അവൾ നീല ജനലവിരി വകഞ്ഞു മാറ്റി. ജനാല മലർക്കെ തുറന്നു. ജനാലക്ക് പുറത്ത് എന്നും ഒരേ കാഴ്ചയാണ്. വയലറ്റ് പൂക്കളുടെ സമൃദ്ധി.. കാട്ടുപൂക്കളാണ്. കാടുംപടലവും നിറഞ്ഞ, ആൾപ്പാർപ്പില്ലാത്ത അയൽവീട്. പക്ഷെ… ഇന്ന്.. വീടിന് പുതിയ വർണ്ണങ്ങൾ.. കാടും പടലവും പോയിരിക്കുന്നു. വയലറ്റ് വസന്തവും.. ജനാലക്കകത്ത് ഏതോ ചലിക്കുന്ന രൂപങ്ങൾ. അവൾ ജനാല പതുക്കെ ചാരി, കട്ടിലിലേക്ക് മറിഞ്ഞു.
ഈ ഉച്ചസമയം അവളുടേത് മാത്രമാണ്. മുഷിഞ്ഞ തുണികളും എച്ചിൽ പാത്രങ്ങളും ഇല്ലാതെ, അടുക്കള പണിയുടെ വിരസതയില്ലാതെ ഭർതൃവീട്ടുകാരുടെ ആജ്ഞകൾ കേൾക്കണ്ടാത്ത സമയം.. ഹൃദയ എന്ന ഹൃദയലക്ഷ്മിക്ക് അനുവദിച്ചുകിട്ടുന്ന സ്വന്തം സമയം..
എന്നും ഒരേജോലികൾ, വ്യത്യാസം ഇല്ലാത്ത ദിനചര്യകൾ.
മുറിയിലെ മങ്ങിയ കണ്ണാടിയിൽ കാണുന്ന രൂപം ആരുടേതാണ്? പണ്ട്.. കണ്ണാടി കൂട്ടുകാരിയായിരുന്നു. വീണ്ടും വീണ്ടും നോട്ടമേൽക്കപ്പെടുമ്പോൾ കൂട്ടുകാരികൾ കളിയാക്കുമായിരുന്നു ‘പെണ്ണിനെ പലരും നോക്കുന്നുണ്ട്.. ‘
“ഹൃദയ… ” അവൾ ശക്തമായി ഞെട്ടി.. ഈ വിളി.. വീണ്ടും വിളിയുയർന്നു. മതിൽക്കെട്ടിനപ്പുറം വന്ന വിളിക്ക് മറുപടിയും അവിടെ തന്നെയുണ്ടായി..
പാദസ്വരത്തിന്റെ കിലുക്കം.. അവൾ ജനലവിടവിലൂടെ പേരിനുടമയെ കണ്ടു.. തോളറ്റം വെട്ടിയ മുടിയും ഇളം നീല ഫ്രോക്കുമായി ഒരുവൾ.. സമപ്രായം..
ഒപ്പം ഭർത്താവെന്നു തോന്നിക്കുന്ന ഒരാൾ.. തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ കേട്ട പരിഹാസം “ഹൃദയ… എന്തൊരു പേര്.. ഇതൊക്കെ എങ്ങിനെ വിളിക്കും “
തുടർന്നു കേട്ട അട്ടഹാസ ചിരിയിൽ പങ്കെടുത്തത് ഒത്തിരി പേർ..
ആ പേരിൽ അഭിമാനം കൊണ്ടിരുന്നവൾ അന്നവിടെ മരിച്ചു വീണു. ആ പേരിൽ പിന്നെയവൾ വിളിക്കപ്പെട്ടില്ല. എടി, നീ, പെണ്ണേ എന്നീ വിശേഷണങ്ങളിൽ അവൾ വിളികേട്ടു..
കോളേജിലെ കലാതിലകം. പാട്ടുകാരി. എഴുത്തുകാരി.. സ്ത്രീ ശാക്തീകരണത്തിന് ഘോര ഘോരം പ്രസംഗിച്ചവൾ..
“ഹൃദയാ.. സിവിൽ സർവീസ് ശ്രമിക്കാം” ടീച്ചർമാർ ഒരേസ്വരത്തിൽ പറഞ്ഞു.
രണ്ടാം വർഷം പരീക്ഷക്ക് തൊട്ട് മുൻപാണ്, ‘വലിയ സർക്കാർ ഉദ്യോഗസ്ഥൻ, തറവാടി ‘ തുടങ്ങിയ വിവാഹ കമ്പോളത്തിലെ തീവിലയുള്ള… വിവാഹലോചന എന്ന ചതിക്കുഴിയിൽ പെട്ടത്.
‘പഠിത്തം, അത് കല്യാണം കഴിഞ്ഞാലും ആവാമെന്ന ‘വെറും വാക്കിൽ തന്റെ എതിർപ്പ് എങ്ങും എത്തിയില്ല..
രസത്തിന്റെ ഉപ്പുപാകം, മീൻകറിയുടെ രുചിഭേദങ്ങൾ തുടങ്ങിയവയിലെ ഉപരിപഠനം..
സൂര്യന് കീഴിലെ എല്ലാ വിഷയങ്ങളെയും കുറിച്ച് സംസാരിക്കുന്ന വീട്ടിൽ നിന്നും അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന വീട്ടിലേക്ക്..
ഭർത്താവും ഒട്ടും വിഭിന്നനല്ലായിരുന്നു.. എതിർത്താൽ കൈക്കരുത്തുകാണിക്കുന്ന മാന്യൻ. “
ജീവിതത്തിന്റെ നിറങ്ങളെല്ലാം മങ്ങിയിരുന്നു.. അപ്പുറത്തെ വയലറ്റ് വസന്തം ഒഴിച്ച്..
ഇതാ.. വേറൊരു ഹൃദയ. തനിക്ക് നഷ്ടപ്പെട്ട ജീവിതം ജീവിക്കുന്നവൾ!
പക്ഷെ.. ഇപ്പോൾ അവൾ ആ ജനലഴികളിലൂടെ തന്റെ അപരയുടെ ജീവിതം കാണുന്നു.. അവളുടെ ചിരികൾ.. അവളുടെ ഗാനങ്ങൾ, അവളുടെ ജീവിതം.
ഒരു ദിവസം ഉച്ചസമയത്താണ് കോളിങ് ബെല്ലിന്റെ ശബ്ദത്തിന് കതക് തുറന്നപ്പോൾ അവളെ പടിക്കൽ കണ്ടത്. ഹൃദയയെ.. ബന്ധുവീട്ടിൽ വിരുന്നുപോയിരുന്നു വീട്ടിലെല്ലാവരും..
അന്നാണ് ആദ്യ മായി സംസാരിച്ചത്.. ഒത്തിരി നേരം. ഒത്തിരി കാര്യങ്ങൾ. ജീവിച്ച ലോകങ്ങൾ, ജീവിക്കുന്ന ലോകങ്ങൾ.. ഹൃദയ എല്ലാം കേട്ടിരുന്നു. ‘എന്ത് രുചിയാണീ ചായക്കെന്ന് ‘ അഭിനന്ദിച്ചു.
പതിവില്ലാതെ കിട്ടിയ അഭിനന്ദനം അവൾ ഹൃദയത്തോട് ചേർത്തുവച്ചു. ജോലിക്ക് പോകാത്തതോർത്തു പരിഭവിച്ചു. ഇനിയും സമയമുണ്ടെന്ന് ആശ്വാസിപ്പിച്ചു..
പിന്നീടുള്ള ദിവസങ്ങളിൽ പഴയ വർണ്ണങ്ങൾ തിരിച്ചുവരുന്നതറിഞ്ഞു.. എന്നും രാവിലെ മനോഹരമായി ഒരുങ്ങി, ആത്മവിശ്വാസത്തോടെ പോകുന്ന ഹൃദയ നോക്കിയാൽ കൈ വീശി കാണിക്കും..
കറികളിൽ ചിലപ്പോൾ ഉപ്പു കൂടി, ചിലപ്പോൾ കുറഞ്ഞു. പാൽ കരിഞ്ഞു പോയി എന്ന് ഭർത്താവിന്റെ അമ്മ അലറുമ്പോൾ അവൾ അലസമായി മേശയിൽ താളം പിടിച്ചു. ചിലപ്പോൾ പാട്ടുപാടി.
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കണ്ട് ‘ആരാ ഇതിനനുവാദം തന്നെന്ന’ ഭർത്താവിന്റെ കോപഗ്നിയിൽ അവൾ ഭയന്നില്ല.. തന്റെ നേരെയുയർന്ന കൈ തട്ടിമാറ്റി അവൾ, ജനാലക്കരികിൽ നീങ്ങി.
“ഇനിയിപ്പോ പണിയൊക്കെ ആര് ചെയ്യും” എന്ന അമ്മയുടെ പരാതിയും വായുവിൽ പറന്നു നടന്നു.
രാത്രിയിൽ അവൾ അയാളോട് ഹൃദയയെ കുറിച്ച് പറഞ്ഞു.
അയാൾ അവളെ തുറിച്ചു നോക്കി.
രാവിലെ ഉണർന്നയുടനെ അവൾ അയാളെയും കൂട്ടി ജനാലക്കരുകിൽ എത്തി. തുറന്നപ്പോൾ കണ്ടത് വീണ്ടുമൊരു വയലറ്റ് വസന്തം. കാടു പിടിച്ച പറമ്പ് അവളെ നോക്കി ചിരിച്ചു. അയാളും.
യാഥാർഥ്യം ഏതെന്നു ചിന്തിച്ചു അവൾ ജനാലക്കൽ വീണ്ടും പരതി. എവിടെയവൾ? ഹൃദയ..
#എന്റെരചന (അനിത ജഗന്നാഥ് )

