അസംബന്ധങ്ങളുടെ രാജകുമാരൻ എന്ന പദവിയാണ് തനിക്ക് ഏറ്റവും നന്നായി ചേരുക എന്നയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നേട്ടങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടാൻ ആഗ്രഹിച്ചിരുന്നെങ്കിലും സത്യത്തിൽ അസംബന്ധങ്ങളിലൂടെയുള്ള ഒരു രഥയോട്ടമായിരുന്നു അയാളുടെ ജീവിതം.
അയാളുടെ നിരന്തരമായ പ്രയത്നങ്ങളൊന്നും വിജയങ്ങളിൽ കലാശിച്ചില്ല, എന്നാൽ എല്ലാ പ്രവൃത്തികളും വിവാദങ്ങളിലും തോൽവികളുടെ പരിഹാസങ്ങളിലും അയാളെ മുട്ടുകുത്തിച്ചുകൊണ്ടേയിരുന്നു.
ജീവിതം ചിലപ്പോൾ ഒരു യാചനയാണോ എന്നുപോലും അയാൾക്ക് തോന്നിയിരുന്നു. ആരൊക്കെയോ ചേർന്നുതരുന്ന ഭിക്ഷ! നിങ്ങൾ എന്റെ ജീവിക്കാനുള്ള ത്വരയുടെ യാചനാപാത്രങ്ങളിൽ പുച്ഛത്തോടെ എറിഞ്ഞും, കാരുണ്യത്തോടെ അറിഞ്ഞും, വീഴ്ത്തിത്തരുന്ന അനുഭവങ്ങളുടെ നാണയത്തുട്ടുകൾ കിലുക്കിക്കിലുക്കി അയാൾ മുന്നോട്ടു പോവുകയാണ്.
പോകെപ്പോകെ ജീവിതത്തിന്റെ തമാശകൾ അയാളുടെ മുന്നിലേക്ക് തിരശീലകൾ മാറ്റി വന്നുനിന്നു.
താൻ ഈ സാമൂഹികധാരയിൽ നിന്ന് നിഷ്കാസിതനാകേണ്ട ഒരാളാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ജീവിതവിജയങ്ങളുടെ ഓട്ടപ്പന്തയങ്ങളിൽ ഭാഗഭാക്കാകാൻ തനിക്ക് കഴിയില്ലെന്നും, പുറത്താക്കുന്നതിന് മുമ്പ് സ്വയം ഓടി പുറത്താവുകയാവും നല്ലതെന്നും അയാളുടെ മനസ്സ് എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
വിഷാദങ്ങളുടെ നീർച്ചുഴികൾ ചുറ്റുമുള്ളത് അയാൾ എപ്പോഴും തിരിച്ചറിഞ്ഞിരുന്നു. മനസ്സൊന്ന് തെറ്റിയാൽ മതി അത്തരം ചുഴികളിലേക്ക് ജീവിതം എവിടേക്ക് എന്നറിയാതെ, ചിലപ്പോൾ പാതാളവും കടന്നുപോകുന്നതുപോലെയുള്ള ഒരു വീഴ്ചയായിരിക്കുമത്.
ശൂന്യത ഒരു സത്യമാണ്. കാണാൻ കഴിയാത്തതും മനസ്സിൽ തിങ്ങിനിറയുന്നതും, ചിലപ്പോൾ വിശദീകരിക്കാൻ കഴിയാത്തതുമായ ഒരു അവസ്ഥ. ഞാൻ എന്ന വ്യക്തി ഈ ഭൂമുഖത്തുണ്ടോ എന്ന് തിരിച്ചറിയാനാവാത്ത നിമിഷം. ഉണ്ടെന്നറിഞ്ഞും ഇല്ല എന്ന് വിശ്വസിക്കാൻ മനസ്സ് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്ന യാഥാർത്ഥ്യം.
നിഷ്കാസിതനാകാനുള്ള ഏറ്റവും നല്ല വഴി, സ്വന്തം അസ്തിത്വം അഴിച്ചുമാറ്റലാണ്. നിങ്ങൾ സ്വയം ഒരു അപരിചിതനായി നടക്കുമ്പോൾ നിങ്ങളുടെ മനസ്സിന്റെ ഭാരങ്ങൾ അഴിഞ്ഞുപോകും. മനുഷ്യൻ സ്വയം കണ്ടെത്തുന്നതും അനുഭവിക്കുന്നതുമാണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിനും മുകളിലാണ് നിഷ്കാസനം.
എല്ലാ കെട്ടുപാടുകളിൽ നിന്നും ഒരു വിടുതൽ തേടുന്ന അവസ്ഥ. എന്തൊക്കെ ഈ ജീവിതകാലം മുഴുവൻ നേടിയെടുക്കാൻ പരിശ്രമിച്ചു ജീവിതം ഹോമിച്ചോ, ആ ഭൗതികനേട്ടങ്ങളെല്ലാം നേടിയെടുത്തതിന് ശേഷം, താൻ അതിന്റെ ആരുമല്ല എന്ന് തിരിച്ചറിഞ്ഞു അത്തരം നേട്ടങ്ങളെല്ലാം പിറകിൽ ഉപേക്ഷിച്ചു അയാൾ നിഷ്കാസിതനാകും.
അസ്വസ്ഥതകളോ മനസ്സിന്റെ അലട്ടുകളോ പിന്തുടരുമ്പോൾ ജീവിതത്തിന്റെ ക്രിയാത്മകതകളിലേയ്ക്ക് ഇറങ്ങിനടക്കാനാണ് അയാൾക്കിഷ്ടം. അപ്പോൾ ചില പ്രശ്നങ്ങൾ സ്വയം ഒഴിഞ്ഞുപോയേക്കാം, ചിലപ്പോൾ ക്രിയാത്മകത അത്തരം അസ്വസ്ഥതകളെയും അലട്ടുകളെയും ഊർജ്ജമാക്കി ക്രിയാത്മകതയ്ക്ക് കൂടുതൽ ഊന്നൽ നൽകുകയും ചെയ്യാം.
എനിക്ക് ഒരു കുഴപ്പവുമില്ല, ഞാൻ ഇതൊന്നും കാര്യമായിട്ട് എടുക്കുന്നില്ല, നിങ്ങൾ എന്തും എന്നെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കൂ. ഞാൻ നല്ലൊരു കേൾവിക്കാരനാണ്, തീർച്ചയായും ഞാൻ നിങ്ങളെ കേൾക്കും. പ്രതികരിക്കാൻ മനസ്സിന് തോന്നുമെങ്കിലും വിവേകം തടയും. നിൽക്കൂ, ഈ നിമിഷങ്ങളും കടന്നുപോകും, ജീവിത കലാപങ്ങളിലേക്ക് നടന്നുകയറാതിരിക്കൂ എന്ന് വിവേകി പറയും, എന്നാൽ മനുഷ്യർ അതൊന്നും കേൾക്കാറില്ല, എല്ലാവർക്കും യുദ്ധമാണിഷ്ടം, ഒരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന യുദ്ധം, ഒരാളെ വെള്ളപുതച്ചു കിടത്തിയാലും ഒടുങ്ങാത്ത യുദ്ധം നടത്തുന്നവരാണ് ഭൂരിപക്ഷം പേരും.
യുദ്ധം ജീവിതത്തിന്റെ അനിവാര്യതകളിൽ ഒന്നാണ്. സമാധാനം ഇന്നത്തെ കാലത്ത് നാം തിരഞ്ഞുകൊണ്ടേ നടക്കുന്ന ഒരമൂല്യമായ അവസ്ഥയാണ്.
ജീവിതം ഘോരാന്ധകാര പാതകളിലൂടെയുള്ള നീണ്ട നടത്തമൊന്നുമല്ല. എവിടെയോ ഉണ്ട് എന്ന് നമുക്കുറപ്പുള്ള ഒരു വെളിച്ചം തേടിയാണ് നമ്മുടെ യാത്രകളെല്ലാം.
നിഷ്കാസനം ഒരു ഒളിച്ചോട്ടമല്ല, തെളിച്ചവും വെളിച്ചവും, അത് തേടിയുള്ള ഒരു പുറപ്പാടാണ്.
നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിലെ വിളക്ക് തെളിയിക്കാൻ അറിയാമെങ്കിൽ ജീവിതത്തിന്റെ വെളിച്ചം നിങ്ങൾ കണ്ടെത്തുകതന്നെ ചെയ്യും.
@കാവല്ലൂർ മുരളീധരൻ

