ട്രെയിൻ യാത്രകളിൽ അവൾ എന്നും തനിച്ചായിരുന്നു. എന്നും ജോലിത്തിരക്കുള്ള ഭർത്താവ്. വീട്ടുകാരുടെ ആവശ്യങ്ങൾക്കായി പലപ്പോഴും തനിച്ചായിരുന്നു അവളുടെ യാത്രകൾ.
ഒരിക്കൽ തൃശ്ശൂരുള്ള ഒരു ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്തതിനു ശേഷം, അവൾ ബന്ധുക്കളോടും, ചിറ്റമാരോടും യാത്ര പറഞ്ഞ് തൃശ്ശൂര് തന്നെയുള്ള അവളുടെ ഒരു സ്നേഹിതയുടെ വീട്ടിലേക്ക് യാത്രയായി. ഭർത്താവ് മുമ്പേ തന്നെ തൃശ്ശൂരിൽ നിന്നും ജനശതാബ്ദി ട്രെയിനിൽ അവൾക്ക് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സാധാരണ എന്താവശ്യത്തിനും തിരുവനന്തപുരത്തു നിന്നും അവളുടെ അമ്മവീട്ടിൽ വന്നാൽ ചിറ്റമാരുടെ വീട്ടിൽ പോയിട്ട് എറണാകുളത്തുനിന്നുമാണ് ജനശതാബ്ദി ട്രെയിനിൽ കയറാറുള്ളത്.. അതുകൊണ്ടുതന്നെ ചിറ്റമാർ അവളോട് അവരുടെ കൂടെ തിരിച്ചു എറണാകുളത്തേക്ക് ചെല്ലുവാൻ പറഞ്ഞതാണെങ്കിലും, വർഷങ്ങൾക്കുശേഷം സ്നേഹിതയെക്കാൾ ഉപരി സ്നേഹത്തിൻ്റെ നിറകുടമായ ആ ചേച്ചിയെ കാണാനുള്ള ത്രില്ലിൽ അവൾ അത് നിരസിച്ചു..
ചേച്ചിയുടെ കൂടെ നാലഞ്ചു മണിക്കൂർ ചിലവഴിച്ച ശേഷം ചേച്ചിയും ചേട്ടനും കൂടി അവളെ തൃശ്ശൂർ സ്റ്റേഷനിൽ കൊണ്ടുപോയി… ട്രെയിനിൽ കയറുന്നതുവരെ, അവളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കൂടെ നിന്നു.
തൻ്റെ സീറ്റ് നമ്പർ ചെക്ക് ചെയ്ത് അവൾ സ്ഥാനമുറപ്പിച്ചു.. ട്രെയിൻ ചൂളമടിച്ച് ,പതിയെ നീങ്ങി തുടങ്ങി.. ജനൽവഴി മിന്നി മറയുന്ന ചേച്ചിയെ നോക്കി കൈവീശിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പോക്കുവെയിലിന്റെ ചൂടിൽ നിന്നും… ട്രെയിനിലെ തണുപ്പിലേക്ക് കയറിയപ്പോൾ കിട്ടിയ ആശ്വാസത്തിൽ മിഴികൾ മൂടി..അവൾ സ്നേഹമയിയായ ചേച്ചിയുടെ കൂടെ ചിലവഴിച്ച ആ നല്ല സമയത്തിന്റെ ഓർമ്മകൾ അയവിറക്കി.
“എക്സ്ക്യൂസ് മീ.” .. എന്ന് തന്നോട് ആരോ പറയുന്നത് കേട്ട് കണ്ണ് തുറന്ന അവളോട് മധ്യവയസ്കയായ ഒരു സ്ത്രീ “നിങ്ങൾ എൻറെ സീറ്റിലാണ് ഇരിക്കുന്നത്,” അവർ അവരുടെ ടിക്കറ്റ് അവൾക്കു നേരെ നീട്ടി.. എൻ്റെ നമ്പറും ഇത് തന്നെയാണല്ലോ? എന്ന് പറഞ്ഞ് അവൾ ബാഗിൽ നിന്നും അവളുടെ ടിക്കറ്റ് എടുത്ത് നോക്കി. നമ്പർ ഒന്നു തന്നെയാണ്. IRCTC ക്കാർക്ക് തെറ്റ് പറ്റിയോ? അവൾ ചിന്തിച്ചു..പിന്നെയും ഒന്നുകൂടി ടിക്കറ്റ് നോക്കിയപ്പോഴാണ് അവൾ അത് കണ്ടത്!! അവളുടെ ടിക്കറ്റിന്റെ തീയതി _പിറ്റേ ദിവസത്തേക്ക് ആയിരുന്നു.._
ഭയം കൊണ്ട് അവൾക്ക് അവരോട് സോറി പറയാനുള്ള വാക്കുകൾ പോലും പുറത്തേക്ക് വരാതെയായി.. ഞൊടിയിടയിൽ ഭാരിച്ച ബാഗും ഹാൻഡ് ബാഗും എടുത്ത്, എ സി കമ്പാർട്ട്മെന്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിൽക്കുമ്പോൾ സഹയാത്രികരുടെ കണ്ണുകൾ ഒരു അപരാധിയെ കാണുന്നതുപോലെ തന്നിലേക്ക് ചൂഴ്ന്നിറങ്ങുന്നത് അവൾ അറിഞ്ഞു..
ഒരിക്കലും തെറ്റ് പറ്റാത്ത ഭർത്താവ് ഇത്തവണ ടിക്കറ്റ് ബുക്ക് ചെയ്തു തന്നതിനാൽ അവൾ അത് കാര്യമായി നോക്കിയതേയില്ല. റെയിൽവേ അധികൃതർക്ക് തെറ്റുപറ്റിയാലും ഭർത്താവിന് തെറ്റുപറ്റും എന്ന് അവൾ ചിന്തിച്ചതേയില്ല..
അവൾ സ്വയം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിൽ കുറഞ്ഞത് 10 പ്രാവശ്യം എങ്കിലും ട്രെയിനിൽ കയറുന്നതിനു മുമ്പ് അവൾ ആ ടിക്കറ്റ് പരിശോധിച്ചിരുന്നിരിക്കും.
നിയമവിരുദ്ധമായിട്ടാണല്ലോ ഈ ട്രെയിനിൽ ഇപ്പോൾ നിൽക്കുന്നത് എന്ന് ഓർത്തപ്പോൾ അവളുടെ ശ്വാസം നിലക്കുന്നതുപോലെ അവൾക്കു തോന്നി.. കോറിഡോറിൽ നിന്നുകൊണ്ടുതന്നെ അവൾ ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു. T T R നോട് ചോദിച്ചു നോക്കാൻ പുള്ളിക്കാരൻ പറഞ്ഞതനുസരിച്ച് അവൾ അവിടെ കാത്തു നിന്നു. ട്രെയിൻ അതിൻറെ വേഗത കൂട്ടി ചീറിപ്പാഞ്ഞു. തന്റെ ഹൃദയമിടിപ്പും അതേ വേഗതയിലാണെന്ന് അവൾക്ക് തോന്നി. സമയം സന്ധ്യയാകുന്നു. TTR വരുന്നതു കണ്ട്… അവൾ അടിമുടി വിറയ്ക്കുവാൻ തുടങ്ങി..
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ പുറമേ ഒരു ധൈര്യശാലിയാണെന്നുള്ള മുഖഭാവം അവൾ കാത്തുസൂക്ഷിച്ചിരുന്നെങ്കിലും ഉള്ളിലെ ഭയത്തിന്റെ ഹൃദയമിടിപ്പ് അവൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. എന്നും..
അവൾ പേടിച്ചു, പേടിച്ച് തനിക്ക് പറ്റിയ അബദ്ധം അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴേക്കും ഭയത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളുടെ അവസ്ഥ കണ്ട് സഹതാപം തോന്നിയ അദ്ദേഹം പറഞ്ഞു.
“ട്രെയിനിൽ കാലി സീറ്റ് ഒന്നുമില്ലല്ലോ.. അടുത്ത സ്റ്റോപ്പ് എറണാകുളം ആണ്. കുട്ടിക്ക് അവിടെ ഇറങ്ങിയാൽ വീട്ടിലേക്ക് തിരിച്ചു പോകുവാൻ കഴിയുമോ? നാളേക്കുള്ള ടിക്കറ്റ് കയ്യിലുണ്ടല്ലോ. അതാവും നല്ലത് ” എന്ന അങ്ങേരുടെ ഉപദേശം കേട്ടപ്പോൾ… പിന്നെ അടുത്ത സ്റ്റേഷൻ വരുന്നതുവരെ അതുകഴിഞ്ഞ് എന്ത് ചെയ്യണം എന്ന് ചിന്തയിൽ ആയിരുന്നു അവൾ. ഇതിനിടയിൽ ഭർത്താവിൻറെ കോൾ വന്നുകൊണ്ടിരുന്നു..
എറണാകുളം സ്റ്റേഷനിൽ ഇറങ്ങി, പ്രീപെയ്ഡ് ഓട്ടോ പിടിച്ച അവൾ കല്യാണത്തിന് വന്നിരുന്ന ചിറ്റയുടെ വീട്ടിലേക്ക് എത്തിയപ്പോൾ, ഗേറ്റിനരികിൽ അക്ഷമയുടെ അവളുടെ വരവും കാത്തു നിന്നിരുന്ന ചിറ്റമാരുടെ ഡയലോഗ്..” ഇതിലും ഭേദം കല്യാണം കഴിഞ്ഞപ്പോൾ നിനക്ക് ഞങ്ങളുടെ കൂടെ പോന്നാൽ മതിയായിരുന്നല്ലോ”
അവരുടെ ആ തമാശയിൽ അവളുടെ ഹൃദയമിടിപ്പ് സാധാരണനിലയിൽ എത്തി. ആകാശത്ത് ഉറങ്ങാതെ കണ്ണുചിമ്മി നിന്ന നക്ഷത്രവും അവളെ നോക്കി പുഞ്ചിരിച്ചു.
രണ്ടു കാര്യത്തിൽ അവൾ ദൈവത്തിന് നന്ദി പറഞ്ഞു..
തൃശ്ശൂരിൽ ഉള്ള ചേച്ചിയെ കാണാൻ തോന്നിയത് ഭാഗ്യമായി. അതുകൊണ്ടാണല്ലോ എറണാകുളത്ത് ഇറങ്ങാൻ പറ്റിയത്.. ടിക്കറ്റ് പതിവുപോലെ എറണാകുളത്തു നിന്നുമാണ് ബുക്ക് ചെയ്തിരുന്നതെങ്കിൽ ആ രാത്രിയിൽ ജനശതാബ്ദി ട്രെയിൻ അടുത്ത സ്റ്റേഷനായ ആലപ്പുഴയിൽ അവളെ ഇറക്കി വിട്ടിരുന്നെങ്കിൽ അവളുടെ ഗതി എന്താകുമായിരുന്നു.. അവിടെ അവൾക്ക് *ഒരു ചിറ്റമാരുടെ വീടും ഉണ്ടായിരുന്നില്ല* .
മറ്റൊരു കാര്യം ആ ടിക്കറ്റ് താൻ സ്വയം ബുക്ക് ചെയ്യാതിരുന്നത് എത്ര ഭാഗ്യമായി എന്നായിരുന്നു അവളുടെ സമാധാനം.. അല്ലായിരുന്നെങ്കിൽ ഭർത്താവിൻ്റെ വക ഒരു *തൃശ്ശൂർപൂരം വെടിക്കെട്ട്* അവൾക്ക് കേൾക്കേണ്ടി വരുമായിരുന്നു..
അടുത്ത നാൾ അതേ ട്രെയിനിൽ… അതേ സീറ്റിൽ അവളുടെ യാത്ര തുടർന്നു. അവളെ തിരിച്ചറിഞ്ഞ TTR അവളെ നോക്കി ഒരു പുഞ്ചിരി തൂകി..
🚃🚃🚃🚃🚃🚃🚃

