ജീവിതത്തിൽ ആരുടെ മുന്നിലും തോറ്റുകൊടുക്കരുത് എന്ന് പറയുന്നത് എത്ര വലിയ സത്യമാണ്!
അങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ നമ്മൾ തലകുനിച്ചു കൊടുക്കുമ്പോൾ, നമ്മളെ വീണ്ടും വീണ്ടും തോൽപ്പിച്ചുകൊണ്ടിരിക്കാൻ അവർക്കൊരു മടിയുമുണ്ടാകില്ല. സ്വന്തം സൗഹൃദത്തെ കണ്ണ് അടച്ച് വിശ്വസിച്ച് ജീവിതം തന്നെ തോറ്റുപോകുമായിരുന്ന എന്റെ ജീവിതത്തിൽ നടന്ന അനുഭവമാണ് ഇവിടെ പറയാൻ പോകുന്നത്.
എന്റെ പേര് കൃതി. എന്റെ വീടിനടുത്ത് താമസിക്കാൻ വന്ന കുടുംബത്തിലെ ധ്വനിയായിരുന്നു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. ഒരേ കോളേജിൽ പഠനം, ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ഛന്മാർ, അതുകൊണ്ടുതന്നെ ഞങ്ങളുടെ അമ്മമാരും പെട്ടെന്ന് വലിയ കൂട്ടായി. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, ആളുകൾ കൊതിയോടെ നോക്കിനിന്ന ആ നല്ല സൗഹൃദം എനിക്ക് ജീവനായിരുന്നു.
നന്നായി പഠിച്ച് ഒരു നല്ല ജോലിയും സുരക്ഷിതമായ ഭാവിയും മാത്രമായിരുന്നു ആ കാലത്ത് എന്റെ സ്വപ്നം .
അതിനിടയിലാണ്,അമ്മയുടെ അമ്മാവന്റെ മകൻ വിവേകും അവന്റെ കൂട്ടുകാരൻ നിർമ്മലും ഞങ്ങളുടെ നാട്ടിലേക്ക് വരുന്നത്. അവർ ഞങ്ങളുടെ സൗഹൃദക്കൂട്ടത്തിലേക്ക് വളരെ വേഗത്തിൽ അടുത്തു. ഇടയ്ക്കൊക്കെ നിർമ്മലിന്റെ പ്രത്യേകമായ ചില നോട്ടങ്ങൾ എന്നിൽ തങ്ങിനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അധികം വൈകാതെ നിർമ്മലിന്റെ വീട്ടുകാർ എന്റെ പെണ്ണുകാണൽ ചടങ്ങിനായി വീട്ടിലെത്തി. കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ് നടന്നത്.
പക്ഷേ, എന്റെ പ്രാണനായി ഞാൻ കരുതിയ ധ്വനി എനിക്കായി അണിയറയിൽ ഒരു വലിയ കെണിയൊരുക്കുകയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു പെണ്ണുകാണൽ ചടങ്ങിന് മുൻപ് ഡ്രസ്സ് എടുക്കാനായി ഞങ്ങൾ അടുത്തുള്ള ഒരു മാളിൽ പോയിരുന്നു. എനിക്കറിയാതെ അവൾ ഞാൻ കൊണ്ടുവന്ന ബാഗിൽ ഒരു ജോഡി വിലകൂടിയ വസ്ത്രം ഒളിച്ചുവെച്ചു. ബിൽ അടച്ച് പുറത്തിറങ്ങാൻ നേരത്ത് മാളിലെ ജീവനക്കാർ വന്ന് പരിശോധന നടത്തി. അതിൽ നിന്നും ആ വസ്ത്രം പുറത്തെടുത്തപ്പോൾ അവൾ ചോദിച്ചു, “നിനക്കിത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു മാറ്റിവെച്ചതല്ലേ, ആരും കാണാതെ ബാഗിലാക്കിയോ?”
നിന്നനിൽപ്പിൽ ഭൂമി പിളർന്നു താഴ്ന്നുപോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. മോഷണക്കുറ്റം ആരോപിക്കപ്പെട്ട വാർത്ത അവളുടെ വീട്ടുകാർ വഴി നിർമ്മലിന്റെ വീട്ടിലുമെത്തി. വിവാഹം മുടങ്ങുമെന്ന് ഉറപ്പിച്ച ആ നിമിഷത്തിലാണ് മാളിലെ സിസിടിവി ദൃശ്യങ്ങൾ സത്യം പുറത്തുകൊണ്ടുവന്നത്. ധ്വനി തന്നെയാണ് അത് ബാഗിലിട്ടതെന്ന് വ്യക്തമായി തെളിഞ്ഞു.
പിടിക്കപ്പെട്ടപ്പോൾ അവൾ പറഞ്ഞു, “നിനക്കൊരു പ്രാങ്ക് തന്നതാടീ… സോറി.”
കേവലം ഒരു സോറിയിൽ ഉണങ്ങുന്നതാണോ അത്രയും നേരം ഞാൻ അനുഭവിക്കേണ്ടി വന്ന അപമാനവും മാനസിക വേദനയും? തെറ്റ് കൈയോടെ പിടിക്കപ്പെടുമ്പോൾ പറയുന്ന ആ അർത്ഥമില്ലാത്ത മാപ്പ് ചോദിക്കലിനോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.
ചില മുറിവുകൾ ഉണക്കാൻ ഒരു മാപ്പിനും കഴിയില്ല. അവിടെ ക്ഷമിക്കുകയല്ല, ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം അന്തസ്സോടെ ജീവിക്കുകയാണ് വേണ്ടത്.
#എന്റെരചന #മാപ്പ് മുറിവുണക്കുമോ

