ഇടുങ്ങിയ റൂമിൽ ഇട്ടിരിക്കുന്ന ആ ചെറിയ കട്ടിലിൽ ഇരിക്കുമ്പോൾ അവൾക്ക് ആകെ ഭയം തോന്നി. മുകളിൽ ശ്വാസം നിലയ്ക്കാറായ മട്ടിൽ ആടി കൊണ്ടിരിക്കുന്ന ഒരു പഴയ ഫാൻ. പൊടിയും മാറാലയും കനത്തിൽ അടിഞ്ഞു കൂടി അതിൻ്റെ യഥാർത്ഥ കളർ ഏതാണെന്ന് അറിയാൻ പ്രയാസം. അത് തന്റെ തലയിലേക്ക് പൊട്ടി വീഴുമോ എന്നവൾ ഭയപ്പെട്ടു. കട്ടിലിനു പുറമെ ഒരു ചെറിയ ടേബിൾ ഇടാൻ മാത്രം ഉള്ള സൗകര്യമേ ആ മുറിക്കുള്ളൂ.
അപ്പുറത്തെ മുറിയിൽ നിന്നും കുട്ടികളുടെ കളിയും ചിരിയും വർത്തമാനവും വ്യക്തമായി കേൾക്കാം. കാരണം, ചുവരുകൾക്കും മുകളിലെ ഓടിൻ്റെ മേൽക്കൂരയ്ക്കും ഇടയിൽ വലിയ ഗ്യാപ്പ് ഉണ്ട്. ഒരു മുറിയിൽ ശ്വാസം വിടുന്നത് മറ്റേ മുറിയിൽ കേൾക്കാം. ചുവരു മുഴുവൻ കൊതുകിനെ അടിച്ചു കൊന്നതിൻ്റെ മങ്ങിയ ചോര പാടുകൾ. ദീർഘ ചതുരത്തിലുള്ള മുറിയുടെ ഒരറ്റത്തായി മരത്തിൻ്റെ രണ്ടു പാളിയുള്ള ഒരു ജനൽ, അത് മുഴുവൻ അവിടവിടെ ചിതൽ അരിച്ചിരിക്കുന്നു. തൻ്റെ ആദ്യരാത്രി അരങ്ങേറാൻ പോകുന്ന മുറിയുടെ ഭീതിതമായ അവസ്ഥ കണ്ടു അവൾ കരയണോ, അതോ ചിരിക്കണോ… എന്നറിയാതെ നിൽക്കുമ്പോൾ മുറിയുടെ അറ്റത്ത് ഉള്ള മരത്തിൻ്റെ ആ ജനൽ പാളിയിൽ ഇരുന്ന് ഒരു പല്ലി ഉറക്കെ ചിലയ്ക്കുന്ന ശബ്ദം കേട്ട് അവൾ ഒന്നേ നോക്കിയുള്ളൂ, ആ പല്ലി ഒരു എട്ട് കാലിയെ ഉന്നം വച്ചിരിക്കുകയാണ്. “അമ്മേ ” എന്ന് അറിയാതെ വിളിച്ചെങ്കിലും അപ്പുറത്തെ മുറിയിലെ കുട്ടികളുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരിയിൽ ആ ശബ്ദം മുങ്ങിപ്പോയി. എട്ട്കാലിയെ പണ്ടേ അവൾക്ക് പേടിയാണ്. ദ്രവിച്ചു തുടങ്ങിയ ആ ജനൽ പാളിയിൽ അത് അള്ളി പിടിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ അവൾ പകച്ചു ഇരിക്കുമ്പോൾ പെട്ടെന്ന് അയാൾ മുറിയിലേക്ക് കടന്നു വന്നു… അവൾ പെട്ടെന്ന് ജനൽ പാളിയിലേക്ക് കൈകൾ ചൂണ്ടി.
“എന്താ അവിടെ?” അയാൾക്ക് ഒന്നും മനസ്സിലായില്ല. സ്ഥിരമായി ഈ റൂമിൽ കിടക്കുന്ന അയാൾക്ക് അവിടെ അസാധാരണം ആയി ഒന്നും കാണാൻ പറ്റിയില്ല.
“എട്ട് കാലി.. എനിക്ക് അവയെ പേടിയാണ്.”
“ഓ, അത് ഒന്നും ചെയ്യില്ല”
അയാള് ഉടൻ കാലിൽ കിടന്ന സ്ലിപ്പർ ഊരി കട്ടിലിലേക്ക് ഏന്തി വലിഞ്ഞു, എട്ട് കാലിയെ ഉന്നം വച്ച് ഒറ്റ കൊട്ട്. അതിൻ്റെ കുടൽമാല വരെ പുറത്തു വന്നു, അത് ചതഞ്ഞു ചത്തു. അപ്പോഴേക്കും പല്ലി എങ്ങോട്ടോ ഓടിയൊളിച്ചു.
അറപ്പ് കൊണ്ട് അവൾ മുഖം പൊത്തി.
പെൺമക്കളെ കെട്ടിക്കുമ്പോൾ അല്പം സ്വത്ത് കുറഞ്ഞ വീട്ടിലേക്ക് വിടണം അതാകുമ്പോൾ നമുക്ക് എപ്പോൾ വേണമെങ്കിലും കയറി ചെല്ലാം.. തൻ്റെ അച്ഛൻ്റെ തിയറി അതായിരുന്നു.
‘വീട് കുറച്ചു പഴകിയതും, ചെറുതുമാണ്. എങ്കിലും അവന് നല്ലൊരു ജോലി ഉണ്ടല്ലോ’, ചെറുക്കൻ്റെ വീട് കണ്ട് വന്ന ശേഷം അമ്മ തന്നോട് പറഞ്ഞത് അവൾ ഓർത്തു.
ഇനി ഇതിലും പഴകിയ വീട് ഈ നാട്ടിൽ ഉണ്ടാകുമോ അവൾ വെറുതെ ചിന്തിച്ചു പോയി.
“എന്താ ആലോചിക്കുന്നത്? തനിക്ക് എൻ്റെ വീട് ഇഷ്ടപ്പെട്ടില്ല അല്ലേ?”
“ഏയ്… അങ്ങനെ ഒന്നുമില്ല”
സത്യത്തിൽ അവൾക്ക് അവളുടെ അച്ഛനോടും അമ്മയോടും അല്പം നീരസം തോന്നി. ഇത് പോലൊരു വീട്ടിലേക്ക് തന്നെ എങ്ങനെ അവർക്ക് അയക്കാൻ തോന്നി എന്ന് അവൾ ചിന്തിച്ചു… ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം വിധി. ഒരുപാട് ആലോചനകൾ വന്നു, അതിൽ അധികവും ഗൾഫിൽ ജോലി ഉള്ളവരായിരുന്നു. ഒരു ഗൾഫ് കാരനെ കല്യാണം കഴിച്ചു അവിടെയും ഇവിടെയും ആയി ജീവിതം കഴിക്കാൻ താൻ ഒരുക്കം അല്ലായിരുന്നു, അത് കൊണ്ട് ആണ് നാട്ടിൽ ജോലിയുള്ള ഒരാളുടെ ആലോചന വന്നപ്പോൾ താൻ സമ്മതിച്ചത്. ഇനിയിപ്പോൾ ദുഃഖിച്ചിട്ട് കാര്യമില്ല.
“കിടക്കണ്ടേ? നേരം ഒരുപാട് ആയല്ലോ.. ഉറക്കം വരുന്നില്ലേ.” കട്ടിലിലേക്ക് കയറിയിരുന്ന് അയാള്‍ ചോദിച്ചു. അപ്പുറത്തെ റൂമിലെ കുട്ടികള്‍ അന്താക്ഷരി കളിക്കുന്ന സ്വരം അപ്പോഴും കേള്‍ക്കുന്നുണ്ട്. ചേട്ടന്മാരുടെയും, പെങ്ങന്മാരുടെയും മക്കൾ ആണ്. തങ്ങളുടെ അങ്കിളിൻ്റെ കല്യാണ ദിവസം അവർ തകർത്തു ആഘോഷിക്കുകയാണ്.
അവള്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അയാൾവീണ്ടും തുടർന്നു.
“കിടന്നോളൂ, നല്ല ക്ഷീണം കാണും.
“ഞാന്‍ പെട്ടെന്ന് ഉറങ്ങുന്ന ആളാണ്. കിടക്കുന്നത് മാത്രമേ ഓര്‍മ ഉണ്ടാകു.. പിന്നെ കണ്ണ് തുറക്കുന്നത് നേരം വെളുക്കുമ്പോൾ ആയിരിക്കും.”
അത്രയും പറഞ്ഞു കൊണ്ട് അയാള്‍ മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു..
പല സിനിമകളിലും കണ്ടിട്ടുള്ള ആദ്യ രാത്രി രംഗങ്ങൾ പെട്ടെന്ന് അവളുടെ മനസ്സിലേക്ക് മിന്നി തെളിഞ്ഞ് വന്നു ..
സിനിമ വെറും അഭിനയമാണ്. ഇത് യാഥാര്‍ത്ഥ ജീവിതം.. താന്‍ എന്തൊരു പൊട്ടി എന്ന് ചിന്തിച്ചു കൊണ്ട് അവളും മതിലിനോട് ഒട്ടി ചേര്‍ന്നു അയാളുടെ ചാരെ കിടന്നു.
ആ സിംഗിൾ കട്ടിലിൽ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ കഴിയാതെ, മുകളിൽ കര കര ശബ്ദത്തിൽ ആടുന്ന ഫാൻ നോക്കി അല്പം ഭയത്തോടെ അവൾ കിടന്നു. അപ്പോഴേക്കും രണ്ടു കാതുകളിലും കൊതുകുകൾ കച്ചേരി പാടാൻ എത്തി. പുതിയ ചോരയുടെ മണം കിട്ടിയിട്ടാണോ എന്ന് അറിയില്ല, അവർ മത്സരിച്ചു പാടുന്ന പോലെ തോന്നി.
പെട്ടെന്ന് ഒരു സീൽക്കാരം കേട്ടു അവള്‍ ചാടി എഴുന്നേറ്റു, അയാളുടെ നേരെ തിരിഞ്ഞു..
പക്ഷെ അവള്‍ ഭയപ്പെട്ട പോലെ ഒന്നും അല്ല, അത് അയാളുടെ കൂര്‍ക്കം വലിയുടെ ശബ്ദം ആയിരുന്നു.
അപ്പുറത്തെ റൂമിലെ വെളിച്ചത്തില്‍ അയാളുടെ മുഖം അവള്‍ക്കു ശരിക്കും കാണാം. വാ അല്‍പം തുറന്നു പല താളത്തിൽഅയാള്‍ കൂര്‍ക്കം വലിക്കുന്നത് കുറച്ച് നേരം അവള്‍ ഭയത്തോടെ നോക്കിയിരുന്നു. ഇത്ര ശബ്ദത്തിൽ ഒരാൾക്ക് കൂർക്കം വലിക്കാൻ കഴിയും എന്ന് അവൾ മനസ്സിലാക്കിയത് അപ്പോഴാണ്..
പണ്ട് കുട്ടിക്കാലത്ത് അടുത്തുള്ള ആൻ്റിയുടെ വീട്ടിൽ ഒരു ദിവസം പാർക്കാൻ പോയ കാര്യം അവൾ ഓർത്തു. അവിടെ ആൻ്റിയുടെ മക്കളൊപ്പം ഒരുമിച്ചു ഉറങ്ങാൻ കിടക്കുന്ന നേരം, ഉറക്കം പിടിച്ചു വന്നപ്പോൾ അടുത്ത മുറിയിൽ നിന്നും അമറുന്ന പോലെയുള്ള ഒരു സ്വരം കേട്ട് താൻ ഞെട്ടി ഉറക്കെ കരഞ്ഞു, നേരം വെളുത്തപ്പോൾ ആണ് അത് ആ വീട്ടിലെ അപ്പൂപ്പൻ്റെ കൂർക്കം വലിയായിരുന്നു എന്ന് മനസ്സിലായത്. ഒരാഴ്ച നിൽക്കാൻ പോയ താൻ പിറ്റെ ദിവസം തന്നെ വാശി പിടിച്ചു അവിടെ നിന്നും തിരിച്ചു പോന്നു.
അതിലും ഭീകരമായ സ്വരം ആണ് ഇപ്പൊൾ ഈ കേൾക്കുന്നത്.
തന്നെ ഈ മണിയറയില്‍ തള്ളി വിടാന്‍ എത്തിയത് അയാളുടെ മൂത്ത പെങ്ങളുടെ രണ്ടു പെൺകുട്ടികൾ ആയിരുന്നു. അവരിൽ മൂത്തവൾക്ക് ഏകദേശം അവളുടെ തന്നെ പ്രായം ഉണ്ട്.
“നമ്മൾ തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസം കാണില്ല എങ്കിലും ഞാൻ ആൻ്റി എന്നേ വിളിക്കൂ കേട്ടോ..”
“നാളെ രാവിലെ ഞങ്ങൾ വരും. ‘ആദ്യരാത്രി വിശേഷങ്ങൾ’ ഒക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു തന്നേക്കണം ”
തന്നെ ഈ മുറിയിലേക്ക് കടത്തി വിട്ടു കൊണ്ട് മൂത്തവൾ പറഞ്ഞു. കൂടാതെ അവളുടെ കയ്യിൽ പൊതിഞ്ഞു പിടിച്ചിരുന്ന കുറച്ചു മുല്ല പൂവ് അവൾ ആ കുഞ്ഞ് കട്ടിലിൽ വാരി വിതറിയിട്ടു…
“കുറച്ചു അസൗകര്യങ്ങൾ ഒക്കെ ഉണ്ട്, ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഈ മണിയറ അടിപൊളി ആക്കിയേനെ”. അവൾ കൂട്ടിച്ചേർത്തു.
അടുത്ത റൂമിലെ അന്താക്ഷരി പാട്ടും, അടുത്തു കിടക്കുന്ന ആളുടെ പല താളത്തിൽ ഉള്ള കൂർക്കം വലിയും, മുകളിൽ ക്രമം തെറ്റി ആടുന്ന ഫാനിൻ്റെ സ്വരവും, ജനലിൽ നിന്നും ഓടി രക്ഷപെട്ട് മുകളിലെ ഉത്തരത്തിൽ കയറി ഇരുന്നു തന്നെ തുറിച്ചു നോക്കി ഇരിക്കുന്ന പല്ലിയും, അപശ്രുതി മീട്ടി പാടി കൊണ്ടിരിക്കുന്ന കൊതുകുകളും. എന്തു ചെയ്യണം എന്നറിയാതെ അവൾ വീണ്ടും ചുവരിനോട് ചേർന്നു ഉറക്കം വരാത്ത കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു.
പെങ്ങളുടെ മകൾ വിതറിയിട്ട മുല്ലപ്പൂക്കൾ സൂചി പോലെ തൻ്റെ ദേഹത്ത് കുത്തുന്നപോലെ അവൾക്ക് തോന്നി..
പൊതുവേ അലർജിക്കാരി ആയ അവൾ പൊടി നിറഞ്ഞ ഫാനിൻ്റെ കാറ്റും, ഉള്ളിലെ മാനസീക സമ്മർദവും മൂലം കുറച്ചു കഴിഞ്ഞപ്പോൾ തുമ്മാൻ തുടങ്ങി.
ഇടയ്ക്ക് ബോട്ട് പോകുന്ന പോലെയും, ഇടയ്ക്ക് പാമ്പിൻ്റെ സീല്ക്കാരം പോലെയും, ഇടയ്ക്ക് കുക്കറിൽ വിസിൽ അടിക്കുന്ന പോലെയും അയാളുടെ കൂർക്കം വലി തുടർന്നു. അവളുടെ തുമ്മലിൻ്റെ ശബ്ദം ഒന്നും അയാളുടെ ഉറക്കത്തിന് ഒരു തടസ്സവും ആയിരുന്നില്ല.
നേരം വെളുക്കും വരെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവൾ തുമ്മലും അലർജിയുമായി വല്ലാതെ ക്ഷീണിച്ചിരുന്നു. അടുത്ത റൂമിലെ ബഹളം നിലച്ചു എന്ന് മനസ്സിലായ സമയം അയാളെ കവച്ചു വച്ച് അവൾ കട്ടിലിൽ നിന്നും താഴെ ഇറങ്ങി..
മരത്തിൻ്റെ ഓടാമ്പൽ ഇട്ട കതക് തുറക്കാൻ ശ്രമിക്കുമ്പോൾ അതാ തലേ രാത്രി കണ്ട പല്ലി കതകിൽ ഇരുന്നു കണ്ണുരുട്ടുന്നു. അല്പം പേടിയോടെ ഓടാമ്പൽ അവൾ ആഞ്ഞു വലിച്ചു, മൊത്തം റൂമും കുലുക്കും വിധം വലിയ ശബ്ദത്തോടെ വാതിൽ തുറന്നു. ആ ഒച്ചകേട്ട് അയാളും ചാടി എഴുന്നേറ്റു..
അയ്യോ, ഇത്ര വേഗം നേരം വെളുത്തോ എന്ന മട്ടിൽ അയാള് അവളെ നോക്കി..
അവൾ ഒന്നും മിണ്ടാതെ പുറത്ത് കടന്നു, പുറകെ അയാളും.
അവളെ കണ്ടതും വീടിനോട് ചേർത്ത് പണിതിരിക്കുന്ന ചായ്പ്പിൽ നിന്നും അയാളുടെ അമ്മ ഓടി വന്നു..
മോള് ഉണർന്നോ? ഇന്നലെ മോളെ ശരിക്ക് ഒന്ന് കണ്ടത് കൂടിയില്ല, അമ്മയുടെ പുറകെ അമ്മയെ സഹായിച്ചു കൊണ്ടിരുന്ന ചേടത്തിയമ്മയും ഓടി വന്നു.
“രാത്രി തുമ്മുന്ന ശബ്ദം കേട്ടല്ലോ, അലർജിയുണ്ടോ?”
അവൾ തലയാട്ടി..ഞാൻ വേണമെങ്കിൽ ആവി പിടിക്കാൻ വെള്ളം തരാം, പരിചയം ഇല്ലാത്ത സ്ഥലത്ത് കിടക്കുമ്പോൾ അലർജി ഉള്ളവർക്ക് ഒരു സുഖവും ഉണ്ടാവില്ല..
തുമ്മിയോ? ഞാൻ ഒന്നും കേട്ടില്ലല്ലോ എന്ന മട്ടിൽ അയാള് അവളെ നോക്കി..
“എനിക്ക് ഇന്നലെ ഭയങ്കര ക്ഷീണം ആയിരുന്നു, കിടന്നതേ ഓർമ്മയുള്ളൂ..” അയാള് അവളെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു..
അത് കേട്ട് ചേട്ടത്തിയമ്മ മുഖം പൊത്തി ചിരിച്ചു.
അവള് ആ ചായ്പ്പിലേക്ക് വെറുതെ ഒന്നു കണ്ണുകൾ പായിച്ചു. അടുപ്പിലെ ചാരം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന കുറെ ചട്ടിയും കലങ്ങളും.
“മക്കള് പല്ലുതേച്ച് ചെയ്തു വാ, ബ്രേക്ക്ഫാസ്റ്റ് റെഡി ആയിട്ടുണ്ട്, അത് കഴിച്ചേച്ച് അടുത്തുള്ള ബന്ധുക്കളുടെ വീട്ടിൽ ഒക്കെ ഒന്നു കയറിയിട്ട് വാ”. അമ്മ അവളെ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു.
ഒരു അമ്മയുടെ സ്നേഹം മുഴുവൻ ആ തലോടലിൽ ഉണ്ടായിരുന്നു.
“ഇതാ ഞാൻ വെള്ളം തിളപ്പിച്ച് കഴിഞ്ഞു ഒന്നു ആവി പിടിച്ചിട്ട് കുളിക്കാൻ പോയാൽ മതി.” ചേട്ടത്തിയമ്മ ചായ്പ്പിൽ നിന്നും വിളിച്ചു പറഞ്ഞു.
ഇടുങ്ങിയ റൂമുകൾ ഉള്ള കൊച്ചു വീടാണെങ്കിലും, ഇതിൽ താമസിക്കുന്നവർ വിശാല ഹൃദയം ഉളളവർ ആണെന്ന് അവൾക്ക് അപ്പൊൾ ബോധ്യമായി.
ബ്രഷ് ചെയ്തു കുളിച്ച് റെഡി ആയി വന്നപ്പോൾ മേശപ്പുറത്ത് നൂലപ്പവും കടലകറിയും റെഡി ആയിരിക്കുന്നു. ഒന്നും കഴിക്കാൻ മൂഡ് തോന്നിയില്ല, എങ്കിലും കഴിച്ചെന്നു വരുത്താൻ അവൾ അയാളുടെ കൂടെ ഇരുന്നു.
അപ്പോഴേക്കും ചേട്ടന്മാരുടെയും, പെങ്ങന്മാരുടെയും മക്കൾ ഓരോരുത്തർ ആയി ഉണർന്നു തുടങ്ങി.
തന്നെ മണിയറയിലേക്ക് തള്ളിവിട്ടവൾ അടുത്ത് വന്നു സ്വകാര്യമായി ഒരു ചോദ്യം
“ഇന്നലെ ഒട്ടും ഉറങ്ങിയില്ല എന്ന് ഈ മുഖം കണ്ടാൽ അറിയാം…. ഞങ്ങളുടെ അങ്കിൾ ഉറങ്ങാൻ സമ്മതിച്ചില്ല അല്ലേ?
ഇപ്പൊൾ ഏതായാലും പുറത്ത് പൊയ്ക്കോ, വൈകിട്ട് വിശേഷങ്ങൾ പറയാതെ റൂമിൽ കയറ്റില്ല ഞങ്ങൾ.”
അവൾ തമാശ രൂപേണ ഭീഷണി മുഴക്കി.
താൻ മൃദുവായി ചിരിച്ചു തലയാട്ടി. …
പറയാൻ ഒരുപാട് ഉണ്ടല്ലോ, എട്ട് കാലിയും പല്ലിയും കൊതുകുകളും കൂടി തൻ്റെ ആദ്യ രാത്രി ആഘോഷമാക്കിയ കഥ.
എല്ലാവരോടും യാത്രപറഞ്ഞു ബന്ധു വീടുകൾ സന്ദർശിക്കാൻ ഇറങ്ങുമ്പോൾ അവൾക്ക് മനസ്സ് മുഴുവൻ ഒരു തരം വീർപ്പു മുട്ടൽ ആയിരുന്നു.
വീട്ടിൽ നിന്നും അല്പം നടന്നു കഴിഞ്ഞപ്പോൾ അയാൾ മുഖവുര കൂടാതെ സംസാരിക്കാൻ തുടങ്ങി.
“ഇന്നലെ ഒട്ടും ഉറങ്ങിയില്ല അല്ലെ? വീട് മാറി കിടന്നാൽ അങ്ങനെ ആണ്.
എൻ്റെ കൂർക്കം വലി തന്നെ ബുദ്ധിമുട്ടിച്ചോ?
“ഏയ് ഒട്ടും ഇല്ല, ശ്രവണാനന്ദകരം ആയിരുന്നല്ലോ!” അയാൾ കേൾക്കാതെ അവൾ മനസ്സിൽ പിറുപിറുത്തു.
ചെവിയിൽ പഞ്ഞി വച്ചാലേ എൻ്റെ കൂടെ ആർക്കെങ്കിലും ഉറങ്ങാൻ പറ്റു എന്ന് പറഞ്ഞു കൂട്ടുകാർ എന്നെ കളിയാക്കാറുണ്ട്. ഒരു തമാശക്കാരനെ പോലെ അയാൾ പൊട്ടിച്ചിരിച്ചു.
അവൾക്ക് അത് കേട്ട് ഒട്ടും ചിരി വന്നില്ല.
“പിന്നെ ഞാൻ ഇന്നലെ തന്നോട് കൂടുതൽ ഒന്നും സംസാരിച്ചില്ല, അതിൽ ചിലപ്പോൾ തനിക്ക് സങ്കടം ഉണ്ടാകും. സത്യത്തിൽ ഞാൻ മനഃപൂർവം ആണ് കിടന്നുറങ്ങിയത്. അപ്പുറത്തെ റൂമിൽ ഉള്ള കുട്ടികൾ മുഴുവൻ നമ്മൾ എന്തെങ്കിലും സംസാരിച്ചാൽ കാതോർക്കും, കല്യാണ തലേന്ന് അവർ എന്നെ റാഗ് ചെയ്തതിന് കണക്കില്ല. ഇന്ന് അവരിൽ പലരും തിരിച്ചു പോകും…
‘ഇന്നലെ’ നഷ്ടമായത് ഓർത്തു വിഷമിക്കണ്ട, ഇന്നാണ് ശരിക്കും നമ്മുടെ ആദ്യരാത്രി.”
അവൾ പെട്ടെന്ന് അവൻ്റെ മുഖത്തോട്ട് നോക്കി. ആ കണ്ണുകളിൽ ഒരു സ്നേഹ സാഗരം തന്നെ ഉണ്ടെന്ന് അവൾക്ക് അപ്പൊൾ മനസ്സിലായി.
“പിന്നെ, പല്ലിയും എട്ടുകാലിയും ഒക്കെ എൻ്റെ കൂടപ്പിറപ്പുകൾ ആണ് ട്ടോ, പഴയ വീടല്ലേ! ഞാൻ ജനിക്കും മുൻപ് അഛൻ ഉണ്ടാക്കിയ വീട്. വീട്ടിൽ കൂടെയുള്ള ചേട്ടന് വയ്യാത്തത് കൊണ്ടു അവരുടെ കാര്യങ്ങള് നോക്കുന്നതും ഇപ്പൊൾ ഞാൻ ആണ്. അതിനിടയിൽ വീട് പൊളിച്ചു പണിയാൻ ഒന്നും പറ്റിയില്ല. പക്ഷേ പേടിക്കണ്ട എല്ലാം ശരി ആകും. പാലക്കാട് എൻ്റെ കമ്പനിയുടെ അടുത്ത് ഒരു വാടക വീട് എൻ്റെ കൂട്ടുകാരൻ ശരിയാക്കിയിട്ടുണ്ട്. വിരുന്നൊക്കെ കഴിഞ്ഞു നമുക്ക് അങ്ങോട്ട് പോകാം. തൽക്കാലം നമുക്ക് അവിടെ അങ്ങ് കൂടാം”
അയാളുടെ മനസ്സ് തുറന്നുള്ള സംസാരം കേട്ട് അവൾക്ക് അയാളോട് അതുവരെ തോന്നിയ അനിഷ്ടം പതുക്കെ പമ്പ കടന്നു.
“പിന്നെ ഞാൻ പുറത്തേക്ക് പോകാൻ നോക്കുന്നുണ്ട്, കുറച്ചു കടങ്ങൾ ഉള്ളത് വീട്ടണമെങ്കിൽ അതേ നടക്കു”. അത് കേട്ടതും അവൾ ഞെട്ടിത്തരിച്ചു അവൻ്റെ വിരലിൽ മുറുക്കെ പിടിച്ചു.
“എന്താ എന്തു പറ്റി? ഞാൻ ഗൾഫിൽ പോകണ്ടേ? ”
അവളുടെ ഭാവ മാറ്റം കണ്ടു അയാള് ചോദിച്ചു.
“വേണ്ട.. എനിക്ക് ഗൾഫ്കാരെ ഇഷ്ടമല്ല.”
അത് കേട്ട് അയാൾക്ക് ചിരി വന്നു..
പേടിക്കണ്ട, തന്നെയും കൂടെ കൊണ്ട് പോകാൻ പറ്റുമെങ്കിൽ മാത്രമേ ഞാൻ ഗൾഫിൽ പോകൂ.. പോരെ? അത് കേട്ട് അവളും ചിരിച്ചു. അത് വരെ അസന്തോഷത്തിൻ്റെ കാർമേഘം മൂടിക്കെട്ടി ഇരുന്നിരുന്ന അവളുടെ മനസ്സിൽ ആഹ്ലാദ പൂമഴ പെയ്തിറങ്ങാൻ തുടങ്ങി.. അവൾ അയാളുടെ കയ്യിൽ ഒന്നു കൂടി മുറുകെ പിടിച്ചു. അയാള് അവളെ തന്നോട് ചേർത്തു പിടിച്ച് കൊണ്ട് സാവധാനം നടന്നു.
ജാനറ്റ് ജെൻസൺ


3 Comments
കൊള്ളാം, നന്നായിട്ടുണ്ട്….തുടർന്നും എഴുതുക
Thank you❤️
നല്ല രചന. കുടുസ്സുമുറിയെങ്കിലും വിശാല ഹൃദയമുള്ള മനുഷ്യരുടെ വീട്.👌👏♥️