Author: Nafs nafs

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

നീ… നിന്റെ കാലത്തിന്റെ രാജ്ഞിയായിരിക്കാൻ എന്നെ ക്ഷണിച്ചു. അതൊരു കൺകെട്ടുവിദ്യയായിരുന്നു. മദിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്ക്കത്തെ ഭേദിച്ച് മനസ്സെന്നെ ഭൂതകാലത്തിന്റെ തുറുങ്കിലടച്ചു. എനിക്കും കാലത്തിനുമിടയിൽ തിരശ്ശീല വീണിരിക്കുന്നു. വെയിൽനാളങ്ങളെന്നെ വന്നുതൊട്ടു. തിരശ്ശീലക്കുപുറകിലിരുന്ന് ഒരാൾ വിളിച്ചുപറയുന്നു, അതു രാത്രിയാണെന്ന്… പകലിന്റെ ഇരുട്ടിൽ ഞാനുറങ്ങി. രാത്രി ഉണർന്നിരിക്കുന്നവൾ കാണുന്ന സ്വപ്നങ്ങളെന്തൊക്കെയാണ്. ഈ നുഴഞ്ഞുകയറ്റം ചിരപരിചിതമായിരിക്കുന്നു. എനിക്കുള്ള മറുപടി നീർകണങ്ങൾമാത്രമായിരുന്നോ..? സത്യം തന്നെ!! നിന്റെ കാലം വട്ടത്തിൽകറങ്ങി. കാലിന്നടിയിലെ ഭൂമി വാപിളർത്തുന്നു. വെട്ടംപകരാനിനിയും എരിയാൻവയ്യാ! ദാഹിക്കുന്നു…! ഒഴുകിക്കൊണ്ടിരിക്കുന്ന മഴമേഘങ്ങളേ, എനിക്കുമാത്രമായി പെയ്യുക. ആ മങ്ങിയ വിരിപ്പ് തലയെപ്പൊതിഞ്ഞു നിൽപ്പുണ്ട്. അപേക്ഷകളെല്ലാം പ്രാർത്ഥനകളാണ്. ഓർമ്മകളേ, കുളിരായ് പെയ്യുക. പുലരുവോളം നിന്റെ ജാലവിദ്യ തുടരുക. കൺകെട്ടുകൾ അഴിഞ്ഞുവീഴുന്നു. ഭൂതകാലത്തിലെ രാജ്ഞിമാത്രമാണു ഞാൻ…! അതേ… ഭൂതകാലത്തിലെ രാജ്ഞിമാത്രമാണു ഞാൻ. •••••••••••••••••••••••••• ©Hafsath KT

Read More

ഇന്ന് എന്റെ കെട്ടിയോന്റെ മൂന്നാംകെട്ടാണ്. ഇനി നാലോ… അറിയില്ല. അറിഞ്ഞിട്ടിനിയിപ്പോ എന്താക്കാനാണ്? ഞാനെന്നോ അഴിച്ചുവെച്ച കുപ്പായമാണത്. അയാളെനിക്കു വെച്ചുനീട്ടിയ റാണിയുടെ കുപ്പായം ഓർമ്മയിലെവിടെയോ മങ്ങിക്കിടന്നു. മറ്റുള്ളോർക്കുവേണ്ടി പലവട്ടം എടുത്തണിഞ്ഞ് ചുക്കിച്ചുളിഞ്ഞത്. മുഷിഞ്ഞുതുടങ്ങിയാൽ പിന്നെയതു വിഴുപ്പാണല്ലോ… എത്ര നനച്ചെടുത്താലും നാറ്റം മാറില്ല. എന്നിട്ടും ഞാനോർക്കുന്നത് അതല്ല, അവളുടെ പ്രണയത്തെക്കുറിച്ചാണ്. അവളാണല്ലോ അയാളുടെ ആദ്യത്തെ ഇര. അന്നാദ്യമായി മരുക്കാറ്റിന്റെ ഊഷരതയിലെപ്പോളോ എന്റെയുദരം തുടിച്ചപ്പോൾ അതിന്റെ പൂർണ്ണതയിൽ ഞാൻ ഹൃദയം നിറഞ്ഞുചിരിച്ചതായിരുന്നു. അതിന്റെ ജീവനെടുക്കുവാൻ അയാൾ മുടിയിൽ കുത്തിപ്പിടിച്ചപ്പോളെല്ലാം എന്റെ ചങ്കു പറിച്ചുകൊടുത്താണു ഞാൻ ഉദരത്തെ പൊതിഞ്ഞുപിടിച്ചത്. അന്നാ ആശുപത്രിയിലെ റിസെപ്ഷനിൽ നിൽക്കുമ്പോളാണ് അവളെ ഞാൻ ആദ്യമായിക്കാണുന്നത്. കറുത്ത അബായയ്ക്കുള്ളിൽ തിളങ്ങുന്ന പൂച്ചക്കണ്ണുകളുമായി ഒരു സിലോൺസുന്ദരി, ആശുപത്രിയുടെ റിസെപ്ഷന്റെ ഇടതുവശത്തുള്ള ഭീമൻതൂണിന്നു പിന്നിൽ നിന്ന് എന്നെ എത്തിനോക്കുന്നു. ഞാൻ നോക്കുമ്പോളെല്ലാം അവൾ മിഴിവെട്ടിക്കുന്നു. ഞാൻ അദ്ഭുതപ്പെട്ടു. “ഇതേതാണീ ഈജിപ്ഷ്യൻഹൂറി, മറ്റൊരു ഹൂറിയെനോക്കി അദ്‌ഭുതപ്പെടുന്നു!” അന്നേരമാണ് അയാളെന്റെ മുമ്പിൽ ഹൃദയം നിറഞ്ഞുതുളുമ്പിയ ആ പ്രണയത്തിന്റെ അത്തറുകുപ്പി തുറന്നത്.…

Read More

മാണ്ടാ… ശീർഷകംകണ്ട് പൂവാലനെയും ചുംബനത്തെയും ചേർത്തിണക്കേണ്ടാ… എന്നും ഉറങ്ങാൻകിടന്നാൽ മനസ്സിൽ ഓടിക്കൂടി ബസ്സു പിടിച്ചുവരുന്ന ചില ഓർമ്മകളുണ്ട്. ഉറക്കത്തിന്നിടയിൽമാത്രമല്ല, ഉണർച്ചയിലും ഉള്ളംനിറയ്ക്കുന്ന കിണാശ്ശേരി. കിണാശ്ശേരി കഴിഞ്ഞുള്ള കുളങ്ങരപ്പീടികയാണ് ശരിയായ സ്ഥലം. പക്ഷേ, കിണാശ്ശേരിയിൽ പോകാം, കിണാശ്ശേരിയിൽ പോകാം എന്നു പറഞ്ഞും കേട്ടും കേട്ടും പറഞ്ഞും ചിന്തയിൽ കിണാശ്ശേരിയങ്ങ് ഉറച്ചുപോയതാണ്. അവിടെയാണ് ഉമ്മയുടെ ആങ്ങളയുടെ വീട്. അമ്മാേനെ ഞങ്ങൾ ഇക്കാക്ക എന്നാണു വിളിച്ചിരുന്നത്. അമ്മോനും അമ്മായിയും മക്കുക്കാക്കയും സെർജ്യാത്തയും ഷഹനയും റംഷാദുമെല്ലാം എപ്പോളെല്ലാം ഓർമ്മകളിൽ മധുരംനിറച്ച് ചുണ്ടിന്നാേരത്തുകൂടെ കിനിഞ്ഞിട്ടുണ്ടോ അപ്പോളെല്ലാം അവരുടെയാ പഴയ വീടിനുമുമ്പേ മനസ്സിലേക്കു പറന്നെത്തുന്നത് അവിടുത്തെ കോഴിക്കൂടും അമ്മോന്റെ സൈക്കിളുമാണ്. സാധാരണമായി ഏതെങ്കിലും ഒരു ശനിയാഴ്ചയായിരിക്കും ഞങ്ങളുടെ വിരുന്നുപോക്ക്. ഇത്താത്തമാരെല്ലാം പെട്ടെന്നു് പണികൾതീർത്ത് ഞങ്ങൾ കുട്ടിപ്പട്ടാളത്തോട് വെള്ളം വാലാൻവേണ്ടി അടുക്കളപ്പുറത്ത് കഴുകിവച്ചിരിക്കുന്ന ചട്ടിയും കലവും കഞ്ഞിപ്പാത്രവും മുറവുമെല്ലാം പെറുക്കിക്കൂട്ടി സ്റ്റോർറൂമിലെ റാക്കിനുമുകളിൽ കമിഴ്ത്തിവെയ്ക്കാനേൽപ്പിച്ചശേഷം കിണറ്റിൻകരയിലേക്ക് ഞങ്ങളെ ഓരോരുത്തരെയായി ഓടിച്ചുവിടും. ഉടുതുണി പറിച്ചെറിഞ്ഞ് തോർത്തുമുണ്ടുടുത്ത് ഞാനാദ്യം ഞാനാദ്യം എന്നുപറഞ്ഞ് കിണറ്റിൻകരയിൽ ഉന്തുംതള്ളുമായി…

Read More

വാർദ്ധക്യം വെടിഞ്ഞ ചെന്തളിക. ചെതുമ്പലിളകിയ ചുവരുകൾ. ചുവരിൽ കവിതരചിച്ച് കരിയും പുകയും… വിശപ്പിനെ വെട്ടിനുറുക്കുന്നതിന്റെ താളം അടുക്കളത്തിണ്ണയിൽ ഊഴമിടുന്ന എച്ചിൽപ്പാത്രങ്ങളുടെ ഞരക്കം. മടുപ്പിന്റെ തീൻമേശ. നെടുംനിശ്വാസങ്ങളുടെ വിങ്ങൽ. പഴുത്തൊലിച്ച് വിലങ്ങുകളും…. വിലങ്ങുകളിൽ പച്ചച്ചലത്തിന്റെ ഗന്ധം. കതകുകൾതുന്നിയ വീടായിരുന്നില്ലത്. സത്രവും.., വേവുന്നതപ്പോൾ അടുപ്പായിരുന്നില്ല. വേവുന്ന വയറിന്റെയും തിളയ്ക്കുന്ന ഉടലിന്റെയും പ്രാപ്യസ്ഥാനം..! അടിമ… പെണ്ണ്.!! ചെതുമ്പലിളകിയ ചുവരുകൾ നിഴലുകളെമാത്രം തിരയുന്നു അഴുകിയ വിലങ്ങുകളെ തീൻമേശയും. വീടായിരുന്നില്ലത്. ബാന്ധനത്തിന്റെ ചുവരുകൾ..! °°°°°°°°°°°°°°°°°°°°°°°°°°° ©Hafsath KT

Read More

ഇന്നിനി പെയ്യരുതേയെന്ന്…. ഞാനെത്രമേൽ നേർന്നതാണ്. ഇന്നിതെത്രാമത്തെ തവണയാണ് ജനലിനും വാതിലിനും ഞാൻ കൊളുത്തിടുന്നത്… ഇന്നലെയുംകൂടെ തട്ടിൻപുറത്തേക്കെറിഞ്ഞ വിചാരങ്ങളാണ് ഇന്നും പാൽപ്പാത്രത്തിൽ പറ്റിക്കിടന്നു കരിഞ്ഞത്…. പുകച്ചുരുളിലേക്ക് ഞാനെത്തി നോക്കി അവനവിടെ നിന്നുപരുങ്ങുന്നുണ്ട്. ഇനിയൊരിക്കലും വരില്ലെന്ന്… കഴിഞ്ഞ മീനച്ചൂടിലെന്നെ ഇട്ടേച്ചുപോയവനാണ്. കിനാവിൽമാത്രം രാവിനു കൂട്ടിരുന്നാൽമതിയെന്ന് പലവട്ടം ഓർമ്മപ്പെടുത്തിയതാണ്… ഇനിയവനെ ഇപ്പടി കയറ്റരുതെന്ന് അനലിൽവെന്ത മിഴികളെ രണ്ടും ഞാൻ വിലക്കിയതാണ്. തുറന്നിട്ട ടാപ്പിനടിയിൽ ഏറെനേരം ഞാനവനെ ഞെക്കിപ്പിഴിഞ്ഞെറിഞ്ഞു. ഓർമ്മകളെ വലിച്ചെറിയുകയെന്നാൽ…. പിന്നെയും ചുളിവു നിവർത്തി മിനുക്കിയെടുക്കുകയെന്നാണ്…! മറക്കുകയെന്നാൽ പകലിലും കിനാക്കളിൽ മുങ്ങുകയെന്നാണ്…. °°°°°°°°°°°°°°°°°°°°°°°°°°°°°°° ©Hafsath KT

Read More

മുഖമുരിഞ്ഞാടുന്ന കോമാളിയുടെ മുഖംമൂടിയ്ക്കുള്ളിൽ മരിച്ചുവീണ് മുഖമില്ലാതലയുന്ന മറ്റൊരുവളായി മുഖമറയ്ക്കുള്ളിലൊളിപ്പിച്ച ചിരി തേടിയിറങ്ങാറുണ്ട്…. മുള്ളുകൾമാത്രം ചവച്ചുതിന്ന് മോക്ഷംകൊതിച്ച ചങ്ങലയുടെയലോസരങ്ങളിൽ നിർവൃതിപൂണ്ട വചസ്സുകളിൽ മടുപ്പണിഞ്ഞ് ബലിയർപ്പിച്ച ചിരിപ്പെരുക്കമവളെ മറ്റൊരുവളാക്കിയിരിക്കുന്നു.  ഭ്രാന്തിന്റെ മുഖംമൂടി നീങ്ങിയിരിക്കുന്നു…! ©Hafsath KT 

Read More

പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത്…. ആകാശത്തേക്കു കുത്തിവച്ച പുകമരം കൂടുതൽക്കൂടുതൽ വെളുത്തുപുകഞ്ഞ് അരിപ്പത്തിരിയുടെ നെയ്മണം അന്തരീക്ഷത്തിൽ നിറച്ചു. ആളിക്കത്താൻ മടിച്ചുനിൽക്കുന്ന അടുപ്പിനെയും വിറകിനെയും മെരുക്കിയെടുക്കാൻ നെബീസ്ത്താത്ത ദിക്റുകളും സ്വലാത്തുകളും നീട്ടിച്ചൊല്ലുന്ന ശബ്ദം നിലാവിൽ ചാഞ്ഞുകിടക്കുന്ന ഓലക്കുടിലിനു പുറത്തേക്കു വ്യക്തമായി കേൾക്കാം. “പാത്തുമ്മാ. ഇയ്യാ ചായ്പിന്ന് ഇത്തിരി ഓലക്കൊടി ഇങ്ങോട്ടേക്കെടുക്ക്. ഇന്ന്… വയറ്മുട്ടാണ്ടിരുന്നാ മതിയായിരുന്നു.” പത്തിരി പരത്തുന്നതു നിർത്തിവെച്ച് പാത്തുമ്മ വാതിൽത്തുറന്ന് മുറ്റത്തേക്കിറങ്ങി. ഒരു ഇളങ്കാറ്റുവന്ന് പാത്തുമ്മയുടെ തട്ടത്തിൽ പതിയേ തഴുകിപ്പറന്നുപോയി. കണ്ണുകൾ തിരുമ്മി പുലരിയിലേക്കുണരാനൊരുങ്ങിയ താരകക്കുഞ്ഞുങ്ങൾ അവളെത്തന്നെ നോക്കിനിന്നു. പാത്തുമ്മ ആകാശത്തേക്കു നോട്ടം തിരിച്ചു. “ഹായ്..! പടച്ചോൻ ചുട്ടുവെച്ച അരിപ്പത്തിരി.” “നിലാവ് നോക്കിന്നിട്ട് വല്ല ജിന്നും കൂടണ്ടാ പാത്തുമ്മാ. ഇയ്യ് വേം ഓലക്കണ്ണി എടുത്തൊണ്ടോരുന്ന്ണ്ടോ…..” “ദാ വന്നമ്മായി…” “മോളേ ഇയ്യാ തോലൊക്കെ നല്ലോണം ഷീറ്റിട്ട് മൂടിക്കോ. ഇന്നലത്തെപ്പോലെ മഴച്ചാറ്റല് കൊള്ളണ്ടാ. തോല് നല്ലോണം കത്താത്തെയ്നെക്കൊണ്ട് ഇന്ന് സൊബഹിക്കിമുന്നേ പത്തിര്യാവുംന്ന് തോന്ന്ണില്ല്യാ…” “അയ്ക്കോട്ടമ്മായി…” പാത്തുമ്മ വിറകുകൾ നന്നായി മൂടിക്കെട്ടിവെച്ചശേഷം വെള്ളമെടുക്കാനായി തൂക്കെടുത്തു വന്നു. “കുൽസൂം നാരായണ്യേച്ചിയുമൊക്കെ …

Read More

പൂർണ്ണവളർച്ചയത്തിയ ഒരുപറ്റംമനുഷ്യർക്കിടയിലായിരുന്നു അത്രയൊന്നും വളർച്ചയെത്താത്ത ഞാനൊരു ദിവസം ചെന്നുകേറിയത്. ചെമ്മരിയാടിനെപ്പോലെയുള്ള കൂർത്ത താടീം കൂർത്ത കൊമ്പൂള്ള കൂറ്റന്മാരൊക്കെയുംതന്നെ ഒരു കൊറ്റച്ചിയുടെ അരശിൽ ഓച്ഛാനിച്ചുനിക്കണതു കണ്ടപ്പോ, ആദ്യായി മൃഗശാലേൽ പോയപ്പോ മൂക്കുപറ്റിയ മുതുക്കിക്കൊറ്റനെ കണ്ടത് എനിക്ക് ഓർമ്മവന്നു. “ഓൾക്ക് ചോറു വാരിക്കൊട്. ഓള് വളരട്ടെ.” എന്നെ വളർത്താൻവേണ്ടി എല്ലാവരും കൂട്ടംചേർന്ന് പഴഞ്ചോറ്റിൽ തൈരുകുഴച്ച് ചോറുവാരിത്തന്നു. രണ്ടു കണ്ണും തള്ളിപ്പോയ ഞാൻ വായും മൂക്കുംപൊത്തി ഒരൊറ്റയോക്കാനം. “ഛർദ്ദിക്കാമ്പറ്റൂലാ. ചോറ് പടച്ചോനാ!! ” കൊറ്റച്ചിയുടെ അലർച്ചകേട്ട് തള്ളിയ കണ്ണുരണ്ടും പോളകൾക്കുള്ളിലിറുക്കിയടച്ച് തട്ടത്തിന്ററ്റംകൊണ്ട് മൂക്കുപീഞ്ഞ്  തികട്ടിവന്നതൊക്കെയും ഞാൻ തൊണ്ടെയിലിട്ട് കുരുക്കി താഴേക്കുതന്നെ പറഞ്ഞുവിട്ടു. മണ്ണുകണ്ടകാലംതൊട്ടേ ഹിമപർവംപോലെ ഉറഞ്ഞുകൂടിയ പള്ളയിലപ്പോ ഒരു പൊട്ടിത്തെറിക്കുള്ള മാഗ്മ ഉരുണ്ടോടുന്നത് ഞാൻമാത്രമറിഞ്ഞു. വെയിൽ മാഞ്ഞ് അന്തിച്ചോപ്പു കറുത്തിട്ടും വെയിലിനൊപ്പം കത്തിയാളിയ പള്ളയ്ക്കുമാത്രം ഒരു കുലുക്കോല്ല്യ. ഉരുൾപൊട്ടലിനുള്ള മുന്നോടിയെന്നോണം പള്ള വിരണ്ടോടാൻ തൊടങ്ങി. മലവെള്ളപ്പാച്ചിലിലെന്നോണം പള്ള അണപൊട്ടിയൊഴുകി. ഞാൻ കരഞ്ഞു. ‘തിന്ന ചോറ് കക്കൂസിന് കൊടുത്താ പടച്ചോനോ കുറ്റംകിട്ടൂലേ..?’ ഓർക്കുന്തോറും  ആധികേറിക്കേറി എന്റെ പള്ളന്റെ അണക്കെട്ട് പിന്നിംപിന്നിം…

Read More

ഒപ്പ്.. അതൊരു കലയാണ്. നിങ്ങൾക്കതു പറഞ്ഞാലറിയില്ല.അതറിയണമെങ്കിൽ ഒരിക്കലെങ്കിലും മറ്റുള്ളവരുടെ ഒപ്പുനോക്കി ഒരുവലിയ ഒപ്പിസ്റ്റ് (signist😇) ആവാനുള്ള ശ്രമം നിങ്ങൾ നടത്തിയിട്ടുണ്ടാകണം.പണ്ട്… വളരെ പണ്ട്, എന്റെ വിരൽത്തുമ്പിൽ പിറന്ന അക്ഷരപ്പെെതങ്ങൾ വീടിന്റെ മിക്ക ചുമരുകളും കയ്യേറി നിരങ്ങിയപ്പോൾ എനിക്കൊരൊറ്റ വാശിയേ ഉണ്ടായിരുന്നുള്ളൂ. ന്റെ ഉപ്പാന്റെപോലെ എഴുതണം. ഉപ്പാന്റെപോലെ പവറുള്ള ഒപ്പിടണം. അതേ. അക്ഷരലോകത്തെ എന്റെ ആദ്യഗുരു എന്റെ ഉപ്പയാണ്. പലവിധ ഔദ്യാേഗികാവശ്യങ്ങൾക്കായി വീട്ടിൽവരുന്നവർക്ക് സ്വന്തംലെറ്റർപാഡിൽ മനോഹരമായ കൈപ്പടയിൽ പരസ്പരം കെട്ടിപ്പിടിച്ച അക്ഷരങ്ങളെ ഉപ്പ കുനുകുനായെന്ന് കുടഞ്ഞിട്ടശേഷം ഒപ്പ് എന്ന് അച്ചടിച്ച അക്ഷരങ്ങൾക്കുതാഴെ ഒപ്പിടുന്ന മനോഹരമായൊരു കലയുണ്ട്. അതുകണ്ടിട്ട് ഉപ്പയുടെ ഒപ്പിന് വലിയ പവറുണ്ടെന്നതാണ് ഞാൻ മനസ്സിലാക്കിയ ഒന്നാമത്തെ പ്രപഞ്ചസത്യം. “നീ വായിക്ക് ” എന്നു പറഞ്ഞ് ഉപ്പ ന്യൂസ്പ്രിന്റിൽ അക്ഷരങ്ങളോരോന്നും ഹീറോയുടെ മഷിപ്പേനകൊണ്ടെഴുതിത്തരികയും അതിനു മീതേക്കൂടി എന്നെക്കൊണ്ട് ആ പേനയിൽപ്പിടിപ്പിച്ച് എഴുതിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് വീട്ടിൽ പതിവായി വന്നിരുന്ന മൗലവിമാർ പെട്ടെന്നെന്റെ ഉസ്താദുമാരായി. ഒരുപാടു പേരുള്ള ഞങ്ങളുടെയാ പഴയ വീട്ടിൽ ഓരോരുത്തരും ഓരോരോ…

Read More

“സൂപ്രണ്ടേ… എനിക്കിനി കാരുണ്യാവാർഡിൽ ഡ്യൂട്ടിയെടുക്കാൻ വയ്യ. അതല്ലെങ്കിൽ എന്നെ നൈറ്റിലേക്ക് ഷിഫ്റ്റ് ചെയ്തുതന്നേക്ക്.” ജമീലസിസ്റ്റർ ആശുപത്രി സുപ്രണ്ടിന്റെ വാതിലിനുമുന്നിൽ നനഞ്ഞ കോഴിയെപ്പോലെ നിന്നു. അവളുടെ യൂണിഫോമിന്റെ മാറിടത്തിലും നിതംബത്തിലും നനഞ്ഞ കൈപ്പാടുകൾ കടുംനീലനിറത്തിൽ തെളിഞ്ഞുനിന്നു. “എന്തുപറ്റി ജമീലാ. തിരുവോണമായിട്ട് ഇതെന്തു കോലാടീ.. “കഴിഞ്ഞ രണ്ട് ദിവസായിട്ടാ കിളവന് സൂക്കേട് കൊറച്ച് കൂടുതലാ. സജി കുളിപ്പിക്കാൻ നോക്കിയതാ. കിളവൻ സമ്മതിക്കണ്ടേ. ഞാൻതന്നെ കുളിപ്പിച്ചു കൊടുക്കണമെന്ന്.” “എങ്ങനെ ജീവിച്ച മനുഷ്യനാ… തിരുവോണായിട്ട് മാധവേട്ടനെ കുളിപ്പിച്ച് ഓണക്കോടി ഉടുപ്പിക്കാതെ മുഷിഞ്ഞുനാറിയ കോലത്തിലിരുത്താൻ പറ്റോ.” “ഇരുപത്തിരണ്ടു പേരാ അവിടെ വാർഡിലുള്ളത്. അവർക്കാർക്കും ഇല്ലാത്ത സൂക്കേടാ കിളവന്. ഇതൊരു സർക്കാരാശുപത്രി ആയതോണ്ട് അവരെയൊക്കെ വൃത്തിയിലും വെടിപ്പിലും കൊണ്ടുനടന്നില്ലെങ്കിൽ പത്രക്കാരോടിവന്ന് വാർത്തയാക്കും. ഇറക്കിവിടാനും പറ്റില്ല. ഇപ്പംതന്നെ ഏതൊക്കെയോ ചാനലുകാർ വന്ന് കാത്ത് നിൽക്കുന്നുണ്ട്. ഞാനിതൊന്ന് മാറിയേച്ചും വരാം.” “നീയൊന്ന് നോക്കിയും കണ്ടും നിന്നോ. എന്തായാലും ഞാനയാളുടെ മോനെയൊന്ന് വിളിക്കട്ടെ. ഇക്കുറി വാർഡിലുള്ള എല്ലാവർക്കും സ്റ്റാഫിനുമുള്ള ഓണക്കോടി അവരുടെ വക ഓണസമ്മാനമാണ്.”…

Read More