എൻ്റെ പിറകിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. താടിയുള്ള ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു. നല്ല പൊക്കവും തടിയും താടിയുമുണ്ട്. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. സുമുഖനായ അവന്റെ ചിരിയ്ക്കു നല്ല ഭംഗി തോന്നി. ഇതാണോ ടീച്ചറമ്മയുടെ ഡോക്ടർ മോൻ.
“ആരാണ്?”
“ടീച്ചറമ്മയെ ഒന്ന് കാണാനാണ്. ഞാൻ വക്കീലാണ്, ദേവി ബ്രഹ്മദത്തൻ. “
“‘അമ്മ അകത്തുണ്ട്, കിടപ്പാണ്, വീണതൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലെ. “
“വീണോ? ആര് ടീച്ചറമ്മയോ?”
“അതെ ഈ പടിക്കെട്ടിൽ ഒന്ന് തെന്നി വീണു. കാലിൽ ചെറിയ പൊട്ടലുണ്ട്. പ്ലാസ്റ്റർ ചെയ്തു, ഇപ്പോൾ റെസ്റ്റിലാണ്. “
“അകത്തേയ്ക്കു വരാമോ? ടീച്ചറമ്മയെ ഒന്ന് കാണാൻ പറ്റുമോ?”
“അതിനെന്താ. അമ്മയെ ശുശ്രുഷിക്കാൻ നിന്ന സ്ത്രീ അവരുടെ വീട് വരെയൊന്നു പോയി. ഇന്നിപ്പോൾ ഞാൻ ലീവെടുത്തു കൂടെ നില്ക്കുന്നു. “
അതുംപറഞ്ഞു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ചു. അതിമനോഹരമായ ചിരിയാണവന്റേത്. ആ ചിരി മുൻപ് എപ്പോഴോ കണ്ടിട്ടുള്ളത് പോലെ, ഓർമ്മയിലെവിടെയോ ആഴത്തിൽ പതിഞ്ഞൊരു ചിരി.
അയാളുടെ പിറകിൽ നീണ്ട ഇടനാഴിയിലൂടെ ഞാൻ നടന്നു. ഇടതു വശത്തെ ഇരുണ്ട വെളിച്ചമുള്ള പഴയ മുറിയിലേയ്ക്ക് അവൻ അവളെ ആനയിച്ചു.
“ഇതാണ്. “
ആ മുറിയിൽ ടീച്ചറമ്മ കിടക്കുന്നുണ്ടായിരുന്നു. ഒരു മാക്സി ആയിരുന്നു ടീച്ചറുടെ വേഷം. പ്ലാസ്റ്ററിട്ട ഇടതു കാൽ ഒരു തലയിണയിൽ പൊക്കി വച്ചിരുന്നു. അവൻ കണ്ണടച്ച് കിടന്ന ടീച്ചറമ്മയുടെ കയ്യിൽ മെല്ലെ തട്ടി.
“ടീച്ചറിന് ഒരു സന്ദർശകയുണ്ട്. “
ടീച്ചർ കണ്ണ് തുറന്നു.
“ആരിത് ദേവി മോളോ?”
പരസ്പരം പരിചയപ്പെട്ടു ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ യമുന ടീച്ചർ വക്കീലെന്ന വിളി ഒഴിവാക്കി എന്നെ മോളേ എന്നാക്കി. തിരിച്ചു ഞാനും ടീച്ചറമ്മ എന്ന് വിളിച്ചു തുടങ്ങി.
ഞാൻ ടീച്ചറുടെ കിടക്കയുടെ അരികിലിരുന്നു. അവരുടെ വെളുത്ത് മെലിഞ്ഞ കരങ്ങളിൽ മെല്ലെ തലോടി.
“ആദ്യായിട്ടല്ലേ ഇങ്ങോട്ട്. വീടെങ്ങനെ കണ്ടു പിടിച്ചു. “
“അതിപ്പോൾ ടീച്ചറമ്മയുടെ വീടേത് എന്ന് ചോദിച്ചാൽ ഗൂഗിൾ മാപ്പ് പോലും പറഞ്ഞു തരും. അത്ര ഫേമസല്ലേ. “
ഫോണെടുത്തു ഗൂഗിൾ മാപ്പിൽ ബോധി ഹൗസ് എന്ന് കാണിച്ചു കൊടുത്തു.
“അതൊക്കെ ഇവന്റെ കൂട്ടുകാരന്റെ വേലയാണ്. ഇവന് കുറെ നല്ല കൂട്ടുകാരുണ്ട്. “
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഇതിപ്പോൾ എന്ത് പണിയാ ഒപ്പിച്ചത്? കാലൊക്കെ ഒടിഞ്ഞു വാരിയല്ലോ. “
“ഒന്നും പറയണ്ട എൻ്റെ മോളേ, നല്ല പോലെ ഉറക്കം കിട്ടാൻ വൈദ്യൻ പറഞ്ഞ് തന്ന ഉപായം ഒന്ന് പരീക്ഷിച്ച് നോക്കിയതാണ്. കാലിനടിയിൽ നല്ല പോലെ എണ്ണ
പുരട്ടി തടവി. മഴ തുടങ്ങിയപ്പോൾ ഉണക്കാനിട്ട തുണി പെറുക്കാൻ ഓടിയതാ, എണ്ണ പുരട്ടിയ കാര്യം മറന്ന് പോയി. സിറ്റൗട്ടിൽ തെന്നിയടിച്ച് വീണു. ഇവന് അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ബുദ്ധിമുട്ടിയ്ക്കേണ്ട എന്ന് കരുതി, രാത്രി മുഴുവൻ ഞാൻ വേദന സഹിച്ചു. “
“ഇപ്പോൾ മോന് തീരെ ബുദ്ധിമുട്ടായില്ലല്ലോ അല്ലേ, എന്നെ വിളിയ്ക്കാമായിരുന്നു. “
“നിന്നെ ഓർത്തിരുന്നു മോളെ, പിന്നെ രാത്രിയിൽ എങ്ങനെ ബുദ്ധിമുട്ടിക്കും എന്ന് കരുതിയിട്ടാണ്. പിന്നെ ഇവന്റെ ചില കൂട്ടുകാരെയും ഓർത്തു. അപ്പോൾ എനിക്കാരെയും ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. “
കൈലാസനാണ് മറുപടി പറഞ്ഞത്.
“രാവിലെയായപ്പോൾ നീരും വേദനയും കൂടി. രണ്ടാഴ്ച പൂർണമായും വിശ്രമം വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. “
“എടാ മോനെ ഇവളാദ്യമായിട്ടാണ് ഇവിടെ വന്നത്. എന്തേലും കുടിയ്ക്കാൻ കൊടുക്ക് മോനേ. “
ടീച്ചർ പറഞ്ഞു.
“മോളെ അവൻ ചായയിട്ടാൽ ശരിയാകില്ല. മോളും കൂടെ ഒന്ന് സഹായിക്കൂ. “
കൈലാസിന്റെ പിറകെ ഞാനും അടുക്കളയിലേയ്ക്ക് നടന്നു. പിന്നീട് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലായെന്ന് എനിക്ക് തോന്നി. അപരിചിതനായൊരു യുവാവ്, അയാളുമൊത്തു അയാളുടെ വീട്ടിലെ അടുക്കളയിൽ.
ചെന്നപാടെ കൈലാസൻ രണ്ടു ഗ്ലാസ് വെള്ളം സ്റ്റൗവിൽ വച്ചു.
“സമാസമം വെള്ളവും പാലും വച്ചാൽ പോരേ. “
ഞാൻ തന്നെ പാലും തേയിലപ്പൊടിയും ഏലയ്ക്കാപൊടിയും പഞ്ചസാരയും ചേർത്തു. തിള വരുന്നത് വരെ നോക്കി നിന്നപ്പോൾ എൻ്റെ കണ്ണുകൾ കൈലാസിന്റെ കണ്ണുകളുമായി കൂട്ടി മുട്ടി. ഞാൻ പെട്ടെന്ന് അവനിൽ നിന്നും ദൃഷ്ടികൾ പിൻവലിച്ചു ട്രേയിൽ മൂന്നു കപ്പുകൾ നിരത്തി. പിന്നിൽ കൈലാസിന്റെ ചുമ കേട്ടു. അയാൾക്കെന്നോട് എന്തോ പറയാനുള്ളത് പോലെ…
തിളച്ച ചായ മൂന്നു കപ്പുകളിലായി ഒഴിച്ചു. ഏലക്കയുടെ നറുമണം അവിടെ പരന്നു. ഞങ്ങളുടെ ഇടയിലെ നിശബ്ദത നീണ്ടപ്പോൾ അവനോടു ഒരു ചോദ്യം ചോദിച്ചു.
“ഡോക്ടർക്കു വീട്ടിൽ പ്രാക്‌ടീസ് ഉണ്ടോ. “
“ഇല്ല…, എന്നെ ഇയാൾ മനഃപൂർവം അവഗണിക്കുകയാണോ?”
മറുപടിയ്ക്കു പകരം ഒരു മറുചോദ്യമാണ് ചോദിച്ചത്.
“ഞാനെന്തിനാ കൈലാസനെ അവഗണിക്കുന്നത്? നമ്മളാദ്യമായി കാണുന്നത് ഇന്നല്ലേ. ഈ ചോദ്യം എനിക്ക് മനസിലാകുന്നില്ല. “
അവൻ മറുപടി പറഞ്ഞില്ല. അവന്റെ കൈയിലെ ട്രേയിൽ നിന്നും ഒരു കപ്പ് ചായ ഞാൻ രുചിച്ചു “നല്ല ചായ ” എന്ന് അഭിപ്രായം പറഞ്ഞെങ്കിലും അവൻ മുഖം തിരിച്ചു ടീച്ചറുടെ മുറിയിലേയ്ക്ക് നടന്നു.
“ഇയാൾക്കെന്താ വട്ടുണ്ടോ എന്നെനിക്കു തോന്നി. “
ടീച്ചറെ ചാരിയിരുത്തി ചായക്കപ്പ് കയ്യിൽ കൊടുത്തു അയാൾ ധൃതിയിൽ മുറി വിട്ടു പോയി. പോകുന്നതിനു മുൻപ് ടീച്ചറെ നോക്കി ഇങ്ങനെ പറഞ്ഞു.
“അധികനേരം ഇങ്ങനെ ഇരിയ്ക്കണ്ട. ഞാൻ എന്റെ മുറിയിലുണ്ട്. ചായ കുടിച്ചിട്ട് വിളിയ്ക്കൂ. “
കൈലാസൻ പുറത്തു പോയെന്ന് ഉറപ്പായപ്പോൾ ടീച്ചറമ്മ ശബ്ദമടക്കി പറഞ്ഞു.
“അവൻ വല്യ ഗൗരവത്തിലാണല്ലോ മോളേ.? മോളോട് എന്തെങ്കിലും ചോദിച്ചോ?എന്തെങ്കിലും പറഞ്ഞു വഴക്കുണ്ടായോ?”
“അതെ ചോദിച്ചു, ഞാൻ അവഗണിക്കുകയാണോയെന്ന്. ഒരു പക്ഷെ ആളുമാറി ചോദിച്ചതാകുമല്ലേ. “
ടീച്ചർ നെടുവീർപ്പിട്ടു. എൻ്റെ കൈകൾ കൂട്ടി പിടിച്ചു.
“അല്ല അവനു ദേവിയെ നേരത്തെ അറിയാം. “
“എന്നെയോ? എങ്ങനെ?”
ദേവി ഇല്ലായെന്ന് തല കുലുക്കി.
“മോളുടെ ഓർമ്മകൾ ഒരു ഏഴെട്ടു വർഷം പിറകോട്ടു പോയാൽ, പ്രീഡിഗ്രി ക്ലാസ്സിൽ ഒരു മീശയില്ലാത്ത ഒരു ചെറിയ, മെലിഞ്ഞ പയ്യൻ ഉണ്ടായിരുന്നു, അവനു മോളെ ഭയങ്കര ഇഷ്ടമായിരുന്നു. പഠനത്തിൽ പിന്നോട്ട് പോകുമെന്ന് പേടിച്ചു അവന്റെ അമ്മയാണ് അവന്റെ പ്രേമം തകർത്തത്. അവൻ വരച്ച അവളുടെ ചിത്രങ്ങളൊക്കെ മുറ്റത്ത് കൂട്ടിയിട്ടു ഞാൻ കത്തിച്ചു. ഇനി മേലാൽ പടം വരയ്ക്കരുതെന്നവനോട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. അവൻ അമ്മയെ അനുസരിച്ചു. അവൻ ഒരു ഡോക്ടർ ആകണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു, വാശിയായിരുന്നു. “
“ആ കൈലാസനാഥനാണോ ഇത്, എന്റെ കൂടെ പ്രീഡിഗ്രിക്കു മാതാ കോളേജിൽ പഠിച്ച കൈലാസൻ. ആളാകെ മാറിയല്ലോ, മെലിഞ്ഞു വെളുത്ത പയ്യൻ, ഇപ്പോൾ മീശയും താടിയും വളർന്നു, എനിക്ക് കണ്ടിട്ട് മനസിലായില്ലല്ലോ. “
“മോള് അവനോടു ഒന്ന് സംസാരിക്കൂ, പ്ളീസ്…
എന്റെ കേസ് ജയിച്ച ദിവസം, കോടതി വളപ്പിൽ വച്ച് നമ്മളൊന്നിച്ചെടുത്ത ഫോട്ടോ ഞാൻ അവനെ കാണിച്ചിരുന്നു. അന്നവൻ മോളെ തിരിച്ചറിഞ്ഞിരുന്നു, എന്നോട് മോളോടൊന്നും പറയരുതെന്ന് പറഞ്ഞിരുന്നു. ആ പെൺകുട്ടി ദേവി മോളാണെന്നു അറിഞ്ഞപ്പോൾ എനിക്കും നല്ല വിഷമമായി. “
“എന്നെ അവനു മനസിലായിരുന്നോ?”
“ഞാൻ അത് അവനോടു ചോദിച്ചിരുന്നു. അവൻ പറഞ്ഞത് നിന്റെ കണ്ണുകൾ അവനൊരിക്കലും മറക്കാൻ കഴിയില്ലായെന്നാണ്. എത്ര ചിരിച്ചു കൊണ്ട് നിന്നാലും നിന്റെ കണ്ണിന്റെ ആഴത്തിലൊരു ദുഃഖക്കടൽ ഉണ്ടെന്ന് അവൻ പറഞ്ഞിരുന്നു. “
“മ് “
“മറ്റൊന്ന് കൂടി അവനെന്നോട് പറഞ്ഞിരുന്നു, അമ്മയ്ക്ക് ജീവിതത്തിൽ ജയിക്കാൻ വേണ്ടി, എന്നെ ഡോക്ടർ ആക്കാനായി, ഞാൻ ആരെ ഉപേക്ഷിക്കണമെന്നാണോ അമ്മയെന്നോട് പറഞ്ഞത്, ആരെ അവഗണിക്കാനാണോ അമ്മയെന്നെ പഠിപ്പിച്ചത്. അവസാനം അമ്മയെ കോടതിയിൽ ജയിപ്പിക്കാൻ അവള് തന്നെ വേണ്ടി വന്നില്ലേ. എനിക്കവളെ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ അമ്മാ. “
ടീച്ചറിനെ കിടക്കയിൽ കിടക്കാൻ സഹായിച്ചിട്ടു ഞാൻ കൈലാസനെ തെരഞ്ഞ് വീട് മുഴുവൻ നടന്നു. കായലിലേക്ക് വാതിലുള്ള വടക്കേ അറ്റത്തുള്ള മുറിയിൽ ഒരു കസേരയിലിരുന്നു എന്തൊക്കെയോ ചിന്തിക്കുകയായിരുന്നു അവൻ. അവന്റെ അടുത്തുള്ള കസേരയിലിരുന്നു.
രണ്ടുപേർക്കും ഒന്നും സംസാരിക്കാനായില്ല. നിമിഷങ്ങൾ കഴിഞ്ഞു പോയി. ഒടുവിൽ കൈലാസൻ മൗനം ഭഞ്ജിച്ചു
“തനിക്കു എന്നോട് പൊറുക്കാൻ കഴിയില്ലേ, ഞാൻ ഒരിക്കലും തന്നെ മറന്നിരുന്നില്ല, അമ്മയുടെ മുൻപിൽ മാത്രം ഞാൻ തന്നെ മറന്നതായി അഭിനയിച്ചു, പഠനം മാത്രമാണ് എന്റെ ഉള്ളിലെന്ന്. അമ്മ എന്നെ വിശ്വസിച്ചു. താൻ എന്നെ മറന്നു പോയല്ലേ. “
ഞാൻ നിങ്ങൾ പറഞ്ഞതൊക്കെ കണ്ണടച്ച് വിശ്വസിക്കണോ കൈലാസൻ?ഒറ്റപ്പെട്ട ജീവിതത്തിൽ എനിക്ക് കിട്ടിയ ആശയുടെ തുരുത്തായിരുന്നു നീ. എന്നിലെ കൗമാരക്കാരിക്ക് കരുത്താകാൻ ഞാൻ കണ്ട കച്ചിത്തുരുമ്പ്. എന്റെ സ്നേഹത്തെ നിർദ്ദയം നിങ്ങൾ തള്ളി കളഞ്ഞില്ലേ. ഒന്ന് പറയാമായിരുന്നു ദേവി എനിക്ക് പഠിക്കണം, എനിയ്ക്കൊരു ലക്ഷ്യമുണ്ട്, ഞാൻ നിന്റെ ജീവിതത്തിൽ നിന്നും മാറി തന്നേനെ. അതിനു പകരം നീ എന്നെ നിഷ്ക്കരുണം തള്ളി പറഞ്ഞതെന്തിനായിരുന്നു. എന്റെ തെറ്റ് എന്താണെന്നു മനസിലാകാതെ ഞാൻ വിഷമിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട് എനിക്ക് എന്റെ പ്രതിബിംബത്തെ പോലും പേടിയായി തുടങ്ങി. വിഷാദരോഗത്താൽ വലഞ്ഞ എനിക്ക് ആ വർഷം പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. എന്നാലും നമ്മുടെ സുഹൃത്തുക്കളോടൊക്കെ ഞാൻ നിന്നെ കുറിച്ച് അന്വേഷിച്ചു. മെഡിക്കൽ കോളേജിൽ അഡ്മിഷൻ എടുത്തു എന്നറിഞ്ഞപ്പോൾ ആദ്യമെനിക്ക് സന്തോഷവും പിന്നീട് വെറുപ്പും വാശിയുമായി. പിന്നെ ഞാൻ നിന്നെ മറന്നു. എന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. ഞാൻ പഠിച്ച് നല്ലൊരു വക്കീലായി, വീട്ടുകാരെ എതിർത്ത് സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ കുറച്ചൊക്കെ സാധിച്ചു. “
“എന്റെ അപ്പോഴത്തെ അവസ്ഥ അങ്ങനെ ആയിരുന്നു ദേവി, ഒരു പതിനേഴുകാരന് അന്നെന്തു ചെയ്യാൻ സാധിക്കും. ഇടയ്ക്കു ലീവിന് വരുമ്പോൾ നിന്നെക്കുറിച്ച് അന്വേഷിക്കും, നിന്റെ വീടിന് ചുറ്റും കറങ്ങി നടക്കും. നിന്റെ പപ്പാ ഇല്ലേ മാത്യൂസ്, ഒരിക്കൽ എന്നെ അടിയ്ക്കാനായി പിടിച്ചിരുന്നു. “
“എന്നിട്ട് ഞാൻ നിന്നെ ഒരിക്കലും കണ്ടില്ലല്ലോ, നീ പറയുന്നതൊന്നും എനിക്ക് വിശ്വാസമില്ല. “
“പി ജി കോഴ്സിന് ചേർന്നപ്പോൾ ഞാൻ നിന്റെ നഗരത്തിൽ ചേർന്നു. നിന്നെ തിരക്കി ഞാൻ ലോ കോളേജിൽ വന്നിരുന്നു. നേരിട്ട് വന്ന് കാണാൻ ഭയമായിരുന്നു. ഒരിക്കൽ ഞാൻ നിനക്ക് ഒരു സമ്മാനപ്പൊതി അയച്ചിരുന്നു. പക്ഷെ അത് സ്വീകരിച്ചില്ലായെന്നു പിന്നീട് ഞാൻ അറിഞ്ഞു. പിന്നെ അങ്ങനെയൊരു സാഹസത്തിനു ഞാൻ മുതിർന്നില്ല. “
“നന്നായി, എനിക്കിപ്പോഴും നിന്നോടുള്ള ദേഷ്യം മാറുന്നില്ല. പക്ഷെ ടീച്ചറമ്മ വളരെ നല്ലവളാണ്. ടീച്ചറമ്മയുടെ മകനായത് കൊണ്ട് മാത്രമാണ് ഞാനിപ്പോൾ നിൻ്റെ അടുത്തിരിക്കുന്നത്. “
“അത് ശരിയല്ല. ഞാൻ അന്ന് അങ്ങനെ ചെയ്തത് നിന്റെ ടീച്ചറമ്മ കാരണമാണ്, ടീച്ചറമ്മയോടു നിനക്ക് ദേഷ്യമില്ല, എന്നോട് മാത്രം വെറുപ്പ്. “
“അതെ വെറുപ്പാണ്, ദേഷ്യമാണ്. ഇനി ഞാൻ ഈ വീട്ടിൽ പോലും വരില്ല. “
“അപ്പോൾ തനിക്കെന്നോട് പൊറുക്കാൻ കഴിയില്ലെന്നാണോ. “
“ഇല്ല, പറ്റില്ല. “
“താനല്ലേ പറഞ്ഞത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി നീതി നടപ്പിലാക്കാൻ വേണ്ടിയാണ് താൻ വക്കീലായതെന്ന്, അതാണ് തന്റെ ലക്ഷ്യമെന്ന്. എന്നിട്ടു?തന്റെ മുന്നിൽ നീതിയ്ക്കായി ഒരു പതിനേഴുകാരൻ വന്നു നിന്നാൽ താനെന്താ ചെയ്യുക. ഒരു വശത്തു ഇഷ്ടപ്പെട്ട പെൺകുട്ടി, മറുവശത്തു വിധവയായ പെറ്റമ്മ. ഒരാളെ തെരെഞ്ഞെടുത്തേ പറ്റൂ, സഹായിക്കാൻ ആരുമില്ലാത്തവൻ. അവൻ എന്താ ചെയ്ക, കൊച്ചുകുട്ടിയല്ലേ. താൻ സഹായിക്കില്ലേ. “
“സഹായിക്കും. ഞാൻ അവനെ ഉപദേശിക്കും, തല്ക്കാലം പ്രേമവും മണ്ണാങ്കട്ടയുമൊക്കെ തലയിൽ നിന്നും കളഞ്ഞു മിടുക്കനായി പഠിക്കാൻ. പഠിച്ചു മിടുക്കനായി വന്നിട്ട് അവളോട് പ്രേമം അഭ്യർത്ഥിക്കാൻ. അതാകും ഞാൻ അവനോട് പറയുക. “
കൈലാസൻ കൈയിലിരുന്ന കപ്പ് നിലത്തു വച്ച് കസേരയിൽ നിന്നും എഴുന്നേറ്റു. ടീപ്പോയിലിരുന്ന ഫ്ലവർ വേസിൽ നിന്നും മനോഹരമായ ഒരു ചുവന്ന റോസാ പുഷ്പം എടുത്ത്
എൻ്റെ മുൻപിൽ ഒരു മുട്ട് മടക്കിയിരുന്നു.
“വിൽ യു പ്ളീസ് മാരീ മി. “
എനിക്ക് ചിരി വന്നെങ്കിലും ഞാൻ മുഖത്ത് കള്ള ഗൗരവം വരുത്തി. കസേരയിൽ നിന്നും എഴുന്നേറ്റു പൂ വാങ്ങിയെങ്കിലും തിരിഞ്ഞു നടന്നു, പൂ ഫ്ളവർ വേസിൽ തന്നെ തിരികെ വച്ചു.
“എനിക്കൊന്നു ആലോചിക്കണം. “
ഗൗരവത്തിൽ മറുപടി പറഞ്ഞു.
ടീച്ചറമ്മയുടെ, മുറിയിൽ ചെന്ന് യാത്ര പറഞ്ഞു.
“മോളെന്താ പെട്ടെന്ന് പോകുന്നത്. എല്ലാത്തിനും കാരണം ഞാനാണ്. ഞാൻ ഒരമ്മയല്ലേ. മകന്റെ കൗമാര പ്രണയമൊന്നും അംഗീകരിക്കാൻ അത്ര വിശാല ഹൃദയമുള്ളവൾ ഒന്നുമല്ല ഞാൻ. പക്ഷെ അവൻ പാവമാ. ഇത്രേം വർഷങ്ങൾക്കു ശേഷവും അവൻ മോളെ മനസ്സിൽ കൊണ്ട് നടക്കുന്നുവെങ്കിൽ അത് ആത്മാർത്ഥമല്ലേ. മോൾ ഒന്നാലോചിക്കൂ. തിരിച്ചു പ്രണയിക്കണം എന്നൊന്നും ഞാൻ പറയില്ല. അവനെ വെറുക്കരുത് മോളെ. “
ടീച്ചറമ്മയുടെ കയ്യിൽ തലോടി പുറത്തേയ്ക്കു നടന്നു. ചുറ്റും നോക്കി അവിടെയെങ്ങും കൈലാസനെ കണ്ടില്ല. കാർ റിവേഴ്‌സെടുത്തു വളച്ചെടുക്കുമ്പോൾ മുന്നിൽ കൈലാസൻ. എന്നെ നോക്കി കൈ വീശി കാണിച്ചു. മുന്നോട്ടെടുത്ത കാർ ഞാൻ പിന്നോട്ടെടുത്തു അവന്റെ അടുത്ത് കൊണ്ട് നിർത്തി.
അവനെന്നെ വിഷമത്തോടെ നോക്കി. എൻ്റെ നോട്ടം സഹിക്കാൻ വയ്യാതെ അവൻ കണ്ണ് താഴ്ത്തി. ചെറിയൊരു കുസൃതി തോന്നി. അവന്റെ കയ്യിലേക്ക് ഞാൻ ഫോൺ നീട്ടി.
“ആ ഫോൺ നമ്പർ ഒന്ന് ഡയൽ ചെയ്തേ, എന്റെ കൊച്ചിനെ ഒന്ന് പീഡിയാട്രീഷ്യനെ കാണിയ്ക്കാനാണ്. “
എന്നിട്ട് ഫോൺ തിരികെ വാങ്ങി തിരിഞ്ഞു നോക്കാതെ കാറോടിച്ചു പോയി.
” അവളുടെ കല്യാണം കഴിഞ്ഞില്ല എന്നല്ലേ അമ്മ പറഞ്ഞത്, പിന്നെ കൊച്ചിനെ കാണിയ്ക്കണമെന്നു അവൾ പറഞ്ഞതോ.?”
കൈലാസൻ യമുന ടീച്ചറോട് ദേഷ്യപ്പെട്ടു.
“എനിയ്ക്കറിയില്ല. ഒരു പക്ഷെ അവൾ നിന്നെ പറ്റിയ്ക്കാൻ പറഞ്ഞതാകും. “
കൈലാസന് ആകെ വിഷമമായി. ഇതിലും ഭേദം അവളെ പിന്നെ ഒരിക്കലും കാണേണ്ടിയിരുന്നില്ല.
രാത്രി കുറെ വൈകിയിട്ടും കൈലാസന് ഉറക്കം വരുന്നില്ല. നാളെ രാവിലെ അമ്മയെ പരിചരിയ്ക്കാൻ ജോലിക്കാരി വരും. ഉച്ച കഴിഞ്ഞു ആശുപത്രിയിൽ ഡ്യൂട്ടി ഉണ്ട്. നേരത്തെ എഴുന്നേൽക്കണമെന്നു കരുതി കിടന്നതാണ്, പക്ഷെ നിദ്രാദേവി അനുഗ്രഹിക്കുന്നില്ല.
അമ്മയുടെ മുറിയിൽ അവൻ ഒന്നെത്തി നോക്കി.
“എന്താ മോനെ നീ ഉറങ്ങുന്നില്ലേ. സമയം പന്ത്രണ്ടു ആയല്ലോ. “
“ഉറങ്ങാൻ പോകുന്നു. അമ്മയ്ക്ക് ടോയ്‌ലെറ്റിൽ എങ്ങാനും പോകണോ, അവൻ കട്ടിലിനടിയിൽ നിന്നും ബെഡ് പാൻ എടുത്തു.
“എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വെള്ളം കുടിക്കാതെ കിടക്കുകയാണല്ലേ. ഇതിന്റെ കൂടെ യൂറിനൽ ഇൻഫെക്ഷൻ കൂടി വരണ്ട. “
അമ്മയുടെ ബെഡ്പാൻ ടോയ്‌ലെറ്റിൽ കൊണ്ട് പോയി വൃത്തിയാക്കി, ലൈറ്റും കെടുത്തി സ്വന്തം മുറിയിലേയ്ക്കു തിരികെ വരുമ്പോൾ ഫോണിന്റെ സ്‌ക്രീനിൽ ഒരു നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു. ഒരു മിസ്ഡ് കാൾ, ആരാണ് ഈ രാത്രിയിൽ? ആരായാലും ആവശ്യക്കാരൻ വീണ്ടും വിളിക്കും.
അവൻ വെറുതെ ടെക്സ്റ്റ് മെസേജ് നോക്കിയപ്പോൾ പതിവില്ലാതെ ഒരു മെസേജ് വന്നു കിടക്കുന്നു.
“ഉറങ്ങിയോ?”
ഇതാരാണ് തന്റെ ഉറക്കത്തെ കുറിച്ച് അന്വേഷിക്കാൻ?
(തുടരും… )
✍️✍️നിഷ പിള്ള


2 Comments
ബാക്കി വായിക്കാനായി കാത്തിരിക്കുന്നു❤️🌹👌
Pingback: ന്യൂസ് പേപ്പർ ബോയ്-3 - By Nisha Pillai - കൂട്ടക്ഷരങ്ങൾ