“മിസ്സേ.. ഇങ്ങള് രണ്ടാളും ഒന്നിങ്ങട്ട് വരോ? ഞങ്ങൾ ഇവിടെ പുറത്തുണ്ട്.. “
പ്ലസ്ടു ലെ വിപിനാണ്. ഫോണിന്റെ അങ്ങേതലയ്ക്കൽ അവന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.
2013 ലെ ഒരു ഡിസംബർ മാസം. NSS ക്യാമ്പിന്റെ ഡ്യൂട്ടിയിലായിരുന്നു ഞാൻ. അന്നത്തെ പരിപാടികൾ ഒക്കെ കഴിഞ്ഞ് രാത്രി ഞങ്ങൾ ടീച്ചർമാരും പെൺകുട്ടികളും താമസസൗകര്യം ഒരുക്കിയ വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു.
ഓടുമേഞ്ഞ പഴയൊരു വീട്.. വിശാലമായ ഹാളിനു ചുറ്റിലായി മൂന്നു മുറികൾ.. എല്ലാം പൂട്ടികിടക്കുന്നു.. ഹാളിൽ ഇളം മഞ്ഞ പെയിന്റ് അടിച്ച ചുമരാകെ മങ്ങി തുടങ്ങിയിരിക്കുന്നു. ചുമരിൽ നിറയെ ഫോട്ടോകൾ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. ഏറെ പഴക്കമുള്ളത് കൊണ്ട് തന്നെ പലതും അവ്യക്തമായിരുന്നു.
“ഇവരെല്ലാവരും മരിച്ചിട്ടുണ്ടാവോ… ?” നീതുവിന്റെ ചോദ്യം കേട്ടപ്പോളെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ മുളയ്ക്കാൻ തുടങ്ങിയിരുന്നു.
പെട്ടന്നാണ് നിശബ്ദതയെ ഭേദിച്ചുകൊണ്ട് എന്റെ ഫോൺ ശബ്ദിച്ചത്..
വിപിന്റെ ശബ്ദത്തിൽ നിന്ന് തന്നെ എന്തോ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് ഉറപ്പിച്ചിട്ടാണ് ഞങ്ങൾ വാതിൽ തുറന്നത്…
“മിസ്സേ.. വൃദ്ധസദനത്തിലെ നാണിയമ്മ മരിച്ചു. അറ്റാക്ക് ആയിരുന്നു. തൽക്കാലം ഗേൾസിനോട് പറയണ്ടാന്നു സർ പറഞ്ഞു.”രോഹൻ പറഞ്ഞൊപ്പിച്ചു..
ധനുമാസക്കാറ്റിനെ കൂട്ടുപിടിച്ച് പാലപ്പൂവിന്റെ ഗന്ധം ഞങ്ങളെയും കടന്ന് തെക്കേപറമ്പിലേക്ക് പതിയെ ഒഴുകിപ്പോയി!
***************
തിരിച്ചു മുറിയിലേക്ക് കയറുമ്പോൾ പഴയ ഇലക്ട്രിക് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ചുമരിലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലാണ് എന്റെ നോട്ടം അവസാനിച്ചത്.
അലസമായി ഞൊറിഞ്ഞിട്ട പട്ടു സാരി… നീണ്ട ഇടത്തൂർണ്ണ മുടി മെടഞ്ഞിട്ടിരുക്കുന്നു. രണ്ടു കയ്യിലും നിറയെ കുപ്പിവളകൾ.. നെറ്റിയിൽ ഗോപികുറി…
നാണിയമ്മ!
“അവരിന്നൂടെ നമ്മളോട് പറഞ്ഞത് നിനക്ക് ഓർമ്മണ്ടോ… ” ചുമരിലെ നാണിയമ്മയുടെ ഫോട്ടോ നോക്കികൊണ്ട് നീതു ചോദിച്ചു.
*****************
ക്യാമ്പിന്റെ ഇടവേളകളിൽ കുട്ടികൾക്കുള്ള പ്രധാന ആകർഷണം മുത്തശ്ശൻമാവിലെ ഊഞ്ഞാലാണ്.
“ഈ പറമ്പിന്റെ തെക്കേ അതിരിലെ പാലമരത്തിൽ എനിക്കും ഇതുപോലെ ഒരൂഞ്ഞാലു കെട്ടണം. ഇപ്പൊ പാല പൂക്കണ സമയാണ്… രാത്രീല് യക്ഷികളൊക്കെ ഇറങ്ങിനടക്കുംത്രേ!” ഊഴത്തിനായി അടിപിടി കൂട്ടുന്ന കുട്ടികളെ നോക്കിക്കൊണ്ട് നാണിയമ്മ പറഞ്ഞു..
“ശരിക്കും യക്ഷികളൊന്നുല്ല ന്റെ നാണ്യമ്മേ.. “കാലങ്ങളായി മനസ്സിലടിഞ്ഞുകൂടിയ സംശയങ്ങൾ ഉളിലൊതുക്കി ഞാൻ പറഞ്ഞു..
“അതൊന്വല്ല.. മ്മളെ മുറീലൊക്കെ പാലപ്പൂ മണം വരുന്നത് എന്താച്ചിട്ടാ… യക്ഷികൾടെ സാമീപ്യം ആണ് കുട്ട്യേ… ന്തായാലും എനിക്കും ഊഞ്ഞാലാടാണം. പാലപ്പൂക്കണ സമയത്ത്… ന്റെ കാലൊന്നു ശരിയാവട്ടെ “
നീരുവന്ന് വീങ്ങിയ കാലുകൾ തടവികൊണ്ട് നാണിയമ്മ പറഞ്ഞു..
“അതിന് സ്വന്തായിട്ട് ആരും ഇല്ല… ഈ വൃദ്ധസദനത്തിനു വേണ്ടി സ്വന്തം സ്ഥലം എഴുതികൊടുത്തതാണ്… “അവിടെ ആരൊക്കെയോ പറയുന്നത് കേട്ടു.
*************
അന്ന് രാത്രി വിചിത്രമായൊരു സ്വപ്നം കണ്ട് ഞാൻ ഞെട്ടിയേണീറ്റു. തണുപ്പുകാലമായിരുന്നി ട്ടും വിയർത്തൊഴുകിയിരുന്നു.
തൊണ്ട വറ്റിവരണ്ടു. പഴയ പെപ്സി കുപ്പിയിൽ നിറച്ച കരിങ്ങാലി വെള്ളം മുഴുവൻ കുടിച്ചിട്ടും ദാഹം ശമിക്കാത്തത് പോലെ.. ഓരോന്നോർത്ത് കിടന്ന് സ്വപ്നം കണ്ടതായിരിക്കും എന്ന് സ്വയം സമാധാനിച്ചു.
നിശബ്ദമായ രാത്രി.. പൂട്ടിയിട്ട മുറികളിൽ ഒന്നിൽ നിന്നും പെണ്ടുലം ക്ലോക്കിന്റെ ശബ്ദം ഇടവിട്ടുമുഴങ്ങി.
ഉറക്കം എന്നോടൊരു ദയാവായ്പ്പുമില്ലാതെ കണ്ണിൽ നിന്നുമിറങ്ങിപ്പോയി.
മുറിയിലാകെ പാലപ്പൂവിന്റെ മണം നിറഞ്ഞു നിന്നിരുന്നു. ഞങ്ങൾ കിടക്കുന്നതിനു അഭിമുഖമായി ചുമരിൽ നിറഞ്ഞു നിന്ന ഫോട്ടോയിലെ മുഖങ്ങൾ എന്നിലെ ഭയത്തിന്റെ ആഴം കൂട്ടി. ഉള്ളിൽ നിറഞ്ഞ തണുപ്പിൽ ഭയത്തിന്റെ വിത്തു പടരുന്നത് ഞാൻ അറിഞ്ഞു…
************
“എടൊ അതൊക്കെ വെറും സ്വപ്നം അല്ലെ.. നിനക്ക് വെറുതെ തോന്നുന്നതാണ്. അങ്ങനെ ഒരു ഊഞ്ഞാൽ ഒന്നും അവിടെ ഉണ്ടാവൂല… “
“ന്നാലും നീതു.. നീ ഒന്ന് ന്റെ കൂടെ വാ.. എനിക്കൊന്ന് ഉറപ്പിക്കണം. ഇന്നത്തോടെ നമ്മടെ ഡ്യൂട്ടി കഴിയും. പിന്നെ വീട്ടിൽ എത്തിയാൽ ഒരു സമാധാനം ഉണ്ടാവില്ല… ” കണ്ട സ്വപ്നവുമായി പൊരുത്തപ്പെടാനാവാതെ ഞാൻ പറഞ്ഞു.
മനസ്സിലാമനസ്സോടെയാണ് അന്ന് നീതു എന്റെ കൂടെ വന്നത്. പുലർച്ച കണ്ട സ്വപ്നത്തിന്റെ ഭാരവും പേറി മരങ്ങൾ നിറഞ്ഞ തൊടിയിലൂടെ നടക്കുമ്പോളും എനിക്ക് തളർച്ച തോന്നി.
“വാണി… “
എന്റെ കൈ പിടിച്ചുകൊണ്ടു നീതു പാലമരത്തിനു നേരെ കൈചൂണ്ടി. അവളുടെ ഉള്ളം കയ്യിലെ തണുപ്പ് പതിയെ എന്നിലും പടർന്നു.
അരുവിക്കരയിലെ കൂറ്റൻ പാലമരത്തിന്റെ കൊമ്പിൽ ഒരൂഞ്ഞാൽ അനാഥമായി കാറ്റിന്റെ താളത്തിൽ ആടിക്കൊണ്ടിരുന്നു…
“ന്നാലും ഇത്രേം ഉയരത്തിൽ!”
നീതുവിനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവളുടെ കയ്യും പിടിച്ചു ഞാൻ ഓടുമ്പോൾ തിരിഞ്ഞു നോക്കാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല.
മനസ്സിൽ ചോദ്യങ്ങൾ യുദ്ധം ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ… ചിലപ്പോളെങ്കിലും ചില ചോദ്യങ്ങൾക്കുത്തരം ചോദ്യങ്ങൾ തന്നെയാണല്ലോ!
ഇന്നീരാത്രി എന്റെ പുസ്തകത്തിൽ ഇതെഴുതുമ്പോളും എന്റെ തുറന്നിട്ട ജാലകങ്ങൾ കടന്നൊരു പാലപ്പൂമണം എന്റെ മുറിയിൽ നിറയുന്നുണ്ടായിന്നോ!
**************

