അടച്ചു വച്ചിട്ടും പുറത്തേക്ക് തുളുമ്പുന്ന കഞ്ഞി വെള്ളത്തിൻ്റെ കുമിളകളിലേക്ക് കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയായിരുന്നു വസുന്ധര.
പുളിച്ചു പോയ പാലപ്പത്തിൻ്റെ നിറവും രക്തം തീരെയില്ലാത്ത കണ്ണുകളും ഉള്ള അവർ ചിലപ്പോൾ ചെറുപ്പത്തിൽ എപ്പോഴോ വളരെ സുന്ദരിയായിരിക്കണം.
ബാല്യം മുതൽ ഇപ്പോൾ നിറവാർദ്ധക്യം ബാധിച്ചു നിൽക്കുന്ന ദിവസം വരെയും അവർ അനുഭവിച്ച കഷ്ടതയുടെയും സ്നേഹരഹിത്യജീവിതത്തിൻ്റെയും ബാക്കിപത്രമായിരിക്കണം ഈ മടുപ്പ് നിറഞ്ഞ മുഖഭാവവും രൂപവും.
രണ്ട് കെട്ടിയെങ്കിലും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത കാരണത്താൽ രണ്ട് പേരും ഉപേക്ഷിച്ചു പോയി. ഒരിക്കൽ കൂടി ഭാഗ്യം പരീക്ഷിക്കാനുള്ള ധൈര്യം വസുന്ധരയ്ക്കുണ്ടയില്ല.
ആൺതുണ ഇല്ലാത്ത വീടാണല്ലോ എന്ന് കരുതി തെങ്ങുകയറ്റുക്കാരൻ മോഹനനും കള്ള് ഷാപ്പ് ലീസിനെടുത്ത് നടത്തുന്ന തോമസ് മാപ്പിളയും അവരുടെ വീടിൻ്റെ കോലായിൽ വരെ സഹായത്തിന് എത്തിയതാണ്.
ഒരു മടവാളെടുത്ത് വീശി ആട്ടിയിറക്കാൻ പോലും മടുത്തു ജീർണിച്ച നോട്ടവുമായി തറഞ്ഞു നിന്ന വസുന്ധരയെ രണ്ടാമതൊന്നു കൂടി നോക്കാതെ അവർ ആ മുറ്റം വിട്ടു പോയി.
കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറഞ്ഞു നടക്കാൻ പോലും അവർ മെനക്കെട്ടതുമില്ല. എന്തുകൊണ്ടോ അവർ ഇരുവരും ആ നോട്ടത്തെയും നിൽപ്പിനെയും വല്ലാതെ ഭയന്നു പോയിരുന്നു.
അത് വസുന്ധരയുടെ അസഹിഷ്ണുതയായിരുന്നു.
ജനിച്ചു പോയതിനു ശേഷം എങ്ങനെയോ ജീവിച്ചു മരണത്തിൻ്റെ പകുതിവഴിയിൽ എത്തി നിന്നിട്ടും കിട്ടാതെ പോയ വാത്സല്യത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രണയത്തിൻ്റെയും രണ്ടാണുങ്ങൾ തൃപ്തിപ്പെടാതെയും തൃപ്തിപ്പെടുത്താതെയും പോയ ഉടൽദാഹത്തിൻ്റെയും പഴകി പോയ കഥ വസുന്ധര ആരോട് പറയാനാണ്?
ഒരു ഇടിവ് പോലും സംഭവിക്കാത്ത മാറിടവും പെറ്റ് ഒഴിഞ്ഞു തൂങ്ങി നിന്നു അടയാളങ്ങൾ വീഴാത്ത പരന്ന വയറും അവരെ ദിനം തോറും വിഷമിപ്പിച്ചുകൊണ്ടിരുന്നു.
ചോറുകലം അടുപ്പിൽ നിന്ന് ഇറക്കിവച്ചു ഒന്നു ഇളക്കി തട്ടി വീണ്ടും കനലിലേക്ക് പൊന്തിച്ചു വച്ചപ്പോഴേക്കും വെന്ത ചോറിൻ്റെ മണത്തിൽ അവർക്ക് ഓക്കാനം വന്നു. മുറ്റത്തേക്ക് ഓടിപ്പോയി കുലച്ചുനിൽക്കുന്ന വാഴച്ചോട്ടിലേക്ക് ശബ്ദത്തോടെ ഛർദ്ദിച്ചെങ്കിലും പിത്തവെള്ളമല്ലാതെ മറ്റൊന്നും വന്നതുമില്ല.
വീടിനകത്തേക്ക് കയറിയ അവർ ചെയ്തത് കലണ്ടറിലേക്ക് നോക്കുകയാണ്. അവസാന മാസമുറ അവർ കണക്കു കൂട്ടി. ഒരു മാസത്തെ താമസമുണ്ടായിരിക്കുന്നു. മറ്റൊന്നും ആലോചിച്ചു നിൽക്കാതെ വസുന്ധര പെട്ടെന്നു കുളിച്ചൊരുങ്ങി് നിറം മങ്ങാത്ത , തേച്ചു വച്ചിരുന്ന ഒരു കോട്ടൺ സാരിയുമുടുത്ത് ചെറുതായി ഒന്നു പൗഡറും പൂശി ഒരു വട്ടപ്പൊട്ടും കുത്തി പേഴ്സുമെടുത്ത് ഇറങ്ങി. കവലയിൽ നിന്ന് ബസ് കയറി സർക്കാർ ആശുപത്രിയിൽ എത്തി. ടോക്കൺ എടുത്ത് കുറേനേരം ഇരുന്നിട്ടും ഉച്ച കഴിഞ്ഞിട്ടാണ് ഡോക്ടറെ കാണാൻ പറ്റിയത്. ടെസ്റ്റെടുത്ത് റിസൾട്ട് വന്നപ്പോഴേക്ക് സമയം പിന്നെയും വൈകി.
ഡോക്ടർ വസുന്ധരയെ ഒന്നു നോക്കി.
” എത്ര വയസ്സുണ്ട്? നാൽപ്പത്തിയേഴ് തന്നെയല്ലേ?”
” അതെ..” അവരുടെ മനസ് പെരുമ്പറ കൊട്ടി.
” കോൺഗ്രജുലേഷൻസ് വസുന്ധര.. നിങ്ങൾ ഗർഭിണിയാണ്. ആദ്യത്തേത് ആണോ..?അതോ വേറെ മക്കളുണ്ടോ?
” ആദ്യമായിട്ടാണ് ഡോക്ടർ.”
” ഭർത്താവ് എന്ത് ചെയ്യുന്നു.?”
” കൂലിപ്പണിയാണ് ഡോക്ടറെ. ഇവിടെത്തന്നെയുണ്ട്. ജോലിക്ക് പോയത് കൊണ്ടാണ് കൂടെ വരാഞ്ഞത്.” വസുന്ധര ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.
” ഓകെ.” ഡോക്ടർ ചിരിച്ചു.
” ലേറ്റ് പ്രഗ്നൻസി ആണ്. ഒരുപാട് താമസിച്ചു ഉണ്ടാകുന്ന കുട്ടി. നല്ലപോലെ ശ്രദ്ധിക്കണം. വസുന്ധരയുടെ ഹെൽത്തിനെ അത് ബാധിക്കും.നല്ല ശ്രദ്ധ വേണം.നല്ലത് പോലെ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും മരുന്ന് കൃത്യമായി കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം.പറ്റുന്നിടത്തോളം റെസ്റ്റ് എടുക്കുക. ആയസമുള്ള ജോലി ഒന്നും ചെയ്യണ്ട. ഞാൻ മരുന്ന് കുറിക്കുന്നുണ്ട്. ഫാർമസിയിൽ പോയി വാങ്ങണം. ഒന്നും മുടക്കരുത്. എന്ത് അസ്വസ്ഥത ഉണ്ടായാലും വച്ച് കൊണ്ടിരിക്കാതെ അപ്പോൾ തന്നെ ഇങ്ങെത്തണം. മനസ്സിലായോ? ”
ഡോക്ടർ വസുന്ധരയെ സ്നേഹത്തോടെ നോക്കി. വസുന്ധരയ്ക്ക് അവരോട് അതേ സ്നേഹം തോന്നി.
” ശ്രദ്ധിച്ചോളം ഡോക്ടറെ. ഈ കുഞ്ഞിനെ എനിക്ക് വേണം. അതെൻ്റെ വാശി കൂടെയാണ്.”
ഡോക്ടർ ചിരിച്ചു. പ്രിസ്ക്രിപ്ഷൻ വാങ്ങി ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങിയിട്ടാണ് വസുന്ധര ഇറങ്ങിയത്.തൊട്ടടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു ചായയും ഇലയടയും വാങ്ങി കഴിക്കുമ്പോൾ വസുന്ധരയ്ക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു. അവിടെ നിന്ന് രണ്ട് ലഡുവും ഒരു ജിലേബിയും വാങ്ങി അവർ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയപ്പോൾ ഉമ്മറപ്പടിയിൽ അജയൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
അയാളുടെ തൊട്ടടുത്ത് ഒരു കവറിൽ കപ്പയും മീനും കൂടെ ഉണ്ടായിരുന്നു.
അവരെക്കണ്ടതും അയാൾ എഴുന്നേറ്റു.
” എവിടെ പോയതാ വസൂ ..? ഒരു വാക്ക് പോലും പറയാതെ.”
” അജയേട്ടൻ ജോലിക്ക് പോയില്ലേ? താക്കോലെടുത്ത് വാതിൽ തുറന്നു കൊണ്ട് വസുന്ധര ചോദിച്ചു.
” പോയതാണ്. ലോറി വരാത്തത് കൊണ്ട് പണിയില്ലെന്ന് മേശിരി പറഞ്ഞു. വരുന്ന വഴിക്ക് കപ്പ നിരത്തിയിട്ട് വിൽക്കുന്നത് കണ്ടപ്പോൾ നിന്നെയാണ് ഓർമ വന്നത്. പിന്നെ ചന്തയിൽ കയറി ഒരുകിലോ മത്തിയും കൂടി വാങ്ങി. നീ ഡ്രസ് മാറിയിട്ട് പെട്ടെന്ന് ഇതൊന്ന് ശരിയാക്ക്.
എന്നിട്ട് കുറച്ച് പൊതിഞ്ഞും താ. രാത്രിയിൽ കൂട്ടാലോ. മീനൂട്ടിക്കും ഇത് വളരെ ഇഷ്ടമാണ്.”
വസുന്ധരയുടെ ചുണ്ടിൽ ഒരു ചിരി മിന്നി.
അയാളുടെ മകളാണ് മീനൂട്ടി. വിവാഹമോചിതനായി കസ്റ്റഡിയിൽ കിട്ടിയ മകളെയും കൊണ്ട് വന്ന് താമസിക്കുകയാണ്.
തന്നെ കൂടെക്കൂട്ടിയാൽ മോളുടെ അമ്മ വന്ന് പ്രശ്നമുണ്ടാക്കി മകളെ തിരിച്ചു വിളിച്ചുകൊണ്ടു പോകുമോ എന്ന് ഭയമുണ്ട് അജയന്.
മകൾക്കും മകളുടെ അമ്മയ്ക്കും ഭയന്നാണ് തന്നെ വിവാഹം കഴിക്കാത്തത് എന്ന് ഒരിക്കൽ തുറന്നു പറഞ്ഞിട്ടുമുണ്ട് അജയൻ.
സാരമില്ല. ഭയന്നു കൊണ്ടോ പൂർണ്ണമനസില്ലാതെയോ ജീവിച്ചുതുടങ്ങുന്ന ജീവിതത്തിന് അധികം ആയുസ്സില്ലെന്ന് മറ്റാർക്കാണ് വ്യക്തമായും അറിയാവുന്നത്.
” എനിക്ക് സുഖമില്ല അജയേട്ടാ.. ഇത് നിങ്ങൾ കൊണ്ട് പോയി വയ്ക്ക്.”
അജയൻ സംശയത്തോടെ നോക്കി. ” നിനക്ക് എന്താ പറ്റിയെ? പനി ഉണ്ടോ?..”
അയാൾ നെറ്റിയിൽ കൈ വച്ചു നോക്കാനായി കയ്യുയർത്തി. മുഖം തിരിച്ചു കൊണ്ട് അവർ പറഞ്ഞു.
” പനിയല്ല. ശാരീരിക അസ്വസ്ഥത ആണ്. ആശുപത്രിയിൽ പോയിട്ടു വന്നു. മരുന്ന് തന്നു. എനിക്ക് കഴിച്ചിട്ട് ഒന്ന് കിടക്കണം. അജയേട്ടൻ പൊയ്ക്കോ.”
അയാൾ നിരാശയോടെ കവറുകളിലേക്ക് നോക്കി.
” ഇതെന്ത് ചെയ്യും വസൂ? വല്ലാതെ ആഗ്രഹിച്ചും പോയല്ലോ?”
വസുന്ധരയ്ക്ക് പുച്ഛം തോന്നി. ” നിങ്ങൾ വയ്ക്കണം. അല്ലെങ്കിൽ മീനൂട്ടിയെ കൊണ്ട് വയ്പ്പിക്കണം. പത്ത് പതിനാലു വയസ്സായില്ലേ? ഓരോന്ന് ചെയ്തു പഠിപ്പിക്ക്. എപ്പോഴും ഒരാളെ ആശ്രയിച്ച് ജീവിക്കാൻ പറ്റില്ല പെൺകുട്ടികൾക്ക് എന്ന് മനസ്സിലാക്കി കൊടുക്ക്.”
അജയൻ അവരെ ആശ്ചര്യത്തോടെ നോക്കി.
എന്തോ പറയാൻ വന്നിട്ട് ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞു നടന്നു.
വസുന്ധര ക്ഷീണത്തോടെ കിടക്കയിലേക്ക് ചാഞ്ഞു.
ഇതാണ് താൻ ആഗ്രഹിച്ച സന്ദർഭം. ഒന്നും മുളയ്ക്കില്ലെന്ന് കരുതിയ ഗർഭപാത്രത്തിൽ ഒരു പുതുനാമ്പ് മുളച്ചിരിക്കുന്നു.
അവർ തന്റെ ഉദരത്തിൽ മെല്ലെ തലോടി. ഇപ്പോഴും പരന്നു തന്നെയാണ് ഇരിക്കുന്നത്.പക്ഷേ അതിനുള്ളിൽ ഒരു ജീവൻ വളരുന്നുണ്ട്. അജയൻ്റെ വിത്താണെങ്കിലും തൻ്റെ മാത്രം സ്വന്തമായ ഒരു ജീവൻ.
പിന്നീടുള്ള ദിവസങ്ങൾ വസുന്ധരയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. ഓരോ ജോലി ചെയ്യുമ്പോഴും അവർ വയറ്റിലുള്ള കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരുന്നു. ഒറ്റയ്ക്കാണെന്ന തോന്നൽ പിന്നീട് വസുന്ധരയ്ക്ക് ഉണ്ടായിട്ടേ ഇല്ല.
അജയനെ കാണേണ്ടി വരുന്ന സാഹചര്യങ്ങളെല്ലാം അവർ മനപൂർവം വേണ്ടെന്ന് വച്ചു. ഇനി ഈ ലോകത്തിൽ താനും തൻ്റെ കുഞ്ഞും മാത്രം. ജോലിസ്ഥലവും വീടും മാത്രമായി വസുന്ധരയുടെ ദിനരാത്രങ്ങൾ ചുരുങ്ങി.
അജയൻ പിന്നെയും വന്നു. ഇത്തവണ നീണ്ട ഈർക്കിലിയിൽ കോർത്തിട്ട പുഴമീനും ആയിട്ടായിരുന്നു വരവ്. വരാന്തയുടെ തൂണിൽ ചാരി നിന്ന അവർക്ക് നേരെ അത് നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
” ഇന്നാ ഇത് നിനക്ക് മാത്രാ. നിനക്ക് വലിയ ഇഷ്ടമല്ലേ പുഴ മീൻ. ഇപ്പോഴാ ഒപ്പിക്കാൻ തരം കിട്ടിയത്. ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കണ്ട. ഞാൻ വീട്ടിൽ വച്ചിട്ടാ വന്നത്. ഇത് നീ തന്നെ ശരിയാക്കി കഴിച്ചോ.”
വസുന്ധരയ്ക്ക് ഉളുമ്പ് നാറ്റം മനം പുരട്ടി.
” എനിക്ക് വേണ്ട അജയേട്ടാ. നിങ്ങളത് കൊണ്ട് പൊയ്ക്കോ. എനിക്കിപ്പോൾ ഇതൊന്നും ഇഷ്ടമല്ല”
അയാളുടെ കണ്ണുകൾ ചുരുങ്ങി. അയാളാ മീൻ താഴെ ഇട്ടിട്ട് അവരുടെ അരികിലേക്ക് ചെന്നു.
ആ കവിളുകളെ കൈക്കുമ്പിളിൽ ചേർത്ത് അയാൾ പതിയെ ചോദിച്ചു.
” നിനക്ക് എന്താണ് സംഭവിച്ചത്? കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു. എന്നെ അവഗണിച്ചു വിടുന്നതും കാണാതെ പോകുന്നതും ഒക്കെ ഞാൻ കാണുന്നുണ്ട്. പറഞ്ഞു തീർക്കാമെന്ന് കരുതിയാണ് ക്ഷമിച്ചത്. എന്താണെങ്കിലും പറയ്. ഇങ്ങനെ മാറി നിൽക്കാതെ.”
അജയൻ മെല്ലെ അവരുടെ നെറ്റിയിൽ മുത്തി.
വസുന്ധരയുടെ കണ്ണുകൾ അടഞ്ഞു. ഒരിക്കൽ അത്രയും ആവേശത്തോടെ പടർന്ന് കയറിയ അയാളുടെ നെഞ്ചും ഓമനിച്ചു കൊതി തീരാതെ പോയ രോമം നിറഞ്ഞ കൈകളും ശരീരവും ഒക്കെ അവർക്ക് ഓർമ വന്നു. എന്തിനോ അവരുടെ കണ്ണുകൾ നിറഞ്ഞു.
അവർ മെല്ലെ അയാളുടെ കൈകൾ പിടിച്ചകറ്റി. അല്പം പിറകിലേക്ക് നീങ്ങി നിന്നു. എപ്പോഴും വിളറി കാണപ്പെടുന്ന അവരുടെ മുഖത്തെ ചോരച്ചുവപ്പ് അയാൾ ശ്രദ്ധിച്ചു.
” ഇനി ഇങ്ങോട്ട് വരണ്ട അജയേട്ടാ.. നമ്മൾ തമ്മിലൊരു ബന്ധം, അതിനി ശരിയാവില്ല.”
അജയൻ ഞെട്ടി.
“നീ.. നീ എന്തൊക്കെയാ പെണ്ണേ ഈ പറയുന്നത്.?
വസുന്ധര അയാളുടെ നേരെ നോക്കി.
“പറഞ്ഞത് മനസ്സിലായില്ലേ അജയേട്ടാ? ഇനി നമ്മൾ തമ്മിൽ ഒന്നുമില്ല.”
“എന്താ പെട്ടെന്നിങ്ങനെയൊക്കെ? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?”
” തെറ്റൊന്നും ചെയ്തിട്ടില്ല. എനിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ.”
അയാൾ ഒന്നും മനസ്സിലാകാത്തതുപോലെ അവളെ നോക്കി.
“നിനക്ക് എന്താണ് വേണ്ടതെന്ന് പറ. കല്യാണം കഴിക്കണോ? അതാണെങ്കിൽ എനിക്ക് ഇപ്പോഴും ചില പ്രശ്നങ്ങളുണ്ട്. മീനൂട്ടിയുടെ അമ്മ… അവൾ അറിഞ്ഞാൽ…”
“മതി!”
വസുന്ധരയുടെ ശബ്ദം ആദ്യമായി ഉയർന്നു.
“എത്ര കാലമായി അജയേട്ടാ ഞാൻ മറ്റൊരാളുടെ സൗകര്യത്തിനനുസരിച്ച് ജീവിക്കുന്നത്? ഒരാളുടെ ഭാര്യയായപ്പോൾ അയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച്. പിന്നെ മറ്റൊരാളുടെ കൂടെ ജീവിച്ചപ്പോൾ അയാളുടെ പേടികൾക്കനുസരിച്ച്. ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കട്ടെ.”
“നിനക്ക് എന്തുപറ്റി വസൂ?” അയാൾക്ക് അമ്പരപ്പായി.
അവർ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ അകത്തേക്ക് പോയി ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ട് എടുത്തു കൊണ്ട് വന്ന് അയാൾക്ക് കൊടുത്തു.
“ഇതെന്താ…?” അയാളത് വാങ്ങി നോക്കി
“ഞാൻ ഗർഭിണിയാണ്.”
അയാൾ വീണ്ടും കടലാസിലേക്ക് നോക്കി. പിന്നെ അവളുടെ മുഖത്തേക്കും.
“നീ… നീ സീരിയസായിട്ടാണോ പറയുന്നത്?”
“അതെ.”
“എന്റെ കുഞ്ഞാണോ?”
വസുന്ധര ഒന്നു ചിരിച്ചു.
“അല്ലാതെ പിന്നെ ആരുടെ കുഞ്ഞാണ് അജയേട്ടാ?”
അയാൾ അവളുടെ കൈകളിൽ പിടിക്കാൻ ശ്രമിച്ചു.
“എന്റെ ദൈവമേ! ഇത്രയും കാലം നീ ഇതെന്താ എന്നോട് പറയാതിരുന്നത്? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.”
“പറയാൻ തോന്നിയില്ല.”
“എന്നാലും വസൂ… ഈ പ്രായത്തിൽ… നിനക്ക് വല്ലതും പറ്റിയാൽ?”
“എനിക്ക് ഒന്നും പറ്റില്ല.”
“നമുക്ക് ആശുപത്രിയിൽ പോകാം. നല്ലൊരു ഡോക്ടറെ കാണിക്കാം. പിന്നെ നമുക്ക് എന്തെങ്കിലും തീരുമാനിക്കാം.”
അവൾ അയാളുടെ കൈകൾ തട്ടിമാറ്റി.
“എന്ത് തീരുമാനിക്കാൻ?”
അജയൻ മറുപടി പറഞ്ഞില്ല.
“ഈ കുഞ്ഞ് വേണോ വേണ്ടയോ എന്നാണോ? അതോ നിങ്ങളുടെ മകളുടെ അമ്മ ഇനി തിരിച്ചു വന്നാൽ എന്ത് ചെയ്യുമെന്നാണോ?”
അയാളുടെ കണ്ണുകൾ നിറഞ്ഞു. ശബ്ദം ഇടറി.
“വസൂ, നീ എന്നെ തെറ്റിദ്ധരിക്കരുത്. മീനൂട്ടിയുടെ കാര്യം കൂടി എനിക്ക് നോക്കണ്ടേ?”
“നോക്കണം. തീർച്ചയായും നോക്കണം. പക്ഷേ അജയേട്ടാ, ഇത്രയും കാലം എനിക്ക് നോക്കാൻ ആരുമുണ്ടായിരുന്നില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് നോക്കിയത്. ഇനിയും നോക്കിക്കോളാം.”
അവൾ പതിയെ വയറിൽ കൈവച്ചു.
“എനിക്കൊരു കുഞ്ഞു വേണമെന്നുണ്ടായിരുന്നു. ഒരുപാട് കാലം. രണ്ട് വിവാഹം കഴിഞ്ഞു. രണ്ടിടത്തും ഞാൻ കാത്തിരുന്നു. ഓരോ മാസവും പ്രതീക്ഷയോടെ കലണ്ടറിലേക്ക് നോക്കി. ഒടുവിൽ ആ പ്രതീക്ഷ പോലും എന്നെ വിട്ടുപോയി. ഇനി ഒന്നും ഉണ്ടാകില്ലെന്ന് കരുതിയപ്പോഴാണ്…”
അവളുടെ ശബ്ദം ഇടറി.
“ഇപ്പോൾ എന്റെ ഉള്ളിൽ ഒരാളുണ്ട്. എന്നെ ഉപേക്ഷിച്ചു പോകാൻ അതിനു കഴിയില്ലല്ലോ അജയേട്ടാ?”
അജയൻ തലകുനിച്ചു നിന്നു.
“ഞാൻ നിന്നെ ഉപേക്ഷിക്കില്ല വസൂ.” അയാൾ പതിയെ പറഞ്ഞു.
“ഉപേക്ഷിക്കില്ലേ?”
അവൾ അയാളെ നോക്കി.
“അപ്പോൾ കല്യാണം കഴിക്കുമോ?”
അയാൾ വീണ്ടും നിശ്ശബ്ദനായി.
വസുന്ധരയ്ക്ക് ചിരി വന്നു. ഇത്തവണ ആ ചിരിയിൽ പരിഹാസമുണ്ടായിരുന്നില്ല. വലിയൊരു തിരിച്ചറിവിന്റെ ശാന്തതയായിരുന്നു.
“കണ്ടോ? നിങ്ങളുടെ രണ്ട് കുഞ്ഞുങ്ങളെയും സ്വീകരിക്കാൻ നിനക്ക് ധൈര്യമുണ്ട്. പക്ഷേ ഒരാളുടെ അമ്മയെ സ്വീകരിക്കാൻ ഇപ്പോഴും പേടിയാണ്.”
അയാൾ ഒന്നും മിണ്ടിയില്ല.
“പേടിക്കണ്ട അജയേട്ടാ. ഞാൻ നിങ്ങളോട് ഒന്നും ആവശ്യപ്പെടുന്നില്ല. ഈ കുഞ്ഞിന് ഒരു അച്ഛനുണ്ടെന്ന് അറിയാനുള്ള പ്രായമാകുമ്പോൾ, അത് ആവശ്യപ്പെട്ടാൽ മാത്രം ഞാൻ പറഞ്ഞുകൊടുക്കും. അതിനപ്പുറം ഒന്നും വേണ്ട.”
നിങ്ങളുടെ ഒരു ഔദാര്യത്തിനും ഞാൻ വരില്ല. എൻ്റെ മാത്രം കുഞ്ഞാണ്. അതിന് നിങ്ങളുടെ ഒരു അവകാശവും വേണ്ട.”
അജയൻ ഉരുകുന്ന ഹൃദയത്തോടെ അവരെ നോക്കി.
” നിനക്ക്… നിനക്ക് എന്നെ വേണ്ടേ വസൂ? ”
വസുന്ധര കണ്ണുകളുയർത്തി നോക്കി.
“എല്ലാ ബന്ധങ്ങളും സ്നേഹം കൊണ്ട് മാത്രമല്ല അജയേട്ടാ ഉണ്ടാകുന്നത്. ചിലത് ആവശ്യങ്ങൾ കൊണ്ടാണ്. നിങ്ങളേക്കാൾ നന്നായി അത് ആർക്കാണ് അറിയാവുന്നത്.”
” ഞാൻ നിന്നെ ഉപയോഗിച്ചുവെന്ന് തോന്നുന്നുണ്ടോ വസു നിനക്ക്?” അയാളുടെ മുഖം മുറുകി.
” നമ്മൾ രണ്ടാളും പരസ്പരം ഉപയോഗിക്കുകയായിരുന്നു അജയേട്ടാ. സ്നേഹവും പ്രണയവും ഒന്നും ലഭിക്കാത്ത എനിക്ക് ക്ഷീണിക്കുമ്പോൾ ചാഞ്ഞുറങ്ങാൻ ഒരു നെഞ്ച് ആവശ്യമായിരുന്നു. ‘പോട്ടെ , സാരമില്ല ‘ എന്ന് പറഞ്ഞു തലയിൽ തലോടാൻ കൈകൾ ആവശ്യമായിരുന്നു. എൻ്റെ അഭാവത്തിൽ വേദനിക്കാൻ ഒരു മനുഷ്യനെ ആവശ്യമായിരുന്നു. വികാരങ്ങളെ തണുപ്പിക്കാൻ ഒരു ശരീരം ആവശ്യമായിരുന്നു.”
അവരൊന്നു നിർത്തിയിട്ട് തുടർന്നു. ” നിങ്ങൾക്കും എന്നെ ആവശ്യമായിരുന്നു. പരാജയപ്പെട്ടു പോയ ഒരു കുടുംബജീവിതത്തിൻ്റെ ഉടഞ്ഞുപോയ കഷ്ണങ്ങളെ ചേർത്ത് വയ്ക്കാൻ ഒരു ഇടം ആവശ്യമുണ്ടായിരുന്നു. പാചകക്കാരി ആയും വല്ലപ്പോഴുമൊക്കെ പണം തന്നു സഹായിക്കുന്നവളായും കിടക്കയിൽ ഭാര്യയായും ഞാൻ മാറി. സങ്കടപ്പെട്ടപ്പോൾ ഞാൻ ആശ്വസിപ്പിച്ചു. ചിരിച്ചപ്പോൾ കൂടെ ചിരിച്ചു. എന്നിട്ടും പരസ്പരം നമ്മൾ വിശ്വസിച്ചിരുന്നത് നമ്മൾ തമ്മിൽ സ്നേഹത്തിൽ ആയിരുന്നെന്നാണ്.”
“വസൂ…” അയാൾക്ക് വേദനിച്ചു.
” കുറ്റപ്പെടുത്തുവല്ല അജയേട്ടാ. സത്യങ്ങൾ പറയുകയാണ്. ഒരിക്കലും തമ്മിൽ തമ്മിൽ വിട്ടു പോന്നു ഒന്നു ചേരാൻ കഴിയാത്ത രണ്ട് ധ്രുവങ്ങളിലാണ് നമ്മൾ രണ്ടും. ഇതിങ്ങനെ പോകുന്നത് തന്നെയാണ് നല്ലത്. ആദ്യം കുറച്ചു വേദനിക്കുമായിരിക്കും. പിന്നെ എല്ലാം ശരിയാകും.”
” ഞാൻ.. ഞാനിനി കാണാൻ വരണ്ട എന്നാണോ?” അയാൾ പതറി.
” അതെ..” ഉറപ്പോടെ വസുന്ധര പറഞ്ഞു.
നിരാശയോടെ അയാൾ തിരിഞ്ഞു നടന്നു. ഇടയ്ക്കിടെ തിരിഞ്ഞു നോക്കി അയാൾ അവളുടെ കണ്ണിൽ നിന്ന് മറഞ്ഞു.
വസുന്ധര തിരിഞ്ഞു അകത്ത് കയറി വാതിലടച്ചു. ഭിത്തിയിലേക്ക് ചാരി നിന്നു.
അത്ഭുതമെന്ന് പറയട്ടെ.. അവർക്ക് ഹൃദയം ഒട്ടും വേദനിക്കുന്നുണ്ടായിരുന്നില്ല. ചെറുതായി വീർത്തു തുടങ്ങിയ വയറിൻ്റെ മുഴുപ്പിൽ കൈ ചേർത്ത് വച്ചു കൊണ്ട് അവർ കണ്ണുകളടച്ചു. താനും കുഞ്ഞും മാത്രമുള്ളൊരു ലോകമായി തനിക്ക് ചുറ്റുമുള്ളതെല്ലാം ചുരുങ്ങുന്നതായി അവർക്ക് അനുഭവപ്പെട്ടു.
വസുന്ധര സ്നേഹത്തോടെ ചിരിച്ചു.

