“പൈൻ മരങ്ങളുടെ കീഴിൽ നാം ആലിംഗബദ്ധരായി നിൽക്കും.
നീണ്ട ചൂളം വിളികളിൽ കടല്പക്ഷികൾ തീരത്തേക്ക് മടങ്ങി വരും.
നാം കൊടുക്കുന്ന പയർമണികളിൽ കൊത്തി കൊത്തി, ചിറകുകൾ വിടർത്തി അവ നമുക്കായുള്ള പാത കാട്ടി തരും. അത് വഴിയേ നീയും ഞാനും നടന്ന് നീങ്ങും..
ഒട്ടും മടിക്കാതെ, വിയർക്കാതെ നാം നടന്ന് കൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് ദാഹജലത്തോടൊപ്പം ഞാൻ നിന്റെ ചുണ്ടിണകളെയും നുകരും.
അഭൗമമായ ജീവിത വഴിയിൽ നീ എന്നിൽ ബന്ധിക്കപ്പെട്ടത് പോലെ നമ്മൾ ഓരോരുത്തരിലും അന്യോന്യം മുങ്ങി നിവരും. “
നേരിയ മഞ്ഞ നിറമുള്ള വെള്ള കടലാസ്സിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ ആ അക്ഷരക്കുഞ്ഞുങ്ങളെ ഡയാന വീണ്ടും വീണ്ടും ആർത്തിയോടെ വായിച്ചു.
ശേഷം പതിവ് പോലെ തേക്ക് കൊണ്ട് നിർമ്മിച്ച തടിയൻ കട്ടിലിനു കീഴെയുള്ള ട്രങ്ക് പെട്ടിയിലേക്ക് നീല നിറമുള്ള ഫയലിൽ ആ കടലാസ് ചുളുങ്ങാതെ നിവർത്തി വച്ച്, അതേ കളറിലുള്ള നാട കൊണ്ട് ബന്ധിച്ച് നിക്ഷേപിച്ചു.
ചുളിവ് വീഴാതെ ഇത്രനാൾ കാത്ത കടലാസ് പോലെ തന്റെ ശരീരത്തിലെ തൊലിയെ മടക്കും ചുളിവും വീഴാതെ കാത്ത് വയ്ക്കാൻ പറ്റിയില്ലല്ലോ എന്ന് അവർ സങ്കടപ്പെട്ടു.
“വിക്ടർ. എന്റെ വിക്ടർ”
അവർ പിറുപിറുത്തു.
അവനും ജരാനരകൾ ബാധിച്ച് തന്നെ പോലെ വയസ്സായിട്ടുണ്ടാവും. വടിയും കുത്തിപ്പിടിച്ച് നിരത്തിലൂടെ നടക്കുന്ന വിക്ടറിനെ ഓർത്ത് അവർക്ക് ചിരിപൊട്ടി.
തന്നെ നോക്കാൻ വരുന്ന റോസി എന്ന ജോലിക്കാരി പതിവ് ചായയും മധുരമില്ലാത്ത ഓട്സ് ബിസ്കറ്റും കൊണ്ട് വരുന്ന നേരമാണിപ്പോൾ.
ഇപ്പോൾ താനിരുന്ന് പൊട്ടിച്ചിരിക്കുന്നത് കണ്ടാൽ “ഈയമ്മയ്ക്ക് നൊസ്സ് ആണെന്ന്’ പറഞ്ഞുകൊണ്ടവൾ ഓടി പോകും.
ജോലിക്കാരിയെ ഭയപ്പെടുത്തി എന്ന് പറഞ്ഞ് ചിലപ്പോൾ തന്റെ ഇളയ അനുജൻ സാം തന്നെ ശകാരിക്കാനും ഇടയുണ്ട്.
അവന്റെയും കുടുംബത്തിന്റെയും തണലിൽ ആണ് തന്റെ ശിഷ്ടകാലം എന്ന് മറക്കാൻ ആവില്ലല്ലോ.
സാമും മേരിയും അവരുടെ മക്കളായ അന്നയും ഫിലിപ്പുമാണ് ആ വീട്ടിലെ താമസക്കാർ.
മേരിക്ക് ഡയാന ചേച്ചിയോട് ദേഷ്യമൊന്നും ഇല്ലെങ്കിലും അന്നയും ഫിലിപ്പും അവരുമായി തീരെ ചേർച്ചയിലല്ല.
തങ്ങളുടെ കുടുംബത്തിലേക്ക് വലിഞ്ഞു കയറിവന്ന വിരുന്നുകാരിയെ പോലെയാണ് അവർക്കിരുവർക്കും ഡയാന.
ആദ്യമൊക്കെ അവരുടെ കാര്യങ്ങളിൽ ഇടപെടുകയും ഉപദേശിക്കുകയും ഒക്കെ ചെയ്തിരുന്നുവെങ്കിലും അവർക്കൊന്നും അതത്ര രസിക്കുന്നില്ലെന്ന് മനസിലായതോടെ ഡയാന പിൻവാങ്ങി.
അല്ലെങ്കിലും വേണ്ട എന്ന് തോന്നുന്നിടത്ത് നിന്ന് പിന്തിരിഞ്ഞു നടന്ന ചരിത്രമേ അവർക്ക് ഉള്ളുവല്ലോ.
ഫിലിപ്പും അന്നയും സ്വന്തം അമ്മയായ മേരിക്ക് പോലും വില നൽകാത്തപ്പോൾ അപ്പന്റെ പെങ്ങൾക്ക് എങ്ങനെയാണ് ആ സ്ഥാനം നൽകുക?
പിന്തള്ളപ്പെട്ട് നിന്നിട്ടും നല്ല ഒരു കുടുംബിനിയായി എല്ലാം സഹിക്കുന്ന മേരി ഡയാനയ്ക്ക് ഒരു അത്ഭുതമാണ്.
ഊണ് മേശയിൽ പോലും അപ്പനും മക്കളും ഉണ്ടെണീറ്റതിന് ശേഷം മാത്രമാണ് മേരിക്ക് ഇരുന്ന് കഴിക്കാൻ ആകുന്നത്.
വേലക്കാരിയായ റോസിക്ക് കൊടുക്കുന്നത്ര പരിഗണന പോലും മേരിക്ക് കിട്ടാറില്ലെന്ന് ഡയാനയ്ക്ക് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് തനിക്കിനി മുകളിലെ മുറിയിൽ ആഹാരം കൊണ്ട് തന്നാൽ മതി എന്ന് നിബന്ധന വച്ചത്.
തലമുറകളോളം കൈമാറി വന്ന ഈ വലിയ വീട് അപ്പൻ തന്റെ പേർക്കാണ് എഴുതി വച്ചത്. തന്റെ വാശിപ്പുറത്ത് നശിച്ചു പോയ മകളുടെ ജീവിതത്തിന് ഒരു നഷ്ടപരിഹാരം.
ആരുമില്ലാത്ത താൻ മരിക്കുമ്പോൾ ഈ വീട് സാമിനെടുക്കാം എന്ന ലാഭക്കൊതിയോടെയാണ് തന്നെ അവൻ സംരക്ഷിക്കുന്നത് എന്നറിയായ്കയല്ല. പണ്ടത്തെ ഡയാന ആയിരുന്നെങ്കിൽ എല്ലാറ്റിനെയും വലിച്ച് പുറത്തിട്ട് വീടും പൂട്ടി ലോകയാത്ര പോയേനെ.
ഇപ്പോ തീരെ വയ്യാതെയായിരിക്കുന്നു. വാർദ്ധക്യം ശരീരത്തെ തളർത്തുന്നു. വീണു പോയാൽ താങ്ങാൻ വെറുപ്പോടെയാണെങ്കിലും ആരെങ്കിലും കൂടെ വേണമല്ലോ. മാത്രവുമല്ല താനിത്രയും നാളായി കാത്തിരിക്കുന്ന വിക്ടറിനു ഈ വീട് മാത്രമേ അറിയാവുള്ളൂ. ജീവനോടെയുണ്ടെങ്കിൽ എന്നെങ്കിലും തന്നെ തേടി വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ജീവിക്കുന്നത് തന്നെ.
കൗമാരക്കാലത്ത് തങ്ങൾ പ്രണയിച്ച് നടന്നതും നടന്ന വഴികളും ഓർമ്മകളും ഒക്കെ ഹൃദയത്തിൽ പേറിയാണ് ഇപ്പോഴും മനസ്സിൽ നിന്നിറങ്ങി പോകാത്ത ആ ഇരുപത് വയസ്സുകാരിയായി ഇന്നും നൊമ്പരങ്ങളെ നെഞ്ചോട് ചേർത്ത് ജീവിക്കുന്നത്.
കരകര ശബ്ദത്തോടെ കോണിപ്പടികൾ ഞരങ്ങുന്നു.
ചെരുപ്പിട്ട് തേച്ച് കൊണ്ട് റോസി ചായയും ബിസ്കറ്റ് വച്ച പാത്രവുമായി അകത്തേക്ക് വന്നു.
“ഈ കുട്ടിക്ക് മര്യാദയ്ക്ക് നടക്കാൻ അറിയില്ലേ?”
എപ്പോഴും ഉള്ളിൽ തോന്നാറുണ്ടെങ്കിലും പറയാറില്ല. എന്തെങ്കിലും പറഞ്ഞാലുടനെ ചുണ്ട് കൂർപ്പിച്ച് വീർത്ത് കെട്ടിയൊരു നോട്ടമാണ്. ചെറിയ കുട്ടികൾ കാണിക്കുമ്പോൾ ഒരു വാത്സല്യം തോന്നുമെങ്കിലും ഇവളോട് ദേഷ്യമാണ് തോന്നുക.
ഇരുപതോ ഇരുപത്തിമൂന്നോ മാത്രം പ്രായമുള്ള പെൺകുട്ടി. പക്ഷെ തന്റെ അപ്പനോളം പ്രായമുള്ള സാമിന്റെ വെപ്പാട്ടിയാണവൾ.
ഇത് തന്നെ പോലെ മേരിക്കും അറിയാം. തണുത്ത ഒരു വെളുപ്പാൻ കാലത്ത് റോസിയുടെ മുറിയിൽ നിന്ന് വിയർത്തൊലിച്ച് കള്ളനെ പോലെ സാം ഇറങ്ങിപ്പോകുന്നത് കോണിപ്പടികൾക്ക് മുകളിൽ നിന്ന് താൻ കാണുമ്പോൾ അടുക്കളയുടെ മുൻവശത്ത് ഫ്രിഡ്ജിന്റെ അരിക് പറ്റി നിന്ന് മേരിയും ആ കാഴ്ച കാണുന്നുണ്ടായിരുന്നു.
ഒരുവേള തങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. എങ്കിലും ആ മുഖത്തെ ഭാവങ്ങളുടെ അർത്ഥം ഗ്രഹിക്കാനായില്ല. സങ്കടമോ ദേഷ്യമോ ഞെട്ടലോ എന്നറിയാത്ത ഒരുതരം നിർവികാരിതയായിരുന്നു അവളുടെ മുഖത്ത്.
അടുക്കളയിൽ വച്ച് ആരും ശ്രദ്ധിക്കാത്ത വിധത്തിൽ റോസിയുടെ പിൻഭാഗത്ത് തഴുകി പോകുന്ന സാമും അതിന് ഇക്കിളിയോടെ പ്രതികരിക്കുന്ന റോസിയും ഒക്കെ തന്റെ കണ്മുന്നിൽ ഇപ്പോഴും ഉണ്ട്.
മേരി നിൽക്കെ തന്നെ ഇടയ്ക്കിടെ റോസിയെ തട്ടുകയും മുട്ടുകയും ചെയ്യുന്നത് മേരി കാണുന്നുണ്ടെങ്കിലും എന്താണ് അവളൊന്നും മിണ്ടാത്തത് എന്ന് അതിശയിച്ചു പോകാറുണ്ട്.
ജീവനിൽ പാതിയായവന്റെ മറുപാതി മറ്റൊരുവളിൽ കുടുങ്ങികിടക്കുന്നത് കണ്ടിട്ടും അവൾ എന്താണ് ഇങ്ങനെ പാവയെ പോലെ നിൽക്കുന്നത്? ജീവിതം ഏൽപ്പിച്ച പ്രഹരത്തിന്റെ ബാക്കിപത്രം പോലെ സ്വയം എരിഞ്ഞൊടുങ്ങാനുള്ള മനോ നിലയിൽ ആയിരിക്കുമോ മേരി?
സാമും മേരിയും റോസിയും ഒരു ആണി ചക്രത്തിന്റെ വിവിധ വശങ്ങളിൽ കിടന്ന് രണ്ടറ്റവും മുട്ടാതെ ഇങ്ങനെ കണ്ണ് പൊത്തി കളിക്കുന്നത് എന്തിനാണാവോ? മൂവർക്കും അറിയാവുന്ന സത്യത്തെ അന്യോന്യം മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ ഇങ്ങനെ നാടകം കളിക്കുന്നത് എന്തിനാണ്?
അന്നയും ഫിലിപ്പും ഒന്നും അറിയാതെ സ്വന്തം കാര്യങ്ങളിൽ മാത്രം വ്യാപിതരായി ഇരിക്കുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട്, എങ്കിലും ഒന്നും ചെയ്യാനാവാതെ താൻ മാത്രം എന്തിനിങ്ങനെ നോക്കുകുത്തി പോലെ താഴേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുന്നു.
ഉരുണ്ട നിതംബങ്ങൾ കുലുക്കി തിരിഞ്ഞു നടക്കുന്ന റോസിയുടെ പിൻഭാഗം നോക്കിയിരിക്കവേ ഡയാനയ്ക്ക് മനം പിരട്ടി.
വാഷ്റൂമിലെ കണ്ണാടി തുണ്ടിന് മുന്നിലെ വാഷ് ബേസിനിലേക്ക് ഉറക്കെ ശർദ്ദിക്കുമ്പോൾ തലയ്ക്കകത്ത് കെട്ടിക്കിടന്ന കഫം കൂടി ഇളകി, കൊഴുത്ത ദ്രാവകം ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിനൊപ്പം പുറത്തേക്ക് വമിച്ചു.
സുനാമിയടിച്ച് തീരം വൃത്തിയായത് പോലെ ഉള്ളിലെ എല്ലാ അവശിഷ്ടങ്ങളും പൈപ്പ് ലൈനിലൂടെ എവിടേക്കോ പോയി. ഇളകി മറിഞ്ഞ തലയിൽ തേനീച്ചകളുടെ ഇരമ്പം.
തലവേദനിക്കുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. പ്രായമായിരിക്കുന്നു. കാലങ്ങൾ ഇനി അധികമില്ല. ഒരിക്കലെങ്കിലും വിക്ടറിനെ കണ്ടിട്ട് ജീവൻ പോയിരുന്നെങ്കിൽ..
ഡയാനയ്ക്ക് സങ്കടം വന്ന് മുട്ടി. ചുളിഞ്ഞ വിരലുകൾ കൊണ്ട് അവർ കണ്ണുകൾ അമർത്തി തിരുമ്മി. ചൂട് കൊണ്ട് എപ്പോഴും കണ്ണുകളിൽ നിറയുന്ന കൺപീള വിരലിൽ പറ്റി പിടിച്ചു.
ഇട്ടിരുന്ന മഞ്ഞ നൈറ്റിയിൽ വിരലുകൾ തുടച്ചിട്ടും അഴുക്കെന്തോ ബാക്കിയായത് പോലെ അവർ വീണ്ടും വീണ്ടും നെറ്റിയിൽ കൈ തേച്ച് കൊണ്ടേയിരുന്നു.
ചുണ്ടുകൾ മെല്ലെ വിറകൊണ്ടു.
“എന്റെ വിക്ടർ”
ചെറിയ കാലടികളുടെ അകമ്പടിയോടെ ഡയാന ജനലരികിലേക്ക് നടന്നു.
കണ്ണടിച്ചില്ലുകൾ കൊണ്ട് മനോഹരമായ ജാലകം. ആ വീട്ടിലെ ഏറ്റവും ഭംഗിയുള്ള മുറിയാണത്. ഡയാന തന്റെ ഏറിയ പങ്കും ചിലവഴിച്ചത് ആ മുറിയിലാണ്.
ജനലയിലൂടെ നോക്കിയാൽ അങ്ങ് ദൂരെ ബസ് വന്നിറങ്ങുന്നയിടം മുതൽ തെരുവോരം വരെ മൊത്തത്തിൽ കാണാം.
അനുരാഗകൊടുങ്കാറ്റ് ആഞ്ഞ് വീശിയിരുന്ന കാലങ്ങളിൽ വിക്ടർ മഞ്ഞപൂക്കൾ വിടർന്ന് നിൽക്കുന്ന മര ച്ചില്ലകളെ വകഞ്ഞു മാറ്റി ബാൽക്കണിയിലൂടെ കണ്ണാടി ജനലുകൾ താണ്ടി കടന്നാണ് ഡയാനയുടെ മുറിയിലെത്തിയിരുന്നത്.
പാതിരാവിൽ അവന്റെ മാറിൽ കിടന്നുറങ്ങി പുലർച്ചെ തട്ടിയുണർത്തി വിടുമ്പോൾ നെറുകയിൽ നനുത്ത ഒരുമ്മയും നൽകി അവൻ വെപ്രാളത്തോടെ മറഞ്ഞിരുന്നതും ആ വഴിയിലൂടെ തന്നെ.
തന്റെ നെറുകയിലിപ്പോഴും അവന്റെ ശ്വാസം അടിക്കുന്നത് പോലെ തോന്നി ഡയാന വല്യമ്മ കൈത്തലം തന്റെ ശിരസ്സിൽ അമർത്തി.
കണ്ണാടിയിലൂടെ ഡയാന പുറത്തേക്ക് നോക്കി. മഞ്ഞ് കാലമാണോ? ഡിസംബർ മാസം കഴിഞ്ഞു പോയില്ലേ? പൊള്ളുന്ന കാലാവസ്ഥയെ കുറ്റം പറഞ്ഞു ഫിലിപ്പ് ഇന്നലെയാണല്ലോ പുറത്തേക്ക് ബിയർ കുടിക്കാൻ ഇറങ്ങി പോയത്.
പുറത്തെ കാഴ്ചകൾ മഞ്ഞ് കൊണ്ട് മറഞ്ഞതാണോ? അതോ തന്റെ കണ്ണുകൾക്ക് തിമിരം ബാധിച്ചതോ?
കർത്താവേ, അവനെ കണ്ട് മുട്ടും വരെയെങ്കിലും ആയുസും പ്രാണനും കാഴ്ചയും ആരോഗ്യവും നൽകണേ.
ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ കഴുത്തിൽ വീണു നനഞ്ഞപ്പോഴാണ് താൻ കരയുകയാണെന്ന് ഡയാനയ്ക്ക് മനസ്സിലായത്.
മിഴിനീർ കൊണ്ട് മറഞ്ഞ കാഴ്ചകൾ നന്നായി കാണാൻ വേണ്ടി അവർ കണ്ണുകൾ കൈപ്പുറം കൊണ്ട് തുടച്ചു. പോരാഞ്ഞ് നൈറ്റി ചെറുതായി പൊക്കി അമർത്തി തുടച്ചു. എന്നിട്ട് ആർത്തിയോടെ, ആവേശത്തോടെ പുറത്തേക്ക് നോക്കി.
ആളും ആരവങ്ങളും കുറഞ്ഞ തെരുവ്.
പണ്ടൊരു കാലത്ത് ഉത്സവപ്രതീതി ഉണ്ടാക്കിയിരുന്ന ചന്തസ്ഥലം ആയിരുന്നത്.
ഇപ്പോൾ മക്കൾ ഉപേക്ഷിച്ചു പോകുന്ന വൃദ്ധ മാതാപിതാക്കളെ പോലെ, വല്ലപ്പോഴും മാത്രം ശബ്ദമാനമാകുന്ന ഇടം മാത്രമായി കഴിഞ്ഞു.
” ചേച്ചീ”
മേരി വിളിക്കുന്നു. തിരിഞ്ഞു നോക്കി.
“എന്താ വല്യായ്മ? ഒരുപാട് ചർദ്ദിച്ചോ?”
“ഇല്ല മേരി. എന്തോ ഓർത്ത് തികട്ടിയതാ. ഇപ്പോ കുഴപ്പമില്ല. “
അവളും വന്ന് ജനലോരം ചാരി നിന്നു.
“തികട്ടി വരുന്നതൊക്കെ വേണ്ടാത്തത് അല്ലേ ചേച്ചി. എല്ലാം പുറത്തേക്ക് കളഞ്ഞു ശുദ്ധിയാക്കണം. ജീവനും ജീവിതവും മാത്രം ബാക്കിയാകുമ്പോൾ ഉള്ളിലെ ഓർമകൾക്ക് നിറം വയ്ക്കും. കയ്പ്പുള്ളതൊക്കെ പുറത്തേക്ക് പോകും”
മനസ്സിലായോ ഇല്ലയോ എന്നൊന്നും ചിന്തിച്ച് മിനക്കെടാതെ മേരി എന്തൊക്കെയോ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
ഡയാനയ്ക്ക് മേരിയെ അറിയാമല്ലോ? അവരും പെണ്ണാണല്ലോ?
കെട്ടി കൊണ്ട് വന്ന കാലത്തെ പുതുപെണ്ണിനെ പോലെ മേരി പഴയ കാലങ്ങൾ ഓർത്ത് പറഞ്ഞു കൊണ്ടിരുന്നു.
അവളുടെ അഴകിലും അളവുകളിലും മയങ്ങിയ പുരുഷപ്രജകൾ മുതൽ സ്നേഹിച്ചു കൂടെ കൂട്ടി മിന്നു ചാർത്തിയ സാമിച്ചായന്റെ വിശേഷങ്ങൾ വരെ അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. ഇരുവരും തങ്ങളുടെ ചെറുപ്പ കാലത്തേക്ക് മടങ്ങി പോയി.
സന്ധ്യ നിറഞ്ഞതും പക്ഷികൾ കൂട്ടമായി ചില്ലകളിൽ ചേക്കേറിയതും അവരറിഞ്ഞില്ല.
പറഞ്ഞും കേട്ടും ഓർമകൾ പങ്ക് വച്ചും മേരിയും ഡയാനയും ഒരുപാട് നേരം ആ മുറിയിൽ ചിലവഴിച്ചു.
കുടുംബത്തിലുള്ളവർ റോസി വിളമ്പിയ അത്താഴം കഴിച്ച് കിടന്നതും ഫിലിപ്പ് അന്ന് കള്ള് കുടിച്ചിട്ട് വന്നതും അന്ന കാമുകനോടൊത്ത് ഫോണിൽ പ്രണയ സല്ലാപം നടത്തുന്നതും റോസിയുടെ കിടക്കയിൽ സാമിന്റെ വിയർപ്പ് ചാലുകൾ ഒഴുകുന്നതും അറിയാതെ ആ രണ്ട് പെണ്ണുങ്ങളും സംസാരിച്ചു കൊണ്ടേയിരുന്നു.
വാ തോരാതെ..
പറഞ്ഞ് തീരാതെ.. കണ്ണിമയ്ക്കാതെ..
അവർ സംസാരിച്ചു കൊണ്ടേയിരുന്നു. പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു.
5 Comments
Beautifully written anju 👍👍👍👍👍
Pingback: നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (5) - By Anju Ranjima - കൂട്ടക്ഷരങ്ങൾ
Pingback: നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (4) - By Anju Ranjima - കൂട്ടക്ഷരങ്ങൾ
Pingback: നിന്നെ പ്രണയമെന്ന് വിളിക്കട്ടെ?(3) - By Anju Ranjima - കൂട്ടക്ഷരങ്ങൾ
Pingback: നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (2) - By Anju Ranjima - കൂട്ടക്ഷരങ്ങൾ