ആദ്യഭാഗം മുതൽ വായിക്കാം.
ഏട്ടൻ്റെ മരണത്തോടെ, കുടുംബം താറുമാറായി, പൂർണ്ണമായും ഇല്ലാതെയായി എന്ന് തന്നെ പറയാം. അമ്മ പിന്നെ ആരോടും മിണ്ടാതെയായി. ഒരേ കിടപ്പ് തന്നെ. ഒന്നിനോടും പ്രതികരിയ്ക്കാതെയായി. തൻ്റെ കുഴപ്പം കൊണ്ടാണ് തൻ്റെ മൂത്ത മകൻ ഒരു ഉഭയലിംഗത്തിൽ ജനിച്ചതെന്ന് അമ്മയ്ക്ക് ഒരു ധാരണയുണ്ടായി.
വർഷങ്ങളായി ആചാരങ്ങളും പൂജകളും നടക്കുന്ന പവിത്രമായൊരു ബ്രാഹ്മണ ഗൃഹത്തിൽ ഒരു അവിശ്വാസിയുടെ താമസമാണ് ഈ ആപത്തുകൾക്കൊക്കെ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ചിലരെങ്കിലും അർഷാദ് കാരണമാണ് ഈ ദോഷങ്ങളെന്ന് അച്ഛനെ ധരിപ്പിച്ചു.
എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും അച്ഛൻ അവനെ പിന്തുണച്ചു. അവൻ്റെ കണ്ണുകൾ നിറയാതെ, പഠനം മുടങ്ങാതെ കാത്ത് സൂക്ഷിച്ചു. ഒടുവിൽ സാത്വികനായ ആ അച്ഛനെക്കുറിച്ചും കെട്ട്കഥകൾ പ്രചരിച്ചു. അർഷാദ് അദ്ദേഹത്തിൻ്റെ ജാരസന്തതിയാണത്രേ.
വർഷങ്ങൾ പിന്നെയും കടന്നു പോയി. അർഷാദ് അവനിപ്പോൾ പതിനാലു വയസ്സ് കഴിഞ്ഞിരുന്നു. ഒൻപതാം ക്ലാസിൽ ആയി. വീട്ടിൽ നിന്ന് മാറി നിൽക്കണം. നാടാണ് പ്രശ്നം, നാട്ടാർക്കാണ് പ്രശ്നം. രണ്ട് വർഷം, ദൂരെയെവിടെയെങ്കിലും പോയി നിന്ന് പഠനം നടത്താമെന്ന് അമ്മയോട് പറഞ്ഞെങ്കിലും അച്ഛൻ സമ്മതിച്ചില്ല.
“നീയും കൂടെ പോയാൽ എനിയ്ക്കും അവൾക്കും പിന്നെ ആരാ ഉള്ളത്. ആദി ഉള്ളതും ഇല്ലാത്തതും കണക്കാണ്. വീടിനും നാടിനും പ്രയോജനമില്ലാതെ വഴിതെറ്റി നടക്കുകയാണ്. “
അച്ഛൻ പറഞ്ഞതാ ശരി. മറ്റുള്ളവരുടെ വാക്കുകൾ കേട്ടും കൊണ്ട് തനിക്കവരെ ഉപേക്ഷിച്ച് പോകാൻ കഴിയുമോ. അച്ഛൻ പൂജയ്ക്ക് പോകുമ്പോൾ താൻ അടുക്കളയിൽ ചോറും കറിയും വയ്ക്കും. അച്ഛൻ മടങ്ങി വരുമ്പോൾ താൻ സ്കൂളിൽ പോകും. ഇടയ്ക്ക് അമ്മുവേച്ചിയുടെ അമ്മ, അമ്മുവമ്മ എന്നാണ് അവരെ അർഷാദ് വിളിക്കുന്നത്, അമ്മുവമ്മ വന്ന് സഹായിക്കും. അമ്മയെ കുളിപ്പിക്കും, ഭക്ഷണം വാരി കൊടുക്കും. അവരിപ്പോൾ ഒറ്റയ്ക്കാണ്. ഭർത്താവ് ചെറുപ്പത്തിൽ ഉപേക്ഷിച്ച് പോയിരുന്നു. അവരുടെ ഒരേയൊരു മകളായിരുന്നു അമ്മു.
ഏക മകൾ നഷ്ടപ്പെട്ട ആ അമ്മ, മകൻ നഷ്ടപ്പെട്ട അമ്മയുടെ പരിചരണം സസന്തോഷം ഏറ്റെടുത്തു. രണ്ടും തുല്യ ദുഃഖിതർ. മനക്കരുത്തിലുള്ള വ്യത്യാസം. അമ്മുവേച്ചിയുടെ അമ്മ കരുത്തയായ ഒരു സ്ത്രീയാണ്. ഭർത്താവ് പോയപ്പോഴും മകൾ മരിച്ചപ്പോഴും അത് തൻ്റെ വിധിയാണെന്ന് അവർ സമാധാനപ്പെട്ടു, പൊരുത്തപ്പെട്ടു. അർഷാദിനോടവർക്ക് മകനോടെന്ന പോലെ സ്നേഹമായിരുന്നു.
” മോനേ അടുത്ത വർഷം പത്താം ക്ലാസ്സിലാണ് നീ. നല്ലത് പോലെ പഠിയ്ക്കണം. സ്കൂളിൽ ഒന്നാമതാകണം. ദേവനും അമ്മുവിനും നീയെന്ന് വച്ചാൽ ജീവനായിരുന്നു. അവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം നിന്റെ വിജയമാണ്. “
രാത്രിയും പകലും അവൻ പ്രയത്നിച്ചു. കഠിനമായ പരിശ്രമത്തിലൂടെ അവൻ സ്കൂളിൽ ഒന്നാമതായി എത്തി. അച്ഛനും അമ്മുവമ്മയും വളരെ സന്തോഷത്തിലായി. ഹെഡ് മാഷും മറ്റും മാസ്റ്റർമാരും ചേർന്ന് അവന് അടുത്തുള്ള കോളേജിൽ അഡ്മിഷൻ തരപ്പെടുത്തി. അമ്മയുടെ കാര്യം നോക്കണം, പണത്തിനായി അമ്മുവേച്ചിയുടെ അമ്മയോടൊപ്പം ചേർന്ന് പൂമാല കെട്ടി കൊടുക്കാനും തുടങ്ങി.
“മോൻ ഇവിടെ വന്ന് കഷ്ടപെടണ്ട, അമ്മു പോയി. എനിക്കിപ്പോൾ വേറെയാരാ ഉള്ളത്. നിങ്ങളൊക്കെ തന്നെയല്ലേ. “
ഒരു ദിവസം കോളേജിൽ നിന്നും മടങ്ങി വന്നപ്പോഴാണ് അറിയുന്നത് അമ്മ രക്തം ശർദിച്ചെന്ന്, അപ്പോൾ തന്നെ ആശുപത്രിയിലാക്കി. രക്താർബുദം അതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. അമ്മക്ക് കൂടെ കൂടെ പനിയും നീർക്കെട്ടും ഉണ്ടാകാറുണ്ടായിരുന്നു. അന്നൊന്നും അതാരുമത്ര ഗൗരവമായി എടുത്തില്ല. അവസാനം വീട്ടിലേയ്ക്കു കൊണ്ട് പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു.
അർഷാദ് എപ്പോഴും അമ്മയുടെ കൂടെ തന്നെ കഴിഞ്ഞു. ആദിദേവൻ അമ്മയെ തിരിഞ്ഞു പോലും നോക്കിയില്ല. തന്റെ കട്ടിലിനടുത്തു ഉറക്കമൊഴിഞ്ഞിരിക്കുന്ന അച്ഛനോടും മകനോടും പോയി കിടന്നുറങ്ങാൻ അമ്മ പറയും.
“അച്ഛൻ കിടന്നോളൂ, ഞാൻ അമ്മയ്ക്ക് കൂട്ടിരിയ്ക്കാം. “
“മോനും കിടന്നോളൂ, അമ്മ ആവശ്യമുണ്ടെങ്കിൽ നിന്നെ വിളിച്ചു കൊള്ളാം. നാളെ കോളേജിൽ പോകേണ്ടതല്ലേ. “
“അമ്മയ്ക്ക് സുഖമാകാതെ ഞാനിനി കോളേജിൽ പോകുന്നില്ല. “
അമ്മുവമ്മ പിന്നീട് പറഞ്ഞാണ് അവൻ അറിയുന്നത്. അമ്പലത്തിലെ ദേവന് അണിയേണ്ട പൂമാല കെട്ടാനായി അർഷാദിന്റെ കൈയിൽ കൊടുക്കുന്നതിനു അമ്മയും അച്ഛനുമായി ആദിദേവൻ വഴക്കുണ്ടാക്കി. അവൻ അമ്മയുടെ നേരെ കൈ ഉയർത്തി. ആ മനപ്രയാസം കൊണ്ടാകാം അമ്മയ്ക്ക് പെട്ടെന്ന് രോഗം മൂർച്ഛിച്ചത്. ഇഷ്ടമുള്ളവരുടെ കയ്യിൽ നിന്നും മാല വാങ്ങി ചാർത്തുന്നതാണ് ഭഗവാന് പത്ഥ്യം, അല്ലാതെ ജാതിയും മതവും നോക്കി, ഭക്തിയും വിശ്വാസവും തീണ്ടാത്തവരുടെ കയ്യിലെ നിവേദ്യങ്ങൾ ഭഗവാന് ഹിതമായിരിക്കില്ലയെന്ന് അമ്മ ആദിയെ അറിയിച്ചിരുന്നു. അവൻ അമ്മയെ പിടിച്ചു തള്ളിയിട്ടെന്ന്.
“ഞാൻ ജന്മം കൊടുത്തില്ലന്നേയുള്ളു. അവനാണ് എന്റെ മകൻ, എന്റെ മാനസ പുത്രൻ. എന്റെ മനസ് നീറുന്നത് എല്ലാവരേക്കാളും വേഗത്തിൽ അവനു മനസിലാകും. അവനിപ്പോൾ ജീവിയ്ക്കുന്നത് തന്നെ ഞങ്ങൾക്ക് വേണ്ടിയാണ്. വേറെ പ്രശ്നമൊന്നുമില്ലെങ്കിൽ, സമുദായം സമ്മതിച്ചാൽ എന്റെ ചിതയ്ക്ക് അവൻ തന്നെ കൊള്ളി വയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. “
അമ്മ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ ഒരു രാത്രിയിൽ, തൻ്റെ അവസാനത്തെ യാത്ര പോയി. പോകുന്നതിനു മുൻപ് അവനെ അടുത്ത് വിളിച്ചു തലയിൽ തലോടുകയും പ്രാർത്ഥിക്കുകയും ചെയ്തു. പൂജാമുറിയിലെ ചെറിയ കുടത്തിൽ വച്ചിരുന്ന ഗംഗാജലം ആദി എടുത്തു കൊണ്ട് വന്നു. അർഷാദിനോട് തുളസിയില കൊണ്ട് വെള്ളം നാക്കിലിറ്റിക്കാൻ അച്ഛൻ ആവശ്യപ്പെട്ടു.
“ഞാനല്ലേ ഇതൊക്കെ ചെയ്യേണ്ടത്, ഞാനല്ലേ അമ്മയുടെ മകൻ. “
ആദി ദേഷ്യപ്പെട്ടു.
“അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭർത്താവെന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്. അവളുടെ ആത്മാവിനു മോക്ഷം കിട്ടട്ടെ. “
അമ്മുവമ്മ അമ്മയുടെ കണ്ണുകൾ മെല്ലെ അടച്ചു. അച്ഛൻ ഓടി നടന്നു മരണാനന്തര കർമ്മത്തിനുള്ള ഏർപ്പാടുകൾ ചെയ്തു.
അമ്മയുടെ വളയൂരി രഹസ്യമായി അർഷാദിന്റെ കയ്യിൽ കൊടുത്തു.
“മോൻ ഇത് എവിടെയെങ്കിലും കൊണ്ട് വിൽക്കണം. അവളുടെ കാര്യങ്ങൾക്കു ഒരു കുറവും വരാൻ പാടില്ല. “
“അച്ഛാ, ആദി അറിഞ്ഞാൽ? എന്നെ കള്ളനാക്കില്ലേ. നമുക്ക് വേറെ എന്തെങ്കിലും മാർഗം തൽക്കാലം നോക്കാം. “
അവരുടെ സംസാരം കേട്ട് കൊണ്ട് വന്ന അമ്മുവമ്മ കുറച്ചു പൈസ അർഷാദിന്റെ കയ്യിൽ വെച്ച് കൊടുത്തു.
“അമ്മുവിന്റെ കല്യാണത്തിന് വേണ്ടിയുള്ള എന്റെ സമ്പാദ്യമായിരുന്നു. ദേവന്റെ അമ്മയെ അവൾക്കു ജീവനായിരുന്നു. ആ അമ്മയ്ക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ മോനേ. “
അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ബ്രാഹ്മണരുടെ ശ്‌മശാനത്തിൽ അർഷാദിന് കൊള്ളി വയ്ക്കാൻ കഴിഞ്ഞില്ല. കർമ്മങ്ങളൊക്കെ ആദിദേവനാണ് ചെയ്തത്.
“അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ മോനെ. “
“അച്ഛൻ വിഷമിക്കരുത്. എൻ്റെ മനസ്സിൽ ഞാൻ അമ്മയ്ക്കുള്ള ഉദക ക്രിയകളൊക്കെ നടത്തി. അമ്മ സന്തോഷിച്ചിട്ടുണ്ടാകും. ഒരിക്കൽ ഞാൻ അമ്മയ്ക്ക് വേണ്ടി കാശിയിൽ പോകും. “
കരയുന്ന അച്ഛനെ അവൻ ചേർത്ത് പിടിച്ചു. അവനും അച്ഛനും മാത്രമായ അവസരങ്ങളിൽ അവിടെയൊക്കെ അമ്മയുണ്ടെന്നു രണ്ടാൾക്കും തോന്നിയിരുന്നു. അർഷാദ് കോളേജിൽ പോയി തുടങ്ങി. അമ്മുവമ്മയാണ് രണ്ടാൾക്കുമുള്ള ഭക്ഷണം തയാറാക്കിയത്.
അമ്മ പോയതോടെ ആദി വീട്ടിൽ വരുന്നത് തന്നെ വല്ലപ്പോഴുമായി. അവൻ്റെ ജീവിതം കുത്തഴിഞ്ഞതായി മാറി. ആവശ്യമില്ലാത്ത കൂട്ടുകളിലൊക്കെ പെട്ട അവൻ പത്താം ക്ലാസ്സിൽ തോറ്റു പോയി. അർഷാദാകട്ടെ ഓരോ ക്ലാസ്സിലും മിടുക്കനായി പഠിച്ച് അച്ഛൻ്റെയും നാടിൻ്റേയും അഭിമാനമായി വളർന്നു വന്നു.
(തുടരും.. )
✍️✍️നിഷ പിള്ള

