“ഇന്ന് നീ കവർന്നെടുത്തതെൻ പ്രണയപുഷ്പങ്ങളെയാണ്. തിരികെ കൊതിച്ചു ഞാൻ നിനക്കായ് കാത്തിരിക്കുന്നത് നീ മറന്നുവോ. എന്നിൽ നിന്നും കവർന്നതെല്ലാം മാറ്റാർക്കോ നൽകിയപ്പോൾ ഞാൻ തളർന്നെന്ന് നീ നിനച്ചുവോ. പക്ഷെ ഇനിയും പൂക്കുന്ന ചില്ലകളുള്ള ആഴത്തിൽ വേരിറങ്ങിയ പ്രണയവൃക്ഷമെന്നിലുണ്ടെന്ന് നീ മറന്നു പോയി. നിനക്കായ് ഒരു വേഴാമ്പലായ് പൂ നിലാവ് പൊഴിയ്ക്കുന്ന ആകാശ പൂമരത്തിന് താഴെ ചിറകുകൾ തളരുവോളം ഞാനിങ്ങനെ…”
അനിൽ ആ വടിവൊത്ത അക്ഷരങ്ങളിലേക്ക് വീണ്ടും വീണ്ടും നോക്കി. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ പുസ്തകത്തിനിടയിൽ നിന്നും കിട്ടിയ പാതി എഴുതി തീർത്ത പ്രണയം പൊഴിയുന്ന വാക്കുകൾ.
“നീമാ…”
സാറിന്റെ ഉറക്കെയുള്ള വിളിയിൽ കൂട്ടുകാരുമായി സംസാരിച്ചിരുന്ന നീമ രാജ് ഞെട്ടി തിരിഞ്ഞു. കൂടെ മറ്റുള്ളവരും അമ്പരന്നു പോയി. അവൾ വേഗത്തിൽ എഴുന്നേറ്റ് സാറിനടുത്തേക്ക് വിറയ്ക്കുന്ന കാലുകളോടെ നടന്നു. പേപ്പർ അവൾക്ക് നേരെ നീട്ടി. ഭയത്തോടെയവൾ ആ പേപ്പറിലേക്ക് നോക്കി. ചുണ്ടുകൾ ചലിപ്പിക്കുന്നതിനു മുൻപ് തിടുക്കത്തിലവൾ പറഞ്ഞു
സാർ ഇത് ഞാനെഴുതിയതല്ല.
പിന്നെ..
അവന്റെ പുരികങ്ങൾ വളഞ്ഞു മുകളിലേക്കുയർന്നു.
ഇതെന്റെ അപ്പച്ചി എഴുതിയതാണ്.
ഇത് വീട്ടിലറിയിക്കട്ടെ.
അയ്യോ.. വേണ്ട സാറെ അച്ഛൻ അപ്പച്ചിയെ അടിക്കും.
അടിക്കട്ടെ നല്ല അടികിട്ടുമ്പോൾ ഈ അസുഖം മാറും. നിനക്കും നല്ല അടിയുടെ കുറവുണ്ട്.
അയ്യോ അപ്പച്ചി പാവമാണ്.
പാവമോ എന്നിട്ടാണോ കുട്ടികളെ വഴി തെറ്റിക്കുന്നത്.
അവൻ ദേഷ്യത്തോടെ അവളെ നോക്കി.
സാറെ അവളുടെ അപ്പച്ചിക്ക് ഭ്രാന്താ. അവരെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്.
ക്ലാസ്സിലെ വികൃതി പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട മാഷൊന്ന് ഞെട്ടി.
പോടാ… എന്റെ അപ്പച്ചിക്ക് ഭ്രാന്തില്ല. നിനക്കാ ഭ്രാന്തുപിടിച്ചത്.
എന്നിട്ടാണോ അവരെ മുറിയിൽ പൂട്ടിയിട്ടത്. കാലിൽ ചങ്ങല ഉണ്ടല്ലോ.
നീ… ന.. ക്ക്…. പോ….ടാ
അവളുടെ മിഴികൾ നിറഞ്ഞു. ഇടറുന്ന വാക്കുകൾ തപ്പി ചേർത്തവൾ അവനോട് പറഞ്ഞു.
സൈലൻസ്..
മാഷ് സ്കെയിൽ കൊണ്ട് ടേബിളിൽ അടിച്ചു.
മാഷേ…
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി.
പോട്ടെ അവൻ വെറുതെ പറഞ്ഞതല്ലെ. നീമ പറയു. എന്താ പ്രശ്നം.
എനിക്കറിയില്ല മാഷേ. ഓർമ ഉള്ളപ്പോൾ മുതൽ അപ്പച്ചിയെ മുറിയിൽ അടച്ചിരിക്കുകയാണ്. പുറത്തേയ്ക്കൊന്നും അയക്കില്ല. ആരോടും മിണ്ടില്ല. പക്ഷേ എന്നെ വലിയ ഇഷ്ടമാണ്. മുറ്റത്ത് എന്നെ കണ്ടാൽ കൈ കാണിച്ചു വിളിക്കും അടുത്ത് ചെന്നാൽ തലയിൽ തഴുകും. വല്ലപ്പോഴും അവരെ കുളിപ്പിക്കാൻ പുറത്തേക്ക് കൊണ്ടു വരും. ഒരിക്കൽ പഠിക്കാൻ മടിച്ചിട്ട് ബുക്ക് സ്കൂളിൽ ആണെന്ന് പറഞ്ഞു. എന്നിട്ട് ബുക്കും പേനയും അപ്പച്ചിയുടെ മുറിയിൽ വെച്ചു. പിറ്റേന്ന് ബുക്ക് തരുമ്പോൾ അതിൽ നോക്കുമ്പോ കുറെ വരികൾ കണ്ടു. പിന്നെ അച്ഛൻ കാണാതെ ഞാൻ അപ്പച്ചിക്ക് ബുക്ക് കൊടുക്കും. അതിൽ എഴുതിയത് വായിക്കാൻ നല്ല രസമാണ്. അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.
ശരി പോയിരുന്നോളൂ.
മാഷിന്റെ മനസിൽ വല്ലാത്ത വിങ്ങലായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് പോകുമ്പോൾ നടന്നു പോകുന്ന നീമയ്‌ക്കരികിൽ വണ്ടി നിർത്തി.
നീമാ.. അപ്പച്ചിക്ക് ഇന്നും പേപ്പറും പേനയും കൊടുക്കണം.
അവൾ അത്ഭുതത്തോടെ മാഷേ നോക്കി. അവൻ പുഞ്ചിരിച്ചു കൊണ്ട് വണ്ടിയെടുത്ത് പോയി.
ചെറുവഞ്ഞില പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളിലെ പുതിയ മാഷാണ് അനിൽ. വന്നിട്ട് ഒരു വർഷമായി. വാടക വീട്ടിലാണ് താമസം. ഒഴിവു ദിനങ്ങളിൽ നാട്ടിലേക്ക് പോകും. നാട്ടിൽ അമ്മയും മുത്തശ്ശിയും അനിയത്തിയുമാണ്. അനിയത്തിയുടെ വിവാഹം കഴിഞ്ഞു. വയ്യാത്ത മുത്തശ്ശിയെയും കൊണ്ട് ഇവിടെ വന്ന് താമസിക്കാൻ അമ്മയ്ക്ക് ഇഷ്ടമില്ല.
പിന്നീടുള്ള ദിവസങ്ങളിൽ നീമാ രാജ് കൊണ്ടു വരുന്ന തുണ്ടു പേപ്പറിലെ വരികൾക്കായ് അവൻ കാത്തിരുന്നു. പ്രണയവും വിരഹവും നൊമ്പരവും പരാതികളും നിറയുന്നവയായിരുന്നു. ഭ്രാന്തിയെന്ന് മുദ്ര കുത്തി അടച്ചിട്ട മുറിയിൽ നിന്നും ഒഴുകിയെത്തിയ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്തവയും. പക്ഷേ വിശ്വസിച്ചെ പറ്റു. അവധി ദിനങ്ങൾ വല്ലാത്ത ഒറ്റപെടലുണ്ടാക്കി. അവൻ പൂർണമായും അവളിലേക്ക് അടുക്കുകയായിരുന്നു. ദിവസങ്ങൾ വേഗത്തിൽ വിട പറഞ്ഞു പോയത് പോലെയാണ്.
നാലു ദിവസം ഒരുമിച്ച് കിട്ടിയ അവധി. മുൻപായിരുന്നെങ്കിൽ ഒരു ദിവസം കിട്ടിയാൽ വീട്ടിലോട്ട് പോകുന്നവനാണ്. ദിവസം മൂന്നു കഴിഞ്ഞു. ഇനിയും ഇങ്ങനെ വീർപ്പ് മുട്ടിയിരിക്കാൻ മനസ് അനുവദിച്ചില്ല. രാവിലെ തന്നെ കുളിച്ചൊരുങ്ങി. ഒരു പതിനഞ്ചു മിനിറ്റ് വണ്ടിയോടിച്ചാൽ മതി. നീമ പറഞ്ഞു കൊടുത്ത അടയാളങ്ങൾ നോക്കി വീട് കണ്ടെത്തി. റോഡിൽ വണ്ടി നിർത്തി പടിക്കെട്ടുകൾ കയറുമ്പോൾ നിലവിളിയാണ് കാതിലോട്ട് ഇരച്ചു കയറിയത്. വേഗത്തിൽ നടന്നവൻ മുറ്റത്തേക്ക് നോക്കിയതും ഞെട്ടി തരിച്ചു പോയി .
തുടരും….
4 Comments
Pingback: ഒറ്റക്കൊലുസിന്റെ താളം ❤️പാർട്ട് 4❤️ - By Vaidhehi - കൂട്ടക്ഷരങ്ങൾ
Pingback: ഒറ്റക്കൊലുസിന്റെ താളം ❤️ പാർട്ട് 3❤️ - By Vaidhehi - കൂട്ടക്ഷരങ്ങൾ
Pingback: ഒറ്റകൊലുസിന്റെ താളം പാർട്ട് 2 - By Vaidhehi - കൂട്ടക്ഷരങ്ങൾ
👍🏻👍🏻. തുടക്കം രസമുണ്ട്. ബാക്കിക്ക് waiting