Author: remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

ഈ മയക്കമാണ് ഏറ്റവും സുഖം എന്ന് തോന്നി. മതിയാവോളം ഇങ്ങനെ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ… ഉറക്കം മതിയായി എന്ന തോന്നലിൽ ഉറക്കമുണരാൻ പറ്റിയിരുന്നെങ്കിൽ… ‘ഇന്നലെ രാത്രിയും എന്ത് കൂർക്കംവലിയായിരുന്നു’ എന്ന കളിയാക്കൽ കേൾക്കാതെ ഉറക്കത്തെ പറ്റി ഓർക്കാൻ കഴിഞ്ഞെങ്കിൽ… ബാത്ത് റൂമിൽ ഫ്ലഷിന്റെ ശബ്ദം. ജെയിംസ് ഇപ്പോൾ വെളിയിൽ വരും, തളർന്നു കിടക്കുന്ന എന്റെ അടുത്ത് വന്ന് എന്റെ നെറ്റിയിൽ മൃദുവായി ചുംബിക്കും. ആവേശത്തോടെയുള്ള ചുംബനങ്ങൾ മടുത്തു തുടങ്ങിയിരിക്കുന്നു. ഒന്നുകൂടെ ചെരിഞ്ഞു കിടന്നു. പുഴുവിനെ പോലെ. ജെയിംസിന് വന്നു ചേർന്നു കിടക്കാനുള്ള അച്ചു വാർക്കുന്നത് പോലെ. അവനിപ്പോൾ അടുത്ത് വരും. വയറിൽ ഇറുക്കി ചുറ്റിപ്പിടിച്ച് ചേർന്നു കിടക്കും… ഇന്നലെ സംസാരിച്ചപ്പോൾ കൂടെ പറഞ്ഞതാണ്, അതാണ് ഏറ്റവും ഇഷ്ടമെന്ന്. അവന്റെ ചൂടുള്ള ശ്വാസത്തിന്റെ മണം മൂർദ്ധാവിൽ നിന്നിറങ്ങി കണ്ണു വഴി ചെവിയിൽ കയറിയിറങ്ങി, കഴുത്തിന്റെ പുറകിൽ വന്ന് വിശ്രമിക്കുന്നത് ഇപ്പഴേ ഭാവനയിൽ കണ്ടു തുടങ്ങി. ആ വഴിയുടെ റൂട്ട് മാപ്പും ഇന്നലെ കൈമാറിയതാണല്ലോ… ഇറുക്കിയടച്ചു…

Read More