വനിതാ ദിനത്തിൽ മാത്രമല്ല ജീവിതത്തിലെ പല നിമിഷങ്ങളിലും ഓർമ്മിക്കപ്പെടുന്ന സ്വാധീനം ചെലുത്തിയിട്ടുള്ള ചില സ്ത്രീകളുണ്ട്. കുട്ടിക്കാലത്തു റോൾ മോഡൽ ആയി കരുതിയിരുന്നത് വായിച്ചോ പറഞ്ഞു കേട്ടോ ഉള്ള അറിവുകൾ മാത്രമുള്ള എല്ലാവരും ആരാധനയോടെ നോക്കിയിരുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആയിരുന്നു എങ്കിൽ . വളരുന്നതിനനുസരിച്ചും ഓരോ ദിവസവും സമ്മാനിച്ചു കൊണ്ടിരിക്കുന്ന അനുഭവങ്ങൾക്കുമനുസരിച്ചും ജീവിതം തന്നെ ചുറ്റുമുള്ള വനിതകളിൽ ചിലരെയൊക്കെ ആരാധന കഥാപാത്രങ്ങൾ ആക്കിയിട്ടുണ്ട്.
സ്‌നേഹം കൊണ്ടോ സ്വഭാവം കൊണ്ടോ വാക്കുകൾ കൊണ്ടോ മാത്രമല്ല സ്വന്തം ജീവിതം കൊണ്ടും പ്രചോദനമായവർ.
അങ്ങനെയുള്ളവരെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും വരെ എടുത്തു പറയാനും സാധിക്കും. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ എങ്കിലും സ്വാധീനിച്ചവർ.
നമ്മുടെയെല്ലാം ജീവിതത്തിൽ ചെറുതും വലുതുമായ പ്രശ്നങ്ങൾ വരുമ്പോൾ കരയാനും, പിണങ്ങാനും, വഴക്കിടാനും ബന്ധങ്ങൾ ചിലപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാനും തോന്നാറില്ലേ… അങ്ങനെയുള്ള അവസരത്തിൽ ഓർമയിലേക്ക് വരുന്ന പല മുഖങ്ങളു ണ്ട്. ആ ഓർമയിൽ തന്നെ ഞാനോ എന്റെ പ്രശ്നങ്ങളോ ഒന്നുമല്ലാതാകുന്ന പോലെ തോന്നാറുള്ളത്.
ഈ വനിതാ ദിനത്തിൽ പറയാൻ ആഗ്രഹിക്കുന്നത് അവരെ കുറിച്ചാണ്. ഒരു ചൈൽഡ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നതിനിടയിൽ കണ്ടുമുട്ടി യിട്ടുള്ള ഒരു പാട് അമ്മമാരിൽ ചിലരെക്കുറിച്ച്.
ഓർമയിൽ ആദ്യത്തെ മുഖം സ്പെഷ്യൽ സ്കൂളിലെ ആദ്യ ദിവസം തന്നെ നിറഞ്ഞ ചിരിയോടെ എന്നെ സ്വാഗതം ചെയ്ത ഒരമ്മയെയാണ്. കൂടെയുള്ള രണ്ടു കുട്ടികളെയും പരിചയപ്പെടുത്തിയപ്പോൾ മൂത്ത കുട്ടിയെ ട്രീറ്റ്മെന്റ്ന് കൊണ്ടു വന്നതാണെന്ന് കരുതി സംസാരിച്ചപ്പോഴാണ് അവരുടെ കയ്യിലിരിക്കുന്ന രണ്ടു വയസുകാരിക്കും കൂടെ പ്രശ്നമുണ്ടെന്നറിയുന്നത്. ഭിന്ന ശേഷിക്കാരനായ മകനിപ്പോൾ നല്ല മാറ്റമുണ്ടെന്നും അതുപോലെ നേരത്തെ തന്നെ തിരിച്ചറിയാൻ സാധിച്ചതിനാൽ മകളുടെ കാര്യത്തിൽ നല്ല പ്രതീക്ഷയു ണ്ടെന്നും പറഞ്ഞു അവർ ചിരിച്ചു. എല്ലാവരെയും പോലെ അവർക്കും ഉണ്ടായിരുന്നിരിക്കും മക്കളെ കുറിച്ചുള്ള നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും അതിൻമേൽ അതിലുപരി സ്വന്തം ജീവിതത്തിൽ ഉണ്ടായ വലിയൊരു പ്രതിസന്ധിക്കു മുന്നിൽ തളരാതെ പോരാടുന്ന ഒരമ്മയുടെ അതിജീവി ക്കുവാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തോടെയുള്ള ആ ചിരി തന്നെ ഒരു പ്രചോദനമാണ്.
കോവിഡ് കാലഘട്ടത്തിൽ എപ്പോഴോ ഒരിക്കലാണ് ഗുരുതരമായ വളർച്ചാവൈകല്യങ്ങൾ ഉള്ള ഒരുഅഞ്ചു വയസുകാരനെയും കൂട്ടി എത്തിയ മറ്റൊരമ്മയെ പരിചയപ്പെടുന്നത്. അവർക്ക് ഇതേ പ്രശ്നങ്ങൾ ഉള്ള പ്രാഥമിക കാര്യങ്ങൾക്കു പോലും സഹായം ആവശ്യമുള്ള മുതിർന്ന ഒരു മകൾ കൂടി ഉണ്ട്. ഭർത്താവ് നാട്ടിൽ ഇല്ല. പിന്നെ വീട്ടിൽ സഹായത്തിനു ആരുമില്ലേ എന്ന എന്റെ ചോദ്യത്തിന്… “തളർന്നു കിടക്കുന്ന അമ്മയുണ്ട്, മൂന്നുപേരെയും നോക്കാൻ ഞാനല്ലേയുള്ളൂ അതുകൊണ്ട് എനിക്കൊരു പനി പോലും വരാറില്ല അത് ദൈവത്തിന്റെ ഒരനുഗ്രഹാണ്. അല്ലേ”.. എന്ന മറുചോദ്യമായിരുന്നു അവരുടെ മറുപടി. ഇത്തരമൊരു സാഹചര്യത്തെ തനിച്ചു നേരിടേണ്ടി വരുന്ന ഒരു സ്ത്രീയുടെ മനശക്തി തന്നെയാണ് അവർക്ക് ഏറ്റവും വലിയ അനുഗ്രഹം.
മറ്റൊരു മുഖം ഓർമയിലുള്ളത് കണ്ണിനു ചുറ്റും മുഖത്തുമുള്ള ഉറക്കമില്ലായ്മ യുടെ പാടുകളുമായാണ്. മൂത്ത മകന്റെ കാര്യങ്ങൾ സംസാരിക്കുന്ന സമയത്ത് അമ്മയുടെ തോളിൽ കിടന്നു കരയുന്ന ഒരു വയസുകാരനെ നോക്കി കൊണ്ടാണ് ഞാൻ അവരോട് ചോദിച്ചത്, ” കുഞ്ഞിന്റെ കുറുമ്പ് കാരണം രാത്രി ഉറക്കമില്ല അല്ലെ,? ” എന്ന്. അപ്പോൾ അവർ പറഞ്ഞു., “ഏയ് അങ്ങനെയൊന്നുമില്ല ദിവസം 3 മണിക്കൂർ ഞാൻ ഒരു വിധം ഉറങ്ങും. എന്റെ മക്കൾ അതിനെങ്കിലും എന്നെ സമ്മതിക്കുന്നുണ്ടല്ലോ എന്നാ എന്റെ ആശ്വാസം”. അവർ തുടർന്നു പറഞ്ഞു. “ചെറിയ കുഞ്ഞ് ഉച്ചക്ക് ഉറങ്ങി എഴുന്നേൽക്കുന്നത് കൊണ്ട് രാത്രി ഉറങ്ങുമ്പോൾ 11 മണി കഴിയും ചിലപ്പോൾ 12 മണി, മൂത്തയാളുടെ കാര്യം പിന്നെ അറിയാലോ ഒരിടത്തും അടങ്ങിയിരിക്കില്ല 10 വയസുള്ളെങ്കിലും എനിക്ക് പിടിച്ചാൽ കിട്ടില്ല. അവൻ മരുന്നൊക്കെ ഉള്ളത് കൊണ്ടു 8 മണിക്ക് മുമ്പേ ഉറങ്ങി 3 മണി കഴിയുമ്പോഴേക്കും എഴുന്നേൽക്കും. അതോടെ എന്റെ ഉറക്കം കഴിഞ്ഞു”.
“വാതിൽ അടച്ചിട്ടു ഉറങ്ങാൻ പറ്റില്ലേ..?” എന്ന് ചോദിച്ചു. ” അതൊക്കെ അവൻ ഈസിയായി തുറക്കും, എല്ലാ മുറികളും തുറന്നു ലൈറ്റ് ഓൺ ചെയ്യും ടീവി വെയ്ക്കും, ശ്രദ്ധിച്ചില്ലെങ്കിൽ പുറത്തെക്കുള്ള വാതിൽ തുറന്നു ഇറങ്ങി പോകും. കൂടെ തന്നെ നിന്നു ശ്രദ്ധിച്ചില്ലെങ്കിൽ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ പറ്റില്ല. ആ സമയത്ത് വേറെ ആരെയും വിളിക്കാൻ പറ്റില്ലല്ലോ. ഞാൻ തന്നെ നോക്കണ്ടേ, അല്ലെങ്കിൽ ബാക്കി ഉള്ളവർക്കും ഉറങ്ങാൻ പറ്റില്ല. ഇതിങ്ങനെ കുറെ കാലമായി”. സ്ഥിരമായിട്ട് ഉറക്കം നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള വാക്കുകൾ ഒന്നും അപ്പോൾ മനസ്സിലേക്ക് വന്നിരുന്നില്ല.
ഒരു വിശേഷ ദിവസത്തിന്റെ അവധിക്കു ശേഷം വന്ന കുട്ടിയോട് ആ ദിവസം എങ്ങനെ ആഘോഷിച്ചു എന്ന് ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മയാണ് മറുപടി പറഞ്ഞത്, ” ഞങ്ങൾ വീടൊക്കെ ഡെക്കറേറ്റ് ചെയ്തു, കുറെ ഗസ്റ്റ് ഉണ്ടായിരുന്നു, ഞങ്ങൾ എല്ലാവരും കൂടി ഫുഡ് ഉണ്ടാക്കി കഴിച്ചു, അത് കഴിഞ്ഞ് കുട്ടികളെയെല്ലാം പാർക്കിൽ കളിക്കാൻ കൊണ്ടുപോയി. അത് കഴിഞ്ഞു ഞങ്ങൾ ഒരു റിലേറ്റീവിന്റെ വീട്ടിലേക്കു പോയി അവിടെ നിന്ന് ബീച്ചിൽ പോയിരുന്നു പിന്നെ സിനിമ യ്ക്ക് പോയിരുന്നു, അല്ലേ”..? കുട്ടി അമ്മ പറഞ്ഞതെല്ലാം തലയാട്ടി സമ്മതിച്ചുകൊണ്ട് അകത്തേക്ക് പോയി. കുട്ടി പോയി കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, ” ഞാനിപ്പോൾ പറഞ്ഞതെല്ലാം എന്റെ ആഗ്രഹങ്ങൾ ആണ്, പണ്ട് ഇങ്ങനെയൊക്കെ ആയിരുന്നു. കുഞ്ഞുണ്ടായതിനു ശേഷം…അവൾ സമ്മതിക്കില്ല….ഇപ്പൊ എത്ര വർഷമായി… വരില്ല എന്നറിയുന്നത് കൊണ്ട് ആരും ഞങ്ങളെ വിളിക്കാറില്ല. ഞങ്ങൾക്കും വീട്ടിലേക് ആരെയും ക്ഷണിക്കാൻ പറ്റുന്ന അവസ്ഥയല്ല…. ചിലരെയൊക്കെ കണ്ട് കരച്ചിൽ തുടങ്ങിയാൽ പിന്നെ നിർത്തില്ല…കഴിഞ്ഞ ദിവസം ഒരു പ്രത്യേകതയുമില്ലാതെ പോയി, ഞങ്ങൾ രണ്ടു പേരും വീട്ടിൽ തന്നെ ഇരുന്നു.” അവർ കരയാൻ തുടങ്ങി. ” ഞാൻ ഒരുപാട് ആളുകളുള്ള വീട്ടിൽ വളർന്നത് കൊണ്ട് ഈ ഒറ്റപ്പെടൽ സഹിക്കാൻ പറ്റുന്നില്ല …”എല്ലാം പതുക്കെ ശരിയാകുമായിരിക്കും അല്ലേ, എന്നിട്ട് വേണം എനിക്ക് പഴയ പോലെ “. പറഞ്ഞത് മുഴുവനാക്കാതെ അവർ പുറത്തേക്ക് പോയി.
ഇതേ രീതിയിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകളെ വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു. സുഖമില്ലാത്ത കുഞ്ഞുമായി ആശുപത്രികളിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുമ്പോഴും വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും കുഞ്ഞിനെ കൈമാറി പിടിക്കാൻ കൂടെ ആളില്ലാത്തവർ. പ്രായം കൊണ്ട് മുതിർന്നാൽ പോലും ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങൾക്കും ഉൾപ്പെടെ ശ്രദ്ധ വേണ്ട കുട്ടികൾക്ക് വേണ്ടി ജോലിയും പഠനവും എന്നു വേണ്ട ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റി വെച്ചവർ.
ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടു കൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദ്ദം വളരെ ഭീകരമാണ്. 18 ലും 20 ലും 25 ലും 30 ലും 40 ലും വരെ ഈ യാത്ര തുടങ്ങിയവർ ഉണ്ട്. കുഞ്ഞിന്റെ അസുഖവും ചികിത്സയും ഭാവിയും തുടങ്ങിയുള്ള കാര്യങ്ങളിൽ വേണ്ടപ്പെട്ടവരിൽ നിന്നു ലഭിക്കുന്ന ആശ്വാസമോ സഹായമോ ഒന്നും അമ്മമാരുടെ സ്വന്തം കാര്യങ്ങളിൽ അവർക്ക് ലഭിക്കുകയില്ല. അവിടെ അവൾ അമ്മ മാത്രമാണ്.
പഠിത്തം, ജോലി, ഇഷ്ട വിനോദങ്ങൾ ഉൾപ്പടെ പല കാര്യങ്ങളും താത്കാലിക മായെങ്കിലും ഉപേക്ഷിക്കേണ്ടി വരുന്ന വരോട് അത് നിന്റെ കടമയാണെന്നും കുഞ്ഞിന്റെ കാര്യമാണ് ഏറ്റവും വലുത് എന്നുമുള്ള ഉപദേശം മാത്രമേ ചുറ്റുപാടു നിന്നും ലഭിക്കുകയുള്ളു.
സുഖമില്ലാത്ത കുഞ്ഞായതുകൊണ്ട് അമ്മയെ കൊണ്ടു മാത്രമേ നിയന്ത്രി ക്കാൻ കഴിയു എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞിനെ അമ്മയുടെ മാത്രം ഉത്തരവാദിത്വം ആക്കി മാറ്റുന്നതിലൂടെ അസുഖ സമയത്തും വിശ്രമമില്ലാത്ത അവസ്ഥയിലുള്ളവരുണ്ട്.
കുഞ്ഞിനേയും കൊണ്ടു പങ്കെടുക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് കുടുംബത്തിലെ പോലും പല ചടങ്ങുകൾക്കും പരിപാടികൾക്കും പങ്കെടുക്കാൻ കഴിയാത്തവർ ഉണ്ട്. അപൂർവം ചിലരെങ്കിലും ഇത്തരത്തിൽ ഉള്ള ചടങ്ങുകളിൽ വേണ്ടപ്പെട്ടവരാൽ മാറ്റി നിർത്തപ്പെടാറും ഉണ്ട്.
അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് എന്ന് മാത്രമല്ല സ്വഭാവത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് കൂടിയാണ് കുഞ്ഞിന് അസുഖം വന്നത് എന്നുള്ള ആരോപണങ്ങൾ സ്വന്തം വീട്ടുകാരിൽ നിന്നു പോലും കേൾക്കേണ്ടി വന്നിട്ടുള്ള സ്ത്രീകളുണ്ട്.
സമൂഹത്തിൽ ചിലർക്കെങ്കിലും കുഞ്ഞിനോടുള്ള സമീപനവും വേർതിരിവും തരുന്ന വേദന നിശ്ശബ്ദമായി ഏറ്റു വാങ്ങുന്നവരുണ്ട്.
ഉത്തരവാദിത്വങ്ങൾ കൂടുതലും സമയം കുറവും കാരണം വേണ്ടെന്ന് വെയ്ക്കുന്ന സ്വന്തം ആഗ്രഹങ്ങളും താല്പര്യങ്ങളും കുഞ്ഞിനെ കുറിച്ചുള്ള വേവലാതികളും ഭാവിയുടെ അനിശ്ചിതാവസ്ഥയും ജീവിതത്തെ കുറിച്ചുള്ള നിരാശയും കൂടി അവരെ എത്തിക്കുന്ന അല്ലെങ്കിൽ അവർ കടന്നു പോകുന്ന മാനസികാവസ്ഥ ചുറ്റുമുള്ളവർക് തിരിച്ചറിയാൻ കഴിയണമെന്നില്ല.
അമ്മമാർ മാത്രമല്ല ഇതെല്ലാം അഭിമുഖീകരിക്കുന്ന അച്ഛന്മാരും, അങ്ങനെയുള്ള മാതാപിതാക്കളെ നല്ല രീതിയിൽ പിന്തുണയ്ക്കുന്ന കുടുംബാംഗങ്ങളും ഉണ്ട്. മുകളിൽ പറഞ്ഞതിനെല്ലാം നേർ വിപരീതമായി പ്രവർത്തിക്കുന്ന അമ്മമാർ വിരളമായെങ്കിലും ഉണ്ട്. എങ്കിലും പകുതി പേരും കുറെ കാലത്തേക്കെങ്കിലും അങ്ങനെയൊരു മാനസിക പിന്തുണ പോലും ലഭിക്കാതെ ഭാര്യ, മകൾ, സഹോദരി, കൂട്ടുകാരി തുടങ്ങിയ മറ്റു സ്ഥാനങ്ങൾ മറന്ന് അവരെ തന്നെ മറന്ന് അമ്മ മാത്രമായി തീരുന്നവരാണ്.
അത്യാവശ്യ കാര്യങ്ങൾക്കെങ്കിലും കുട്ടികളെ സ്വയം പര്യാപ്തരാക്കിയ ശേഷം (അതിനെടുക്കുന്ന സമയവും വേണ്ടി വരുന്ന അദ്ധ്വാനവും വളരെ വലുതാണ് ) എങ്കിലും സ്വന്തം വ്യക്തി ജീവിതവും കരിയറും തിരിച്ചു പിടിക്കാൻ സാധിക്കുന്നവർ കുറവാണ്. അതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും.
വർഷങ്ങളായി തുടർന്നു പോരുന്ന ജീവിത രീതി ഉണ്ടാക്കിയ മടുപ്പും പഠനത്തിലോ ജോലിയിലോ എടുക്കേണ്ടി വന്ന നീണ്ട ഇടവേളകൾ ഉണ്ടാക്കിയ ആത്മവിശ്വാസകുറവും കുഞ്ഞിന്റെ കാര്യങ്ങളെ പറ്റിയുള്ള ഉത്കൺഠയും മറികടന്ന് അതിനു സാധിക്കണമെങ്കിൽ ചുറ്റുപാടും നിന്നുള്ള പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്.ഇനിയതൊന്നും ലഭിച്ചില്ലെങ്കിൽ പോലും കൗൺസിലിംഗ് പോലെയുള്ള പ്രൊഫഷണൽ സേവനങ്ങളും ഉപയോഗപ്പെടുത്താ വുന്നതാണ്. എല്ലാത്തിലും ഉപരി ഇതെല്ലാം സ്വയം നൽകുന്നതിലൂടെ ( self care ) ആർജിച്ചെടുക്കേണ്ട ആത്മ വിശ്വാസം തന്നെയാണ് മുന്നോട്ടുള്ള യാത്രയിൽ കൈമുതലായുണ്ടാവുക.
മറ്റു അമ്മമാരിൽ നിന്ന് വ്യത്യസ്തരായി ചെറുതും വലുതുമായ ഒരുപാട് വെല്ലുവിളികൾ നേരിട്ട് പരിചയമില്ലാത്ത വഴികളിലൂടെ ഒട്ടും പ്രതീക്ഷിക്കാതെ തുടങ്ങിയ യാത്രയിൽ നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ സമ്മാനിച്ചത് സങ്കടമോ, ഭയമോ, നിരാശയോ, വെറുപ്പോ, മടുപ്പോ എന്തു തന്നെയായാലും അത് എല്ലാം തന്നെ നിങ്ങൾക്ക് കരുത്തേകിയിട്ടുണ്ടാ കും. ഇന്നലെകളിലേക്, പിന്നിട്ട വഴികളി ലേക്ക്, തിരിഞ്ഞു നോക്കുമ്പോൾ അത് വിശ്വാസമാകും.
പ്രിയപ്പെട്ട അമ്മമാർക്കെല്ലാം വനിതാ ദിനാശംസകൾ.


11 Comments
ത്യാഗം, സ്നേഹം ഇതൊക്കെ എന്തെന്ന് സാധാരണക്കാരായ നമ്മളെ പഠിപ്പിക്കുന്ന അമ്മമാർ
Sunanda mahesh 🙏
ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മമാർ !പക്ഷേ അവരിൽ ചിലരുടെ പോസിറ്റിവിറ്റിയും determination ഉം ഞെട്ടിച്ചു കളയും. നല്ലെഴുത്ത് ഗ്രീഷ്മ❤️❤️
തീർച്ചയായും…Thank you
Wonderful write up
Remya… Thank you💐
ഇങ്ങനെയുള്ള പല അമ്മമാരേയും അറിയാം. നല്ല സാമ്പത്തിക സ്ഥിതിയുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസം.ഇല്ലെങ്കിലോ മരുന്നിനും ആഹാരത്തിനും വരെ കഷ്ടപ്പെട്ട് ……. കുഞ്ഞിനെയിട്ടിട്ട് ഒരു ജോലിക്കു പോവാനും കഴിയില്ല.
നന്നായി എഴുതി ഗ്രീഷ്മാ❤️🌹👌
Suma jayamohan🙏
ഞാനും ഒരു സ്പെഷ്യൽ കുഞ്ഞിന്റെ അമ്മയാണ്.. നന്നായി എഴുതി.സുഖമില്ലാത്ത കുട്ടി ഇത് കേൾക്കാൻ ഒട്ടും ഇഷ്ടമല്ല.
🙏
👍👏