ഈ വനിതാ ദിനത്തിൽ ഹൃദ്യമായ ആശംസകൾക്കൊപ്പം “നിങ്ങളെ പ്രചോദിപ്പിച്ച സ്ത്രീ” എന്ന വിഷയത്തിൽ സമകാലിക കാലഘട്ടത്തിലെ പെൺകരുത്തിനെക്കുറിച്ച് ഒരു കുറിപ്പു കൂടി പങ്കു വെക്കട്ടെ. പിറവിയിൽ തന്നെ “പെണ്ണ്” എന്ന പദത്തിനു നൽകപ്പെട്ടിരുന്ന അവഗണനയുടെ കാലം പൊയ്പ്പോയിരിക്കുന്നു. ഇന്നാണായാലും പെണ്ണായാലും അവരെ ഉൾക്കൊള്ളാനും സ്വീകരിക്കാനും നാം തയ്യാറായി കഴിഞ്ഞു. അതേ… കാലാനുസൃതമായ മാറ്റം അനിവാര്യമാണല്ലോ… “യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ ” എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നു – ആദരിക്കപ്പെടുന്നു അവിടെ ദേവതമാർ രമിക്കുന്നു. എന്നിങ്ങനെയുള്ള ദൈവീക പരിവേഷം നൽകി അവളെ പ്രീണിപ്പിച്ചു നിർത്താൻ പണ്ടുകാലത്ത് വരേണ്യവർഗം രഹസ്യമായി കരു നീക്കി. ഒരു കാലത്ത് സർവ്വംസഹയായും ത്യാഗിനിയായും അവളെ പ്രകീർത്തിച്ചദൃശ്യമായ ഒരു സുവർണ്ണച്ചങ്ങലയിൽ തളച്ചിട്ട കാലം അസ്തമിച്ചു കഴിഞ്ഞു. വീടിനു വിളക്കായും പൊൽക്കണിയായും പൂമുഖവാതിൽക്കലെ പൂന്തിങ്കളായും സാഹിത്യലോകത്തിലും പണ്ടവൾ വാഴ്ത്തപ്പെട്ടിരുന്നു. അതിലുമേറെ കണ്ണുനീർത്തുള്ളിയോടവളെ ഉപമിച്ചിടത്ത് അവൾ തീർത്തും നിസ്സഹായയുമായി. എന്നാലബലയെന്നും ചകിതയെന്നും ചഞ്ചലചിത്തയെന്നുമൊക്കെ ഓമനപ്പേരിട്ട് ഒതുക്കാൻ ശ്രമിച്ചിടത്തു നിന്ന് അവൾ…
