 ലെ സിംലകരാർ അതിനെ നിയന്ത്രണരേഖയാക്കിയതോടെ വിലക്കുകളും കടുത്തു. ഒന്നായി ജീവിച്ചവർക്കിടയിൽ ഒരു നാൾ രണ്ടു സിമാരിയും രണ്ടു കേരനുമുണ്ടായി. കുളിച്ചും നനച്ചും കാലികളെ കുളിപ്പിച്ചും മീൻപിടിച്ചും രസിച്ച കിഷൻഗംഗയിൽ കാലു നനയ്ക്കാൻ പോലും ഇരു സിമാരിക്കാർക്കും അനുവാദമില്ലാതായി. എല്ലാവരുടേതുമായിരുന്ന കിഷൻഗംഗ പതിയെ മറുപുറത്തെ പാകിസ്താനികൾക്കു നീലം നദിയായി.
കേവലം മുന്നുറോ നാനൂറോ അടി മാത്രം വീതിയുള്ളൊരു നദിക്കിരുപുറം നിതാന്തജാഗ്രതയോടെ രണ്ടു രാജ്യക്കാർ ! മുള്ളുവേലിയുടെ മറപോലുമില്ലാത്ത അതിർത്തിയിൽ, ഉറക്കത്തിലും കൈപ്പാങ്ങിൽ പടക്കോപ്പുറപ്പാക്കുന്ന സൈനികരുടെ സദാ റോന്തുചുറ്റുന്ന കണ്ണുകൾ. അവരുടെ ജാഗ്രതയിലും രാജ്യസ്നേഹത്തിലും മാത്രം വിശ്വാസമർപ്പിച്ചു പഴകിയ കമ്പിളിപ്പുതപ്പും അടുക്കിപ്പിടിച്ചുറങ്ങുന്ന പത്തഞ്ഞൂറു പാവം മനുഷ്യർ! എൺപതോളം മൺവീടുകൾ! അതാണ് സിമാരി എന്ന അദ്നാൻ്റെ ഗ്രാമം.
ഇന്ത്യ, ഇവിടെയാണ് അവസാനിക്കുന്നതെന്നു പറയുന്നവരെ സിമാരിക്കാർ തിരുത്തും. അവർ അഭിമാനത്തോടെ പറയും, ഇന്ത്യ തുടങ്ങുന്നതിവിടെയാണെന്ന്. രാജ്യത്തിൻ്റെ പ്രധാനവാതിൽ കാക്കുന്നത്ത് തങ്ങളും ഇന്ത്യൻ ആർമിയുടെ അഭിമാനമായ ചിനാർ കോർപ്പ്സിലെ വജ്ര ഡിവിഷനും ചേർന്നാണെന്ന്. അവിടത്തെ ഏക മിഡിൽ സ്കൂളിനുമുന്നിൽ സർക്കാർ സ്ഥാപിച്ച,
”DEMOCRACY STARTS FROM HERE” എന്ന ബോർഡ് ചൂണ്ടി അവർ ചോദിക്കും, ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരത്തിലൊന്നുണ്ടോയെന്ന് ഇന്ത്യയുടെ ബൃഹത്തായ പൊതുതിരഞ്ഞെടുപ്പു പ്രക്രിയയിൽ നിങ്ങളുടെ പട്ടണത്തിലെ ബൂത്ത് നമ്പർ നിങ്ങൾക്കറിയാമോയെന്ന്. എന്നും ഇന്ത്യയിലെ ‘ബൂത്ത് നമ്പർ 1’ തങ്ങളുടെ കൊച്ചുസിമാരിയാണെന്നവർ അഭിമാനത്തോടെ നെഞ്ചിൽ കൈവെച്ചു പറയും.
മിഡിൽ സ്കൂളിനപ്പുറം വിദ്യാഭ്യാസ സൗകര്യമില്ലാത്ത, നേർത്തൊരു മൊബൈൽ സിഗ്നലിനായി രണ്ടും മൂന്നും കുന്നുകൾ കയറേണ്ടി വരുന്ന, പരിമിതമായ സൗരോർജ്ജ സംവിധാനങ്ങളുടെ കനിവിൽ ജീവിക്കുന്ന മനുഷ്യർ. ഹിമപാതത്തിൽ ജില്ലാ ആസ്ഥാനമായ കുപ്വാരയിലേക്കും പുറംലോകത്തേക്കുമുള്ള ഏകമാർഗ്ഗമായ ‘സാധ്‌നാപാസ് ‘ മാസങ്ങളോളം അടഞ്ഞു കിടക്കുമ്പോഴും പതറാത്തവർ. പിറന്നുവീഴുമ്പോൾ മുതൽ തോക്കിൻ കുഴലിൻ്റെ സംരക്ഷണവും സംഹാരശക്തിയും ഒരു പോലെ രുചിച്ചറിയുന്ന കുഞ്ഞുങ്ങൾ. സ്വന്തം സിമാരിയിലെ പട്ടാളക്കാരുടെ മൈത്രിയും, അക്കരെ സിമാരിയിൽ നിന്ന് ഇങ്ങോട്ടു നോക്കി തോക്കുമായി റോന്തുചുറ്റുന്ന സൈന്യത്തിൻ്റെ ക്രൗര്യവുമാണ് ബാല്യത്തിൽ അവർ കേൾക്കുന്ന കഥകളിലേറെയും. മറുപുറത്തും കഥ വ്യത്യസ്തമല്ല. കഥാപാത്രങ്ങളുടെ റോൾ മാറുന്നുവെന്നേയുള്ളു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പഠിക്കാനും നല്ല ജോലി നേടാനുമാകാത്ത സിമാരിക്കാരുടെ ജീവിതമാർഗ്ഗങ്ങളേറെയും പട്ടാള ക്യാമ്പുമായി ബന്ധപ്പെട്ടാണ്. ക്യാമ്പിലെ പുറംജോലികൾ, പാചകം, ചുമടെടുക്കൽ, ഹിമപാളികൾ വെട്ടിമാറ്റി മിലിട്ടറി ട്രക്കുകൾക്ക് പാതയൊരുക്കൽ ഒക്കെയാണ് ആരോഗ്യമുള്ള പുരുഷന്മാരുടെ ജോലി
ഭൂമിയുണ്ടെങ്കിലും ഭക്ഷണാവശ്യത്തിനപ്പുറത്തേക്ക്, കാർഷികാദായമുണ്ടാക്കാനുള്ള കനിവൊന്നുo കാലാവസ്ഥയും കാട്ടാറില്ല. സ്ത്രീജീവിതങ്ങൾ, എല്ലുമുറിയെ കൃഷിപ്പണി ചെയ്തും അതിശൈത്യമാസങ്ങൾ താണ്ടാൻ വിളകൾ ഉണക്കിയും പൊടിച്ചും അതിനൊപ്പം ഉണങ്ങിയും പൊടിഞ്ഞും അവസാനിക്കുന്നു.
ജീവിതലക്ഷ്യമെന്നത് അതിജീവനം മാത്രമാകുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളാണ്, സാഹസികതയാണ്, വിരസതയും ദൈന്യതയുമാണ് സിമാരിക്കാരെ അടയാളപ്പെടുത്തുന്നത്. എപ്പോൾ വേണമെങ്കിലും ഒരു വെടിയൊച്ചയിൽ തീരാവുന്ന ജീവിതത്തിൽ സ്വജീവൻ ത്യജിച്ചും മറ്റൊരു ജീവൻ കാക്കണമെന്നാണ് അവർ ചെറുപ്പത്തിലേ കേട്ടുപഠിക്കുന്നത്.
”ആദൂ……… !”മലമടക്കിനു പിന്നിൽ നിന്നു കൂട്ടുകാരൻ യെവാറിൻ്റെ ഒച്ച. അദ്നാൻ തിരിഞ്ഞു നോക്കാതെ ഓട്ടം തുടർന്നു
”യാർ, ഫിസിക്കൽ റാലിയുടെ തീയതി വന്നു, രണ്ടാഴ്ചയേയുള്ളൂ. “
നെഞ്ചൊന്നു കുതിച്ചു. അവൻ ശ്വാസമടക്കി, കാലുകളുടെ വേഗം പരമാവധിയാക്കി. വലതുകയ്യിൽ നീട്ടിപ്പിടിച്ച, ഡയൽ മങ്ങിയ കാസിനോ വാച്ചിൽ നോക്കി കാർക്കശ്യത്തോടെ നിൽക്കുന്ന സെറീനാ ബാനോക്കു മുന്നിലവൻ കിതച്ചു നിന്നു
”താഴ്‌വാരത്തെ കുട്ടികളേക്കാൾ നീ നാലു സെക്കൻ്റ് പിന്നിലാണ്. “
കിഷൻഗംഗയുടെ അലർച്ചയെ തോല്പിച്ച മൂർച്ചയുള്ള ശബ്ദം.
അവൻ മുട്ടുകുത്തി കുതിർന്ന മണ്ണിലേക്കിരുന്നു
”അമ്മീ, മണ്ണും പാറയുമെല്ലാം വഴുക്കലായിരുന്നു, ശ്രമിക്കാഞ്ഞല്ല, സ്ക്കുളിനു മുന്നിൽ വലിയൊരു പാറയിടിഞ്ഞിട്ടുമുണ്ടായിരുന്നു. “
മകൻ്റെ ശബ്ദത്തിലെ ക്ഷമാപണത്തിനു കാതു നൽകാതവൾ ദൂരേക്കു നോക്കി.
”ഫൗജിക്കു മുന്നിൽ എല്ലാ മണ്ണും ഉറപ്പുള്ളതാണ്. നീ അതെന്നാണു പഠിക്കുക? “
കയ്യിലിരുന്ന വാച്ച് ശക്തിയോടെ അവൻ്റെ കൈവെള്ളയിൽ വെച്ചിട്ടവർ വെട്ടിത്തിരിഞ്ഞു വീട്ടിനുള്ളിലേക്കു പോയി. നെരിയാണി മൂടിക്കിടക്കുന്ന തവിട്ടു നിറത്തിലുള്ള ഫെറാൻ, അവർക്കൊപ്പം വീശിത്തിരിഞ്ഞപ്പോൾ, അടുത്ത മഞ്ഞുകാലത്തെങ്കിലും പുതിയൊരു കമ്പിളിക്കുപ്പായം അമ്മിക്കു വാങ്ങിക്കൊടുക്കാൻ കഴിത്തെങ്കിലെന്നാശിച്ചു
ചെളിമണ്ണും ചോരക്കറയും പറ്റി വലിഞ്ഞുണങ്ങിയ സ്ട്രാപ്പുള്ള കാസിനോവാച്ച് അദ്നാൻ്റെ കൈവെള്ളയിലിരുന്നു വിറച്ചു. രാജ്യസ്നേഹിയായൊരച്ഛൻ്റെ തിരുശേഷിപ്പ്. എത്രയടക്കിയിട്ടും രണ്ടുതുള്ളിക്കണ്ണീർ അതിൽ വീണു ചിതറി. അച്ഛൻ്റെ ചോരയും മകൻ്റെ കണ്ണീരും പടർന്ന വാച്ചിൽ നോക്കിയിരിക്കെ നെഞ്ചിലെ മുറുക്കം പെരുകുന്നതവനറിഞ്ഞു.
ആരാവും അബ്ബുവിനെ ഒറ്റിയത്? ഈ ഗ്രാമത്തിലൊരാൾ അത് ചെയ്യുമോ?ക്യാമ്പിൽ, അങ്ങനെയൊരാളുണ്ടാവുമോ? ചിന്തിക്കാൻ പോലുമാകുന്നില്ല. ഇന്ത്യൻ ആർമിയുടെ അന്തസ്സുറ്റ വജ്ര ഡിവിഷനിൽ എല്ലു മുറിയുന്ന തണുപ്പിൽ അതിർത്തി കാക്കുന്നവരിൽ ഒരിക്കലും ഒരു രാജ്യദ്രോഹിയുണ്ടാവില്ല.
ദൂരെ മലമടക്കുകളെ വിറപ്പിച്ചൊരു വെടിയൊച്ച ! അവൻ ഞെട്ടി. രാവിലെ ഇത് പതിവുള്ളതല്ല. രാത്രിയാണെങ്കിൽ അതിശയവുമില്ല. നിമിഷാർദ്ധത്തിൽ മറുപുറത്തു നിന്നും ഒച്ച കേട്ടു. പതിയെ എല്ലാം ശാന്തം. യെവാർ, അങ്കലാപ്പോടെ ഓടിയെത്തി.
”എന്തെടാ രാവിലെ തന്നെ പടക്കമാണല്ലോ. പ്രശ്‌നമാകുമോ?” അദ്നാൻ മിണ്ടിയില്ല.
ഡീസലിൻ്റെ ശ്വാസം മുട്ടിക്കുന്ന ഗന്ധം പരത്തി, മൺപാതയെ വിറപ്പിച്ചൊരു വാഹനവ്യൂഹം ഒടിഞ്ഞ പൈൻമരച്ചില്ലകളെയും മഞ്ഞുകട്ടകളെയും ഞെരിച്ച് മലഞ്ചരിവിലൂടെ കടന്നുപോയി. സഹജവാസനയാൽ എന്തെങ്കിലും ജോലിക്കായല്ലാതെ പുറത്തിറങ്ങിയവരെല്ലാം വീടുകളിലേക്കു വലിഞ്ഞു. സ്വന്തം പട്ടാളമാണെങ്കിലും സമാധാനകാലത്തെ സ്വഭാവമല്ലവർക്ക് സംഘർഷo തുടങ്ങിയാൽ.
സെറീന കൊണ്ടു വെച്ച കോപ്പകളിൽ തക്കാളിയും വെണ്ടക്കയും ക്യാരറ്റും ചേർത്തു തിളപ്പിച്ച സൂപ്പ്, അതിവേഗം തണുത്തു കൊണ്ടിരുന്നു. ചൂടുള്ളതെന്തു കിട്ടിയാലും എടുത്തുമോന്തിപ്പോകുന്ന കാലാവസ്ഥയിലും ഉള്ളിലെ വേവിൽ അവർക്കാ കോപ്പ കയ്യിലെടുക്കാൻ തോന്നിയില്ല
സംഘർഷം നീണ്ടുനിന്നാൽ അഗ്നിപഥിൻ്റെ ശാരീരികക്ഷമതാ പരീക്ഷ നഷ്ടമാകും. സാധ്നാപാസ് അടച്ചുപോയാൽ ഫിസിക്കൽ റിക്രൂട്ട്മെൻ്റ് റാലിക്ക് എത്തേണ്ട ഉറി മിലിറ്ററി സെൻ്ററിലേക്കെന്നല്ല പുറത്തേക്കിറങ്ങാനാവില്ല. അദ്നാൻ കൈകളിൽ തലതാങ്ങി കുനിഞ്ഞിരുന്നു. ഓൺലൈൻ എൻട്രൻസ് പരീക്ഷക്കു മുമ്പും ചെറിയൊരു പ്രശ്‌നമുണ്ടായെങ്കിലും നീണ്ടുനിന്നില്ല. ബാരമുള്ള സെൻ്ററിൽ അദ്‌നാനും യെവാറും ഒരുവിധത്തിലെത്തി പരീക്ഷയെഴുതി. പഠിച്ചെഴുതിയ അദ്‌നാൻ ജയിച്ചു. യെവാർ പ്രതീക്ഷിച്ച പോലെ തോറ്റു. അന്നുമുതൽ യെവാറിൻ്റെ ശ്രദ്ധയും കൂട്ടുകാരനെ അഗ്നിവീർ ആക്കുകയെന്നതായി. ജീവിതം തന്നെ കൈവിട്ടുപോകുമ്പോലെ.. ആത്മാഭിമാനമുള്ള മകനായി സിമാരിയിൽ തുടരണമെങ്കിൽ അബ്ബുവിൻ്റെ സ്വപ്നം സാക്ഷാത്‌ക്കരിക്കണം. അമ്മിയുടെ സഹനത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടാകണം. അവനു കരച്ചിൽ വന്നു. യെവാർ അവൻ്റെ കൈകൾ ചേർത്തുപിടിച്ചു
സെറീന വീണ്ടും ചൂടാക്കിക്കൊണ്ടു വെച്ച സൂപ്പ് രണ്ടാളും ത്സടുതിയിൽ കാലിയാക്കി. ഭക്ഷണത്തിൻ്റെ ഒരു കുഞ്ഞുതുള്ളി പോലും പാഴാക്കാവുന്നിടത്തല്ല തങ്ങൾ ജനിച്ചതെന്നവർക്കറിയാം.
ഉച്ചയോടെ സിമാരിയുടെ ശ്വസനതാളം തന്നെ കനമുളളതായി. ഉരുളുന്ന മിലിട്ടറി ട്രക്കുകളുടെ അസുഖകരമായ ശബ്‌ദം എമ്പാടും മുഴങ്ങിത്തുടങ്ങി. സാധ്നാപാസ് അടച്ചേക്കുമെന്നു തോന്നിയപ്പോൾ തന്നെ താരിഖിൻ്റെ കുഞ്ഞു പലചരക്കു കടയിൽ സാധനങ്ങൾ തീർന്നുതുടങ്ങി. വൈകിട്ടോടെ അറിയിപ്പുമെത്തി.
ഇരുൾ പൊതിഞ്ഞതോടെ ആർമിയുടെ കനത്ത സെർച്ച്ലൈറ്റുകൾ സിമാരിക്കു ചുറ്റും ചിതറിത്തെറിച്ചു തുടങ്ങി. മേൽക്കൂരയിലെ ഒറ്റസോളാർ പാനലിൽ നിന്ന് ചില്ലു പോയ ജനാലയിലുടെ അകത്തേക്കു വലിച്ച വയറിൻ്റെ അറ്റത്ത് ചാർജിൽ കിടക്കുന്ന ഫോണിൻ്റെ മിനുക്കം. സെർച്ച് ലൈറ്റിൻ്റെ വെളിച്ചം വീഴുമ്പോൾ ചുറ്റുമുള്ള പൈൻമരങ്ങളുടെ നിഴൽ പ്രേതരൂപം പൂണ്ട് മുടിയഴിച്ചാടുന്നതും നോക്കി അദ്നാൻ തൻ്റെ ചൂടിക്കട്ടിലിൽ വെറുതേ കിടന്നു. തണുത്തുറഞ്ഞ മലമടക്കുകളിലെവിടെയോ ഹിമപാതത്തിൽ കരൾപിളർന്നൊരു പൈൻ മരക്കൊമ്പിൻ്റെ ആർത്തനാദം!
അബ്ബു അടുത്തു വന്നിരിക്കുമ്പോലെ……. അവൻ ഞെട്ടി കണ്ണു തുറന്നു. മഞ്ഞുതൂണുപോലെ അമ്മി അരികിലിരിക്കുന്നു.
”പാസ് നുഴഞ്ഞു കടക്കാനെങ്ങാനും നിനക്കു പദ്ധതിയുണ്ടോ?”
നടുങ്ങിപ്പോയി. യെവാറുമായി രഹസ്യമായി ചർച്ച ചെയ്ത കാര്യം!
”അൽതാഫിൻ്റെ കുടുംബത്തിൽ, രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്നവർ വേണ്ട.. നുഴഞ്ഞുകയറിയ ശത്രുവെന്നു സംശയിച്ചു നമ്മുടെ പട്ടാളം വെടിവെച്ചാൽ, നീ പിന്നെ രാജ്യദ്രോഹിയാണ്. സിമാരി പൊറുക്കില്ല, ഞാനും. നിനക്ക് പത്തൊമ്പത് കഴിഞ്ഞിട്ടേയുള്ളു. അഗ്നിവീറാകണമെങ്കിൽ ഇനിയും രണ്ടുവർഷം ബാക്കിയുണ്ട്. ഇത്തവണ പങ്കെടുത്താലും റാലിയിൽ നീ തോറ്റെന്നു വരാം. നിൻ്റെ തയ്യാറെടുപ്പു പൂർണ്ണമാകുമ്പോൾ അള്ളാ അവസരവും തരും. അബ്ബുവും സോയയും അത് കാത്തിരിക്കുന്നുണ്ട്”
നിറയുന്ന കണ്ണുകളും ഇടറുന്ന ശബ്ദവും മകനിൽ നിന്നു മറയ്ക്കാൻ സെറീന പെട്ടന്നു തിരിഞ്ഞു നടന്നു. നടുക്കുന്ന ഓർമ്മകളിൽ നിന്നു കരകയറാനാവാതെ അദ്‌നാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.
പട്ടാളക്യാമ്പിലെ ചുമട്ടുതൊഴിലാളിയായിരുന്നു അവൻ്റെ അബ്ബു, മുഹമ്മദ് അൽതാഫ്. തികഞ്ഞ രാജ്യസ്നേഹിയെന്നതു മാത്രമായിരുന്നില്ല അൽതാഫിനു ക്യാമ്പിലുണ്ടായിരുന്ന സ്വീകാര്യതക്കു പിന്നിൽ. സിമാരിയിൽ ഒരാൾക്കുമറിയാത്ത, അപകടകരമായ ഒരു ജോലി കൂടി അയാൾ ചെയ്തിരുന്നു. ശത്രുക്കളുടെ നീക്കം മണത്തറിഞ്ഞു വിവരങ്ങൾ ഡിവിഷൻ കമാൻഡറെ അറിയിക്കുന്ന ഇൻഫോമൻ്റായിരുന്നു അയാൾ. സെറീന പലകുറി വിലക്കിയിട്ടും അത് തൻ്റെ ദൗത്യമാണെന്നയാൾ കരുതി. മകനെ സൈനികവേഷത്തിൽ കാണുകയായിരുന്നു അൽതാഫിൻ്റെ ജീവിതാഭിലാഷം. എന്നാൽ അതിനു കാത്തുനിൽക്കാതെ രണ്ടുവർഷം മുമ്പ് സാധ്‌നാപാസിൽ നടന്ന ആസൂത്രിത ആക്രമണത്തിൽ അൽതാഫ് ശരീരമെമ്പാടും വെടിയുണ്ടകളേറ്റ് പിടഞ്ഞു തീർന്നു. മണ്ണും ചോരയും ഉണങ്ങിപ്പിടിച്ച കാസിനോവാച്ച്, സെറീനാ ബാനോയുടെ ഉള്ളംകയ്യിൽ വെച്ചു കൊടുത്തിട്ടു കമാൻഡർ പറഞ്ഞു.
” മകനെ സൈനികനാക്കൂ. അവൻ തീർക്കട്ടെ ഈ കണക്ക്. “
അന്നുതൊട്ടിന്നോളം അവർ ജീവിക്കുന്നതു തന്നെ ആ വാക്കുകളിലാണ്. ഇല്ലെങ്കിൽ ഒരു പക്ഷേ ആ നഷ്‌ടം താങ്ങാൻ സെറീനക്കു കഴിയുമായിരുന്നില്ല. കാരണം അവർക്കു നഷ്‌ടപ്പെട്ടതു ഭർത്താവിനെ മാത്രമല്ല ഉയിരിൻ്റെ ഉപ്പായ കുഞ്ഞിമകൾ സോയയെക്കൂടിയാണ്. സിമാരിയുടെ നക്ഷത്രമായിരുന്നു അവൾ.
ജമ്മുകാഷ്മീർ സർക്കാരിൻ്റെ പ്രശസ്തമായ ‘നാഷണൽ മീൻസ് ആൻ്റ് മെറിറ്റ് സ്കോളർഷിപ്പു നേടിയ സിമാരിയിലെ ഏകപെൺകുട്ടി. കുപ്വാര ജില്ലയിൽ നിന്നു തന്നെ ആകെ 22 പെൺകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടതിൽ ഒരാൾ! 12-ാം ക്ലാസ്സുവരെ പ്രതിമാസം ആയിരം രൂപ സ്കോളർഷിപ്പ്. സിമാരി പോലൊരു പ്രദേശത്തത് കുട്ടികൾക്കു ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.
അറിവിൻ്റെ നിറകുടമെന്ന് വിശേഷിപ്പിച്ച്, മുഖ്യാതിഥിയായിരുന്ന 41-ാം രാഷ്ട്രീയ റൈഫിൾസിൻ്റെ കമാൻ്റിങ് ഓഫീസർ, സോയയുടെ കയ്യിലേക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകിയ നിമിഷം സെറീനാ ബാനോയുടെ ഗർഭപാത്രം വരെ അഭിമാനം കൊണ്ടു തുടിച്ചു
മകൾ തന്നെപ്പോലെ മഞ്ഞിനോടും മണ്ണിനോടും പടവെട്ടിയും, ചിമ്മിനിക്കു താഴെ പച്ചക്കറികൾ കെട്ടിയിട്ടുണക്കിയും, രാവേറുവോളം വിൽക്കാനുള്ള കമ്പിളിത്തൊപ്പി തുന്നിയും ജീവിക്കേണ്ടി വരില്ല എന്നതായിരുന്നു അവരുടെ വലിയ സന്തോഷം. കേന്ദ്ര സർക്കാരിൻ്റെ റസിഡൻഷ്യൽ പ്രോഗ്രാമിൽ അവൾക്ക് 9 -ാം ക്ലാസ്സിലേക്ക് കൂപ് വാരയിലെ ‘കസ്തൂർബാ ഗാന്ധി ബാലികാവിദ്യാലയ’ത്തിൽ പ്രവേശനം ലഭിക്കുക കൂടി ചെയ്തതോടെ, ജീവിതത്തിലിന്നോളം നടന്ന കനൽവഴികളൊന്നും സാരമില്ലെന്നു തന്നെ ആ അമ്മ കരുതി. പക്ഷേ, മകളെ ബോർഡിങ് സ്കൂളിലാക്കാൻ പോയ യാത്ര, ഭർത്താവിനെയും മകളെയും, സഹോദരപുത്രനേയും ഒറ്റയടിക്കു നഷ്ടമാക്കി. അദ്നാനു കടുത്ത പനി ബാധിച്ചിരുന്നില്ലെങ്കിൽ ആ കുടുംബം ഒന്നാകെ തുടച്ചു നീക്കപ്പെടുമായിരുന്നു.
ഒന്നര മാസത്തിനിപ്പുറം സംഘർഷമൊഴിഞ്ഞ് പാസ് തുറക്കുമ്പോഴേക്കും അദ്നാൻ നിരന്തര പരിശീലനത്തിലേക്ക് മനസ്സും ശരീരവും അർപ്പിച്ചു കഴിഞ്ഞിരുന്നു. കാസിനോ വാച്ചിൽ സമയം തിട്ടപ്പെടുത്തുന്ന സെറീനയുടെ നെഞ്ചിൽ ആശ്വാസം വിതച്ച് പതിയെ, നിശ്ചിത സമയത്തിൽ ഓട്ടം പൂർത്തിയാക്കിത്തുടങ്ങി. ഏഴു മാസങ്ങൾക്കിപ്പുറം വീണ്ടും ഓൺലൈൻ പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ ഒരു വൈകുന്നേരം, അദ്‌നാൻ മൊബൈൽ റേഞ്ചിനായി കുന്നുകളും മലകളും താണ്ടി, ഒറ്റക്കട്ട സിഗ്‌നൽ തരപ്പെട്ട പാറക്കെട്ടിൽ ഇരിപ്പുറപ്പിച്ചു. പതിനഞ്ചു മിനിറ്റിൽ മോക് പരീക്ഷ തുടങ്ങും. അതിർത്തി ഗ്രാമങ്ങളിലെ കുട്ടികളുടെ ഏക പരിശീലനവും ആശ്വാസവും ഇത്തരം പരീക്ഷകളാണ്. റേഞ്ച് ശരിയാകാത്ത നിരാശയിൽ പാറക്കെട്ടിലിരുന്നവൻ മെലിഞ്ഞൊഴുകുന്ന കിഷൻഗംഗയുടെ മോഹിപ്പിക്കുന്ന നീലയിലേക്കു കണ്ണുകളയച്ചു. ഹിമപാതത്തിൽ നുരച്ചുകുത്തി അലറുന്ന കിഷൻഗംഗ എവിടെ, സ്ഥടി കം പോലെ തിളങ്ങി അലസഗമനം നടത്തുന്ന ഇവളെവിടെ! സിമാരിയിലെ കൃഷിയിടങ്ങളിൽ ഉരുളക്കിഴങ്ങും, ചോളവും, ഗോതമ്പും പച്ചക്കറികളും ചിരിച്ചുനിൽക്കുന്ന കാലമാണ്. തങ്ങളുടെ ഗ്രാമത്തോളം ഭംഗിയുള്ളൊരിടം ഭൂമിയിലില്ലെന്നു ഓരോ സിമാരിക്കാരനും തോന്നുന്ന കാലം.
സാധാരണ മോക്ടെസ്റ്റിനു റേഞ്ചു കിട്ടാതെ വന്നാൽ തോന്നുന്ന വേവലാതി എന്തുകൊണ്ടോ അന്നവനെ അലട്ടിയില്ല. പെട്ടന്നാണ് അക്കരെ സിമാരിയിൽ നിന്നൊരു മയിൽപ്പീലിത്തിരയിളക്കം കണ്ണിൽ തറച്ചത്. പത്തുപതിനേഴു വയസ്സുള്ളാരു പെൺകുട്ടി, പന്തലിച്ചൊരു വാൽനട്ട് മരത്തിൻ്റെ പിന്നിൽ പാതിമറഞ്ഞുനിന്ന് അവനെത്തന്നെ ഉറ്റു നോക്കുന്നു. ഒറ്റ നിമിഷം കൊണ്ടവൻ അധീരനായി. ഇരുവശത്തെയും പട്ടാളക്യാമ്പുകളുടെ നേരേ പാളിനോക്കുന്ന അവനെ കണ്ടവളൊന്നു ചിരിച്ചോ! മുഖം പോലും വ്യക്തമല്ല. എങ്കിലും അവൾ ചിരിച്ചെന്നും, അത് അഗ്നിവീറാകാൻ നടക്കുന്ന ഒരുവൻ്റെ ഭീരുത്വം കണ്ടാണെന്നും അവനുറപ്പിച്ചു. പാറയിലേക്ക് പതിയെ ചരിഞ്ഞ്, സുരക്ഷിതമായൊരു വീക്ഷണകോണം സൃഷ്ടിക്കാൻ തിടുക്കപ്പെടുന്ന മനസ്സിനെ നിയന്ത്രിക്കാനേ തോന്നാത്തതെന്തേ!
ആകാശം ചുവക്കാൻ തുടങ്ങിയിരുന്നു. നോക്കി നോക്കിയിരിക്കെ, അവർക്കിടയിൽ നിയന്ത്രണരേഖ മാഞ്ഞു പോയി. ഒരേ ലോകത്തിനിരുപുറം നിന്നു മറയുന്ന പകലിനെ പകുത്തെടുക്കുന്ന രണ്ടുപേർ മാത്രമായി തങ്ങൾ മാറുന്ന മായക്കാഴ്ചയുടെ മാസ്മരികതയിൽ അവൻ്റെ ഹൃദയം തുടിച്ചു. പെട്ടന്നവൾ തിരിഞ്ഞു നടന്നു. മയിൽപീലി വർണ്ണത്തിലുള്ള ഷാൾ പിന്നിൽ ഇളകിപ്പറന്നപ്പോൾ, സ്വപ്നം കണ്ടു മയങ്ങുന്ന കിഷൻഗംഗയിൽ നിന്നൊരുകീറ്, കടമെടുത്തവൾ ഒഴുകിപ്പോകുമ്പോലെ. അവൾക്കു പിന്നാലെ കുണുങ്ങി നീങ്ങുന്ന രണ്ട് ആട്ടിൻകുഞ്ഞുങ്ങളെ അവൻ അപ്പോൾ മാത്രമാണു കണ്ടത്. അവയോടും അവനു സ്‌നേഹം തോന്നി.
അവൾ കണ്ണിൽ നിന്നു മറഞ്ഞതും മൊബൈൽ ഫോണിലേക്കു നോക്കിയ അദ്‌നാൻ, സതബ്ധനായി. ഒരിക്കലുമില്ലാതെ ഫോണിൽ മൂന്നുകട്ട! പരീക്ഷ തുടങ്ങാൻ രണ്ടു മിനിറ്റ്. ഉച്ചത്തിലൊന്നു ചൂളമടിക്കാൻ മനസ്സു തുടിച്ചു, സിമാരിയിൽ അതനുവദനീയമല്ലെങ്കിലും.
കണ്ണടയ്ക്കുമ്പോഴെല്ലാം നെഞ്ചിൽ അലകളുയർത്തുന്ന നീല ഷാളിനെ എന്തു വിളിക്കണമെന്നറിയാതെ കുഴങ്ങി. എന്താവും അവളുടെ പേര്, കഷിഷ്, ഹംന, ആയത് ? ങുഹും അതൊന്നുമല്ല. പിന്നെ?
’മെഹക്’ !’ എങ്ങുനിന്നോ ഒഴുകിവരുന്ന ഹൃദ്യസുഗന്ധം എന്നർത്ഥം വരുന്ന മെഹക്. മതി. അവനു തൃപ്തിയായി.
കഠിന പരിശീലനത്തിനും മോക് ടെസ്റ്റുകൾക്കുമിടയിലും ജീവിതം സുഗന്ധവാഹിയായൊരു കുളിർകാറ്റായി ഒഴുകി. സിമാരിയിൽ റേഞ്ചു കിട്ടുന്ന ഒരേയൊരിടമായി വാൾനട്ട് മരത്തിനെതിരെയുള്ള പാറക്കെട്ടു മാറിയതെങ്ങനെ, എന്ന യെവാറിൻ്റെ കുസൃതി അവൻ കേട്ടതായി നടിച്ചില്ല.
താൻ അഗ്നിവീറായി നാലു വർഷ കാലാവധി തികക്കുന്നതും, സ്ഥിരം സർവീസിലെത്തുന്ന 25 ശതമാനത്തിൽ കടന്നുകൂടുന്നതും, എന്നെങ്കിലുമൊരിക്കൽ സിമാരിയിലെ വജ്ര ഡിവഷനിൽ ജോലിക്കെത്തുന്നതും, പട്രോളിങ്ങിനിടയിൽ, ആർമിയുടെ കരുത്തുറ്റ ബൈനോക്കുലറിലൂടെ ആ കണ്ണുകളിലെ ഭാവം വായിച്ചെടുക്കുന്നതും അവൻ സ്വപ്നം കണ്ടു.
ഓൺലൈൻ എഴുത്തുപരീക്ഷ വീണ്ടും പാസ്സായ അദ്‌നാൻ, രണ്ടാമൂഴത്തിലെങ്കിലും, തൻ്റെയും അച്ഛനമ്മമാരുടെയും ജീവിതലക്ഷ്യം നേടിയെടുക്കാനുള്ള ഓട്ടം തുടർന്നു. സിമാരി വീണ്ടും ശൈത്യത്തിൻ്റെ പിടിയിലായി. കിഷൻഗംഗ, സിമാരിയിലെ ചെറിയ ശബ്ദങ്ങളെല്ലാം കവർന്ന് അലറാൻ തുടങ്ങിയിരുന്നു. അദ്നാനും മെഹക്കിനുമിടയിൽ നദിയുടെ രൗദ്രഭാവം അല്പം അകലം കൂട്ടിയെങ്കിലും അവരതു ഗൗനിച്ചില്ല.
ഫിസിക്കൽ ടെസ്റ്റിനു മുന്നോടിയായി, പൻസഗാം ആർമി ക്യാമ്പിൽ സംഘടിപ്പിച്ച പ്രീസ്ക്രീനിങ്ങിൽ വിജയിച്ച അദ്‌നാൻ, ഉറിയിലെ ഫിസിക്കൽ റാലിക്കു യോഗ്യനാണെന്നു തെളിയിച്ചു. ഇനി ഒന്നരമാസം മാത്രം!
അലസമായൊരു ഉച്ചമയക്കത്തിൽ നിന്ന് നടുക്കുന്നൊരു ഇടിമുഴക്കം കേട്ട്, അദ്നാൻ ഞെട്ടിയുണർന്നു. ഭൂമിയെ ഇരുൾ വിഴുങ്ങിയ പ്രതീതി. ഉണങ്ങാനിട്ട ചാണകവരളിയും, വിറകും, ധാന്യങ്ങളും മഴ നനയാതെ വാരിക്കൂട്ടാൻ ഓടി നടക്കുന്ന സെറീന. അവൻ ചാടിയെഴുന്നേറ്റ് അമ്മിയെ സഹായിക്കാൻ പുറത്തേക്കോടി. എല്ലാ വീടുകൾക്കു ചുറ്റും അപ്രതീക്ഷിത മഴ കൊണ്ടുവന്ന പരവേശം കാണാനുണ്ട്. ശൈത്യകാലത്തിനൊടുവിൽ വരുന്ന മിന്നൽമഴ എന്നും സിമാരിയുടെ പേടിസ്വപ്നമാണ്. കൊടുംശൈത്യത്തിൽ മലനിരകൾ പൂട്ടിവെച്ച ഹിമപാളികൾ, മേഘസ്ഫോടനത്തിൽ പൊട്ടിയടർന്ന് കുന്നും മലയുമിടിച്ച് താഴേക്കു കുതിക്കും. കിഷൻഗംഗക്കു താങ്ങാവുന്നതിനപ്പുറമാകുമ്പോൾ, അത് സിമാരിയുടെ ദുരന്തമാകുന്നു. മിന്നൽ പ്രളയം സർവനാശം വിതക്കും. സിമാരി ഒറ്റപ്പെടും. മഴ താണ്ഡവം തുടങ്ങിക്കഴിഞ്ഞു. കനം തൂങ്ങിയ മനസ്സോടെ അമ്മിയും മകനും അടരുന്ന മഴത്തൂണുകൾ നോക്കി മൗനമിരുന്നു.
”നീ, പുറത്തിറങ്ങരുത്. എൻ്റെ കൺവെട്ടത്തുണ്ടാകണം. ഒന്നരമാസമുണ്ട്. അതിനകം എല്ലാം ശരിയാകും. “
അവൻ തലയാട്ടി. യെവാറും കൂട്ടരും ആർമിയെ സഹായിക്കാൻ പോയിട്ടുണ്ടാവും. അവനു നിരാശ തോന്നി.
ഇടിമിന്നലിൽ വിറക്കുന്ന ഭൂമി. ഒടിഞ്ഞുവീഴുന്ന മരക്കൊമ്പുകളുടെ നിലവിളിക്കുമേല കിഷൻ ഗംഗയുടെ അലറിക്കരച്ചിൽ. വാതിലിൽ ശക്തമായിടിക്കുന്ന ശബ്‌ദം, ആരാണീ പെരുമഴയിൽ !
മഴയിൽ കുതിർന്ന്, പരിഭ്രമിച്ച് യെവാറും, ചാച്ചായുടെ മകൻ ആദിലും.
”ഇർഫാൻ ഇതുവരെ തിരിച്ചെത്തിയില്ലെടാ !”
അനുജനെ കാണാത്ത സങ്കടത്തിലവൻ വിതുമ്പി. പകച്ചും മടിച്ചും തൻ്റെ മുഖത്തേക്കു നോക്കിയ അദ്‌നാനു നേരെ വിരൽ ചൂണ്ടി സെറീന കല്പിച്ചു….
”എവിടുണ്ടെങ്കിലും പോയി തപ്പിക്കൊണ്ടു വാടാ. അവൻ്റെ കൂടപ്പിറപ്പല്ലേ “
അമ്മി നീട്ടിയ റെയിൻകോട്ടിൽ പിടഞ്ഞു കയറി ഹെഡ്ലൈറ്റ് തലയിലുറപ്പിച്ചവൻ അവർക്കൊപ്പം മഴയിലേക്കോടി. സെറീന പിടയുന്ന കരളോടെ അള്ളായുടെ ദുവ തേടി ആരിവർക്ക് ചെയ്ത തൻ്റെ പഴയ നിസ്കാരവിരിയിലേക്കമർന്നു.
ഭൂമിയെ കയ്യിലെടുത്തു കറക്കി നിലത്തടിക്കാൻ വെമ്പും പോലെ കോടക്കാറ്റും പേമാരിയും പരസ്പരം മത്സരിക്കുന്നു. മൺറോഡിലാകെ കല്ലും ചെളിയും മരക്കൊമ്പുകളുമാണ്. ഒരുതരത്തിൽ മൂന്നാമത്തെ മലമടക്കു കടന്നവർ കിഷൻഗംഗ പുതുവഴിവെട്ടിപ്പായുന്ന ദുരന്തസ്ഥലത്തെത്തി. കുന്നുകൾ ഒന്നാകെ ഇടിഞ്ഞു താഴേക്കുവന്നു സർവനാശം വിതച്ചതുകണ്ടു ഭയന്നു നിൽക്കുമ്പോൾ, ആദിലാണ് ആ സന്തോഷക്കാഴ്ച ചൂണ്ടിക്കാട്ടിയത്. എട്ടാം ക്ലാസ്സുകാരൻ ഇർഫാൻ, സേനാംഗങ്ങളോടു തോളോടുതോൾ ചേർന്ന് സ്‌ട്രെച്ചറിൽ നിന്ന് പരിക്കേറ്റവരെ മിലിറ്ററി വാഹനങ്ങളിലേക്കു കയറ്റുന്നു. ഒറ്റശ്വാസത്തിൽ, മൂവരും അവിടേക്കു കുതിച്ചു. പിന്നെ പതിവുപോലെ രക്ഷാദൗത്യത്തിലവരും കൈമെയ് മറന്നലിഞ്ഞു.
വീണ്ടും മണ്ണിടിഞ്ഞേക്കാം, പിന്നിൽ നിന്നാൽ മതി എന്ന് സേനാംഗങ്ങൾ, നാട്ടുകാരെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. പെട്ടന്നാണ് ഒരു മണ്ണുമലക്കപ്പുറത്തു നിന്നൊരു കരച്ചിൽ അദ്‌നാൻ്റെ ചെവിയിൽ വീണത്. അവനങ്ങോട്ടു പറക്കുന്നതു കണ്ട് യെവാർ ബഹളം കൂട്ടിയെങ്കിലും വീണും എഴുന്നേറ്റും അവൻ മറുപുറം താണ്ടി കഴിഞ്ഞിരുന്നു. ഇപ്പോൾ കരച്ചിൽ വ്യക്തമാണ്. ഹെഡ് ലൈറ്റ് ശരിയാക്കി വെച്ചവൻ ചുറ്റും നോക്കി. വലിയൊരു ഉരുളൻകല്ലിൽ ചാരിയൊരു കൊച്ചുപെൺകുഞ്ഞ്. എട്ടൊൻപതു വയസ്സു കാണും. അവൻ മുന്നോട്ടാഞ്ഞപ്പോൾ കാൽ ചെളിയിൽ പുതയാൻ തുടങ്ങി. തലച്ചോർ അപായമണി മുഴക്കിയെങ്കിലും, ചെളിക്ക് ആഴം കുറവാണെന്നവൻ കണക്കുകൂട്ടി. ജീവനുവേണ്ടി തനിക്കു നേരേ നീട്ടിയ കുഞ്ഞിക്കൈ പിടിക്കാൻ, ശ്രദ്ധയോടെ ചുവടുവെക്കുമ്പോൾ, അവൾ ചാരിയിരുന്ന വലിയകല്ലിന് ഇളക്കം വെക്കുന്നതു കണ്ടു.
ഭായ്ജാൻ…….. ! പേടിച്ചരണ്ട കുഞ്ഞിൻ്റെ ചങ്കുപിളരുന്ന വിളിയിൽ, അവനവളെ പറന്നു പിടിച്ചു നെഞ്ചോടടുക്കി. അടുത്ത നിമിഷം, ആ കല്ലുരുണ്ടു തൻ്റെ ഇടതു കാലിനു മേൽ വീഴുന്നതും തലച്ചോറിലേക്കിരച്ചു കയറുന്ന വേദനയും അവനറിഞ്ഞു. ഇളകിയ പാറക്കപ്പുറത്തു നിന്ന് ഏതുനിമിഷവും ഇടിഞ്ഞെത്താവുന്ന ദുരന്തത്തെ ഭീതിയോടെ നോക്കി, വേദന കടിച്ചമർത്തി ചെളിയിൽ കിടക്കുമ്പോഴും, അവളെ ഭയം തൊടാതിരിക്കാൻ അണച്ചുപിടിച്ചു. ഷവലു കൊണ്ടു മണ്ണു വടിച്ചുമാറ്റുന്ന ഒച്ചയും യെവാറിൻ്റെയും കൂട്ടരുടെയും വിളിയും കേട്ടു തുടങ്ങിയപ്പോൾ അവൻ ഉച്ചത്തിൽ മറുവിളി കൊടുത്തവരെ കാത്തുകിടന്നു. ആ കിടപ്പിൽ തൻ്റെ കുടുംബത്തിൻ്റെയും തൻ്റെയും സ്വപ്നം ഒലിച്ചിറങ്ങിപ്പോയതവനറിഞ്ഞു. അഗ്നിവീറാകാനുള്ള രണ്ടാമത്തെയെന്നല്ല, അവസാനത്തെ അവസരമാണു കൈവിട്ടത്. അബ്ബുവിൻ്റെ മോഹം, അമ്മിയുടെ തപസ്യ, തൻ്റെ കഠിനാധ്വാനം എല്ലാം വൃഥാവിലായി. അമ്മിയെ നേരിടുന്നതോർത്തവൻ പതിയെ കണ്ണുകൾ പൂട്ടി. മുന്നിൽ അലകളുയർത്തിയൊരു നീലഷാൾ, പതിയെ ദൂരേക്ക് പറന്നകന്നു. പകരം കിഷൻഗംഗക്കു നടുവിലെങ്ങോ മയങ്ങിക്കിടന്ന ആ കാണാരേഖ, ഇപ്പോഴവൻ വ്യക്തമായി കണ്ടു.
തൻ്റെ നെഞ്ചിലെ ചൂടിൽനിന്ന്, യെവാർ അവളെയെടുത്തു സ്വന്തം നെഞ്ചിൽ ചേർക്കുമ്പോൾ അദ്‌നാൻ പതിയെ മന്ത്രിച്ചു, “അമ്മിയെ ഏല്പിക്കൂ”
പിറ്റേന്നോടെ മഴയുടെ കലിയടങ്ങി. സേനയും നാട്ടുകാരും ചേർന്നു, വഴികളും പൊതുയിടങ്ങളും വൃത്തിയാക്കൽ തുടങ്ങി. ആർമിയുടെ താൽക്കാലിക ആശുപത്രിയിൽ പരിക്കേറ്റവർക്കിടയിൽ, ഊഴം കാത്തുകിടന്ന അദ്നാന് പിറ്റേന്നുച്ചയോടെ പ്ലാസ്റ്ററിട്ടു കിട്ടി. മിലിട്ടറി ട്രക്കിൽ നിന്നു കൂട്ടുകാർ താങ്ങിയെടുത്തു തൻ്റെ ചൂടിക്കട്ടിലിൽ കിടത്തുമ്പോൾ അവൻ്റെ കണ്ണുകൾ സെറീനയെ തിരഞ്ഞു. അടുക്കളയിൽ നിന്നുയർന്ന ഹൃദയഹാരിയായ മണം, അമ്മി എന്തു ചെയ്യുകയാണെന്ന് ഒരുഹം നൽകി. പലരേയും വീടുകളിലെത്തിക്കാൻ കൂട്ടുകാർ ഓടിപ്പോയപ്പോൾ, അമ്മിയെ എങ്ങനെ സമാധാനിച്ചിക്കും എന്നറിയാതവൻ ഉഴറി.
കാലിൽ ആരോ തൊടുന്നതറിഞ്ഞു കണ്ണു തുറന്നപ്പോൾ, നിലാവിൻ്റെ തുണ്ടു പോലവൾ മുന്നിൽ. പാകമല്ലാത്ത അവളുടെ ഉടുപ്പ്, അവൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. സോയ സമ്മാനം വാങ്ങിയ ദിവസം ധരിച്ച ചുവന്ന കിന്നരിക്കുപ്പായം. അമ്മി ഇതെവിടെയാണ് ഇത്ര കാലം ഒളിപ്പിച്ചതെന്നു മാത്രം മനസ്സിലായില്ല.
”ഭായ്ജാൻ, നോവുന്നുണ്ടോ?” ഇല്ലെന്നവൻ തലയാട്ടി.
”എന്താ നിൻ്റെ പേര്?”
” ഇഷാൽ” അവൾ കൊഞ്ചിച്ചിരിച്ചു.
മഞ്ഞുപോലെ തണുത്തവെള്ളം, പിച്ചളപ്പാത്രത്തിൽ അപ്പക്കാരവും കാശ്‌മീരി തേയിലയും പട്ടയും ഏലക്കയുമിട്ടു തിളപ്പിച്ചു കുറുക്കിയ പാനീയത്തിൽ, പാലും മേമ്പൊടിക്കൊരു നുള്ളു പിങ്ക് സാൾട്ടും ചേരുമ്പോഴുള്ള വശ്യസുഗന്ധം അമ്മി എത്താറായി എന്നോർമ്മിപ്പിച്ചു.
ചായക്കോപ്പ സ്റ്റൂളിൽ വെച്ച സെറീന, മകനെ താങ്ങിയിരുത്തി. അവൻ അമ്മിയെ പാളിനോക്കി. ഇത്ര ശാന്തഗംഭീരയായി അല്ലലൊഴിഞ്ഞ മുഖത്തോടെ അമ്മിയെ കണ്ടിട്ടേയില്ലല്ലോ എന്നതിശയിച്ചു. അമ്മിയുടെ ഫെറാൻ്റെ തുമ്പു പറ്റി നിഴൽപോലെ ആ എട്ടുവയസ്സുകാരിയും. ഇവളുടെ അച്ഛനമ്മമാർ രക്ഷപ്പെട്ടിട്ടുണ്ടാവില്ലേ, എന്നൊരാശങ്ക, ക്ഷണം അവനെ പൊതിഞ്ഞു. ആർമി ഹെഡ്ക്വാർട്ടേഴ്സ് വഴി അറിയിപ്പു പോയിട്ടും ആരും തിരക്കിയെത്തിയില്ലല്ലോ!
സെറീന ചായക്കോപ്പ മകൻ്റെ ചുണ്ടോടടുപ്പിച്ചു. അവനതു പെട്ടന്നു കയ്യിൽ വാങ്ങി പതിയെ ഊതിക്കുടിക്കാൻ തുടങ്ങി. അമ്മി അവൻ്റെ ഇടതുകൈ കൈകളിലെടുത്തിട്ടു പതിയെ പറഞ്ഞു,
”ആദു, നമ്മൾ സ്വപ്നം കാണണം, അതിനായി കഠിനമായി അധ്വാനിക്കണം. പക്ഷേ, എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ളവയല്ല. ചിലതങ്ങനെ കിടക്കണം, വേവായും നോവായും, കാലം കഴിയുമ്പോൾ ഓർത്തു വെക്കാവുന്നൊരു ചിരിയായും. സൈനികനാകുന്നതെന്തിനാണ്, മനുഷ്യജീവൻ കാക്കാനല്ലേ ?അതിനു യൂണിഫോം പോലും ആവശ്യമില്ലെന്നു തെളിയിച്ച നീ, എൻ്റെ അഭിമാനമാണ്, സിമാരിയുടെ പുത്രനാണു നീ” വാക്കുകൾ സെറീനയുടെ തൊണ്ടയിൽ കുടുങ്ങി.
അദ്നാൻ അമ്മിയുടെ കൈകൾ ചുണ്ടിൽ ചേർത്തു പൊട്ടിക്കരഞ്ഞു.
” ഭായ്ജാൻ, കരയല്ലേ……. !” എന്ന പരിഭ്രമിച്ച കുഞ്ഞു ശബ്‌ദം, അവരെ പുതിയ ഉത്തരവാദിത്വം ഓർമ്മിപ്പിച്ചു. കണ്ണു തുടച്ചവർ അവളെ നോക്കിച്ചിരിച്ചു. ഉത്തരവാദിത്തങ്ങൾ ഭാരങ്ങളല്ല, അത് ലക്ഷ്യങ്ങൾ കൂടിയാണ്. ചിലതു കൈവിട്ടു പോകുമ്പോൾ ചിലവ നമ്മെത്തേടി എത്തുന്നു. കാറ്റിൽ പറന്നു പോയൊരു നീലഷാളും, നാളെ ചുണ്ടിൽ വിരിയുന്നൊരു പുഞ്ചിരിയാകട്ടെ ! ചില സ്വപ്നങ്ങൾ അങ്ങനെ കിടക്കണമല്ലോ നെഞ്ചിലെ കുറുകലായി. അവൻ ചാരിവെച്ച തലയിണയിലേക്ക് പതിയെ അമർന്നു.
അടുക്കളയിൽ, ഇഷാൽ പാടുന്നു….. “ഷീല, ഷീല കീ ജവാനി”
കാലങ്ങൾക്കു ശേഷം കേട്ട അമ്മിയുടെ പൊട്ടിച്ചിരിയിൽ ഒന്നവനുറപ്പായി. ജീവിതം മറ്റൊരു വഴിക്കൊഴുകാൻ അധിക സമയമൊന്നും വേണ്ട. ചിലപ്പോഴത് ദുരന്തങ്ങളായി, മോഹങ്ങളെ ചവിട്ടിഞെരിച്ചാവും വരിക. നമ്മൾ കീഴടങ്ങാത്തിടത്തോളം, നഷ്ടപ്പെട്ട അവസരങ്ങളുടെ പേരിൽ, ജീവിതത്തിനൊരു ചുക്കും സംഭവിക്കാനില്ല.
*താര സുഭാഷ്
* രണ്ടാമൂഴം


3 Comments
കേട്ടിട്ടുപോലുമില്ലാത്ത സ്ഥലങ്ങളിലേക്ക് താര കൂട്ടിക്കൊണ്ടു പോയി . എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് ഓരോ കഥാപാത്രങ്ങളും അവരുടെ പേരുകളും മനസ്സിൽ തങ്ങിനിൽക്കുന്നു കിടക്കപ്പായയിൽ കിടന്ന് ഒറ്റയടിക്ക് വായിച്ചു തീർത്തു. സൂപ്പർ തരാ സൂപ്പർ.
Thank you Joyce♥️♥️
മലയാളികൾക്ക്, തീർത്തും അപരിചിതമായ ഭൂമിക വായനക്ക് കൗതുകം നൽകി. അവരുടെ വസ്ത്രം, ഭക്ഷണം, ജീവിത രീതികൾ, മൂല്യങ്ങൾ ഏറെ അറിവു പകരുന്ന എഴുത്ത്. നമ്മൾ ജീവിക്കുന്ന സ്ഥലങ്ങൾ, അവിടത്തെ രാഷ്ട്രീയം മനുഷ്യനെ എത്ര ആഴത്തിൽ സ്പർശിക്കുന്നുവെന്ന് മികവോടെ കഥയിൽ ചാലിച്ചു വെച്ചിരിക്കുന്നു. ഭാഷയും അവതരണവും കഥയെ മികവുറ്റതാക്കി.