വില്ലുപാലത്തിൽനിന്ന് നേരെ ഇറങ്ങിയത് ഇരുട്ടിലേക്കാണ്. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത അധികം ഒച്ചയില്ലാത്ത ആളനക്കങ്ങളൊഴിഞ്ഞ പ്രദേശം.അവിടവിടെയായി തെരുവുവിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. മുൻപോട്ടു പോകാൻതക്ക വെളിച്ചം ഇല്ലാതിരുന്നിട്ടും ഇരുളിനെ ഭേദിച്ച്, ധൈര്യം സംഭരിച്ചു നടന്നു. ചൂടും തണുപ്പും കലർന്ന കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരുന്നു. എന്നോ കണ്ടുമറന്ന പ്രേതചലച്ചിത്രത്തിലെ ഓർമ്മവന്നതും നെഞ്ചിടിപ്പ് കൂടി. ഇങ്ങനെ ഒരനുഭവം മുൻപെങ്ങും ഉണ്ടായിട്ടില്ല. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും ദൂരമുണ്ടെന്ന ബോധ്യം നടത്തത്തിന്റെ വേഗം കൂട്ടി. പലേടത്തും നീളൻതൂണുകളിൽ വിളക്കുകൾ ഉണ്ടെങ്കിലും അവയിൽ പകുതിയിലേറെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു. ഏതെങ്കിലും തരത്തിൽ സഞ്ചാരത്തിന് വിഘ്നമായേക്കാവുന്ന അന്തരീക്ഷമാണോ അവിടുള്ളതെന്ന് അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു. ഒരു സ്ത്രീ തനിയെ നിശാസഞ്ചാരം പാടില്ലെന്ന ചാതുർവർണ്യ വ്യവസ്ഥിതിയിലെ അലിഖിത നിയമത്തെ വെല്ലുവിളിച്ചാണല്ലോ പോക്ക്. വിവാദവും വിമർശനവും ഒഴിഞ്ഞ, അക്രമരഹിതമായ കിനാശ്ശേരിയാണ് സ്വപ്നം കാണുന്നതെങ്കിലും ഉണ്ടായേക്കാവുന്ന ആപത്തുകളുടെ എണ്ണം മനസ്സ് അക്കമിട്ട് നിരത്തി ഭയം ഊതിക്കത്തിച്ചുകൊണ്ടിരുന്നു. സമാധാനകാംക്ഷി ആയതിനാൽ അനിഷ്ടങ്ങളൊന്നും ഉണ്ടാവില്ലെന്ന് മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിച്ചു. ഇരുട്ടിനെ ഗാഢംപുണർന്ന നിരത്തിനെ സജീവമാക്കാൻ എണ്ണംപറഞ്ഞ ഓട്ടോറിക്ഷകളും…