മീര വീട്ടിലേക്ക് കയറുമ്പോഴേ മുറ്റത്ത് കാർ കണ്ടതും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.
പക്ഷെ അകത്തുള്ളവരുടെ മുഖം കണ്ടപ്പോൾ പന്തികേട് തോന്നി അവൾ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു.
അമ്മ ചായയിടുന്നുണ്ടെങ്കിലും മനസ്സ് ഇവിടൊന്നുമല്ലെന്ന് വ്യക്തം.
ശ്രുതി ചേച്ചിയെയും കുട്ടൂസനെയും കാണുന്നുമില്ല.
മീര പടികൾ കയറി മുകളിലേക്ക് പോയി.
തന്റെ മുറിയിൽ ബാഗ് കൊണ്ട് വച്ചിട്ട് ചേച്ചിയുടെ മുറിയിലേക്ക് പോയി.
അവൾ കട്ടിലിൽ ഇരിപ്പുണ്ട്.കുഞ്ഞ് അടുത്ത് കിടന്ന് ഉറങ്ങുന്നു.
തറയിൽ വച്ചിരിക്കുന്ന ബാഗുകൾ കണ്ടതും അവൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി.
അവൾ അടുത്തേക്ക് ചെന്ന് തറയിൽ മുട്ട് കുത്തി നിന്ന് ശ്രുതിയുടെ മടിയിലേക്ക് തല ചായ്ച്ചു.
പെയ്യാൻ വെമ്പി നിന്ന മേഘത്തിനെ പോലെ അവളുടെ ശിരസ്സിലേക്ക് മുഖം അമർത്തി ശ്രുതി പൊട്ടിക്കരഞ്ഞു.ശബ്ദമില്ലാതെ..
കരഞ്ഞ് മനസ്സിലെ മാറാലകൾ ഒഴിഞ്ഞതും ശ്രുതിയും മീരയും കൈകൾ കോർത്ത് പിടിച്ച് തറയിലേക്ക് ഊർന്ന് ഇരുന്നു.
ശ്രുതി പറഞ്ഞു.
“നമ്മുടെ അച്ഛനെയും അമ്മയെയും ഓർത്ത് മാക്സിമം ഞാൻ സഹിച്ചു പൊന്നൂ.
ഇനിയും സഹിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ഇറങ്ങി വന്നത്.
അപ്പോഴൊക്കെ മിണ്ടാതെ നിന്നിട്ട് മനുവേട്ടനും വീട്ടുകാരും ഇപ്പോൾ മധ്യസ്ഥത
പറയാൻ വന്നിരിക്കുന്നു.”
“നീ ഒറ്റയ്ക്കാണോ അവിടുന്ന് പോന്നത്?”
“യെസ്.കുട്ടൂസനെയും എടുത്ത് ബാഗിൽ കൊള്ളാവുന്നത്ര ഡ്രെസ്സും സർട്ടിഫിക്കറ്റും
നമ്മുടെ അച്ഛൻ തന്ന ജൂവൽസും മാത്രേ ഞാൻ എടുത്തുള്ളൂ..എന്നിട്ടും എന്റെ ബാഗിലേക്ക് ആയിരുന്നു ആ തള്ളയുടെ നോട്ടം മുഴുവനും. ഞാൻ അവരുടെ വല്ലതും അടിച്ചോണ്ട് വരുന്നോ എന്നായിരിക്കും.”
മീര ശ്രുതിയെ നോക്കി എന്ത് പറയണമെന്ന് അറിയാതെ ഇരുന്നു.
“വന്ന് കുറച്ച് നേരം കഴിഞ്ഞപ്പോഴേക്ക് മനുവേട്ടനും അച്ഛനും വന്നു.
അവിടെ വച്ച് ഇറങ്ങി പോകാൻ നേരം ഒരു വാക്ക് മിണ്ടാതെ നിന്നവരാ.. ഇതിപ്പോ ആരെ കാണിക്കാനാണാവോ..?”
“നിനക്കിപ്പോ ആരാ പ്രോബ്ലം ശ്രുതി ചേച്ചി? മനുവേട്ടൻ ആണോ. അതോ അമ്മയും അച്ഛനുമോ?”
“എല്ലാവരും പ്രോബ്ലം ആണ് പൊന്നൂ. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.. ദേ ആർ ടോർച്ചറിങ് മി.”
ശ്രുതിയുടെ കഴുത്തിലെ പച്ച ഞരമ്പുകൾ എഴുന്നു നിന്നു.
അവൾ അങ്ങേയറ്റം ടെൻഷനിൽ ആകുമ്പോഴാണ് അവൾക്ക്
അങ്ങനെയൊരു ഭാവം വരുന്നതെന്ന് മീരയ്ക്ക് നന്നായി അറിയാം.
അത് കൊണ്ട് അവൾ ശ്രുതിയെ ചേർത്ത് പിടിച്ച് മുതുകിൽ തട്ടി കൊണ്ടിരുന്നു.
“എല്ലാം ശരിയാകും ചേച്ചീ..എല്ലാം ഓക്കേ ആകും.”
അമ്മ മുകളിലേക്ക് കയറി വന്നു.
“മക്കളെ താഴേക്ക് വാ.അവര് വിളിക്കുന്നുണ്ട്.”
മീരയും ശ്രുതിയും അമ്മയുടെ മുഖത്തു ദീനതയോടെ നോക്കി.
” മിന്നൂ, മോളെ അമ്മയ്ക്ക് മനസ്സിലാകും.
പക്ഷേ അമ്മായിഅമ്മയോടുള്ള പിണക്കത്തിന് വീട്ടിൽ വന്ന് നിന്നാൽ നാട്ടുകാരെന്താ പറയാ..
മനു നിന്നെ നന്നായി നോക്കുന്നില്ലേ. ഇവിടെ എന്തിനും സഹായിക്കാൻ അച്ഛനുണ്ടല്ലോ? നിനക്ക് താഴെ ഒരുത്തി ഇല്ലേ മോളെ..
വളർന്നു വരുന്നതും ഒരു പെൺകുഞ്ഞാ നിനക്ക്. അച്ഛനില്ലാതെ എത്രകാലം വളർത്തും നീയതിനെ.”
മീരയ്ക്ക് സങ്കടം വന്നു
“അമ്മ എന്തൊക്കെയാ ഈ പറയുന്നത്? ഇത്രയും ന്യൂസും സംഭവങ്ങളും കണ്മുന്നിൽ കണ്ടാലും ആരും ഒന്നും പഠിക്കില്ല. ഇപ്പോ ഇവളെ തള്ളി തള്ളി അങ്ങോട്ട് വിട്ടിട്ട് പിന്നെ എന്തെങ്കിലും പറ്റിയാ ‘മോളേ.’ ന്ന് വിളിച്ച് അലറി കരഞ്ഞിട്ട് കാര്യമില്ല.
ഭർത്താവില്ലാത്ത മോളാണോ ജീവനില്ലാത്ത മോളാണോ അമ്മയ്ക്ക് വേണ്ടത്?
“പൊന്നൂ..”
“അമ്മയ്ക്ക് നോവുന്നുണ്ടോ?
മിന്നു ചേച്ചിയും ഒരു ജീവനാണമ്മേ. അവൾക്കും അവകാശങ്ങളും ആഗ്രഹങ്ങളും ഇല്ലേ?
” അതിന് അവൾ തന്നെ കണ്ടുപിടിച്ച ആളല്ലേ മനു. ഒരെതിർപ്പും പറയാതെ കെട്ടിച്ചു കൊടുത്തില്ലേ ഞങ്ങൾ?”
“അത് കൊണ്ട്..?
അവൾ തിരഞ്ഞെടുത്ത ജീവിതമായോണ്ട് അവൾ തന്നെ അനുഭവിക്കണമെന്നോ? അപ്പോ നമുക്ക് കടമ എന്നൊന്നില്ലേ അമ്മേ?”
“പൊന്നൂ.. നീ അമ്മയെ എതിർക്കണ്ട. എനിക്ക് മനസ്സിലാവും അമ്മയെ.
പക്ഷേ അമ്മേ നിങ്ങളൊക്കെ കാണുന്ന മനുവേട്ടൻ നല്ലോരു ഭർത്താവാണ്. അച്ഛനാണ്.
പക്ഷെ ഭാര്യയോട് സ്നേഹമുണ്ടെങ്കിലും അവൾക്ക് വേണ്ടി അച്ഛനമ്മമാരോട് ഒരു വാക്ക് എതിർത്ത് പറയാൻ കഴിയാത്തവനാണ്.
അമ്മയെ സ്നേഹിക്കുന്നവൻ ഭാര്യയെയും അത് പോലെ സ്നേഹിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മനുവേട്ടൻ അമ്മയെയും ഭാര്യയെയും അളവറ്റ് സ്നേഹിക്കുന്നുണ്ട്.
പക്ഷേ അമ്മയ്ക്ക് മുൻപിൽ ഭാര്യയെ സ്നേഹിക്കാൻ പേടിക്കുന്നവനാണ്. ഇതിൽ കൂടുതൽ എനിക്ക് എന്റെ അവസ്ഥ വിശദീകരിക്കാൻ വയ്യമ്മേ.”
മീര വേദനയോടെ ശ്രുതിയെ നോക്കി നിന്നു.
അപ്പോൾ താഴെ മനു ശ്രുതിയുടെ അച്ഛനോട് സംസാരിക്കുകയായിരുന്നു.
“എനിക്കറിയാം അച്ഛാ. ഞാൻ മുംബയിലേക്ക് തിരിച്ചു പോകുമ്പോൾ ശ്രുതി ഒരുപാട് സഹിക്കുന്നുണ്ടെന്ന്.
പക്ഷേ അവളുടെ സന്തോഷത്തിന് വേണ്ടി എന്റെ അച്ഛനമ്മമാരെ തള്ളി പറയാൻ വയ്യച്ഛാ.. അവർക്ക് വേണ്ടി അവളെയും.
എനിക്ക് അവളും മോളും എന്റെ ജീവനാണ്.
അവളും അമ്മയും എപ്പോഴും കീരിയും പാമ്പും. ഞാൻ എന്താ ചെയ്യാ. സമാധാന അന്തരീക്ഷത്തിന് വേണ്ടി ഞാൻ മിണ്ടാതെ ഇരിക്കും. ഞാൻ പ്രതികരിക്കുന്നില്ല എന്നതാ ശ്രുതിയുടെ പരാതി.
പെറ്റ് വളർത്തിയ അച്ഛനമ്മമാരോട് എങ്ങനെ പ്രതികരിക്കാനാണ് അച്ഛാ.. അച്ഛൻ തന്നെ പറയ്.”
മീരയുടെ അച്ഛൻ, വിശ്വനാഥൻ മേനോൻ എന്ത് പറയണമെന്നറിയാതെ മിണ്ടാതെ ഇരുന്നു.
അമ്മയും രണ്ട് പെണ്മക്കളും താഴേക്ക് ഇറങ്ങി വന്നു.മൂന്ന് പേരുടെയും കണ്ണുകളിൽ നനവ്.
അത് കണ്ടതും ആ അച്ഛന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.
മനു പെട്ടെന്ന് എഴുന്നേറ്റ് ശ്രുതിയുടെ അടുത്തേക്ക് ചെന്നു. അവളുടെ കൈയിൽ പിടിച്ചു അവൻ പറഞ്ഞു.
” മോളെ എനിക്കറിയാം. നീ അമ്മയെ ഒരുപാട് സഹിക്കുന്നുണ്ടെന്ന്.
പക്ഷേ അതിനേക്കാളും വലുതല്ലേടി നമ്മുടെ സ്നേഹം. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന്
നീ ഇറങ്ങിപ്പോയാൽ ഞാൻ എങ്ങനെ സഹിക്കും..”
“എന്റെ പ്രശ്നം അവരല്ല മനുവേട്ടാ.. നിങ്ങളാണ്..” എന്ന് പറയാൻ ശ്രുതി കൊതിച്ചു.
പക്ഷെ ചുറ്റിനും നിൽക്കുന്നവരുടെ മുന്നിൽ സ്നേഹിക്കുന്നവനെ താഴ്ത്തി പറയാൻ ആവാതെ അവൾ കുഴങ്ങി.
മനുവിന്റെ അച്ഛൻ അടുത്തേക്ക് വന്നു.
“മോളെ.കുടുംബം ഇങ്ങനെയൊക്കെയാ.
ചെറിയ പ്രശ്നങ്ങൾക്ക് ഇങ്ങനെ സ്വന്തം വീട്ടിൽ ഇടയ്ക്കിടെ വന്ന് അവരെക്കൂടി വേദനിപ്പിക്കുന്നത് എന്തിനാ? നിനക്ക് താഴെയും ഒരു പെണ്ണില്ലേ? നീ ഇങ്ങനെ വന്ന് നിന്നാൽ നാളെ അവൾക്കൊരു ഭാവി വേണ്ടേ.?”
എന്തോ പറയാൻ വന്ന മീരയെ അമ്മ കയ്യിൽ അമർത്തി നിർത്തി. കയ്യിൽ പിടിച്ചമർത്തിയതിന്റെ വേദനയെക്കാൾ അവളെ നോവിപ്പിച്ചത് അവരുടെ മൗനമായിരുന്നു.
മനുവിന്റെ അച്ഛൻ വാക്കുകൾ കൊണ്ട് വല നെയ്തു കൊണ്ടിരുന്നു.
അതിൽ പെട്ട പ്രാണിയെ പോലെ ശ്രുതി പുളഞ്ഞു വേദനിച്ചു.
തനിക്കായി അച്ഛനമ്മമാർ ഒന്നും പറയാത്തതും അവളെ തിരികെ അവർക്കൊപ്പം പോകാൻ പ്രേരിപ്പിച്ചു.
കുഞ്ഞിനെയുമെടുത്ത് അവർക്കൊപ്പം കാറിൽ കയറുമ്പോൾ വെറുതെയെങ്കിലും ഒരു പിൻവിളി പ്രതീക്ഷിച്ചു അവൾ അവരെ നോക്കി.
കാർ ഗേറ്റ് കടന്നു പോയതും മീര പൊട്ടിക്കരച്ചിലോടെ മുറിയിലേക്ക് ഓടി.
നെടുവീർപ്പോടെ അത് നോക്കി നിൽക്കാനേ അവർക്കായുള്ളൂ.
ദിവസങ്ങൾക്ക് ശേഷം ഒരു രാത്രിയിൽ..
മനു തിരികെ പോയിരുന്നു.
എപ്പോഴോ തുടങ്ങിയ വഴക്ക് അതിസങ്കീർണ്ണമാവുകയായിരുന്നു.
എതിർത്ത് പറഞ്ഞ ശ്രുതിയെയും കുഞ്ഞിനെയും മനുവിന്റെ അമ്മ വീട്ടിനു വെളിയിൽ ഇറക്കി വിട്ടിട്ട് കതക് അടച്ചു.
ചാറുന്ന മഴയിൽ ശ്രുതി വാതിലിൽ മുട്ടി വിളിച്ചു.
“അമ്മേ കതക് തുറക്ക്. കുഞ്ഞിന് പനിയുണ്ട്. ചാറ്റൽ മഴ കൊണ്ട് അവൾക്ക് തീരെ വയ്യാതാവും. പ്ലീസമ്മേ കതക് തുറക്ക്.”
അവർ അനങ്ങിയില്ല. സന്ധി പറയാനെത്തിയ മനുവിന്റെ അച്ഛനെയും താക്കീത് ചെയ്ത് അവിടിരുത്തി.
ശ്രുതി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്നു. ഫോൺ റൂമിലാണ്. ആരെയും വിളിക്കാൻ പോലും കഴിയില്ല.
സ്വന്തം വീട്ടിലേക്ക് പോകാമെന്ന് വച്ചാൽ ഇന്നേരത്ത് വണ്ടിയുമില്ല.കയ്യിൽ കാശുമില്ല.കുഞ്ഞ് തണുത്ത് വിറയ്ക്കുന്നുണ്ട്.
അച്ഛനെയും അമ്മയെയും മീരയെയും ഓർത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു.
തിരികെ ചെന്നാലും വീണ്ടും ഇങ്ങോട്ട് തന്നെ പറഞ്ഞു വിടുമല്ലോ എന്നോർത്ത് അവൾ ഏങ്ങി.
കണ്ണുനീർ കുഞ്ഞിന്റെ മുഖത്ത് വീണു. അവൾ ഞെട്ടി കരയാൻ തുടങ്ങി.
കരച്ചിൽ കേട്ടിട്ടും അവർക്ക് ഒരു കുലുക്കവും ഇല്ല. അച്ഛൻ അവരോട് പറഞ്ഞു.
“നീ നമ്മുടെ മോന്റെ കുഞ്ഞിനെ ഓർത്തെങ്കിലും അവളെ അകത്ത് കയറ്റ്.
ആ കുഞ്ഞ് എന്ത് ചെയ്തു.”
“ദേ,മനുഷ്യാ മിണ്ടാതെ ഇരുന്നോണം. അവൻ ഏത് നേരവും അവിടേം ഇവളിവിടേം അല്ലേ. മനൂന്റെ തന്നെയാണോ കുഞ്ഞെന്ന് ആർക്കറിയാം?
എന്റെ ചേട്ടന്റെ മോളെ കെട്ടാൻ കാലു പിടിച്ച് പറഞ്ഞതാ ഞാനവനോട്.
എന്നിട്ട് ഇവൾ ഒറ്റ ഒരുത്തി അവനെ വശീകരിച്ച് വച്ചതോണ്ടല്ലേ ദീപ്തിമോൾ നമ്മുടെ മരുമോൾ ആകാതെ പോയത്?”
നിങ്ങൾ എന്നെ ധിക്കരിച്ച് കതകെങ്ങാനും തുറന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും ഞാനെന്നെ.ആ നശിച്ചവളും പിഴച്ച സന്തതിയും അവിടെ കിടന്ന് ചാവട്ടെ.”
പുറത്ത് നിന്ന് ഇതൊക്കെ കേട്ട ശ്രുതി വെള്ളിടി വെട്ടിയത് പോലെ ഭിത്തിയിലേക്ക് ചാരി.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി അവൾ ചുണ്ടുകൾ കടിച്ച് പിടിച്ച് വിതുമ്പി.
‘ഇനി ഇത്രയും കേട്ടിട്ട് എന്തിനാണ് ജീവിച്ചിരിക്കുന്നത്? ഭാര്യേയും കുഞ്ഞിനേയും സംരക്ഷിക്കാൻ കഴിവില്ലാത്ത നട്ടെല്ലില്ലാത്ത ഭർത്താവ് എത്ര സ്നേഹം വാരിക്കോരി തന്നാലും അതൊക്കെ ജലരേഖ മാത്രം.
വേണ്ട സമയത്ത് കിട്ടാത്ത പരിഗണനയും സ്നേഹവും കൊണ്ട് ഒരു വിലയുമില്ല.
ആർക്കും താനൊരു ഭാരം ആവരുത്.
ശ്രുതി കുഞ്ഞിനേയും എടുത്ത് കൊണ്ട് പെബ്ബിൾസ് ഇട്ട് ഭംഗിയായി ഒരുക്കിയ മിറ്റത്ത് താമരയുടെ ആകൃതിയിൽ പണിത കിണറ്റിനു അരികിലേക്ക് നടന്നു.
മുകളിലെ മേൽമൂടി മാറ്റി അതിന്റെ താഴ്ചയിലേക്ക് നോക്കി.
കുഞ്ഞിനെ കയ്യിലേക്ക് എടുത്ത് ആ കുഞ്ഞു മുഖത്തിൽ തെരുതെരെ ഉമ്മ വച്ചു.
അമ്മയുടെ ഉമ്മ കിട്ടിയപ്പോൾ അസ്വസ്ഥതകൾ മറന്ന് കുഞ്ഞ് അമ്മയെ നോക്കി ചിരിച്ചു.
നെഞ്ച് പൊട്ടുന്ന വേദനയോടെ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് അവൾ കിണറ്റിലേക്ക് എടുത്ത് ചാടി.
ചിതറിയ വെള്ളത്തുള്ളികൾക്ക് നടുവിലൂടെ അവർ താഴേക്ക് ഊർന്ന് പോയി.
“അമ്മേ..”
മീര ഞെട്ടി അലറി വിളിച്ച് കൊണ്ടെഴുന്നേറ്റു.
വിയർത്ത് കുളിച്ച അവൾ പരിഭ്രാന്തിയോടെ ലൈറ്റ് ഇട്ടു.
“മോളെ..കതക് തുറക്ക്”
പുറത്ത് അച്ഛനും അമ്മയും കതകിൽ തട്ടുന്നു.അവൾ വേച്ച് നടന്നു പോയി വാതിൽ തുറന്നു.
“എന്താ..എന്തിനാ നീ നിലവിളിച്ചത്?”
“അമ്മേ..” മീര അമ്മയുടെ മാറിലേക്ക് വീണു.
“എന്താ മോളെ..കാര്യം പറ?”
“ചേച്ചി..ചേച്ചിക്ക് എന്തോ പറ്റീട്ട്ണ്ട് മ്മേ..”
അവൾ തേങ്ങലുകൾക്കിടയിലൂടെ അവൾ പറഞ്ഞൊപ്പിച്ചു.
“ഒന്നുമില്ല..നീ സ്വപ്നം കണ്ടതാ..നീ അവളെ ഒന്ന് വിളിക്ക്.”
മീര വെപ്രാളത്തോടെ ഫോൺ എടുത്ത് ശ്രുതിയുടെ നമ്പർ ഡയൽ ചെയ്തു.
സ്വിച്ചോഫ്.
“നാളെ നമുക്ക് അങ്ങോട്ട് പോകാം.നീ സമാധാനപ്പെട്”
അച്ഛൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
മീര കരച്ചിലോട് കരച്ചിൽ.
അവൾ ഒറ്റക്കാലിൽ നിന്നു.ശ്രുതിയെ കണ്ടേ പറ്റുള്ളൂ മീരയ്ക്ക്.
ഗതികെട്ട് അച്ഛൻ മീരയെ വിളിച്ചു കൊണ്ട് ശ്രുതിയുടെ വീട്ടിലേക്ക് പോയി.
മനുവിന്റെ വീട്ടിലെ മിറ്റത്തേക്ക് കാർ കയറ്റിയതും ശ്രുതിയും കുഞ്ഞും മഴയിലൂടെ ആർത്തലച്ച് വന്ന് കാറിന്റെ ബോണറ്റിലേക്ക് വന്ന് തടഞ്ഞു.
ആശങ്കയോടെ ഇറങ്ങിയ അച്ഛന്റെ ദേഹത്തേക്ക് ശ്രുതി കരച്ചിലോടെ ചേർന്നു.
“എന്താ മോളെ..?”
മീര ഓടി വന്ന് കുഞ്ഞിനെ വാങ്ങി.ശ്രുതി കരഞ്ഞുകൊണ്ട് വിവരം പറഞ്ഞു.
“നിങ്ങൾ വന്നില്ലാരുന്നെങ്കിൽ ഞാനിപ്പോ ജീവിതം തീർത്തേനെ അച്ഛാ..”
അവൾ വിതുമ്പി.
അവളെയും കുഞ്ഞിനേയും കാറിൽ കയറ്റി ഇരുത്തീട്ട് അച്ഛൻ മനുവിന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ..?”
ഉറക്കച്ചടവിൽ മനുവിന്റെ ശബ്ദം.
“മനൂ.ശ്രുതിയുടെ അച്ഛനാണ്.ഞാൻ മോളെയും കുഞ്ഞിനേയും കൊണ്ട് പോകുന്നു.
ഇനി ഈ വീട്ടിലേക്ക് എന്റെ മോളെ ഞാൻ അയക്കില്ല. എന്റെ മോളുടെ ജീവനേക്കാൾ വലുതല്ല എനിക്ക് മാനവും അന്തസ്സും. നിനക്ക് നിന്റെ ഭാര്യയും മോളും ഉള്ള കുടുംബം വേണമെങ്കിൽ അവിടേക്ക് ഇവരെ കൂടി കൊണ്ട് പോകണം.
അതല്ല നിനക്ക് നിന്റെ അച്ഛന്റെ കുടുംബം ആണ് വലുതെങ്കിൽ എന്റെ മോളെ മറന്നേക്കുക.
അവൾക്ക് അച്ഛനുണ്ട്.എന്താണെന്ന് വച്ചാൽ നീ ആലോചിച്ചിട്ട് നാളെ വിളിച്ചു പറഞ്ഞാൽ മതി.ഇപ്പോ വയ്ക്കട്ടെ”
മറുഭാഗത്ത് നിന്ന് മറുപടി കേൾക്കാൻ നിൽക്കാതെ അയാൾ ഫോൺ വച്ചു.
പിന്നെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു.
സിറ്റൗട്ടിലെ ലൈറ്റ് തെളിഞ്ഞു.
കതക് തുറന്ന് മനുവിന്റെ അച്ഛനും അമ്മയും ഇറങ്ങി വരാൻ തുടങ്ങിയതും മീരയുടെ അച്ഛന്റെ കാർ മുറ്റം കടന്ന് പോയി.
മീരയുടെ തോളിൽ ചാരി ശ്രുതി കണ്ണുകൾ അടച്ചു.പിന്നിട്ട വേദനയുടെ കനലുകളെ മഴയത്ത് ഒഴുകാൻ വിട്ടിട്ട്..
ആശ്വാസത്തോടെ അവൾ മയങ്ങി.
മീരയുടെ മടിയിൽ കിടന്ന് ആ കുഞ്ഞ് ഉറക്കത്തിൽ ഏതോ സ്വപ്നം കണ്ട് മെല്ലെ ചിരിച്ചു.
(തുടരും..)


1 Comment
Pingback: പല നദികൾ ചേർന്നൊരൊറ്റ കടൽ! (4) - By Anju Ranjima - കൂട്ടക്ഷരങ്ങൾ