കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം ഒന്ന്
ഉണ്ണിക്കണ്ണൻ തലയണയിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു. ജനലിനു പുറത്ത് കാറ്റ് വീശുമ്പോൾ തെങ്ങിൻ ഓലകൾ കൂട്ടിയുരസുന്ന ശബ്ദം കേൾക്കാം. മുറിയിൽ ഇരുട്ട് കനത്തു നിൽക്കുകയാണ്.
“അമ്മേ, കറന്റ് പോയപ്പോ ഒരു കഥ പറഞ്ഞു തന്നില്ലേ? ആ ഒടിയന്റെ കഥ!”
അമ്മ നിലവിളക്കിന്റെ തിരി നീട്ടിയിട്ടു. “അതെന്നെ…” ഉണ്ണിക്കണ്ണന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.
“ഒടിയന്മാർക്ക് ഇഷ്ടമുള്ള ജീവിയുടെയോ മനുഷ്യന്റെയോ രൂപം മാറാൻ പറ്റും,” അമ്മ ശബ്ദം താഴ്ത്തി പറഞ്ഞു. “ചെമ്പകശ്ശേരി മനയിലെ സുന്ദരിയായ ആ പെൺകുട്ടിയെ ഓർമ്മയില്ലേ? ആരെയും ആകർഷിക്കുന്ന പ്രകൃതം. പക്ഷേ അവൾക്ക് പ്രണയം തോന്നിയത് താഴ്ന്ന ജാതിയിൽ പെട്ട നാണുവിനോടായിരുന്നു. അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച രാത്രി… മനയിലെ കാരണവരായ കേശവനും സംഘവും നാണുവിനെ വളഞ്ഞു. ഇരുട്ടിന്റെ മറവിൽ വടികൊണ്ടും കമ്പികൊണ്ടും അവനെ തല്ലിച്ചതച്ചു. ചോരയിൽ കുളിച്ച അവനെ ചത്തെന്നു കരുതി വഴിയരികിൽ തള്ളി.”
“സുന്ദരിക്കുട്ടിയെ അവർ പിടിച്ചുകൊണ്ടുപോയോ അമ്മേ?” ഉണ്ണിക്കണ്ണൻ പേടിയോടെ ചോദിച്ചു.
“കൊണ്ടുപോയി… പക്ഷെ നാണു ചത്തിരുന്നില്ല. ഒടിയൻവിദ്യ അറിയുന്ന കെഞ്ചി എന്ന മാന്ത്രികൻ അവനെ രക്ഷിച്ചെടുത്തു. ചോര നീരാക്കി നാണു ഒടിയൻവിദ്യ പഠിച്ചെടുത്തു. വിദ്യ വശമാക്കി, സ്വന്തം ജീവനായ ആ പെൺകുട്ടിയെ തേടി തിരികെ വന്നപ്പോൾ അവൻ കേട്ടത് മനക്കാർ അവളെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയാണ്. അതോടെ നാണുവിന്റെ മനസ്സിലെ മനുഷ്യൻ മരിച്ചു. അവൻ മനക്കാർക്ക് മേൽ ഒടിവെച്ചു. പ്രതികാരദാഹിയായ ഒടിയനായി അധർമ്മം ചെയ്യുന്നവരെ തേടി അവൻ രാത്രികളിൽ ഇറങ്ങി…”
അമ്മ പറഞ്ഞു നിർത്തിയതും വലിയൊരു കാറ്റടിച്ചു. മരച്ചില്ലകൾ ജനൽച്ചില്ലിൽ വന്നു തട്ടി. “ഇനി മോൻ ഉറങ്ങിക്കോ ട്ടോ…” അമ്മ തിരി അണച്ച് പുറത്തുപോയി. മുറിയിൽ കറുത്ത ഇരുട്ട് പടർന്നതോടെ ഉണ്ണിക്കണ്ണന്റെ നെഞ്ചിടിപ്പ് കൂടി.
പെട്ടെന്നാണ് ആ ശബ്ദം കേട്ടത്… കുടു കുടു…
ജനലിനപ്പുറത്ത്, ഇരുട്ടിൽ എന്തോ ഒന്ന് അനങ്ങുന്നു. ഒരു കാളയുടെ രൂപം! അതിന് മനുഷ്യന്റെ ചോരയൊലിക്കുന്ന ചുവന്ന കണ്ണുകളായിരുന്നു. അത് ജനൽപ്പാളിയിലേക്ക് വലിയ കൊമ്പുകൾ കൂട്ടിയുരച്ചു. നിമിഷങ്ങൾക്കകം ആ കാള ഒരു വലിയ കറുത്ത പൂച്ചയായി മാറി ജനൽപടിയിലിരുന്നു. അതിൻ്റെ കഴുത്ത് ഒടിഞ്ഞതുപോലെ വശത്തേക്ക് ചരിഞ്ഞിരുന്നു.
ഇരുട്ടിൽ നിന്ന് ഒരു പതറിയ ശബ്ദം കേട്ടു… “ഉണ്ണിക്കണ്ണാ… വാതിൽ തുറക്കെടാ…”
നാണുവിന്റെ ശബ്ദം! ഉണ്ണിക്കണ്ണൻ പുതപ്പ് തലയിലൂടെ വലിച്ചിട്ടു. ജനലിനപ്പുറത്ത് ആ രൂപം വളർന്നു വലുതാവുന്നത് അവൻ അറിഞ്ഞു. പേടി കാരണം കണ്ണ് അടച്ചു കിടന്ന് അവൻ ഒറ്റയുറക്കം ഉറങ്ങി.
രാവിലെയായപ്പോൾ ഉണ്ണിക്കണ്ണന് നല്ല പനി.
“നിന്നോട് ഞാൻ പറഞ്ഞതല്ലേ പേടിക്കും എന്ന്?” അമ്മ സ്നേഹത്തോടെ വഴക്കു പറഞ്ഞു.
“അമ്മേ, ഇനി ഇങ്ങനെയുള്ള കഥയൊന്നും വേണ്ട, നല്ല വേറെ കഥകൾ മതി. ഇന്ന് കറന്റ് പോകുമ്പോൾ പറഞ്ഞു തരണേ…”
“തരാല്ലോ പൊന്നേ, കുറച്ചു നേരം കൂടി ഉറങ്ങിക്കോ,” അമ്മ അവനെ ചേർത്തുപിടിച്ചു.


1 Comment
Pingback: കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും - By Reshma Lechus - കൂട്ടക്ഷരങ്ങൾ