അപ്പൂനു വല്ലാതെ നൊന്തു. അടിയുടെ വേദനയല്ല. പക്ഷെ താൻ ചെയ്യാത്ത കുറ്റത്തിനു അങ്ങനെ ഒരു ശിക്ഷ! അടുക്കളക്ക് പിന്നിലെ വരാന്തയിൽ ഇരുന്ന് അവൻ ആരും കാണാതെ കരഞ്ഞു. ഈ അച്ഛൻ ചീത്തയാ. അപ്പൂനു വേണ്ട അതിനെ! അവൻ അറിയാതെ വീണ്ടും വീണ്ടും തേങ്ങി. അമ്മയുണ്ടായിരുന്നെങ്കിൽ. അവന്റെ കണ്ണിൽ നിന്നും നീർ തോരാതെ കവിളിലൂടെ ഒലിച്ചിറങ്ങി. കറണ്ട് പോയിട്ട് കുറേ നേരായി. അച്ചമ്മ ഒരു റാന്തൽ വിളക്കും തൂക്കി അപ്പോഴാണു അങ്ങോട്ട് വന്നത്. “നീ യെന്താ ബ്ടെ കാട്ടണെ ചെക്കാ, ചോറെട്ത്ത് വച്ചിട്ടുണ്ട്. വേണങ്കി പോയി തിന്നൊ. നിക്ക് നിന്റെ തള്ളേപ്പോലെ ഊട്ടാനൊന്നും നേരല്യ.” ആയമ്മ വിളക്കും തൂക്കി അകത്തേക്ക് പോയി. വേണങ്കി തിന്നോന്ന്. ആർക്ക് വേണം? അപ്പൂനൊന്നും വേണ്ട. ഇങ്ങനെ കിടന്ന് ചത്താ മതി. അയലത്തെ ലക്ഷ്മീടെ വീട്ടിന്ന് വെളിച്ചം പുറത്തേക്കൊഴുകി. ലക്ഷ്മീടെ വീട്ടിലു കറണ്ട് പോകില്യ. അവിടെ ബാറ്ററി വച്ചിണ്ടത്രെ. ലക്ഷ്മിക്കുട്ടി നല്ലവളാ. ചിലപ്പൊ ആരും കാണാതെ ഉണ്ണിയപ്പോം, അവലോസുണ്ടീം…
