“ഞാൻ അത് പറഞ്ഞില്ല…” ഇത്രയും കാലം ആരോടും പറയാത്ത ഒരു വാചകം. ഇന്ന് ഈ വിഷയം കണ്ടപ്പോൾ മനസ്സിന്റെ ഏതോ കോണിൽ ഒളിച്ചുകിടന്ന ഒരു ഓർമ്മ വീണ്ടും വന്ന് തൊട്ടു. അവൾ എനിക്ക് എന്നും സന്ദേശങ്ങൾ അയക്കുമായിരുന്നു. ദേഷ്യമുണ്ടെങ്കിൽ അതും, സന്തോഷമുണ്ടെങ്കിൽ അതും, ഏകാന്തത വന്നാൽ അതും, പ്രണയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും കുട്ടിക്കുറുമ്പുകളും വരെ. ചിലപ്പോൾ ഞാൻ അവളുടെ ചേച്ചിയായിരുന്നു, ചിലപ്പോൾ അമ്മ. ചിലപ്പോൾ ഒന്നും പറയാതെ കേട്ടിരിക്കുന്ന ഒരു സുഹൃത്ത്. അവളുടെ ഭാഷയിൽ പറഞ്ഞാൽ, “എനിക്ക് എല്ലാമായിരുന്നു നീ.” “അടുത്ത ജന്മമുണ്ടെങ്കിൽ ഞാൻ ചേച്ചിയുടെ മോളായി ജനിക്കണം…” എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അത് തള്ളിക്കളയും. പക്ഷേ, ആ വാക്കുകൾക്ക് ഇത്രയും ഭാരം ഉണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. അവളെ അലട്ടിയിരുന്നത് ഒരു ദുശ്ശീലം ആയിരുന്നില്ല. ഇടയ്ക്കിടെ അവളെ കീഴടക്കുന്ന ഒരു മാനസിക അസ്വസ്ഥതയായിരുന്നു. എല്ലാവരും കൂടെയുണ്ടായിട്ടും ആരുമില്ലെന്ന് തോന്നുന്ന നിമിഷങ്ങൾ. എപ്പോഴും ആരെങ്കിലും കൂടെയുണ്ടാകണമെന്ന വാശി. ഞാൻ മറ്റാരോടെങ്കിലും കൂടുതൽ…
