അറിഞ്ഞുമറിയാതെയും ഹൃദയത്തിലൂടൂർന്നു വീണ വിത്തുകൾ താനെ പൊട്ടിമുളച്ചു പൂമരങ്ങളായി നമ്മെ കാത്തിരിക്കും. വെയിലിൽ വാടി തളരുമ്പോൾ തണലും പൂമെത്തയും വിരിച്ച് ഒരു കാറ്റിൽ പൂമഴ ചൊരിയാൻ നമ്മെ കാത്തിരിക്കും. ഒരു തരി സ്നേഹമോ ഒരു ഹൃദ്യനിമിഷമോ ഒരു കുഞ്ഞുപുഞ്ചിരിയോ ഒന്നും വെറുതെയാകുന്നില്ല. കടന്നു വന്ന വഴികളത്രയും മുള്ളും കാടും വന്നടഞ്ഞാലും വരാനുള്ളവർ വെട്ടിത്തെളിച്ചു വഴിയുണ്ടാക്കി വന്നിരിക്കും. സത്യവും നന്മയും കാരുണ്യവും ലക്ഷ്യവും വഴിയും കണ്ടെത്തി എത്താനുള്ളിടങ്ങളിൽ നേരം തെറ്റാതെയെത്തിപ്പെടും.
Author: remya bharathy
സൌകര്യപൂര്‍വ്വം, ഇഷ്ടക്കേടോ പുച്ഛമോ കരുതലില്‍ കലര്‍ത്തി തമാശയുടെ മേമ്പൊടിയും നിഷ്കളങ്കതയുടെ കാപട്യവും വേണ്ടുവോളം ചേര്‍ത്ത് കുസൃതിയോടെ അവരവളെ വിളിച്ചു തടിച്ചീ …. വിളിച്ചവരെ മനസ്സില്‍ നിന്ന് വെട്ടിക്കളയാന്‍ മറ്റൊരു കാരണം വേണ്ടിയിരുന്നില്ല അവള്‍ക്കും.
പായസമാണോ? ഏലക്കയില്ലാതെയെങ്ങനെ? പക്ഷെ പായസം വിളമ്പും മുന്നേ ഏലക്ക എടുത്തു കളഞ്ഞോളണം. അല്ലേൽ ഇത്തിരി പഞ്ചസാര ചേർത്തോ അല്ലാതെയോ പൊടിച്ചു രൂപം മാറ്റി നേരത്തെ ഇളക്കി ചേർക്കണം… ഓർക്കുമല്ലോ… ഏലക്കയുടെ ഗുണവും മണവും രുചിയും മാത്രമേ നമുക്ക് വേണ്ടു. യഥാർത്ഥ രൂപത്തിലും സ്വാദിലും ഏലക്ക ഒരു അധികപറ്റാണ്.
ഒരാളുടെ മൗനം എന്റെയുള്ളിൽ കലപിലകൂട്ടിയപ്പോൾ, ഒരാളുടെ അസാന്നിധ്യം എന്നിൽ ശൂന്യത നിറച്ചപ്പോൾ, ഒരാളുടെ ഓർമ്മകൾ ചൂടും തണുപ്പുമായി എന്നിൽ അലയടിച്ചപ്പോൾ, ഞാനറിഞ്ഞു അയാളെനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന്.
(മുന്നറിയിപ്പ്: മരണത്തെ പേടിയുള്ളവർ വായിക്കരുത്) ഇന്നിത്തിരി ജോലികൾ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും ഒരുപാട് വൈകി. വൈകുന്നത് ഇവിടെ പ്രശ്നമുള്ള കാര്യം ഒന്നും അല്ലേലും അമ്മയുടെ വക ഇടയ്ക്കിടെ ‘പെൺകുട്ടിയാണെന്ന് ഓർമ വേണം’ ക്ലാസ്സ് വരും. മിക്കവാറും ഇത്തരം ക്ലാസ്സുകളുടെ തുടക്കം, പകൽ അമ്മക്ക് സഹായത്തിനു വരുന്ന ജാൻസി ചേച്ചി കൊണ്ടു വരുന്ന വാർത്തകളുടെ ബാക്കി പത്രം ആവും. കയറി വന്ന കോലത്തിൽ തന്നെ ഡൈനിങ് ടേബിളിൽ ഇരുന്നു. ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരുന്ന അച്ഛൻ ഇടക്ക് അവിടെനിന്ന് കണ്ണൊന്നു വെട്ടിച്ചു നോക്കി. പണ്ടായിരുന്നേൽ പുറമെ നിന്നു വന്നാൽ മേലുകഴുകാതെ ഇവിടെ എവിടെയും ഇരിക്കാൻ പോലും സമ്മതിക്കില്ലായിരുന്നു. പ്രായം കൂടുമ്പോൾ ആളുകൾ മാറുമെന്ന് പറയുന്നത് ശരിയാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഒരു പക്ഷെ ഇനിയും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയിട്ട് നിർത്തിയതും ആവാം. വാർത്തയിൽ മിനിയാന്ന് നടന്ന അരുംകൊലയുടെ വിശദീകരണം നടക്കുന്നു. എങ്ങനെ കെട്ടിയിട്ടു, എവിടെ അടിച്ചു, എവിടെ മുറിച്ചു, എവിടെ കുത്തി, ചോര…
നിനക്ക് വീടുണ്ടോ? ഉണ്ട്. നിനക്ക് കുടുംബമുണ്ടോ? ഉണ്ട്. കുടുംബത്തിൽ എല്ലാരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടോ? ഉണ്ട് ജീവിക്കാനുള്ള വകയുണ്ടോ? ഉണ്ട്. ഭർത്താവു നിന്നെ ഉപദ്രവിക്കാറുണ്ടോ? ഇല്ല. മക്കളെ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ഇല്ല. നിനക്ക് വിദ്യാഭ്യാസമുണ്ടോ? ഉണ്ട്. നിനക്ക് സുഹൃത്തുക്കൾ ഉണ്ടോ? ഉണ്ട്. നിനക്ക് ജോലിയുണ്ടോ? ഉണ്ട്. നിനക്ക് ബുദ്ധിയും കഴിവുകളും ഉണ്ടോ? ഉണ്ട്. എന്നാൽ പിന്നേ നിനക്ക് സങ്കടപ്പെടാൻ അവകാശമില്ല. പരാതി പറയാതെ മര്യാദക്ക് സന്തോഷിച്ചോളണം. ഇതിൽ കവിഞ്ഞു എവിടെ നിന്നും ഒരു സന്തോഷവും ആഗ്രഹിക്കാതെ, ഇത് ഓർത്തു ഓർത്തു സന്തോഷിച്ചു ജീവിച്ചു ചത്തോളണം.
“അപ്പുറത്ത് സ്റ്റേജിൽ ആനിവേഴ്സറി പരിപാടികൾ നടക്കുമ്പോൾ, ഇതാണിവിടെ പരിപാടി അല്ലേ? എല്ലാത്തിനേം ഞാൻ ശരിയാക്കുന്നുണ്ട്.” ടീച്ചറെ കണ്ട് ഞങ്ങൾ ഞെട്ടി. കഴുത്തിനു പുറകിലേക്ക് ഒരു മിന്നൽ പോലെ എന്തോ കയറി. തലയ്ക്കുള്ളിൽ രക്തം പമ്പ് ചെയ്യുന്നതിന്റെ ശബ്ദം എനിക്ക് എന്റെ ചെവിയിൽ കേൾക്കാമായിരുന്നു. ദൂരെ സ്റ്റേജിൽ അന്നൗൺസ് ചെയ്യുന്ന ശബ്ദം ചെവിയിൽ നിന്ന് മാഞ്ഞു പോകുന്നത് പോലെ. തണുത്ത ആ രാത്രിയിൽ ഞാൻ വിറച്ചു വിയർത്തു ഒലിക്കാൻ തുടങ്ങി. “അമീറാണ് ടീച്ചറേ അമൃതയെ…” അങ്ങോട്ട് കടന്നു വന്ന ലേഖ പറയുന്നത് കേട്ടതും ഞാനും അമീറും ഒരേ പോലെ ഞെട്ടി. “ടീച്ചറേ ഞാനല്ല… എന്നേ ഇങ്ങോട്ട് വിളിച്ചതാ.” അമീറിന്റെ ശബ്ദത്തിൽ ദൈന്യ ഭാവം. “ഞാൻ…” ഞാൻ വാ തുറക്കാൻ തുടങ്ങിയപ്പോഴേക്കും ലേഖയുടെ നഖങ്ങൾ എന്റെ കൈത്തണ്ടയിൽ ആഴ്ന്നു. എന്നേ പുറകിലേക്ക് വലിച്ച് അവൾ ശബ്ദം. താഴ്ത്തി പറഞ്ഞു. “വെറുതെ വേണ്ടാത്തതിന് നിൽക്കണ്ട. വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ ഓർത്ത് നോക്ക്.” അതൊരു ഭീഷണിയോ കരുതലോ…
അവരിന്നു ഒത്തിരി സന്തോഷത്തിൽ ആണ്… ആരെന്നല്ലേ… കുറച്ചു പെണ്ണുങ്ങൾ… വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള, ഈ എഴുതുന്നവർ ഇതൊക്കെ എങ്ങനെ എഴുതുന്നു എന്ന് ചിന്തിച്ചു അന്തം വിട്ടിരുന്ന, വീട്ടിലെ ജോലികളും കുട്ടികളും കുടുംബവും കഴിഞ്ഞാൽ വേറെ ഒന്നിനും സമയമില്ല എന്ന് ചിന്തിച്ചിരുന്ന, വേറെ എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് പോലും തിരിച്ചറിയാതിരുന്ന കുറെ പെണ്ണുങ്ങൾ. സോഷ്യൽ മീഡിയകളിലെ എഴുത്തും ബഹളവും ഒന്നും ദഹിക്കാത്ത, അതിന്റെ പുറകെ വരുന്ന ഇഴകീറിയുള്ള അഭിപ്രായങ്ങളും തർക്കങ്ങളും പേടിയുള്ള കുറെ പെണ്ണുങ്ങൾ. അവർക്ക് സമാധാനത്തോടെ വായിക്കാനായി ഒരിടം കിട്ടിയപ്പോൾ, ഒരുപോലെയുള്ള ഒത്തിരി പേര് ഒത്തു കൂടി. വായിക്കുന്നതിനൊപ്പം എഴുതിയവരെ കൂടെ പരിചയപ്പെട്ടപ്പോൾ, അവരും നമ്മളെ പോലെ തന്നേ ആണല്ലോ അപ്പോൾ നമുക്കും എഴുതി നോക്കാമല്ലോ എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി ആ പെണ്ണുങ്ങൾ. ഓരോരുത്തരുടെയും താൽപ്പര്യത്തിനനുസരിച്ചു എഴുതാനുള്ള അവസരങ്ങളുണ്ടായി. എന്തെഴുതും എന്ന് ആലോചിച്ചു നിൽക്കുന്നവർക്ക് ചെറിയ ചെറിയ ഇരയിട്ട് കൊടുക്കാനും, സമ്മാനങ്ങളും നിർദ്ദേശങ്ങളും കൊടുത്തു…
ഇന്നത്തെ കറി നല്ല സ്വാദുണ്ട് കേട്ടോ… നിനക്കേതോ സിനിമക്ക് പോണം എന്ന് പറഞ്ഞിരുന്നല്ലോ… എല്ലാം കൂടെ നിങ്ങൾ ഒറ്റക്ക് തിന്നാതെ അമ്മയ്ക്കും കൂടെ കൊടുക്ക് പിള്ളേരെ… റെഡിയാവ്, നമുക്ക് ഒന്ന് പുറത്തിറങ്ങിയിട്ട് വരാം… നീ ഇന്നാള് ചോദിച്ച കാശ് മേശപുറത്തു വെച്ചിട്ടുണ്ടെ… വേണേൽ നീ മക്കളേം കൂട്ടി നിന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിന്നിട്ട വന്നോ… ഈ ഡ്രെസ്സ് നിനക്ക് ചേരുന്നുണ്ട്. ഇതുപോലത്തെ ഒന്നുരണ്ടെണ്ണം കൂടെ എടുത്തോ
സ്വപ്നങ്ങളുടെ ചാരം ഭസ്മമാക്കി അവൾ ദേഹമാസകലം പൂശി. കാണുന്നവർക്ക് അത്, ചുവപ്പായി സീമന്തത്തിലും സ്വർണ്ണവർണ്ണത്തിൽ കഴുത്തിലും വെള്ളിയിൽ കാൽവിരലിലും തള്ളി നിൽക്കുന്ന വയറിലും മടക്കുകളായി ചാടിയ ഇടുപ്പിലും വെള്ളികമ്പികൾ പോലെ തലയിലും അവളിൽ നിന്നും വമിക്കുന്ന കറിക്കൂട്ടിന്റെ മണത്തിലും ഉടുത്തതിലെ കരിയിലെ കറുപ്പിലും ദേവിയായും വിളക്കായും അവളെ വിശേഷിപ്പിച്ചപ്പോൾ അവൾക്കും തോന്നി സ്വപ്നത്തിന്റെ ചാരം ഭസ്മമായി പൂശിയപ്പോൾ അവൾ മറ്റാരോ ആയെന്ന്
