സ്നേഹത്തിന്റെ പര്യായമാണ് അമ്മഎന്നാണ് പറയുന്നത്. എന്നാൽ കർക്കശക്കാരനും മുൻകോപിയുമാണ് അച്ഛൻ. ഇതാണ് പൊതു ധാരണ… കുട്ടി ആയിരുന്നപ്പോൾ എന്റെ അനുഭവങ്ങൾ വേറിട്ടതല്ലായിരുന്നു.. അമ്മ അധിക വാത്സല്യം കാണിക്കാത്ത ആൾ ആയിരുന്നു. അച്ഛനും സ്നേഹ പ്രകടനങ്ങൾ ഒന്നും കാണിക്കാറില്ല. പക്ഷേ മോളെ എന്ന് വിളിക്കുന്നത് അച്ഛൻ മാത്രം. അമ്മ ഒരിക്കൽ പോലും അങ്ങനെ വിളിച്ചിട്ടില്ല. മക്കളുടെ ഭാവിയെപ്പറ്റി അങ്ങേയറ്റം ആശങ്കളും ആഗ്രഹങ്ങളും നിറഞ്ഞ ആ മനസ്…. എപ്പോഴും സംഘർഷഭരിതമായ ആ മനസ്സിൽ ലോലവികാരങ്ങൾക്ക് സ്ഥാനമില്ല. ആണായാലും പെണ്ണായാലും വിദ്യാഭ്യാസം അവിഭാജ്യ ഘടകമാണെന്ന് മനസ്സിലാക്കിയിരുന്നു. പെൺകുട്ടികളെ പഠിപ്പിക്കാതെ വിവാഹം ചെയ്തു വിടുന്ന കാലത്ത്, അകലെയുള്ള കോളേജിൽ അയച്ചു പഠിപ്പിച്ചു. പഠിക്കാൻ മടി പിടിച്ചു നിന്നവരെ നിർബന്ധിച്ചു പഠിപ്പിക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇളയകുട്ടികൾ അച്ഛന്റെ പ്രതീക്ഷിക്കൊത്തു ഉയർന്നതിൽ അഭിമാനം കൊണ്ടു. ഇന്നത്തെ കാലത്തു ഒന്നോ രണ്ടോ മക്കൾ ഉള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കാണുമ്പോൾ ആ മനസിന്റെ വേവലാതി എത്ര മാത്രം ആയിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.…
