നിഷ..
ഞാൻ ജനിച്ച കാലത്ത് ഒരുപാട് പേർക്ക് ഈ പേരുണ്ട് എന്ന് എന്റെ ഡാഡിക്ക് ഒരു തോന്നൽ.. അതുകൊണ്ട് എന്റെ പേരിന്റെ കൂടെ ഒരു “റോസ് “കൂട്ടി ചേർത്തു. അങ്ങനെ ഒരു നാല്പത് വയസ്സൊക്കെ ആകുന്നത് വരെ ഞാൻ ഈ പേരുള്ള ആരെയും കണ്ടുമുട്ടിയിട്ടില്ല. പക്ഷേ ഇതേ റോസ് കൂടെയുള്ള എന്റെ അനിയത്തി ആഷാറോസ് ഒരിക്കൽ അതിശയത്തോടെ എന്നോട് പറഞ്ഞു ഒരു സിനിമാനിർമാതാവിന്റെ മകളുടെ പേര് ഇതേ പേര് തന്നെ എന്ന്. അങ്ങനെ ഒരു അപരനെ ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു.
ഒരാളെ പോലെ ഈ ലോകത്ത് എഴുപേർ ഉണ്ടാകും എന്ന് പണ്ടേ തൊട്ട് കേട്ടിട്ടുണ്ട്. പിന്നീട് സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന പല സംഭാഷണങ്ങളിലൂടെയും ഞാനത് വീണ്ടും വീണ്ടും കേട്ടു. ഒരിക്കൽ അല്ല പല തവണ എന്നോട് ആളുകൾ ഇന്ന ആളല്ലേ എന്ന് ചോദിച്ചിട്ടുണ്ട്. അതും കൊച്ചിയിലെ പ്രമുഖ ഒരു വസ്ത്രാലയത്തിന്റെ ഉടമയായ ഒരു സ്ത്രീ. അവരല്ല, അവർക്ക് തടി കുറവല്ലേ എന്ന് ഞാൻ പല തവണ പറയേണ്ടി വന്നിട്ടുമുണ്ട്. അപ്പോൾ കേട്ടത് ശരിയാകും എന്ന് തന്നെ ഞാൻ എന്നോട് പറയാറുണ്ട്. ഇനി അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ.. അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കട്ടെ..
തൃശൂർ മമ്മിയുടെ വീട്ടിലേക്ക് ഒന്ന് പോകണം എന്ന് തോന്നി. പണ്ടത്തെ പോലെ ഇപ്പോൾ പോയി നിൽക്കാനൊന്നും പറ്റാറില്ല. ഇത്തവണ രണ്ട് ദിവസം അവിടെ പോയി അനിയത്തിയും കൂടി ഒന്ന് അടിച്ചുപൊളിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെ ഞാൻ ഒരു ഓട്ടോയിൽ വീട്ടിൽ ചെന്നിറങ്ങിയപ്പോൾ മമ്മി ചോദിച്ചു.. നീ എന്താണ് തിരിച്ചുവന്നത്..
ഞാനോ എന്ന് അതിശയത്തോടെ ചോദിച്ചപ്പോൾ അടുത്ത വീട്ടിലെ ബാബുവും ജീമോളും അതേ ചോദ്യം.. നീയല്ലേ ഇപ്പോൾ പോയത്..
അന്തം വിട്ട് നിൽക്കുമ്പോൾ അനിയത്തിയുടെ ചുവന്ന കാർ വരുന്നു. അവളുടെ അടുത്തേക്ക് ഇവർക്കൊക്കെ എന്ത് പറ്റി എന്ന് അവളോട് ചോദിക്കാൻ വേണ്ടി ഓടി ചെന്നപ്പോൾ അവൾ ദേഷ്യപ്പെട്ടു ചോദിച്ചു.. നിന്നെയല്ലേ ഇപ്പോൾ ഞാൻ സ്റ്റാൻഡിൽ ഇറക്കിവിട്ടത്. ഞാൻ തിരിച്ചു വരുമ്പോഴേക്കും നീ ഇങ്ങോട്ട് വന്നോ..
ഏഹ്.. ഞാൻ എന്നെ തന്നെ പിച്ചി നോക്കി. ഞാൻ ഉച്ചക്ക് പോന്നതാണ് വീട്ടിൽ നിന്നും. നാളെ കഴിഞ്ഞ് ജിജി കാറുമായി വരും. അപ്പോൾ പോകും. നീ വിളിച്ചു ചോദിക്കൂ. എനിക്ക് വട്ടായതാണോ അതോ ഇവർക്കൊക്കെ വട്ടായതാണോ. തല കറങ്ങുന്നത് പോലെ തോന്നി. കുറച്ചുവെള്ളം കുടിക്കാൻ തോന്നി. അകത്തേക്ക് കയറിയപ്പോൾ എല്ലാവരും എന്നെ അതിശയത്തോടെ നോക്കുന്നു. ദയനീയതോടെ ഡാഡിയുടെ ഫോട്ടോയിലേക്ക് നോക്കി. എന്താ ഡാഡി ഇതൊക്കെ.. അപ്പോഴേക്കും ജിജിയെ വിളിച്ചു അനിയത്തി ചോദിച്ചു ഇവൾക്ക് എന്ത് പറ്റി.. എപ്പോഴാണ് വീട്ടിൽ നിന്നും തിരിച്ചത്.. അപ്പോൾ പറഞ്ഞു രണ്ട് മണിക്ക്. വിശ്വാസം വരാത്ത പോലെ അവരൊക്കെ എന്നെ നോക്കി.
അപ്പോൾ രാവിലെ 10മണിക്ക് ഇവിടെ ഇവൾ വന്നിരുന്നല്ലോ.. അതെങ്ങനെ എന്ന് ചോദിക്കുന്നത് കേട്ട് എന്റെ നെഞ്ചിടിപ്പ് കൂടി. ഇതാരപ്പാ ആ മോഹൻജാദാരോ 🙄. പെട്ടെന്ന് ഓർമ്മ വന്നത് സലിം കുമാറിന്റെ ഡയലോഗ് ആണ്. ശരിക്കുള്ള ഞാൻ ഇങ്ങനെ അല്ല. നല്ല വെളുത്തുതുടുത്ത് എവിടെയോ ജീവിക്കുന്നുണ്ട് എന്ന് പറഞ്ഞത്. എന്റെ ഭർത്താവ് പറഞ്ഞതോടെ അവർക്ക് വിശ്വാസമായി. പക്ഷേ ആ വന്നുപോയ നിഷ ആര് എന്നതായിരുന്നു അടുത്ത ടെൻഷൻ. ഇതൊക്കെ കേട്ടപ്പോൾ ഞാൻ വേഗം എന്റെ വീട്ടിലേക്ക് തിരിച്ചുപോരാൻ തീരുമാനിച്ചു. കാരണം ഇനി ഇങ്ങോട്ട് വന്നാൽ എനിക്ക് വീടില്ലാതെയാകുമല്ലോ. തിരിച്ചെത്തിയപ്പോൾ ഭാഗ്യം കുരിശ് ഇവിടെ വന്നിട്ടില്ല.
വീട്ടിൽ വന്ന ഉടൻ മൊബൈൽ എടുത്ത് ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഓരോ പോസ്റ്റ് ഇട്ടു. എന്റെ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ അടുത്ത് പോയി എന്തെങ്കിലും പൈസയോ മറ്റോ വാങ്ങിയാൽ.. ശരിക്കുള്ള ഞാൻ അതല്ല എന്ന് തെളിയിക്കാൻ ഒരു വഴിയും ഇല്ലാലോ.
എന്നാലും എങ്ങനെ.. എന്റെ ആത്മാവ് എന്നിൽ നിന്നും ഇറങ്ങി പോയതാണോ എന്ന സമുദായത്തിൽ ഉറങ്ങാൻ കിടക്കുമ്പോൾ ആ പാട്ട് ഓർമ്മ വന്നു.. ആത്മാവേ പോ.. പിന്നെ വേഗം മാറ്റി പാടി…. ആത്മാവേ വാ.. എന്ന് വിളിച്ച് നേരം വെളുപ്പിച്ചു.
ക്ലബിൽ ഒരു പരിപാടി.. അതിനായി അവിടെ എത്തിയപ്പോൾ കുറച്ചുപേർ ഓടി വന്നു. നിഷചേച്ചി ഇന്നലെ കുറേനേരം നീന്തി അല്ലെ.. എപ്പ.. ഞാൻ ഇന്നലെ ഇങ്ങോട്ട് വന്നില്ലാലോ. ദേ വീണ്ടും.. അവിടെയും കൺഫ്യൂഷൻ.
ഉടനെ എന്റെ ഡോക്ടർ ഫ്രണ്ട്സിനെ വിളിച്ചു. എന്തോ നടക്കുന്നുണ്ട്. അവർ പറഞ്ഞു.. നല്ല ഒരു സൈക്കോളജിക്കൽ കൗൺസിലിങ്ങ് ആവശ്യമുണ്ട്. അങ്ങനെ അല്ല. മറ്റുള്ളവർ കാണുന്നു. ഞാനൊട്ട് കാണുന്നുമില്ല. കണ്ണാടി നോക്കുമ്പോൾ എനിക്ക് സംശയം.. ശരിക്കുള്ള ഞാനല്ലേ ഇത്.. ഏയ്.. പുലിവാൽ ആയല്ലോ..
പിന്നീട് അന്വേഷണങ്ങൾ.. പക്ഷെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.. അപ്പോൾ അത് ആരായിരുന്നു..
എന്തായാലും ഒരു കാര്യം ഉറപ്പ്.. ഒരാളെ പോലെ ഏഴ് ആളുകൾ ലോകത്ത് ഉണ്ട് എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഉപദ്രവം ഒന്നും ഇത് വരെ ചെയ്തില്ലല്ലോ എന്ന ആശ്വാസത്തിൽ നല്ല ഉറക്കം ഉറങ്ങി.
പെട്ടെന്ന് ദേ അലാറം അടിക്കുന്നു.. അപ്പോൾ ഞാൻ കണ്ടതെല്ലാം സ്വപ്നം ആയിരുന്നോ.. എന്നാലും അത് എങ്ങനെ.. ഇതെല്ലാം എങ്ങനെ ഓർത്തിരിക്കുന്നു എല്ലാം.. എല്ലാം മായ.. ഉറക്കത്തിൽ ആത്മാവ് ഇറങ്ങി പോകുന്നു എന്ന് കേട്ടത് സത്യമോ..

