“പ്രേമി… നീ എത്തിയോ?
കാപ്പി ഫ്ലാസ്കിൽ ഉണ്ട്.. എടുത്തു കുടിച്ചോ.. ഞാൻ ഒന്നു മേല് കഴുകാൻ പോകുവാ..’
“ഇന്നെന്താ നേരത്തേ?”
മുറിക്കുള്ളിലേക്കു കയറിയ ഞാൻ അദ്‌ഭുതം കണ്ണിൽ ഒളിപ്പിച്ചു കൊണ്ടു ചോദിച്ചു.
“അമ്പലത്തിൽ പോകണം.. ദീപാരാധനയ്ക്ക്… നീ വരുന്നോ?”
“ഇല്ലമ്മേ…അമ്മ പോയി വായോ…”
കാപ്പി കുടിച്ചിട്ട് വെറുതെ മുറ്റത്തേക്കിറങ്ങി.
അമ്മയുടെ കൂട്ടുകാരി ഗേറ്റിനടുത്തു നിന്ന് വിളിച്ചു പറഞ്ഞു. “പ്രേമി… അമ്മയോട് ഒന്നു വരാൻ പറയൂ..”
അമ്മ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.
“അമ്മേ.. ഒരു കാര്യം പറയാനുണ്ടായിരുന്നു.”
“പറയെടി… വേഗാവട്ടെ.” തിരിഞ്ഞു നിന്നിട്ട് എന്നെ നോക്കിയ അമ്മയോടു മെല്ലെ പറഞ്ഞു.
“രേണു ഇന്നു വിളിച്ചിരുന്നു. രണ്ടു ദിവസം അവധിയല്ലേ.. അങ്ങോട്ടൊന്നു ചെല്ലാൻ പറയുന്നു.”
“എന്താ വിശേഷം വല്ലതും ഉണ്ടോ?”
ഒരു നിമിഷം മൗനമായി നിന്നിട്ട് പറഞ്ഞു. “ഒന്നൂല്ല. വെറുതെ.. എന്നെ വല്ലാതെ മിസ്സ് ചെയുന്നൂന്ന്…”
“ഓ….. പിന്നെ..” അമ്മ ഒന്ന് ആക്കി ചിരിച്ചു.
പിന്നെ പറഞ്ഞു. “അച്ഛനോട് ചോദിക്കണ്ടേ…?”
“ആ.. വേണം. അമ്മയുടെ സമ്മതം കിട്ടിയിട്ട് ചോദിക്കാമെന്നു വെച്ചു.”
“ശരിയെടി.. പോയി വരാം.”
മുറ്റത്തൂടെ ഒന്നു ചുറ്റി നടന്നപ്പോൾ മനസ്സ് ഒന്നു ഫ്രഷ് ആയി.
രേണുവിന്റെ ആദ്യത്തെ പെണ്ണുകാണലിനു സാക്ഷി ആകാനാണ് പോകുന്നതെന്ന് അമ്മക്കറിയില്ലല്ലോ.. അങ്ങനെ വല്ലതും പറഞ്ഞു പോയാൽ പ്രത്യേക അഭ്യർത്ഥന മൂലം നീട്ടി വെച്ചിരിക്കുന്ന എന്റെ വിവാഹ ആലോചനകൾ ശക്തി പ്രാപിക്കും.
അച്ഛന്റെ അനുവാദവും വാങ്ങി നേരത്തേ കിടന്നു. രാവിലെ തന്നെ പുറപ്പെടണം. അവിടെല്ലാവരും ഉണരുന്നതിന്റെ മുമ്പു തന്നെ എത്തി ഞെട്ടിക്കണം.
രാവിലെ അഞ്ചു മണിക്ക് ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴേ ഒരു തിരുവനന്തപുരം ഫാസ്റ്റ് കിട്ടി. കൊള്ളാം. ആറു മണിയോടെ അവിടെത്തും.
ഇരുട്ട് പൂർണമായി മാറിയിട്ടില്ല.
രാവിലത്തെ തണുത്ത കാറ്റ് തുറന്നു കിടക്കുന്ന ഷട്ടറുകളിലൂടെ അകത്തേക്കു വന്നുകൊണ്ടിരിക്കുന്നു.
പലരും ഷട്ടർ അടച്ചു ചുരുണ്ടുകൂടി ഇരിക്കയാണ്.
“ഇക്കൊല്ലം വൃശ്ചികത്തിൽ തന്നെ നല്ല കുളിര് അല്ലേ?” പുറകിൽ ആരോ പറയുന്നതുകേട്ടു..
“ശരിയാണ്.. സൂര്യൻ ഒന്നുഷാറാകുമ്പോൾ തണുപ്പ് മാറും.” മറ്റേ ആൾ ആശ്വസിപ്പിക്കുന്നു.
ബസിനുള്ളിലെ നിശ്ശബ്ദതയിൽ ഓരോരോ ചിന്തകളിൽ മുഴുകി അങ്ങനെ ഇരുന്നു.
രേണു ഉണർന്നു കാണുമോ? ‘നീ വന്നാലേ ഞാൻ ഒരുങ്ങാൻ തുടങ്ങൂ’ എന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
അതിനല്ലേ പെണ്ണെ… ഞാൻ കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ പുറപ്പെട്ടിരിക്കുന്നെ…
ഇന്നലെ അവൾ എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ പോലെ തോന്നുന്നു.
സർപ്രൈസ് ഒക്കെ ഞാൻ വന്നിട്ടു പറഞ്ഞാൽ മതിയെന്നു ഞാനും പറഞ്ഞു.
ഇനി വല്ല കെണിയും ആയിരിക്കുമോ ആവോ..
ബസ്സിറങ്ങി കാലുകൾ വലിച്ചു വെച്ചു നടന്നു. സ്പീഡിൽ നടന്നാൽ കുളിരൊന്നു മാറും..
സ്ഥിരപരിചിതമായ വഴി. ഒരു വർഷക്കാലം രേണുവുമൊത്തു കൂട്ടുകൂടി ഇതുവഴി നടന്നത് ഓർമ്മയിൽ വന്നു.
ജോലികിട്ടി ഇതിനടുത്ത ടൗണിലേക്കു വന്നതും ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ അന്തേവാസിയായതും ഇന്നലത്തെ പോലെ ഓർമ്മയിലുണ്ട്.
പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർഥിയായാണ് രേണു ഞങ്ങളുടെ ഹോസ്റ്റലിൽ എത്തിയത്. ലേറ്റ് അഡ്മിഷൻ ആയത് കൊണ്ട് കോളേജ് ഹോസ്റ്റലിൽ റൂം കിട്ടിയില്ല. പിന്നെ തല്ക്കാലം ഇവിടെ താമസിപ്പിക്കാമെന്നു മേട്രൺ പറഞ്ഞപ്പോൾ അവിടെ കൂടി.
ഒരു ഡബിൾ റൂമിൽ ഒറ്റയ്ക്ക് താമസിക്കുന്ന എന്റെ റൂമിൽ എങ്ങനെയോ രേണു എത്തിപ്പെട്ടു.
ആദ്യമായി വീട് വിട്ടു നിൽക്കുന്നതിനാൽ വന്നപ്പോൾ കക്ഷിക്ക് വലിയ പരിഭ്രമവും അങ്കലാപ്പും ഒക്കെയായിരുന്നു. വഴിയറിയാതെ ഒരു നാൽക്കവലയിൽ എത്തിപ്പെട്ട പോലെ..
സാവധാനം അതൊക്ക മാറി ആൾ ഉഷാറായി.
പിന്നീടുള്ള ഒരു വർഷം എങ്ങനെ പോയെന്നു കണ്ടില്ല.
എല്ലാ ശനിയാഴ്ചകളും രേണുവിന്റെ വീട്ടിലേക്കുള്ള യാത്രകളാക്കി ഞങ്ങൾ ആഘോഷിച്ചു.
അവളുടെ അച്ഛനും അമ്മയും നാടും എനിക്ക് ഏറെ പ്രിയപ്പെട്ടതായി.
രേണുവിനെ അറിയുന്ന പോലെ തന്നെ ഈ നാട്ടുകാർ എന്നെയും അറിഞ്ഞു.. സ്നേഹിച്ചു.
എത്ര സുന്ദരമായ ഒരു കാലമായിരുന്നത്..
നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടിയതറിഞ്ഞു എന്നോടു പിണങ്ങി നടന്ന പെണ്ണ്…
അവളുടെ പരീക്ഷകളും പ്രൊജക്റ്റും കാരണം
തമ്മിൽ കണ്ടിട്ട് ആറു മാസമെങ്കിലും ആയിട്ടുണ്ട്. അതിലുള്ള പരിഭവം കൃത്യമായി അറിയിക്കാറുമുണ്ട്.
ഉം.. ഇപ്പോൾ പെണ്ണിനെ കാണുമ്പോൾ തന്നെ ഒന്നു കെട്ടിപ്പിടിച്ചു പുന്നാരിച്ച് ആ കേടങ്ങു തീർത്തേക്കാം.
മുൻവശത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ബെൽ ഒന്നും അടിക്കാൻ നിന്നില്ല. അകത്തോട്ടു കടന്നു ചെന്നു. ആരെയും കാണുന്നില്ലല്ലോ. എല്ലാരും എവിടെ പോയി?
ലവൾ എണീറ്റില്ലേ?
ശരി… കാണിച്ചു കൊടുക്കാം… മാർജാര പാദത്തോടെ മുകളിലേക്കുള്ള പടികൾ കയറി.
ഓ.. രാജകുമാരി എണീറ്റിട്ടില്ല. ഡോറിൽ പിടിച്ചു പതുക്കെ തുറന്നു.
ഇതെന്താ ഇന്നേ മണിയറ ആക്കിയോ? കർട്ടനുകൾ ഒക്കെ പിടിച്ചിട്ടു വെളിച്ചം ഒട്ടും കയറാതെ സുഖസുഷുപ്തിയിൽ അവൾ..
ഈയുള്ളവളോ? കൊച്ചുവെളുപ്പാൻ കാലത്ത് വേറൊരു നാട്ടിൽ നിന്നും വണ്ടി പിടിച്ചും നടന്നും ഇവിടെ…
എങ്ങനെ സഹിക്കും?
തലയിൽ കൂടി പുതപ്പിട്ടു മൂടി പുതച്ചു കിടക്കുന്ന സ്വഭാവം ഇനിയും മാറിയിട്ടില്ലല്ലോ മോളെ..
ഇനി നോക്കി നിൽക്കാൻ സമയമില്ല.
ഒറ്റ ചാട്ടത്തിനു ബെഡ്‌ഡിലേക്ക് മറിഞ്ഞു.
എന്നിട്ടു പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.
“ഞാനേ… തണുത്തു വിറച്ചു വരുവാ.. നീ ഇവിടെ നല്ല പുതപ്പിന്റെ അടിയിൽ സുഖിച്ചിരിക്കുന്നു.. കുറച്ചു മഞ്ഞും കുളിരും നിനക്കൂടിരിക്കട്ടെ.. അപ്പോൾ സമാസമം… ഉം.. എങ്ങനുണ്ട്?”
തൊട്ടടുത്ത നിമിഷം ഒരുൾ വിളി ഉണ്ടായി.
ഞാൻ പെട്ടെന്നു ബെഡ്‌ഡിൽ നിന്നും ചാടി ഇറങ്ങി.
പരിചിതമല്ലാത്ത സ്ഥലത്തെത്തിപ്പെട്ട പോലെ ഒരു തോന്നൽ..
രേണുവിന്റെ മുറി അല്ലേ ഇത്? എനിക്കാണോ തെറ്റിയത്?
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ പുറത്തേക്കിറങ്ങി താഴേക്ക് ഓടി.
തപ്പിയും തടഞ്ഞും അടുക്കളയിൽ എത്തി.
നിറഞ്ഞ ചിരിയോടെ അമ്മ…
“ആ മോളെപ്പം എത്തി? വാ ഇങ്ങോട്ടിരിക്ക്.”
“അവളും അച്ഛനും കൂടി അമ്പലത്തിൽ പോയിരിക്കുവാ. മോൾ വന്നിട്ട് നിന്നെയും കൂട്ടി പോകാമെന്നു പറഞ്ഞു ചിണുങ്ങി നിന്നവളെ ഞാനാ നിർബന്ധിച്ചു പറഞ്ഞു വിട്ടത്..”
“ദേ… മോള് ചായ കുടിക്ക്..”
അമ്മ രേണുവിന്റെ ചെറുക്കൻകൂട്ടരുടെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ് .
എല്ലാം കേട്ടുകൊണ്ട് അമ്മയെ അടുക്കളയിൽ സഹായിക്കുന്നെന്ന ഭാവത്തിൽ അടുക്കളയിൽ ചുറ്റിത്തിരിയുമ്പോഴും രേണുവിന്റെ മുറിയിൽ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയും പരിഭ്രമവും എന്നെ വിട്ടു മാറിയിരുന്നില്ല..
അമ്മയാണെങ്കിൽ ആ കാര്യമൊഴിച്ചു ബാക്കി ലോക കാര്യങ്ങൾ മുഴുവൻ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.
മുറ്റത്തു കാൽപെരുമാറ്റവും സംസാരവും കേട്ടപ്പോൾ അമ്പലത്തിൽ പോയിരുന്നവർ എത്തി എന്നു മനസ്സിലായി.
വലിയ ആഹ്ലാദത്തോടെ രേണു പുറകിൽ കൂടി വന്നു കെട്ടിപ്പിടിച്ചപ്പോഴും വെറുതെ ഒന്നു ചിരിച്ചെന്നു വരുത്തിയിട്ട് അടുക്കളയിൽ തിരക്കിട്ടു എന്തെക്കെയോ ചെയ്തു കൂട്ടുന്ന എന്നെ അദ്‌ഭുദത്തോടെ നോക്കി നിന്നിട്ട് അവൾ ഒഴിച്ചു വെച്ചിരുന്ന ഒരു കപ്പ് ചായയുമായി മുകളിലോട്ടു കയറി പോയി.
“രേണു… വിനുവിന്റെ ചായ കൂടി കൊണ്ടു പോ..” അമ്മ വിളിച്ചു പറഞ്ഞു.
എന്നിട്ട് എന്നോടായി പറഞ്ഞു, “ആ മോളെ ഞാൻ പറഞ്ഞില്ലല്ലോ.. മോൻ ഇന്നലെ സന്ധ്യക്ക് വന്നു. അവൻ വരുന്ന കാര്യം രേണു പറഞ്ഞു കാണുമല്ലോ.. അല്ലേ.”
ഞാൻ അറിയാതെ തല കുലുക്കി.
അപ്പോൾ രേണുവിന്റ മുറിയിൽ ആ കക്ഷിയാണ്..
ശ്ശെ… എന്തൊരു ചതിയാ ലവള് ചെയ്തത്.. ഇനി എങ്ങനെ ഒരു ദിവസം ഇവിടെ തങ്ങും? മിണ്ടാതെ സ്ഥലം വിട്ടാലോ..
“പ്രേമി… ഒന്നിങ്ങോട്ടു വന്നേ.”
പുറകിൽ നിന്നു വന്ന ശബ്ദത്തോടൊപ്പം ബലമായി കയ്യിൽ ഒരു പിടുത്തവും.
എന്നെയും കൊണ്ട് അടുക്കള പ്പു റത്തേക്കിറങ്ങിയ രേണു കാതിൽ മന്ത്രിച്ചു..
“എന്റെ പെണ്ണു കാണലിനു വന്ന നീ ആദ്യരാത്രി കൂടി ആഘോഷിച്ചോ?”
ദേഷ്യത്തോടെ കൈ വിടുവിച്ച ഞാൻ തലങ്ങും വിലങ്ങും തല്ലിക്കൊണ്ട് ചോദിച്ചു..
“ഇന്നലെ ഏട്ടൻ വന്ന കാര്യം ഫോൺ വിളിച്ചപ്പോൾ നീ വിഴുങ്ങിയതെന്താ? നിങ്ങൾ മുറി വെച്ചു മാറിയത് ഞാൻ അറിഞ്ഞോ?”
“ആ മുറി നിന്റേതു മാത്രമാണോ എന്റേത് കൂടി അല്ലേ?”
എന്റെ ദേഷ്യം കണ്ടു തരിച്ചു നിൽക്കുന്ന അവൾ പറഞ്ഞു.
“അതേല്ലോ…
എന്താ ഇപ്പോൾ ഉണ്ടായതെന്നു പറ മോളെ.”
“എന്തോ ഒന്നു കട്ടിലിലേക്ക് വന്നു വീണെന്നും അടുത്ത നിമിഷം അത് അപ്രത്യക്ഷമായെന്നും മാത്രമേ ഏട്ടൻ പറഞ്ഞുള്ളൂ. കക്ഷി നല്ല ഉറക്കത്തിലായിരുന്നു പോലും…
“നിന്റെ ബാഗ് മുറിയിൽ ഇരിക്കുന്ന കണ്ട ഞാൻ ഊഹിച്ചു പറഞ്ഞതാ ബാക്കിയൊക്കെ.”
“അയ്യോ എന്റെ ബാഗ് അവിടാണോ? ഞാൻ വെപ്രാളത്തിൽ പോന്നപ്പോൾ എടുക്കാൻ വിട്ടു പോയി.”
” അതു ഞാനെടുത്തു വെച്ചിട്ടുണ്ട്. പിന്നെ ഇന്നലെ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോൾ നീ എന്താ പറഞ്ഞെ? സർപ്രൈസ് ഒക്കെ നേരിൽ കാണുമ്പോൾ മതിയെന്ന്….. ആ സർപ്രൈസാ അവിടെ കിടക്കുന്നത്.”
“എന്നാലും…. ഇങ്ങനൊരബദ്ധം… ശ്ശേ.. ഓർക്കാൻ വയ്യ.. “ഞാൻ ചിണുങ്ങി.
“എടി.. മുറി വെച്ചു മാറിയതൊന്നുമല്ല.. ഞാൻ എണീറ്റു പോന്നതിനു ശേഷമാണ് ഏ ട്ടന്റെ മുറിയിലെ ഫാനിനു കാറ്റില്ലെന്നും പറഞ്ഞു എന്റെ മുറിയിലേക്കു ചേക്കേറിയത്. അച്ഛൻ ഇലക്ട്രിഷ്യനെ കൂട്ടി കൊണ്ടേ വരൂന്ന് പറഞ്ഞ് ജംഗ്ഷനിൽ നിൽക്കുവാ. നമുക്ക് നമ്മുടെ മുറി ഇന്നു തന്നെ തിരികെ കിട്ടും.”
എന്നാലും ആ തിരുമുമ്പിൽ എങ്ങനെ പ്രത്യക്ഷപ്പെടും?
അങ്ങനെ ആലോചനയിൽ മുഴുകി നിന്ന ഞാൻ രേണുവിന്റെ പരിചയപ്പെടുത്തൽ കേട്ടാണ് അവളെ നോക്കിയത്.
“ഏട്ടാ.. ഇത്… എന്റെ… പ്രിയപ്പെട്ട കൂട്ടുകാരി… പ്രേമി.. എന്ന പ്രമീള.
കണ്ണുകളുയർത്തിയപ്പോൾ.. വാതിലിൽ ചാരി അവളുടെ ഏട്ടൻ.
“ഹായ്.. പ്രേമി..”
ഞാൻ ജാള്യതയോടെ തല കുമ്പിട്ടു നിന്നതേയുള്ളു.
ചെറു ചിരിയോടെ ചായയുമായി തിരിഞ്ഞ ആൾ മൂളിയ പാട്ടു കേട്ട ഞാൻ വീണ്ടും ഞെട്ടി.
“പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി..”
ഹാളിലേക്ക് നടക്കവേ കൗതുകത്തോടെ എന്നെ നോക്കി നിൽക്കുന്ന രേണുവിനോട് പറയുന്നു..
പുലർകാല സ്വപ്നം സുന്ദരമായിരുന്നു.
പൂമ്പാറ്റയും..
എനിക്കിഷ്ടായി… ഒത്തിരി.
മി ടൂ(എനിക്കും )… രേണുവിന്റെ കളമൊഴി..

