“നിരുപാധികമായ സ്നേഹം സത്യത്തിൽ ഒരു മിഥ്യയും എല്ലാ സ്നേഹബന്ധങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അദൃശ്യമായ ഓരോ കരാറാണ്. ഇരുകൂട്ടരും വ്യവസ്ഥകൾ പാലിക്കുന്നവരെ മാത്രമേ ആ സ്നേഹബന്ധത്തിന് നിലനിൽപ്പുള്ളൂ. മറക്കുവോളം മാത്രമാണ് മരണത്തിനായുസ്സ് “
ഉടൽചിരാത് എന്നാ മാഹിൻ ഷാജഹാന്റെ പുസ്തകത്തിലെ വരികളാണ്. ഇൻസ്റ്റയിൽ ഒരുപാടു ആൾക്കാർ ഒരുപാടു അഭിപ്രായം പറഞ്ഞ ട്രെൻഡിംഗ് പുസ്തകം. ഭൂതകാലവും വർത്തമാന സംഭവങ്ങളും തരംതിരിച്ച ഭാഗങ്ങളായി എഴുതിയിട്ടുണ്ടെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് രണ്ടും ഒന്നുപോലെ ചേർന്ന് വരുന്നു. വാരണാസിയിലെ ഖാട്ടുകളാണ് ഇതിന്റെ പ്രധാന പ്ലോട്ട്. ഭാoഗിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ ചിന്തകൾ മാറ്റിമറിയുന്ന ഒരാളുടെ ചിന്തകൾ, ആഘോരികളുടെ ജീവിതം. ഇടയ്ക്ക് വിശ്വാസ ചൂഷണങ്ങൾ പള്ളി അമ്പലമാക്കുന്നതും അമ്പലം പള്ളിയാകുന്നതും പറഞ്ഞുപോകുന്നു. അതിനൊപ്പം കാശിയിൽ എങ്ങിനെ ദർഗ്ഗകളും അമ്പലങ്ങളും വ്യത്യസ്ത മതത്തിലെ ആൾക്കാർ ഒന്നിച്ചു ജീവിക്കുന്നു എന്നൊക്കെ വ്യക്തമാക്കുന്നു.
കുടുംബബന്ധങ്ങളോട് നീതി പുലർത്തിയില്ലെന്നു വൈകിയുള്ള തിരിച്ചറിവ് നന്നായി എഴുതിയിട്ടുണ്ട്. പുസ്തകം വായിച്ചിരിക്കുമ്പോൾ നമ്മളുടെ മനസ്സ് ആ ഘാട്ടുകളിൽ അലഞ്ഞു നടക്കും. പകുതിയെരിഞ്ഞ ശരീരം ഗംഗയിലേയ്ക്ക് മുക്തിയുടെ പേരിൽ തള്ളിയിടുന്നതും ഗംഗാ ആരതിയും കാലഭൈരവ ക്ഷേത്രവും ഒക്കെ മുന്നിൽ തെളിയും. ഗംഗയുടെ പടവുകളിൽ സ്വയം മറന്നു ഭാoഗിന്റെ ലഹരിയിൽ നമ്മളും ഭൂമിയിൽ ശരീരവും മറ്റെങ്ങോ മേയാൻ വിട്ട മനസ്സുമായി മയങ്ങി കിടക്കും. ത്രില്ലർ രീതിയിൽ എഴുതിയ പുസ്തകമാണെങ്കിലും യാത്രാ വിവരണം പോലെ ഒരു സീരീസ് പോലെ എഴുതാൻ ആവും നിരവധി ഉത്തരം തരാത്ത ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നു. സോഷ്യൽ മീഡിയ ആഘോഷിക്കും പോലെ അത്ര നല്ല ത്രില്ലർ ആയി തോന്നിയില്ല, ഒരുപക്ഷെ ഒരുപാടു ചോദ്യങ്ങളും നിഗൂഢതകളും ബാക്കി വയ്ക്കുന്നതു കൊണ്ടാകാം.
ഒരു മുൻവിധിയും ഇല്ലാതെ വായിച്ചു തുടങ്ങിയ പുസ്തകമാണ് ശിവൻ എടമനയുടെ “സിംഹമുദ്ര “. ബാല്യകാലം മുതൽ കോട്ടയം പുഷ്പനാഥിന്റെ ശാസ്ത്രപരമായ ഡിക്ടറ്റീവ് ക്രൈം ത്രില്ലെർ വായിക്കാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അതുപോലെ ത്രില്ലടിപ്പിക്കുന്ന പുസ്തകം. ഓരോ താളും അറിയാതെ മറിഞ്ഞു പോകുന്നു. ആരാലും ഓർക്കപ്പെടാതെ പോകുന്ന ഒരു ഒരു ചരിത്രസത്യത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട സയൻസ് ഫിക്ഷൻ നോവൽ. ജപ്പാനിൽ തുടങ്ങി ഇന്ത്യയിലെ ചരിത്ര അവശേഷിപ്പിൽ നിന്നും തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഇരുണ്ട ഇടനാഴിയിൽ കൂടിയുള്ള യാത്ര.
ഓരോ സയൻസ് വാക്കും പ്രതിഭാസവും ജപ്പാന്റെ ചരിത്രവും ഒക്കെ വളരെ വ്യക്തമാക്കുന്ന എഴുത്ത്.ഒരു കഥാപാത്രം പോലും അധികമായില്ല. ഒരുപാടു സൂക്ഷ്മമായ നിരീക്ഷണം എഴുത്തിൽ മികവ് പുലർത്തി. നോവായി മാറുന്ന പ്രണയവും കണ്ടുപിടിത്തങ്ങളും ഒക്കെയായി പലപല വിഷയങ്ങൾ, ഭൂതകാലവും ഭാവിയും വർത്തമാന കാലത്തിൽ ഒരു നൂലിൽ കോർക്കും പോലെ എഴുതിപോകുന്ന ശൈലി. ഒരു താളിൽ പോലും സംശയത്തിന്റെ ഇട കൊടുക്കാത്ത വിവരണം രീതി. അടുത്തകാലത്തു വായിച്ച നല്ല സയന്റിഫിക് ക്രൈം ത്രില്ലർ. വായിച്ചു തുടങ്ങിയാൽ മുഴുവനാക്കും വരെ ആകാംക്ഷ നിറഞ്ഞ വരികൾ. വായിച്ചാൽ സമയനഷ്ടം വരാത്ത പുസ്തകം.

