കൃഷ്ണപുരം… പുഴകളും പാടങ്ങളും അരുവികളും പച്ചപ്പും നിറഞ്ഞ ഗ്രാമം. കൃഷ്ണപുരത്തുകാർ അന്യോന്യം സ്നേഹിച്ചും സഹായിച്ചും ഇടയ്ക്കൊക്കെ കലഹിച്ചും കഴിയുന്ന വളരെ കുറച്ച് ജനസംഖ്യയുള്ള ഗ്രാമം. അവിടെ സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുന്ന രണ്ട് ചങ്ങാതിമാർ സൂര്യനാരായണനും ചന്ദ്രദാസും.
“സൂര്യ; നീ ഈ വയൽ വരമ്പത്ത് എന്ത് ആലോചിച്ചിരിക്കുകയാണ്?” ചന്ദ്രദാസിന്റെ ചോദ്യം കേട്ട് സൂര്യനാരായണൻ ചിരിച്ചു.
“എൻ്റെ ഭാവിയെക്കുറിച്ച്. ”
“അതിന് ഇവിടെ വന്നിരിക്കണമെന്നുണ്ടോ? നിൻ്റെ വീട്ടിലിരുന്നാലും ആലോചിക്കാമല്ലോ?”
സൂര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “നിനക്കറിയാമോ ചന്ദ്രദാസ്, ഒരിക്കൽ ഞാൻ ഈ നാട്ടിൽ മാത്രമല്ല പല രാജ്യങ്ങളിലും എൻ്റെ ബിസിനസ് സ്ഥാപിക്കും. വലിയ കമ്പനികൾ ആഡംബര കാറുകൾ ഉയർന്ന കെട്ടിടങ്ങൾ….. അങ്ങനെ ഒരു ലോകമാണ് എൻ്റെ സ്വപ്നം… “
ചന്ദ്രദാസ് പറഞ്ഞു, “എൻ്റെ സ്വപ്നം ഇതൊന്നുമല്ല. ഈ വയൽ മുഴുവൻ പൊന്നു വിളയിക്കണം. കൃഷി നഷ്ടമായെന്ന് പറഞ്ഞ് ആരും ഭൂമി തരിശ് ഇടരുത്. നമ്മുടെ നാട്ടിൽ ഒരാൾ പോലും പട്ടിണി കിടക്കരുത് അതാണ് എൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും. അതിനുവേണ്ടി പഠിക്കണം, കൃഷിയെക്കുറിച്ച് കൂടുതൽ അറിയണം. അതിനുശേഷം എൻ്റെ ആഗ്രഹം നടപ്പിൽ വരുത്തണം.”
“വഴികൾ രണ്ടാണെങ്കിലും നമ്മൾ ചങ്ങാതിമാർ തന്നെയല്ലേ?”
“അതിനെന്താ ഒരു സംശയം?” അവർ പരസ്പരം കെട്ടിപ്പിടിച്ചു.
വർഷങ്ങൾ കടന്നുപോയി. ചന്ദ്രദാസ് എം. എസ്സി അഗ്രികൾച്ചർ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി. ഇതിനോടകം തന്നെ സൂര്യനാരായണൻ വിദേശരാജ്യങ്ങളിൽ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയിരുന്നു. സൂര്യനാരായണൻ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും, അതാണ് അയാളുടെ സ്വഭാവം. അയാൾ പാത്രം അറിയാതെ ഭിക്ഷ കൊടുക്കും എന്നർത്ഥം. അർഹത ഇല്ലാത്തവർക്കും അയാൾ കൈ അയച്ചു സഹായിക്കുമായിരുന്നു. വിശ്വസ്തരെന്ന് കരുതിയിരുന്നവർ അയാളെ ചതിച്ചു തുടങ്ങി. കാലിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അയാൾ അറിഞ്ഞില്ല. അയാളുടെ സഹായം ലഭിക്കാത്ത ആരും തന്നെ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല.
ഒരു ദിവസം സൂര്യൻ്റെ ഒരു ഫോൺകോൾ… “ചന്ദ്രദാസാ നിൻ്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു ?”
“നന്നായി പോകുന്നു. കുറച്ചുപേർ പുതിയ രീതിയിൽ കൃഷികൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സൂര്യ നീ നാട്ടിലേക്ക് അടുത്തങ്ങാനും ഉണ്ടോ?”
“വരാൻ പറ്റുമെന്ന് തോന്നുന്നില്ല. ചില അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ട്.”
“എന്താ കാര്യം?”
“നമ്മുടെ നാട്ടിൽ കുറച്ചു കുട്ടികൾക്ക് പഠിത്തം മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുണ്ട്. അതിനായി എന്തെങ്കിലും സഹായം ചെയ്യുവാൻ നിനക്ക് സാധിക്കുമോ ? “
“പിന്നെന്താ? അവരുടെ വിവരങ്ങൾ അയച്ചു തരൂ ഞാൻ നോക്കാം.” സൂര്യ നാരായണൻ പറഞ്ഞു, അതായിരുന്നുആ മനുഷ്യൻ. ഒരിക്കൽ ഒരാൾ അയാളുടെ മകളുടെ ഓപ്പറേഷനായി കുറിച്ച് പണം ചോദിച്ചു. “എത്രയാകും?” അയാൾ മടിച്ചു മടിച്ചു പറഞ്ഞു, “2 ലക്ഷം രൂപയാകും.”
“ആശുപത്രിയിലെ വിവരങ്ങൾ എല്ലാം അയച്ചു തരൂ, ഞാൻ വേണ്ടത് ചെയ്യാം.”
“ഞാനിത് എങ്ങനെ തിരിച്ചു തരും ?”
“അതോർത്ത് നീ വിഷമിക്കേണ്ട. കുട്ടിയുടെ അസുഖമൊക്കെ ഭേദമാകട്ടെ. “
മാനേജർ ഒരിക്കൽ ഒരു കരാറിൽ ഒപ്പിടീപ്പിക്കാൻ വന്നു, “സാർ ഈ കരാറിൽ ഒപ്പിട്ടാൽ നമുക്ക് ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാക്കാം.”
“നിങ്ങൾ നോക്കിയതല്ലേ ?”
“അതേ സാർ”
“ശരി കൊണ്ടുവരൂ, ഒപ്പിട്ടേക്കാം.”
പിന്നീട് ബിസിനസ് നഷ്ടമാകുമ്പോഴാണ് താൻ വിശ്വസിച്ചവർ പലരും തന്നെ ചതിക്കുകയായിരുന്നു എന്ന് സൂര്യൻ തിരിച്ചറിഞ്ഞത്.
ഒരിക്കൽ മാനേജരോട് സൂര്യൻ ചോദിച്ചു, “ഇതെന്താണ് നമ്മുടെ അക്കൗണ്ടിൽ ഇത്രയും വലിയ തുക കുറവ് വന്നിരിക്കുന്നത്?” അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.അങ്ങനെ പ്രശ്നങ്ങൾ ഓരോന്ന് ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. പതുക്കെ പതുക്കെ ബിസിനസ് തകർന്നു തുടങ്ങി. എന്നിട്ടും അയാൾ ശുഭാപ്തി വിശ്വാസം കൈവിട്ടില്ല. പക്ഷേ അയാൾ നോക്കി നിൽക്കെ ബിസിനസ് തകർന്നു തരിപ്പണമായി. അയാളിൽ നിന്നും സഹായം സ്വീകരിച്ചവർ ആരുംതന്നെ അയാളെ തിരിഞ്ഞു നോക്കിയില്ല. അവരിൽ പലരും അയാളെക്കാൾ വലിയ ബിസിനസ്സുകാരായി കഴിഞ്ഞിരുന്നു. അയാളുടെ ആത്മാഭിമാനം ആരോടും സഹായം ആവശ്യപ്പെടാൻ അനുവദിച്ചില്ല.
ഒരുനാൾ അയാൾ വീട്ടുകാരും നാട്ടുകാരും അറിയാതെ നാടുവിട്ടു. കടത്തിൻമേൽ കടമായി. ഒരു ജോലിക്കായി അയാൾ മുട്ടാത്ത വാതിലുകൾ ഇല്ല. അയാൾ എവിടെയാണെന്ന് അറിയാതെ നാട്ടുകാരും വീട്ടുകാരും വിഷമിച്ചു. സൂര്യതേജസോടെ കഴിഞ്ഞിരുന്ന ആൾ ക്ഷീണിച്ച് എല്ലും തോലുമായി. കുറച്ചുനാളുകൾക്കു ശേഷം ഒരു ചെറിയ ജോലി ലഭിച്ചു. അയാളുടെ പഴയ ജീവിതത്തെക്കുറിച്ച് ആരും ചോദിച്ചുമില്ല, അയാൾ പറഞ്ഞതുമില്ല. പണത്തിന്റെ വിലയും വിശപ്പിന്റെ വിലയും അയാൾ മതിയാവോളം അറിഞ്ഞു. ജോലി മെച്ചപ്പെട്ടു തുടങ്ങി.
കാലം കടന്നുപോയി അയാൾ ഒരിക്കൽ വീട്ടിലേക്ക് വിളിച്ചു
“ഹലോ”
“ആരാ?”
“ഞാനാണ് സൂര്യൻ”
മറുവശത്ത് അല്പനേരം നിശബ്ദത.
“ഏട്ടാ” ഭാര്യയുടെ ശബ്ദം ഇടറി.
“നിങ്ങൾ എവിടെയായിരുന്നു. ? ഞങ്ങൾ എവിടെയൊക്കെ അന്വേഷിച്ചു.
മോളു ചോദിച്ചു എന്നാ അച്ഛാ വരുന്നത്.”
“ഉടനെ തന്നെ വരാം മോളെ” അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മകൾ വലുതായി കാണും. എല്ലാവരെയും കാണാൻ അയാൾ അതിയായി കൊതിച്ചു.
കുറെ കാലങ്ങൾക്ക് ശേഷം സൂര്യനാരായണൻ നാട്ടിലേക്ക് വരുന്നു. ഇത്രയും വർഷം കഴിഞ്ഞുള്ള വരവിൽ നാട്ടുകാർ തന്നെ എങ്ങനെ സ്വീകരിക്കും. താൻ സഹായിച്ചവർ തന്നെ ഓർത്തിരിക്കുമോ? അയാൾ സ്വയം ചോദിച്ചു. അയാൾ നാട്ടിലേക്ക് തിരിച്ചു വരുന്നു എന്ന വിവരം വീട്ടിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ വലിയൊരു ആൾക്കൂട്ടം അവിടെ കണ്ടു. ആരോ വിഐപി വരുന്നുണ്ടാവും. ബാഗും എടുത്ത് ഗേറ്റിന്റെ പുറത്തേക്ക് നടന്നു. പെട്ടെന്ന് തന്നെ ഒരു കൊച്ചു കുട്ടി തന്റെ നേർക്ക് ഒരു റോസാപ്പൂ നീട്ടി. “സൂര്യനാരായണൻ സാറിന് സ്വാഗതം. ” പുറകെ പൂച്ചെണ്ടുകളും ആശംസകൾ ഉയർന്നു. വന്നവരെല്ലാം തന്നെ നാട്ടുകാർ
എല്ലാവരും തന്റെ നേർക്ക് നീട്ടുന്ന ഓരോ പൂച്ചെണ്ടുകളും അയാളെ അമ്പരപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ സൂര്യനാരായണൻ പകച്ചുനിന്നു. പള്ളിയിലെ അച്ഛനും ക്ഷേത്രതന്ത്രിയും മുസ്ലിം പള്ളിയിലെ ഇമാമും ഗ്രന്ഥശാല ഭാരവാഹികളും എല്ലാം ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. “എന്താണിത് നിങ്ങൾക്കെല്ലാം എന്തുപറ്റി?” പക്ഷേ അയാളുടെ ചോദ്യം ആരും ശ്രദ്ധിച്ചതേയില്ല. “നമ്മുടെ നാടിൻ്റെ അഭിമാനമാണ് സൂര്യനാരായണൻ” ആരോ ഒരാൾ ഉച്ചത്തിൽ പറഞ്ഞു. അയാൾ ഒന്നും മനസ്സിലാക്കാതെ അവർക്കിടയിൽ നിന്നു.
വീട്ടിലെത്തിയ അയാളെ കണ്ടു ഭാര്യ മകളും ഓടി അരികിലെത്തി. അവൾക്ക് അച്ഛൻ അയച്ചു തന്നിരുന്ന സമ്മാനങ്ങൾ ഒക്കെ ഒരുപാട് ഇഷ്ടമായി എന്നു കേട്ട് അയാൾ ആകെ വല്ലാത്ത അവസ്ഥയിലായി. രണ്ടു ദിവസം കഴിഞ്ഞു കാണും. അവിടെയുള്ള പൗരപ്രമാണിമാർ എല്ലാവരും കൂടി സൂര്യനാരായണനെ കാണാനായി എത്തി. അടുത്ത ഞായറാഴ്ച സ്കൂളിൻ്റെ ഓഡിറ്റോറിയം ഉദ്ഘാടനം സൂര്യൻ തന്നെ ചെയ്യണമെന്ന് അവർ നിർബന്ധമായി പറഞ്ഞു.
“അതെന്തിനാണ്?” അയാൾ ചോദിച്ചു.
“കെട്ടിടം പണിതുയർത്തുവാനുള്ള പണം നൽകിയത് നിങ്ങൾ തന്നെയല്ലേ. അതുകൊണ്ടുതന്നെ അത് ഉദ്ഘാടനം ചെയ്യേണ്ട അർഹത നിങ്ങൾക്കാണ് ഉള്ളത്.” അയാൾ ആകെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു. എന്തുകൊണ്ടാണ് എല്ലാവരും തന്നെ ഇങ്ങനെ ബഹുമാനിക്കുന്നത് എന്ന് അറിയാൻ അയാൾ ആഗ്രഹിച്ചു. അതിനായി അയാൾ നാട്ടിലെ പഴയ സുഹൃത്തായ ചന്ദ്രദാസിനെ കാണാനായി പോയി. അയാളെ കണ്ട ഉടനെ തന്നെ ചന്ദ്രദാസ് ചോദിച്ചു,
“എവിടെയായിരുന്നു ഇത്രയും കാലം? നിന്നെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലല്ലോ?”
“അതൊക്കെ പറയാം എനിക്ക് ഒരു കാര്യം അറിയണം ഞാൻ നാട്ടിൽ ഇല്ലാതിരുന്ന അവസരത്തിൽ എൻ്റെ പേരിൽ ഇവിടെ ആരോ പണം ചെലവഴിക്കുന്നുണ്ട്. നാട്ടുകാർ എന്നെ വലിയ മനുഷ്യനായിട്ടാണു കാണുന്നത്. അതിൻ്റെ കാരണം എന്താണെന്ന് അറിയണം.”
ചന്ദ്രദാസിന്റെ സംസാരത്തിൽ നിന്നും അയാൾക്കു ഒരു കാര്യം മനസ്സിലായി, താൻ നാടുവിട്ടതിനു ശേഷം തൻ്റെ പേരിൽ മറ്റൊരാൾ ഈ നാട്ടിലുള്ള എല്ലാവരെയും സഹായിക്കാൻ തുടങ്ങി. പിറ്റേദിവസം തന്നെ അയാൾ ബാങ്കിൽ അന്വേഷിച്ചു. പണം വന്ന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുമ്പോൾ പണം അയച്ചത് പല സ്ഥലങ്ങളിൽ നിന്നാണങ്കിലും എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് അയാളുടെ തന്നെ പേരാണ്. ഉദ്യോഗസ്ഥൻ പറഞ്ഞു പണം അയച്ചവരുടെ യഥാർത്ഥ പേരുകൾ നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ അറിയാൻ കഴിയൂ.
പിറ്റേന്ന് അയാൾ പഴയ സ്കൂളിൽ പോയി. അവിടെ പണം നൽകിയതിന്റെ രേഖകൾ ഒരു വിചിത്രമായ കാര്യം കണ്ടു. ഇത് അർഹതപ്പെട്ടവർക്ക് ഉള്ളതാണ്. പണം നൽകുന്ന ആളുടെ പേര് പരസ്യപ്പെടുത്തേണ്ടതില്ല. പക്ഷേ പണം അയച്ചിരിക്കുന്നത് സൂര്യൻ തന്നെ. അയാൾക്ക് സംശയമായി. തന്റെ ജീവിതത്തിലെ ഓരോ കാര്യവും അറിയാവുന്ന ഒരാൾ താൻ എവിടെയാണന്നും നാട്ടിൽ എന്താണ് സംഭവിക്കുന്നത് എന്നും അറിയാവുന്ന ഒരാൾ അയാൾ ആരാണ്?
അയാളുടെ മനസ്സിൽ പലരുടെ മുഖങ്ങൾ മിന്നി മറഞ്ഞു. ഒന്നിച്ചു കളിച്ചു വളർന്ന പഴയ സുഹൃത്ത്? പക്ഷേ അവൻ എങ്ങനെ ഇത്ര പണക്കാരനായി. അയാൾ ജീവിതത്തിൽ ഒരിക്കൽ മാത്രം സഹായിച്ച പിന്നെ മറന്നുപോയ ഒരു അപരിചിതനാകുമോ? തൻ്റെ പേരും മറ്റു വിവരങ്ങളും ഉപയോഗിച്ച് ജീവിക്കുന്ന മറ്റൊരാൾ അയാൾ എന്തിനായിരിക്കും തനിക്ക് ഇത്രയും ബഹുമതിയും അംഗീകാരവും ഉണ്ടാക്കി തരുന്നത്. അയാൾക്ക് അത് ഒരു ഭാരമായി തോന്നി.
ഉദ്ഘാടന ചടങ്ങിൽ എല്ലാം തുറന്നുപറയണമെന്ന് നിശ്ചയിച്ചു. നിറഞ്ഞ സദസ്സിൽ ഒരു ചെറിയ വിറയലോടുകൂടി മൈക്കിന്റെ മുൻപിലേക്ക് അയാൾ നടന്നു. ഇടറിയ സ്വരത്തിൽ പറഞ്ഞു തുടങ്ങി, “പ്രിയമുള്ളവരെ നിങ്ങൾ എന്നെ ഇത്രയും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോൾ എനിക്ക് സന്തോഷവും അതിനോടൊപ്പം വലിയ വിഷമവും ഉണ്ടാക്കുന്നു. കാരണം ഞാൻ നാട്ടിൽ ഉള്ളപ്പോൾ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. ചിലരുടെ ചികിത്സയ്ക്ക് പണം കണ്ടെത്തി കൊടുത്തിട്ടുണ്ട്. പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങി കൊടുത്തിട്ടുണ്ട്. സഹായം ചോദിച്ച് എത്തിയ ഒരാളെ പോലും വെറും കയ്യോടെ ഞാൻ തിരിച്ചയച്ചിട്ടുമില്ല. എന്റെ സ്വന്തം ആവശ്യങ്ങൾ പോലും ഞാൻ മാറ്റിവെച്ചിട്ടുണ്ട്. അത്ഞാൻ ഒരു വലിയ കാര്യമായി കരുതിയിരുന്നില്ല. തനിക്ക് കഴിയുന്നത് മറ്റൊരാൾക്ക് വേണ്ടി ചെയ്യുന്നു അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ നിങ്ങൾ തരുന്ന ഈ ആദരവിനും ബഹുമതിയ്ക്കു ഒരിക്കലും ഞാൻ അർഹനല്ല. ഞാൻ അറിയാതെ എന്റെ പേരിൽ മറ്റൊരാൾ നൽകുന്ന ഈ സഹായത്തിന്റെ ഔദാര്യം ഒരിക്കലും എനിക്ക് വേണ്ട. ഞാൻ അതിന് അർഹനല്ല.” അതും പറഞ്ഞ് അയാൾ അവിടെ നിന്നും പിൻവാങ്ങി. അയാൾ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. പിന്നെ എന്തിനാണ് ഇയാൾ ഇങ്ങനെ പറയുന്നത്. പലരും പല സംശയങ്ങളും ഉന്നയിക്കാൻ തുടങ്ങി. അന്ന് രാത്രി അയാൾ ഒരു തീരുമാനമെടുത്തു. ഈ നാട്ടിൽ നിന്നും പോവുക തന്നെ വേണം.
സ്റ്റേഷനിൽ വെച്ച് ചന്ദ്രദാസ് ചോദിച്ചു, “നീ എങ്ങോട്ടാണ് പോകുന്നത്?”
“എൻ്റെ പേരിൽ ജീവിക്കുന്ന ആ മനുഷ്യനെ കണ്ടത്താൻ.”
“സൂര്യാ… അതിനു വേണ്ടി വീണ്ടും നീ നാടു വിടുകയാണോ? നിൻ്റെ കുടുംബത്തെ നീ മറക്കരുത്. “
“ശരിയാണ് ഞാൻ അവരെ വീണ്ടും വിഷമിപ്പിക്കുകയാണ്. പക്ഷേ എനിക്കു ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ മതിയാവൂ.”
“അയാൾ ആരായാലും നിന്നെ സഹായിക്കുകയല്ലേ അതിൽ എന്താണ് ഇത്ര വിഷമിക്കാൻ?” സൂര്യൻ ചന്ദ്രദാസിന്റെ കണ്ണുകളിലേക്ക് നോക്കി.
“അയാൾക്ക് സ്വന്തം പേരിൽ ചെയ്താൽ പോരേ? എന്തിനാണ് എൻ്റെ പേര്. ഞാൻ ചെയ്യാത്ത കാര്യങ്ങൾക്ക് നാട്ടുകാർ തരുന്ന ഈ ബഹുമതി എങ്ങനെ സ്വീകരിക്കും. എനിക്കയാളെ കണ്ടെത്തണം ചന്ദ്ര.. അയാൾ ആരാണ് എന്തിനാണ് എൻ്റെ പേര് ഉപയോഗിക്കുന്നത് എൻ്റെ ജീവിതത്തിൽ അയാൾക്ക് എന്താണ് ഇത്ര താല്പര്യം?”
ഒരു ലക്ഷ്യം മാത്രം, തന്റെ അപരനെ കണ്ടത്തണം. അയാൾ അതിനുള്ള യാത്ര തുടങ്ങി. പല നഗരങ്ങളിലും ഗ്രാമങ്ങളിലും അയാൾ അലഞ്ഞു. പഴയ പരിചയക്കാരെ കണ്ടു പല വാതിലുകളിലും മുട്ടി പക്ഷേ ആ മനുഷ്യനെ കണ്ടത്താൻ കഴിഞ്ഞില്ല. ഒരിക്കൽ ഒരു ചെറിയ പട്ടണത്തിലെ ചായക്കടയിൽ ഇരിക്കുമ്പോൾ അടുത്തിരുന്ന രണ്ടുപേർ സംസാരിക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. നമ്മുടെ നാട്ടിലെ അനാഥ കുട്ടികളുടെ ചെലവ് ആരാണ് വഹിക്കുന്നതന്ന് അറിയാമോ? അതിൽ ഒരാൾ.. ആരോ പറയുന്നത് കേട്ടു നല്ല മനുഷ്യനാണെന്ന്, പേര് സൂര്യനാരായണൻ. അതു കേട്ടതും വിശ്വസിക്കാനാകാതെ സൂര്യൻ അവരുടെ അടുത്തേക്ക് തിരിഞ്ഞു.
“ക്ഷമിക്കണം നിങ്ങൾ പറഞ്ഞ സൂര്യനാരായണനെ നിങ്ങൾക്കറിയില്ലേ?”
“പാവപ്പെട്ടവരെ സഹായിക്കുന്ന വലിയൊരു മനുഷ്യനാണ്. പക്ഷേ ആളെ ആരും കണ്ടിട്ടില്ല.” സൂര്യൻ ഒന്നും മിണ്ടിയില്ല. പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു. താൻ അന്വേഷിക്കുന്ന മനുഷ്യൻ തന്നെക്കാൾ ഒരുപടി മുന്നിലാണന്ന് അയാൾക്ക് മനസ്സിലായി. ഞാൻ എത്തുന്നിടത്തല്ലാം അയാളുടെ അടയാളങ്ങളുണ്ട്.
പക്ഷേ അയാൾ മാത്രം അദൃശ്യനായി തുടരുന്നു. സൂര്യൻ പതുക്കെ എഴുന്നേറ്റു. നീ ആരാണ് എൻ്റെ പേരിൽ മറ്റൊരാളായി ജീവിക്കുന്നത് എന്തിനാണ്? മഴയിലേക്ക് ഇറങ്ങുമ്പോൾ അയാൾ സ്വയം ചോദിച്ചു. ഉത്തരം നൽകാൻ ആരുമുണ്ടായിരുന്നില്ല. സൂര്യനാരായണന്റെ യാത്ര ഇപ്പോഴും അവസാനിക്കുന്നില്ല അയാൾ ഇന്നും ആ അപരനെ തേടിക്കൊണ്ടിരിക്കുന്നു അതിനായി യാത്ര തുടരുന്നു…
വിഷയം: നിങ്ങളുടെ പേരിൽ മറ്റൊരാൾ


1 Comment
വളരെ നല്ല കഥ.നല്ല എഴുത്ത്ഇ.തിന്റെ അടുത്ത ഭാഗം കൂടി പ്രസിദ്ധികരിക്കുമോ?