കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ടാണല്ലോ ‘കൂകൂ കൂകു തീവണ്ടി കൂകിപ്പായും തീവണ്ടി കൽക്കരി തിന്നും തീവണ്ടി വെള്ളം മോന്തും തീവണ്ടി” . കുഞ്ഞു മനസ്സിൽ അപ്പോൾ മുതൽ കൂകിപ്പാഞ്ഞു പോകുന്ന തീവണ്ടിയുടെ രൂപം പതിയും പിന്നെ അതു കാണാനുള്ള വ്യഗ്രതയാണ്. തീവണ്ടി ആദ്യമായി കണ്ടെതെന്നാണെന്ന് ഓർമ്മയില്ല. പക്ഷേ മദ്രാസ്സിലേക്കുള്ള ആദ്യ തീവണ്ടി യാത്ര മങ്ങാത്ത ഓർമ്മയായി ഇന്നുമുണ്ട്. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും ഞാനും അനിയന്മാരും അടങ്ങുന്ന കുടുംബം മദ്രാസിലേയ്ക്ക് അച്ഛൻ്റെ LTC യിൽ യാത്ര പോയത്. യാത്രയിലെ മറ്റു കാര്യങ്ങളൊന്നും ഓർമ്മയില്ലെങ്കിലും അന്ന് അമ്മ കൊണ്ടു വന്ന പൊതിച്ചോറിൻ്റെയും പൊരിച്ചമീനിൻ്റേയും രുചി ഇന്നും നാവിലുണ്ട്. അച്ഛൻ്റെ അനുജൻ്റെ വീട്ടിൽ എന്നെയും അനിയനേയും വിട്ടിട്ട് അച്ഛനും അമ്മയും ഇളയവനായ ഉണ്ണിയും ഒറീസ്സയിലേയ്ക്ക് പോയി. ഞങ്ങൾ കൊച്ചിച്ചനൊപ്പം ഇലട്രിക് ട്രെയിനിൽ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. അവിടെ ബസ്സിനേക്കാൾ പ്രചാരം ഇലട്രിക് ട്രെയിനുകൾക്ക് ആയിരുന്നു. എം എ പഠനകാലത്ത് മദ്രാസ്സിലെത്തിയപ്പോഴാണ്…
